UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയെ വേട്ടയാടുന്ന ദാവൂദ് ഇബ്രാഹിം

Avatar

ടീം അഴിമുഖം

മുംബൈയിലെ ഡിപ്ലോമറ്റ് ഹോട്ടലില്‍ വ്യാഴാഴ്ച അസാധാരണമായ രംഗങ്ങളായിരുന്നു. നഗരത്തിലെ ഭീണ്ടി ബസാര്‍ പ്രദേശത്തുള്ള ഒരു ചെറിയ വസ്തുവിന് വേണ്ടി ടൈംസ് ഓഫ് ഇന്ത്യയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ എസ് ബാലകൃഷ്ണനും ബോഹ്റ സമുദായത്തിന്റെ ദുര്‍ഹാനി ട്രസ്റ്റ് പ്രതിനിധികളും മത്സരിച്ചു ലേലം വിളിക്കുകയായിരുന്നു. ലേലത്തിന് വെച്ച കെട്ടിടം ആദ്യം അറിയപ്പെട്ടിരുന്നത് ഹോട്ടല്‍ റൌനാക് അഫ്രോസ് എന്നാണ്. പിന്നീടത്തിന്റെ പേര് ഡല്‍ഹി സൈക എന്നാക്കി. ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം.

അധികൃതര്‍ കണ്ടുകെട്ടിയ അധോലോക കുറ്റവാളിയുടെ നിരവധി വസ്തുവകകളുടെ കൂട്ടത്തിലുള്ള ഹോട്ടല്‍, ഒടുവില്‍ ബാലകൃഷ്ണന്റെ എന്‍ ജി ഒ 4.28 കോടി രൂപക്ക് സ്വന്തമാക്കി. ഹോട്ടലില്‍ നിന്നും വിളിപ്പാടകലെയാണ് ദാവൂദ് ഒരുകാലത്ത് താമസിച്ചിരുന്ന പാക്മോദിയ തെരുവിലെ ദാംബര്‍വാല കെട്ടിടം. അയാളുടെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്കര്‍ ഇപ്പൊഴവിടെ താമസിക്കുന്നുണ്ട്.

ആ വസ്തു സ്വന്തമാക്കാന്‍ ബാലകൃഷ്ണന് ചില കാരണങ്ങളുണ്ട്: “ദാവൂദിനോടുള്ള ഒരു ഭയം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ പറയും. 120 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തില്‍ ഈ വസ്തുവിന് ആരും ലേലം വിളിക്കാതിരുന്നാല്‍ അത് നമുക്ക് അപമാനമാണെന്ന് ഞങ്ങള്‍ കരുതി. ഇവിടെ ഒരു മനുഷ്യന്‍ പാകിസ്ഥാനില്‍ ഇരുന്ന് ഒരു വിദൂര നിയന്ത്രണത്തിലൂടെ നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ചും മുംബൈ നഗരത്തെ ഭയപ്പെടുത്തുകയാണ്. എവിടെ വെച്ചെങ്കിലും നാമിതിന് തടയിടണം എന്നു ഞാന്‍ കരുതുന്നു.”


എസ് ബാലകൃഷ്ണന്‍

അത്തരമൊരു തടയിടാന്‍ ബാലകൃഷ്ണന്‍ ശ്രമിച്ചിരിക്കും. പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ ലഭ്യമായ വിശദാംശങ്ങള്‍ വെച്ചുനോക്കിയാല്‍ ഭൂരിഭാഗം മുംബൈയും ബാക്കി ഇന്ത്യയും അത്തരമൊരു തടയിട്ടിട്ടില്ല. ദാവൂദ് ഒളിവിലുള്ള വെറുമൊരു കുറ്റവാളി മാത്രമല്ല മറിച്ച് മുംബൈയിലും മറ്റ് പലയിടത്തും ഇപ്പൊഴും തഴച്ചുവളരുന്ന സമ്പന്നമായൊരു വ്യാപാര സാമ്രാജ്യത്തിന്റെ അധിപന്‍ കൂടിയാണെന്ന് ഹിന്ദു ദിനപത്രം അടുത്തിടെ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പരമ്പര കാണിക്കുന്നു. ദാവൂദിന്റെ സംഘം ബോളിവുഡിലും സജീവമാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ഈ വര്‍ഷമാദ്യം ദുബായ് സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിന്റെ മകനും മരുമകളും അയാളോടൊപ്പം ചിത്രങ്ങളെടുത്ത് ആഘോഷിച്ചിരുന്നു. ഗള്‍ഫ് മേഖലയിലെ ബോളിവുഡ് പരിപാടികളുടെ സംഘാടകനായ ഒരാളാണ് ഇതിനുള്ള അവസരമൊരുക്കിയത്.

മുംബൈ രാഷ്ട്രീയക്കാര്‍ക്കിടയിലും ദാവൂദിന് ഗണ്യമായ സ്വാധീനമുണ്ട്. നിര്‍ണായകമായ ഒരു കാര്യം, മുംബൈയിലെ എല്ലാ പുനര്‍നിര്‍മ്മാണ പദ്ധതികളിലും അയാളുടെ സംഘം ഒരു പ്രധാന പങ്കാളിയാണ് എന്നാണ്.

തെക്കന്‍ മുംബൈയിലെ ഏറ്റവും തിരക്കുപിടിച്ച പ്രദേശങ്ങളിലൊന്നായ ഭീണ്ടി ബസാര്‍ ഇന്ത്യയിലെത്തന്നെ ഏറ്റവും ബൃഹത്തായ നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് സാക്ഷ്യം വഹിക്കുകയാണ്. തിരക്കുപിടിച്ച തെരുവുകളും ജീര്‍ണമായ കെട്ടിടങ്ങളും ഒരു ആസൂത്രിത നഗരകേന്ദ്രത്തിന് വഴിമാറുകയാണ്. ജൂലായ് 2015-ല്‍ ഒരു മാതൃക സ്മാര്‍ട് സിറ്റി പദ്ധതിയായി പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തെരഞ്ഞെടുത്ത 4000 കോടി രൂപയുടെ ഈ പദ്ധതി, അലങ്കോലപ്പെട്ടു കിടക്കുന്ന, ഒരു തരത്തിലുള്ള ആസൂത്രണവും ഇല്ലാതെ പരന്നുകിടക്കുന്ന തെക്കന്‍ മുംബൈയെ ഒരു ആധുനികമായ ആസൂത്രിത നഗരമാക്കി മാറ്റും. എന്നാല്‍ 1993-ല്‍ മുംബൈ നഗരത്തില്‍ സ്ഫോടന പരമ്പര  ആസൂത്രണം ചെയ്തു നടപ്പാക്കിച്ച്, തുടര്‍ന്ന് പാകിസ്ഥാനില്‍ അഭയം നേടിയ ദാവൂദ് ഇബ്രാഹിം, രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും  എങ്ങനെയൊക്കെയാണ് നഗരത്തില്‍ തഴച്ചുവളരുന്നതെന്നും ഈ പദ്ധതി കാണിച്ചുതരുന്നുണ്ട്.

യു എ ഇ-യിലും പ്രധാന കെട്ടിട നിര്‍മ്മാണ, ഭൂമി ഇടപാടുകളിലും മറ്റ് കച്ചവടങ്ങളിലും ദാവൂദ് സംഘത്തിന് വലിയ പങ്കാളിത്തമുണ്ട്.

നൂറുകണക്കിനു കോടി ഡോളറിന്റെ ആസ്തിയും പദ്ധതികളും നിയന്ത്രിക്കുന്ന ഒരു ആഗോള കുറ്റവാളി ശൃംഖലയുടെ ചിത്രമാണ് ഇതില്‍നിന്നും തെളിഞ്ഞുവരുന്നത്. ഈ കൊടുംകുറ്റവാളിയെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടം എന്തുചെയ്യുന്നു എന്നാണ് ചോദ്യം.

അതോ ദാവൂദ് ദുര്‍ബ്ബലമായ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സൂചനയാണോ? അതോ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടരുന്ന അഴിമതിയുടെ സൂചനയോ? അതോ സര്‍ക്കാരിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും ഒരു കുറ്റവാളി ശൃംഖലയെ നേരിടാന്‍ വരെ ശേഷിയെല്ലെന്നാണോ?

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍