UPDATES

പോസിറ്റീവ് സ്റ്റോറീസ്

കാന്‍സറുമായുള്ള പോരാട്ടത്തിനിടയിലും റിഷി നേടിയത് സിബിഎസ്ഇ പരീക്ഷയില്‍ 95 ശതമാനം മാര്‍ക്ക്

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു കാന്‍സര്‍ റിഷിയെ കീഴ്‌പ്പെടുത്തുന്നത്

സിബിഎസ്ഇ ക്ലാസ് 12 ഫലം വന്നപ്പോള്‍ 95 ശതമാനം മാര്‍ക്ക് വാങ്ങിയാണു ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി തുഷാര്‍ റിഷി വിജയിച്ചത്. അതില്‍ എടുത്തു പറയാന്‍ എന്താണുള്ളത് എന്നു ചോദിക്കുന്നവരോട്, മാരകമായ കാന്‍സര്‍ എന്ന അസുഖത്തോട് പൊരുതിയാണു റിഷി ഇത്രവലിയ വിജയം സ്വന്തമാക്കിയത്. മൂന്നുമാസം കൂടുമ്പോള്‍ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ ചെക്ക് അപ്പിനു പോകേണ്ട റിഷി ഒരു കോച്ചിംഗ് സെന്ററിലും പോകാതെയാണു ഇത്രയും മാര്‍ക്ക് വാങ്ങിയതെന്നു കൂടി അറിയണം. ഇംഗ്ലീഷിന് 95 ശതമാനം, ഫിസിക്‌സിന് 95 ശതമാനം, കണക്കിന് 93 ശതമാനം, കമ്പ്യൂട്ടറിന് 89 ശതമാനം, ഫൈന്‍ ആര്‍ട്ട്‌സിനു 100 ശതമാനം; റിഷിയുടെ നേട്ടങ്ങളാണ്.

ചികിത്സകളൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് ഇപ്പോള്‍ നല്ലമാറ്റമുണ്ട്. മൂന്നുനാലു മാസം കൂടുമ്പോള്‍ എയിംസില്‍ ചെക് അപ്പിനു പോകണമെന്നു മാത്രം; റാഞ്ചി സ്വദേശിയായ റിഷി പറയുന്നു. കൃത്യമായി പഠനം നടത്താന്‍ കഴിഞ്ഞത് പരീക്ഷയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്‌തെന്നും റിഷി പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.

പക്ഷേ ഈ 19കാരന്റെ യാത്ര അത്ര ലളിതമായിരുന്നില്ല. 2014 ല്‍ ആയിരുന്നു റിഷിയുടെ ഇടതു കൈമുട്ടിലെ അസ്ഥിയിലായി കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പത്താംക്ലാസ് പരീക്ഷയ്ക്കു തൊട്ടു മുന്നേയാണു എനിക്ക് ബോണ്‍ കാന്‍സര്‍ ആണെന്നു സ്ഥിരീകരിക്കുന്നത്. 11 മാസത്തോളം കീമോതെറാപ്പി. പരീക്ഷയെഴുതാന്‍ സാധിച്ചില്ല. ആ കാലം എന്നില്‍ വല്ലാതെ മാറ്റം വരുത്തിയിരുന്നു. പക്ഷേ പഠനത്തില്‍ നിന്നും ശ്രദ്ധ പോകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു; റിഷിയുടെ വാക്കുകള്‍.

അടുത്ത വര്‍ഷം  റിഷി പത്താംക്ലാസ് പരീക്ഷ എഴുതി വിജയിച്ചു.

സയന്‍സ് ഗ്രൂപ്പില്‍ നിന്നും ഇത്രയും വലിയ വിജയം നേടിയിട്ടും എല്ലാവരെയും പോലെ എഞ്ചിനീയറിംഗിനു പോകാന്‍ റിഷി താത്പര്യപ്പെടുന്നില്ല. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷിലോ എക്കണോമിക്‌സിലോ ബിരുദം നേടുകയാണ് ലക്ഷ്യം.

സ്‌കൂളില്‍ പഠിപ്പിക്കുന്നതുമാത്രമായിരുന്നു അവന്‍ പിന്തുടര്‍ന്നത്. ട്യൂഷന് പോയിരുന്നില്ല. അവന്റെ വിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്. അസുഖവുമായുള്ള അവന്റെ പോരാട്ടത്തിനു ഞാന്‍ സാക്ഷിയാണ്. അതെത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും എനിക്കറിയാം. അവന്റെ ആരോഗ്യം നന്നായിരിക്കട്ടെ, എല്ലാ നേട്ടങ്ങളും സ്വന്തമാക്കട്ടെ; റിഷിയുടെ അമ്മ റിതു അഗര്‍വാളിന്റെ വാക്കുകള്‍. മെസ്‌റയില്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ് റിതു. റിഷിയുടെ പിതാവ് ശശിഭൂഷണ്‍ സംസ്ഥാന കൃഷിവകുപ്പില്‍ ജോലി ചെയ്യുന്നു.

തന്റെ രോഗാനുഭവങ്ങള്‍ പ്രതിപാദിക്കുന്ന ഒരു പുസ്തകം റിഷി എഴുതിയിട്ടുണ്ട്. ദി പേഷ്യന്റെ പേഷ്യന്റ്. ആമസോണില്‍ നല്ല പ്രതികരണമാണ് റിഷിയുടെ പുസ്തകത്തിന്.

റിഷി ഇപ്പോഴും തന്റെ ശരീരത്തില്‍ ബാക്കി നില്‍ക്കുന്ന കാന്‍സറിനോട് പൊരുതി കൊണ്ടിരിക്കുകയാണ്. പക്ഷേ അവന് ഭയമില്ല. തിരിച്ചടികളെ മറികടക്കാനുള്ള കരുത്ത് റിഷി നേടിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍