UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലെ സൌജന്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നു അമേരിക്കയ്ക്ക് ചിലത് പഠിക്കാനുണ്ട്

Avatar

വിവേക് വാധ്വ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇരുപതാഴ്ച ഗര്‍ഭിണിയായ രൂപന്‍ദീപ് കൌര്‍ വൈദ്യപരിശോധന കേന്ദ്രത്തിലെത്തുമ്പോള്‍  അവര്‍ തളര്‍ന്ന് വീഴാറായിരുന്നു. പേരും വിലാസവും ചോദിച്ചറിഞ്ഞ ശേഷം അവളെ ഡോക്ടറുടെ അടുത്തെത്തിച്ചു. മുമ്പത്തെ വൈദ്യപരിശോധനകളുടെ കടലാസുകള്‍ നോക്കിയ ശേഷം ഡോക്ടര്‍ രക്തവും മൂത്രവുമടക്കമുള്ള പല പരിശോധനകളും നടത്താന്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് കുഴപ്പമൊന്നുമില്ലെന് തെളിഞ്ഞു. എന്നാല്‍ കൌറിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവും രക്ത സമ്മര്‍ദവും അപകടകരമായ വിധത്തില്‍ കുറവായിരുന്നു. ഡോക്ടര്‍ അളക ചൌധരി ഉടനെതന്നെ ആംബുലന്‍സ് വിളിപ്പിച്ചു അവളെ അടുത്തുള്ള ആശുപത്രിയിലെലേക്കയച്ചു.

ഡല്‍ഹിയിലെ പീര്‍ഗാഡി ആശ്വാസ കേന്ദ്രത്തില്‍ ഇതെല്ലാം സംഭവിച്ചത് വെറും 15 മിനിറ്റിനുള്ളിലാണ്. അവിടെ ചെന്നതു മുതല്‍ ആംബുലന്‍സില്‍ കേറ്റുന്നതുവരെ എല്ലാ കാര്യങ്ങളും സാങ്കേതികസഹായത്തോടെ നിശ്ചയിക്കുന്നതായിരുന്നു. ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയാണ് കൌറിന്റെ ചികിത്സ രേഖകളും എടുത്തത്. വലിയ കടലാസുപണികളില്ല, രോഗിക്കോ ഇന്‍ഷൂറന്‍സ് കമ്പനിക്കോ ബില്ല്‍ അയക്കുന്നില്ല, ഒരുവിധത്തിലുള്ള കാലതാമസവുമില്ല. അതേ, എല്ലാം സൌജന്യം.

പ്രോട്ടീന്‍, മിനറല്‍ കുറവിന് കൌറിന് ചികിത്സ നല്കി. അന്നുതന്നെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചു. സമയത്ത് ചികിത്സ കിട്ടിയില്ലായിരുന്നുവെങ്കില്‍ ഗര്‍ഭച്ഛിദ്രമോ അവരുടെ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തേനെ.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഞാന്‍ കണ്ട ഏത് ക്ലിനിക്കിനേക്കാളും മെച്ചമാണിത്. കൌര്‍ മാത്രമല്ല ഞാനവിടെ ഇരുന്ന ഒരു മണിക്കൂറില്‍ കുറഞ്ഞത് ഒരു ഡസന്‍ രോഗികളെങ്കിലും അവിടെനിന്നും സൌജന്യ ചികിത്സ ലഭിച്ചവരാണ്.

മൊഹല്ല അഥവാ ജനങ്ങളുടെ ക്ലിനിക് എന്ന ഈ സൌകര്യം ജൂലായ് 2015-നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രീവാളാണ് തുറന്നത്. ഡല്‍ഹിയില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച 1000 പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തേതാണിത്. ഈ ആശയവുമായി മുന്നോട്ടുവന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നോടു പറഞ്ഞത്, ഇത് ആളുകളുടെ ബുദ്ധിമുട്ടുകള്‍ മാത്രമല്ല, ചെലവും കുറയ്ക്കുമെന്നാണ്-കാരണം ആളുകള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കുകയും ആശുപത്രികളിലെ അടിയന്തര വിഭാഗത്തില്‍ എത്താതെ കഴിക്കുകയും ചെയ്യും.

പീര്‍ഗാഡിയില്‍ അടിയന്തര രോഗനിര്‍ണയം സാധ്യമാക്കിയ സംവിധാനം സ്വാസ്ഥ്യ സ്ലേയ്റ്റ് ആണ്. ഒരു കേക് ടിന്നിന്‍റെ വലിപ്പം മാത്രമുള്ള ഏതാണ്ട് 600 ഡോളര്‍ വിലവരുന്ന ഈ ഉപകരണം രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയ മിടിപ്പ്, രക്തത്തിലെ ഹീമോഗ്ലോബിന്‍, മൂത്രത്തിലെ പ്രോട്ടീന്‍, ഗ്ലൂക്കോസ് എന്നിങ്ങനെ സാധാരണമായ 33 പരിശോധനകള്‍ നടത്തുന്നു. മലേറിയ, ഹെപ്പറ്റിറ്റിസ്, എച്ച്‌ഐ‌വി, ടൈഫോയ്ഡ് തുടങ്ങിയ രോഗനിര്‍ണയങ്ങളും ഇതില്‍ നടത്താം. ഒന്നോ രണ്ടോ മിനിറ്റുകള്‍ മാത്രമേ പരിശോധനക്ക് എടുക്കുകയുള്ളൂ. രോഗിക്ക് പ്രാപ്യമായ തരത്തില്‍ ഈ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. സാധാരണ പരിശീലനം നേടിയ ഒരാള്‍ക്കും ഇത് കൈകാര്യം ചെയ്യാം.

രോഗ പരിശോധനകളുടെ ചെലവ് കുറയ്ക്കുന്നതില്‍ ആരോഗ്യരംഗത്തെ വ്യവസ്ഥാപിത സംവിധാനം കാണിക്കുന്ന  അനാസ്ഥയില്‍ മനം മടുത്ത അരിസോണ സര്‍വകലാശാലയിലെ ഒരു ബയോമെഡിക്കല്‍ എഞ്ചിനീയറായ കനവ് കഹോല്‍ ആണ് ഈ സ്വാസ്ഥ്യ സ്ലേറ്റ് വികസിപ്പിച്ചെടുത്തത്. വിലകള്‍ ഉയര്‍ത്തി നിര്‍ത്താനുള്ള വൈദ്യവ്യവസായത്തിന്റെ താത്പര്യം മൂലം കോടിക്കണക്കിനാളുകള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയോ മോശം ചികിത്സ ലഭിക്കുകയോ ചെയ്യുന്നു എന്ന ന്യായമായ ആകുലത അദ്ദേഹത്തിന്നുണ്ടായി. 2011-ല്‍ ഇത്തരമൊരു സംവിധാനം വികസിപ്പിക്കാന്‍ അദ്ദേഹം നാട്ടിലേക്കു, ന്യൂ ഡല്‍ഹിയില്‍ മടങ്ങിയെത്തി.

ചികിത്സ ഉപകരണങ്ങള്‍ പല നിലയിലും സമാനമാണെങ്കിലും അവയെ സങ്കീര്‍ണവും വിദഗ്ധര്‍ക്കുമാത്രം ഉപയോഗിക്കാവുന്നതുമാക്കുന്നത് അവയെ ഒരുക്കുന്ന രീതിയിലാണെന്ന് കഹോല്‍ കണ്ടെത്തി. അവയൊരോന്നും പതിനായിരക്കണക്കിന് ഡോളര്‍ ചെലവ് വരുന്നതാണ്. അതേ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒരു സ്വതന്ത്ര വൈദ്യ സംവിധാനത്തില്‍ ഇതുണ്ടാക്കാമെന്ന് അയാള്‍ ആലോചിച്ചു.

ജനുവരി 2013-ഓടെ സ്വാസ്ഥ്യ സ്ലേയ്റ്റ് വികസിപ്പിച്ച കഹോല്‍ ജമ്മു കാശ്മീരിലെ 2.1 ദശലക്ഷം ജനസംഖ്യയുള്ള 6 ജില്ലകളില്‍ ഇത് അനുവദിക്കാനുള്ള അനുമതി നേടിയെടുത്തു. ഇപ്പോളവിടെ 498 ആരോഗ്യകേന്ദ്രങ്ങളില്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. 22,000 ഗര്‍ഭിണികള്‍ക്ക് ആരോഗ്യരക്ഷ നല്കാന്‍ ഈ സംവിധാനം അവിടെ ഉപയോഗപ്പെടുത്തി. ഇതില്‍ 227 പേര്‍ ഉയര്‍ന്ന അപകട സാധ്യതയുള്ളവരായിരുന്നു. നഗരങ്ങളിലെ ആശുപത്രികളിലേക്ക് ഓടാതെ തന്നെ അമ്മമാര്‍ക്ക് ഗ്രാമങ്ങളില്‍ ചികിത്സാ സൌകര്യം ലഭിക്കുന്നു.

സ്ലേയ്റ്റിന്‍റെ പുതിയ പതിപ്പ് ഹെല്‍ത്ത്ക്ലബ്, പെറുവിലെ പ്രമുഖ ആശുപത്രിയായ ക്ലിനിക്ക ഇന്‍റര്‍നാഷണലില്‍ വിദഗ്ധ സംഘം കഴിഞ്ഞ മാസം പരീക്ഷിച്ചു. അവരുപയോഗിക്കുന്ന പാശ്ചാത്യ ഉപകരണവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കൃത്യത, സാധാരണ പരിശീലനം മാത്രം നേടിയവര്‍ക്കും ഉപയോഗിക്കാനാകുമോ, രോഗികള്‍ക്കുള്ള പ്രാപ്യത, അവയുടെ ഉപയോഗക്ഷമത എന്നിവയായിരുന്നു  പരിശോധിച്ചത്. പരിശോധനയില്‍ ഇത് അത്ഭുതകരമാം വിധം വിജയമായിരുന്നു എന്നു ക്ലിനിക്ക ജനറല്‍ മാനേജര്‍ എനിക്കയച്ച കത്തില്‍ അറിയിച്ചു. ഗുണനിലവാരമുള്ള രോഗനിര്‍ണയത്തിന് വഴിയില്ലാത്ത ലാറ്റിനമേരിക്കയിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ അവസരം ലാറ്റിന്‍ അമേരിക്കയ്ക്ക് മാത്രമല്ല. ആരോഗ്യരക്ഷയുടെ കാര്യത്തില്‍ യു.എസ് വികസ്വര രാജ്യങ്ങള്‍ക്ക് സമാനമായ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. Affordable Care Act ഉണ്ടെങ്കിലും 33 ദശലക്ഷം അമേരിക്കക്കാര്‍ അഥവാ ജനസംഖ്യയുടെ 10.4% പേര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരാണ്. ഇവരധികവും കറുത്ത വര്‍ഗക്കാരും ഹിസ്പാനിക്കുകളും ദരിദ്രരുമാണ്. 4.5 ദശലക്ഷം പേര്‍ ഇതില്‍ കുട്ടികളാണ്. ഇതിന്റെ ഫലമായി ഇവര്‍ക്ക് ലഭിക്കുന്ന പ്രതിരോധ ചികിത്സ വളരെ കുറവും ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചെലവ് ഭീകരമാം വിധം കൂടുതലുമാണ്. ആശുപത്രികളിലെ അടിയന്തര ചികിത്സാമുറികള്‍ അടിസ്ഥാന ചികിത്സ ആവശ്യമുള്ള ഇന്‍ഷൂറന്‍സില്ലാത്ത രോഗികളെക്കൊണ്ടു നിറയുന്നു. ചികിത്സ ചെലവുകൊണ്ടാണ് കുടുംബങ്ങള്‍ മുടിയുന്നത്.

അതേ, അമേരിക്കന്‍ നഗരങ്ങളില്‍ മൊഹല്ല ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സമയമായി.

(അമേരിക്കയില്‍ സാങ്കേതിക സംരംഭകനും അക്കാഡമിക്കുമാണ് വിവേക് വാധ്വ)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍