UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയില്‍വേയുടെ ചേരിയൊഴിപ്പിക്കല്‍ ക്രൂരത; പിഞ്ചുകുഞ്ഞിന് ജീവന്‍ നഷ്ടമായി

അഴിമുഖം പ്രതിനിധി

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേസ്റ്റഷന്‍ പരിസരത്തെ ചേരിക്കാരെ ഒഴിപ്പിക്കാനുള്ള റെയില്‍വേയുടെ ശ്രമങ്ങള്‍ ഒരു പിഞ്ചു കുട്ടിയുടെ മരണത്തിന് കാരണമായതായി ആരോപണം. എന്നാല്‍ ഈ ആരോപണം റെയില്‍വേ അധികൃതര്‍ നിഷേധിച്ചു.

ഷകൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷന്റെ വികസനത്തോടനുബന്ധിച്ചാണ് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ജനങ്ങളെ ഒഴിപ്പിച്ചത്. താമസക്കാരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ മണ്ണുമാന്തി ഉപയോഗിച്ചു കുടിുലുകള്‍ പൊളിച്ചു നീക്കുന്നതിനിടയില്‍ സംഭവിച്ച അപകടത്തിലാണ് ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ശക്തമായ പ്രതികരിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ റെയില്‍വേയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും പ്രതിഷേധം വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിനെ അറിയിക്കുകയും ചെയ്തു. സംഭവസ്ഥലം സന്ദര്‍ശിച്ച തന്റെ ഹൃദയം നടുങ്ങിപ്പോയെന്നും ഈ രാജ്യത്തെ തന്നെ ആളുകള്‍ക്ക് എങ്ങനെയാണ് പാവങ്ങളോട് ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുന്നതെന്നും കെജ്രിവാള്‍ ചോദിച്ചു. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇങ്ങനെയൊന്നു നടന്നെന്ന വാര്‍ത്ത തന്നെ നടുക്കിയെന്നുമാണ് റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞതെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്യുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ചുമത്തി മൂന്നു റെയില്‍വേ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.

കനത്ത തണുപ്പിലാണ് അഞ്ഞൂറോളം കുടുംബങ്ങളെ അവരുടെ ആശ്രയകേന്ദ്രങ്ങളില്‍ നിന്ന് റെയില്‍വേ ഒഴിപ്പിച്ചത്. മതിയായ താമസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും ഭക്ഷണസൗകര്യം ഒരുക്കാതെയുമായിരുന്നു ഈ നടപടി. ദൈവം അവരോട് പൊറുക്കില്ല. റെയില്‍വേ സീനിയര്‍ മാനേജരോട് ഉടന്‍ തന്നെ അവര്‍ കുടിയൊഴിപ്പിച്ച പാവങ്ങള്‍ക്ക് ഭക്ഷണവും താമസിക്കാനമുള്ള ഷെല്‍ട്ടറുകളും തണുപ്പില്‍ നിന്നു രക്ഷനേടാനുള്ള വസ്ത്രങ്ങളും ഒരുക്കി കൊടുക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു.

അതേസമയം റെയില്‍വേ ഈ സംഭവത്തില്‍ നിന്നു തടിയൂരാനുള്ള ന്യായങ്ങളാണ് നിരത്തുന്നത്. കുട്ടി മരിക്കുന്നത് ഏതാണ്ട് പത്തു മണിയോടുടത്താണെന്നും ഇതിനും രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് തങ്ങളുടെ ജോലി ആരംഭിക്കുന്നതെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത് ഇപ്രകാരമാണ്; മുതിര്‍ന്നവര്‍ തുണികള്‍ അടുക്കുവയ്ക്കുന്നതിനിടയില്‍ ഇവ മറിഞ്ഞു കുട്ടിയുടെ മുകളില്‍ വീഴുകയായിരുന്നുവെന്നാണ്. ഈ കാര്യം മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. പിന്നീട് കുട്ടിയെ തെരയുമ്പോഴാണ് തുണികള്‍ക്കടിയില്‍ ആണെന്നു കണ്ടെത്തുന്നത്. അപ്പോഴേക്കും ശ്വാസം മുട്ടി കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

തങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും ഇതുവരെ തന്നിട്ടില്ലെന്നാണ് അവിടെയുള്ള ജനങ്ങള്‍ പറയുന്നത്. പെട്ടെന്നുള്ള അതിക്രമം ആയിരുന്നു റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഈ തണുപ്പില്‍ തങ്ങള്‍ എന്തു ചെയ്യുമെന്നും അവര്‍ ചോദിക്കുന്നു. ഒരു പിഞ്ചുകുഞ്ഞിനെയും അവര്‍ കൊന്നു, ജനങ്ങള്‍ രോഷവംു വേദനയും അടക്കാനാവാതെ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍