UPDATES

പൊലീസ് അന്വേഷണത്തിലെ കടുത്ത അനീതി എത്ര ജീവിതങ്ങളാണില്ലാതാക്കുന്നത്, എത്ര പേർക്ക് നീതി നിഷേധിക്കപ്പെടുന്നു

ഡൽഹി സ്ഫോടന കേസിൽ 12 വർഷത്തെ തടവിനു ശേഷമാണ് 2 പേരെ വെറുതെ വിട്ടത്

2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ കടുത്ത അനീതിയാണ് നേരിട്ടത്. കോടതി നിരപരാധികളെന്ന് കണ്ടെത്തിയവര്‍ക്ക് 12 വര്‍ഷത്തെ ജീവിതം ജയിലില്‍ നഷ്ടമായി. ഇത്ര പ്രധാനപ്പെട്ട കേസിലെ തെളിവ് ശേഖരണത്തിനും അന്വേഷണത്തിലും പൊലീസ് എത്രമാത്രം നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇത് കാണിച്ച് തരുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമേയല്ല. നിരവധി ഉദാഹരണങ്ങളുണ്ട്. ഹൈദരാബാദ് സ്‌ഫോടന കേസ് ഉദാഹരണമാണ്. കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ തെളിവ് ശേഖരണം പൊലീസ് എല്ലായ്‌പ്പോഴും വൈകിക്കും. തുടക്കത്തിലേയുള്ളത് ഇത്തരം പിഴവുകളും പ്രശ്‌നങ്ങളുമാണ്. യാതൊരു വസ്തുനിഷ്ഠതയുമില്ലാതെ തെറ്റായ നിഗമനങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ഗൗരവതരമായ ഒരു കേസിനെ ഇത് എങ്ങനെയൊക്കെ ബാധിക്കും എന്ന് യാതൊരു ആലോചനയുമില്ലാതെ. എങ്ങനെ എളുപ്പവഴി തേടാമെന്നാണ് പിന്നെ ആലോചന. ആരെയെങ്കിലുമൊക്കെ പിടിച്ച് അറസ്റ്റ് ചെയ്യും. പക്വതയോടെയുള്ള സമീപനം പൊലീസ് സ്വീകരിക്കില്ല. അവര്‍ പ്രയോഗിക്കുന്നത് മൂന്നാം മുറയാണ്. നേടുന്നത് ഭീഷണിപ്പെടുത്തിയുള്ള വ്യാജ കുമ്പസാരങ്ങളും. ഇത് ജുഡീഷ്യറിക്ക് മുന്നില്‍ വിലപ്പോവില്ല. ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിലെ അലംഭാവത്തിന് യാതൊരു ന്യായീകരണവുമില്ല. കേസ് എങ്ങനെയെങ്കിലും തീര്‍ത്ത് അംഗീകാരങ്ങള്‍ നേടുകയെന്ന ഉദ്ദേശത്തില്‍ മുന്നോട്ട് പോകുന്നവര്‍ അതിനെ ദുര്‍ബലപ്പെടുത്തുകയാണ്. ആരുഷി കൊലപാതക കേസ് ഉദാഹരണമാണ്.

വ്യാജ കുറ്റാരോപണങ്ങളുടെ പേരില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെടുകയാണ്. തുടര്‍പഠനം, തൊഴില്‍, വിദേശയാത്ര, സമൂഹത്തിലെ അംഗീകാരം തിരിച്ച് പിടിക്കല്‍ എല്ലാം അവര്‍ക്ക് അന്യമാവുകയാണ്. കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇരയാവുന്ന പലരും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുന്നു. അന്വേഷണത്തിന് കൃത്യമായ വ്യവസ്ഥാപിത ചട്ടങ്ങളും മാനദണ്ഡങ്ങളുമുണ്ട്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ പൊലീസില്‍ സമഗ്രമായ പരിഷ്‌കരണവും രാഷ്ട്രീയ ഇടപെടലില്ലാത്ത അവസ്ഥയുമുണ്ടാക്കണം. എന്നാൽ പരസ്പരം കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതിന്റെ ആവര്‍ത്തനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതാകട്ടെ, ഇത്തരം പല സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവരേയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ ശിക്ഷ അനുഭവിച്ചവരേയും അപമാനിക്കുന്നതായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍