UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രിയപ്പെട്ട നിർഭയ, ക്ഷമിക്കൂ; ഞങ്ങളൊട്ടും മാറിയിട്ടില്ല

Avatar

ടീം അഴിമുഖം 

പ്രിയപ്പെട്ട  നിർഭയ,

ആ ഡിസംബര്‍ 16ന് വൈകുന്നേരം സുഹൃത്തിനോടൊപ്പം ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ നിന്നും ബസില്‍ കയറിയ നിന്നെ ക്രൂരമായി പീഢിപ്പിക്കുകയും, ബലാല്‍സംഗം ചെയ്യുകയും, അപമാനിക്കുകയും ഒടുവില്‍ മരണത്തിന്റെ കൈകളിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ഞങ്ങള്‍ ഉറക്കെ പ്രതിഷേധിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മൂര്‍ച്ചയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തിയുക്തം വാദിച്ചു. നിന്റെ മാതാപിതാക്കള്‍ക്ക് ഒരു ഇടത്തരം വീട് നല്‍കി. നിര്‍ഭയ ഫണ്ട് പ്രഖ്യാപിക്കുകയും സ്ത്രീകളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

പക്ഷെ, ഞങ്ങള്‍ക്ക് ഖേദമുണ്ടെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു. ഞങ്ങളുടെ വാഗ്ദാനങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകളെ സംരക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സാധിച്ചില്ല. നീ ബസില്‍ കയറിയ സ്ഥലത്ത് നിന്നും അധികമകലമില്ലാത്ത മറ്റൊരു സ്ഥലത്തുനിന്നും കഴിഞ്ഞ ദിവസം മറ്റൊരു യുവതി ഒരു ഉബര്‍ ടാക്‌സി പിടിച്ചു. രാത്രി വൈകി വീട്ടിലെത്താന്‍ കൂടുതല്‍ സുരക്ഷിതം ടാക്‌സിയായിരിക്കും എന്ന പ്രതീക്ഷയിലാണ് അവര്‍ അതിന് തുനിഞ്ഞത്. എന്നാല്‍ വഴിയില്‍ വച്ച് അവര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. ആ ഉബര്‍ ടാക്‌സി ഓടിക്കാന്‍ തുടര്‍ച്ചയായി ലൈംഗികവും മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളിലും വ്യാപൃതനായ ഒരാളെയാണ് നിയോഗിച്ചിരുന്നത്. ഓരോ ദിവസവും ഇന്ത്യയിലെമ്പാടും സ്ത്രീകളും പെണ്‍കുട്ടികളും അധിക്ഷേപിക്കപ്പെടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും നഗരങ്ങളിലേക്ക് തട്ടിക്കൊണ്ടു പോകപ്പെടുകയും വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. ഒരു പക്ഷെ ഞങ്ങള്‍ നേരിട്ടു കുറ്റം ചെയ്തിട്ടില്ലായിരിക്കാം. എന്നാല്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ഞങ്ങള്‍ ഭാഗികമായി ഉത്തരവാദികളാണ്. സ്ത്രീകളോട് കടുത്ത പക്ഷപാതം പുലര്‍ത്തുന്ന ഒരു സമൂഹമാണ് ഞങ്ങളുടേതെന്ന് അംഗീകരിക്കുന്നു. നിന്റെ ദാരുണമായ മരണവും അതിന് മാറ്റമൊന്നും വരുത്തിയിട്ടില്ല.

കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതും ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. രാജ്യത്തെ ഭൂവുടമകളില്‍ 13 ശതമാനം മാത്രമാണ് സ്ത്രീകള്‍. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവകാശമില്ല. അവര്‍ നമ്മുടെ തന്നെ സഹോദരിമാരോ ഭാര്യമാരോ ആണെങ്കില്‍ പോലും. സ്ത്രീകളില്‍ 55 ശതമാനത്തിലേറെ പേര്‍ നിരക്ഷരരാണ്. അതുകൊണ്ട് തന്നെ ഉന്നതവിദ്യാഭ്യാസ സീറ്റുകളില്‍ സിംഹഭാഗവും പുരുഷന്മാര്‍ കൈയടക്കുന്നു. ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഘടകങ്ങളില്‍ ഒന്നായ തൊഴിലവസരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമാണെന്ന് കാണാം. നമ്മുടെ ഗ്രാമീണ സ്ത്രീകളില്‍ 26.1 ശതമാനം മാത്രമാണ് ഔദ്യോഗിക തൊഴില്‍സേനയില്‍ അംഗമായിട്ടുള്ളു. നഗരങ്ങളിലാകട്ടെ ഇത് 13.8 ശതമാനവും. മുഴുവന്‍ വ്യക്തിഗത സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരിശോധിക്കുമ്പോള്‍ സ്ത്രീകളുടെ സാന്നിധ്യം വെറും 30 ശതമാനം മാത്രമാണെന്ന് കാണാം. ലജ്ജാകരം എന്ന് പറയട്ടെ, ഇത് താലിബാന്‍ ഭരിക്കുന്ന പ്രദേശങ്ങള്‍ക്ക് സമാനമാണ്. ഇനി സ്ത്രീകള്‍ തൊഴില്‍രംഗത്തേക്ക് കടന്നുചെന്നു എന്ന് തന്നെയിരിക്കട്ടെ, പുരുഷന് ലഭിക്കുന്ന ശമ്പളത്തിന്റെ 62 ശതമാനം മാത്രമാണ് അവര്‍ക്ക് ശരാശരി ശമ്പളമായി ലഭിക്കുക.

ഇനി അധികാരത്തിന്റെ ഇടനാഴികളായ സര്‍ക്കാര്‍, നിയമനിര്‍മാണ സഭകള്‍, സ്വകാര്യ മനേജ്‌മെന്റ് തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ഥിതിഗതികള്‍ ഇതിലും ശോചനീയമാണെന്ന് കാണാം. ഇന്ത്യയിലെ നിയമനിര്‍മാണ, ഭരണനിര്‍വഹണ, ഉന്നതോദ്യോഗസ്ഥ ശ്രേണികളിലെ സ്ത്രീകളുടെ സാന്നിധ്യം വെറും മൂന്ന് ശതമാനം മാത്രമാണ്. 2014 ലെ ലിംഗവൈവിദ്ധ്യ അളവുകോല്‍ പ്രകാരം, എല്ലാ ഏഷ്യന്‍ കമ്പോളങ്ങളിലെയും തൊഴില്‍സേനയിലെ സ്ത്രീ സാന്നിധ്യത്തെക്കാള്‍ ഏറ്റവും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

പ്രിയപ്പെട്ട  നിർഭയ, ഞങ്ങള്‍ക്ക് ഇങ്ങനെയാകാനേ സാധിക്കുന്നുള്ളു. ഞങ്ങളുടെ സമൂഹം സ്ത്രീകളെ വസ്തുക്കളായി മാത്രം കാണാന്‍ പുരുഷന്മാരെ പഠിപ്പിക്കുന്നു. അവരെ ഒളിഞ്ഞുനോക്കുന്നതിനും അനാവശ്യമായി സ്പര്‍ശിക്കുന്നതിനും അപമാനിക്കുന്നതിനും ഞങ്ങള്‍ക്ക് യാതൊരു ലജ്ജയും തോന്നാറില്ല. ഞങ്ങളുടെ ട്രെയിനുകള്‍, ബസുകള്‍, വ്യാപാരശാലകള്‍, സിനിമ കൊട്ടകകള്‍ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലും വച്ച് ഞങ്ങള്‍ അവരോട് അപമര്യാദമായി പെരുമാറുന്നു.

ഡിസംബര്‍ 16 ഇനിയും ആവര്‍ത്തിക്കും. കാരണം, ആ ക്രൂരസംഭവത്തിന് കാരണമായ സാഹചര്യങ്ങള്‍ ഇപ്പോഴും തുടരുന്നു എന്ന് മാത്രമല്ല അവ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ഡല്‍ഹിയില്‍ ഉബര്‍ കാറില്‍ യാത്ര ചെയ്ത യുവതി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അതുകൊണ്ടാണ് രാജ്യത്തെമ്പാടും സ്ത്രീകള്‍ തുടര്‍ച്ചയായി അവമതിക്കപ്പെടുന്നതും, ബലാല്‍സംഗം ചെയ്യപ്പെടുന്നതും, അവരുടെ ദേഹത്ത് ആസിഡ് ഒഴിക്കപ്പെടുന്നതും, അവര്‍ തട്ടിക്കൊണ്ടു പോകപ്പെടുന്നതും, അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതും.

നിന്റെ നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ട്. അതില്‍ ഞങ്ങളെല്ലാം പങ്കാളികളാണ്. നമ്മുടെ വിഭവശൂന്യരായ, അഴിമതിക്കാരായ പോലീസിന് അത് പുറത്ത് കൊണ്ടുവരാന്‍ കഴിയില്ല. എങ്ങനെയാണ് അവര്‍ക്കത് സാധിക്കുക? കാരണം, ഈ അഴിമതി നിറഞ്ഞ പോലീസും ആ ഗൂഢാലോചനയുടെ ഭാഗമാണ്.

 നിർഭയ, നീ എവിടെയാണെങ്കിലും അത് ഇന്ത്യയെക്കാള്‍ നീതിയുക്തമായ ഒരു സ്ഥലമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുകയും, മറ്റുള്ളവര്‍ക്ക് തുല്യയാണ് നീയും എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ഒരു സ്ഥലവുമായിരിക്കും അതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു സായംകാല ചലച്ചിത്ര ആസ്വാദനത്തിന് ശേഷം നിനക്ക് അവിടെ സുരക്ഷിതമായ ഒരു ബസില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവിടെ നിനക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍