UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സുമാര്‍ കൂട്ട അവധിയില്‍: എയിംസിലെ രോഗികള്‍ ദുരിതത്തില്‍

ഏഴാം ശമ്പള പരിഷ്‌കാര കമ്മിഷന്റെ പ്രതിലോമപരമായ ശുപാര്‍ശകള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്

ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് അയ്യായിരം നഴ്‌സുമാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) അടിയന്തര സേവനങ്ങള്‍ അടച്ചുപൂട്ടി. നൂറിലേറെ രോഗികളാണ് ഇതോടെ ദുരിതത്തിലായത്. ഏകദേശം 90 ശസ്ത്രക്രിയകളെങ്കിലും ഇതുവരെ മാറ്റിവച്ചതായാണ് അറിയുന്നത്.

രോഗികളുടെ ജീവന്‍ വച്ച് വിലപേശുന്ന നഴ്‌സുമാരുടെ നടപടിയില്‍ എയിംസ് അധികൃതരുടെയും പിന്തുണയുണ്ടെന്നാണ് അറിയുന്നത്. ഇതോടെ നിരവധി രോഗികള്‍ സഫ്ദര്‍ജംഗിലും മറ്റ് സമീപ ആശുപത്രികളിലും ചികിത്സ തേടിയിരിക്കുകയാണ്. ഏഴാം ശമ്പള പരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാള്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമരം. ഈ കൂട്ടഅവധി മറ്റ് സേവനങ്ങളേക്കാള്‍ ഓപ്പറേഷന്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങളെയാണ് ബാധിച്ചിരിക്കുന്നതെന്ന് ഒരു മുതിര്‍ന്ന എയിംസ് ഫാക്കല്‍റ്റി അംഗം അറിയിച്ചു. അലവന്‍സ് വര്‍ദ്ധനവും ശമ്പള വര്‍ദ്ധനവും നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന വെല്ലുവിളിക്ക് പിന്നാലെയാണ് നഴ്‌സുമാരുടെ യൂണിയന്‍ ഈ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

അതേസമയം ഏഴാം ശമ്പള പരിഷ്‌കാര കമ്മിഷന്റെ പ്രതിലോമപരമായ ശുപാര്‍ശകള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള കുറഞ്ഞ വേതനം 4600ല്‍ നിന്ന് 5400 ആക്കണമെന്നും നഴ്‌സിംഗ് അലവന്‍സ് 7800 ആക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും പോലെ തങ്ങള്‍ക്കും റിസ്‌ക് അലവന്‍സും നൈറ്റ് ഡ്യൂട്ടി അലവന്‍സും അനുവദിക്കണമെന്നും എയിംസ് നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ഹരിഷ് കുമാര്‍ കജ്‌ല അറിയിച്ചു.

‘മരണ കാരണമായേക്കാവുന്ന പകര്‍ച്ച വ്യാധികളാണ് ഞങ്ങള്‍ ദിനംപ്രതി കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് മതിയായ റിസ്‌ക് അലവന്‍സ് നല്‍കുന്നില്ല. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 27 മുതല്‍ ഞങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിക്കും’ കജ്‌ല കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അറിയിച്ച് കത്ത് അയച്ചിട്ടുണ്ടെന്ന് നഴ്‌സുമാരോട് വ്യക്തമാക്കിയിട്ടും അവര്‍ കൂട്ട അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് എയിംസ് ആക്ടിംഗ് ഡയറക്ടര്‍ ഡോ. ബല്‍റാം അയിരന്‍ അറിയിച്ചു. ധനകാര്യമന്ത്രാലയവുമായി ഈ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കണമെന്നും എയിംസ് അധികൃതര്‍ ആരോഗ്യമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏഴാം ശമ്പള പരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശയ്ക്കനുസരിച്ച് നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും ശമ്പളം എയിംസ് പരിഷ്‌കരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍