UPDATES

എന്നാണ് ഈ ജനാധിപത്യ രാജ്യത്ത് ഞങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ സാധിക്കുക? ശീതള്‍ ശ്യാം സംസാരിക്കുന്നു

സര്‍ക്കാര്‍ പോളിസികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം പോര; ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ പൊതുസമൂഹം മാറേണ്ടതുണ്ട്

ഡി സി ബുക്ക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍  ‘ജനാധിപത്യവും ലൈംഗിക ന്യൂനപക്ഷവും’ എന്ന വിഷയത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം സംസാരിച്ചതിന്‍റെ പ്രസക്തഭാഗങ്ങള്‍. 

ആദ്യം തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ഇവിടെ സംസാരിക്കുന്നത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയമാണ്. പക്ഷേ ലൈംഗിക ന്യൂനപക്ഷമായിട്ട് ഒരാള്‍ മാത്രമേ ഇവിടെയുള്ളൂ എന്നതാണ് കൌതുകകരം. ഒരു ട്രാന്‍സ്ജെന്‍ഡറിന് കിട്ടുന്ന സ്വീകാര്യത ഗേ, ലെസ്ബിയന്‍, ബൈസെക്ഷല്‍ എന്നിവര്‍ക്ക് കിട്ടുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം അസ്തിത്വത്തെകുറിച്ചും അവരുടെ പ്രശ്നങ്ങളെകുറിച്ചും ഇതുപോലെ സംവദിക്കാന്‍ വേദികള്‍ ഇല്ല. അക്കാര്യം സംഘാടകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റൊന്നു നമ്മള്‍ എത്രയൊക്കെ ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചാല്‍ പോലും ജനാധിപത്യ മര്യാദ പാലിക്കപ്പെടാത്ത പല സ്ഥലങ്ങള്‍ ഉണ്ട്. ഓരോ ദിവസവും ഞാനടക്കമുള്ള വിഭാഗം പലയിടങ്ങളില്‍ നിന്നും അത് അനുഭവിക്കുന്നുമുണ്ട്.

പലപ്പോഴും നമുക്കിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സ്ത്രീയെയും പുരുഷനെയും കുറിച്ചും അവര്‍ക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ കുറിച്ചും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും മാത്രമാണ്. അതിനപ്പുറത്തേക്ക് നമ്മളെ പോലുള്ള ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത് എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ട്രാന്‍സ്ജെന്‍റേഴ്സോ അല്ലെങ്കില്‍ എല്‍‌ജി‌ബി‌ക്യൂ വിഭാഗമോ അവരുടെ അവകാശങ്ങളെകുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും കേരളത്തിലോ ഇന്ത്യയിലോ സംസാരിച്ച് തുടങ്ങിയിട്ട് ഏറെ കാലമൊന്നും ആയിട്ടില്ല. പക്ഷേ സ്ത്രീകള്‍ അവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയിട്ട് കാലങ്ങളായി. എന്നിട്ടും അതൊന്നും പൂര്‍ണ്ണമായി നേടിയെടുക്കാന്‍ ആയിട്ടില്ല. നേരത്തെ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അപ്പോള്‍ ഭൂരിപക്ഷം സ്ത്രീകളും അവരുടെ അവരുടെ സ്വാതന്ത്ര്യത്തെ കുറിച്ചോ അവരുടെ ഡിഗ്ന്നിറ്റിയെ കുറിച്ചോ ഇക്വാലിറ്റിയെ കുറിച്ചോ സെക്ഷ്വല്‍ പ്രിഫറന്‍സിനെ കുറിച്ചോ ഒന്നും തന്നെ ബോധവതികളല്ല എന്നാണ് എനിക്കു മനസ്സിലായത്. പ്രത്യേകിച്ചു സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചു പോലും സംസാരിക്കാനോ കേള്‍ക്കാനോ ഈ കാലഘട്ടത്തില്‍ സാധ്യമാകുന്നില്ലെങ്കില്‍ ഞാനടക്കമുള്ള സമുദായത്തിന്റെ വിഷയത്തില്‍ ഏത് കാലഘട്ടത്തിലാണ് സാധ്യമാകുക. എപ്പോഴാണ് അത് കേള്‍ക്കാന്‍ ഈ സമൂഹം തയ്യാറാവുക എന്നുള്ളതാണ് എന്നെ അതിശയിപ്പിക്കുന്നത്.

ഈ അടുത്തു കോഴിക്കോട് വെച്ചു ക്വീര്‍ പ്രൈഡ് എന്ന പരിപാടി നടന്നു. വര്‍ഷങ്ങളായി നമ്മള്‍ നടത്തുന്ന സ്വാഭിമാന ഘോഷയാത്ര വര്‍ഷത്തില്‍ ഒരിക്കല്‍ നമ്മള്‍ക്ക് കിട്ടുന്ന നമ്മുടെതായ ദിവസമാണ്. അന്ന് ഞങ്ങള്‍ റാലി തുടങ്ങിയത് ഇവിടെ ഈ സ്റ്റേജില്‍ വെച്ചാണ്. റാലി ആരംഭിച്ച് മഴയൊക്കെ പെയ്ത് ഞങ്ങളുടെ ശരീരമൊക്കെ നനഞ്ഞു. കോഴിക്കോട് നളന്ദയിലായിരുന്നു സമാപിച്ചത്. അവിടെ ആറ് മണികഴിഞ്ഞപ്പോള്‍ കുറച്ചു ഇരുട്ട് വീണു. പക്ഷേ ഇരുട്ടുന്നതിന് മുന്‍പ് തന്നെ ചില പുരുഷന്‍മാര്‍ വന്ന് ട്രാന്‍സിന്റെ ശരീരത്തിലും സ്ത്രീകളുടെ ശരീരത്തിലുമൊക്കെ കയറിപ്പിടിക്കാനും അവരെ ആക്രമിക്കാനും ശ്രമിച്ചു. ഇത് കണ്ടുനില്‍ക്കുന്ന പോലീസിനോട് എന്താണ് നിങ്ങള്‍ ഇടപെടാത്തത് എന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുക എന്നു കൈമലര്‍ത്തുകയായിരുന്നു അവര്‍. നിങ്ങള്‍ ഗേറ്റ് അടച്ചു ഉള്ളില്‍ നില്‍ക്കണം അല്ലെങ്കില്‍ പുരുഷന്മാര്‍ അങ്ങനെയൊക്കെ ചെയ്യും എന്നായിരുന്നു അവര്‍ പറഞ്ഞത്. നിങ്ങള്‍ എന്തിനാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നത്. നിങ്ങള്‍ എന്തിനാണ് പുറത്തിറങ്ങുന്നത് എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. പുരുഷന്മാര്‍ പറയുന്നതു സ്ത്രീയാണോ ട്രാന്‍സാണോ ഗേയാണോ ലെസ്ബിയനാണോ എന്നുള്ളതല്ല ആരെ കണ്ടാലും കേറിപ്പിടിക്കാനുള്ള ത്വര ഞങ്ങള്‍ക്ക് തോന്നുന്നു എന്നാണ്. അത്രത്തോളം ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ഒരു സമൂഹത്തില്‍ എന്നെ പോലുള്ളവര്‍ എങ്ങനെയാണ് ജീവിക്കുക? സ്വാഭിമാന ഘോഷയാത്ര ഞങ്ങള്‍ ആഘോഷിക്കുന്നത് ഒറ്റ ദിവസമാണ്. ആ ഒരു ദിവസം പോലും ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ വസ്ത്രം ധരിക്കാനും ഈ പൊതു സമൂഹത്തില്‍ മാന്യതയോടുകൂടി അഭിമാനത്തോടുകൂടി ഇറങ്ങിനടക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എപ്പോഴാണ് സാധിക്കുക എന്നുള്ളതാണ് എനിക്കു ഈ സമൂഹത്തോട് ചോദിക്കാനുള്ളത്.

കോടതിപോലും ഇവിടെ സ്ത്രീകളെ രണ്ടാം വിഭാഗക്കാരായാണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ട്രാന്‍സിന് തേര്‍ഡ് ജെന്‍ഡര്‍ എന്ന പദം കോടതി നല്‍കുന്നത്. നമ്മള്‍ ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ച് സംസാരിക്കുമ്പോഴും ഇങ്ങനെ മൂന്നു തരത്തില്‍ ജെന്‍ഡര്‍ നിശ്ചയിക്കുന്ന ഒരു രാജ്യത്താന് നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ ബൃഹത്തായ ഭരണഘടന ആണിന് ഇന്ന അവകാശം പെണ്ണിന് ഇന്ന അവകാശം ട്രാന്‍സ്ജെന്‍ഡറിന് ഇന്ന അവകാശം എന്ന രീതിയില്‍ അല്ല വിഭജിച്ചിരിക്കുന്നത്. വ്യക്തിക്കാണ് ഇവിടെ അവകാശം. അങ്ങനെ ഒരവകാശം ഉള്ള നാട്ടില്‍ ഒന്നു പുരുഷനും രണ്ട് സ്ത്രീയും മൂന്നു ട്രാന്‍സ്ജെന്‍ഡറും ആയിട്ടാണ് കോടതിപോലും കാണുന്നത്. ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് നമുക്ക് ജെന്‍ഡറിനെ കാണാന്‍ പറ്റുന്നില്ല. ഹെറ്റെറോസെക്ഷ്വലിനപ്പുറത്ത് സെക്ഷ്വാലിറ്റിയെ കാണാന്‍ പറ്റുന്നില്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിക്കുന്നതുപോലെ തന്നെയാണ് തേര്‍ഡ് ജെന്‍ഡറും ജനിക്കുന്നത് എന്നു കാണാന്‍ പറ്റുന്നില്ല. അപ്പോള്‍ ഇതിനെ കുറിച്ചൊക്കെ സംസാരിക്കേണ്ടിയിരിക്കുന്നു.  ഭൂരിപക്ഷം ഇതിനെ കുറിച്ച് സംസാരിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നമ്മള്‍ക്ക് നേരെയുള്ള ചുഴിഞ്ഞു നോട്ടം നഗരത്തെക്കാള്‍ കൂടുതലാണ് ഗ്രാമങ്ങളില്‍. ഗ്രാമങ്ങളിലാണ് ചോദ്യങ്ങളും പരിഹാസങ്ങളും ആക്രമണങ്ങളും കൂടുതല്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാതെ വരുന്നതും തൊഴിലിടങ്ങള്‍ ഉണ്ടാകാത്തതും പ്രണയം, ലൈംഗികത, വിവാഹം എന്നിവയൊന്നും സാധ്യമാകാത്തതും. ഒരു മനുഷ്യനായിട്ട് ജനാധിപത്യ രാജ്യത്ത് ജീവിക്കാനുള്ള എല്ലാതരം അവകാശങ്ങളും നിഷേധിക്കുന്ന ഒരു സ്ഥിതിയില്‍ തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. അതില്‍ വലിയ മാറ്റം ഉണ്ടായി എന്നു എന്റെ ജീവിതാനുഭവം കൊണ്ട് എനിക്കു പറയാന്‍ പറ്റത്തില്ല. ചെറിയ ചില മാറ്റങ്ങളെ ഉണ്ടായിട്ടുള്ളൂ.

ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന രീതിയില്‍ ഒരു ശീതളിന് മാത്രമേ ഇത്തരം വേദികള്‍ കിട്ടുന്നുള്ളൂ. അങ്ങനെയുള്ള വേദികളിലേക്ക് മറ്റ് ശീതള്‍മാരോ ജിജോമാരോ ചിഞ്ചുമാരോ വരുന്നില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണ്. അവരെയും നിങ്ങള്‍ ഇത്തരം വേദികളില്‍ ഉള്‍പ്പെടുത്തണം, അവരുടെ വാക്കുകളും നിങ്ങള്‍ കേള്‍ക്കണം എന്നാണ് പറയാനുള്ളത്. നമ്മള്‍ പാട്രിയാര്‍ക്കിയെ കുറിച്ചും ഹൈരാര്‍ക്കിയെ കുറിച്ചും സംസാരിക്കുമ്പോള്‍ പലപ്പോഴും പുരുഷന്മാരെയാണ് അഡ്രസ് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ സ്ത്രീകളില്‍ നിന്നും എനിക്കു ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു സത്യമാണ്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഹിജഡ കള്‍ച്ചറില്‍ ജീവിച്ച ഒരാളാണ്. ബെഗ്ഗിംങ്ങും സെക്സ് വര്‍ക്കും ഒക്കെ ചെയ്തിട്ടുണ്ട്. അവിടെ ഹിജഡ കള്‍ച്ചര്‍ സിസ്റ്റം ഉണ്ടെങ്കില്‍ പോലും മതപരമായിട്ടുള്ള ഭയം ഉള്ളതുകൊണ്ട് പബ്ലിക്കിന് അല്ലെങ്കില്‍ ഇത്തരം ആക്രമണം നടത്തുന്നവര്‍ക്ക് പേടി ഉണ്ടെന്നുള്ളത് സത്യം തന്നെയാണ്. നമ്മളെ കളിയാക്കാനും കമന്‍റ്  ചെയ്യാനും ഒക്കെ ഭയപ്പെടും. ഒരു ട്രാന്‍സ്ജെന്‍ഡര്‍ റോഡിലൂടെ പോകുമ്പോള്‍ ബാംഗ്ലൂരിലും ഹൈദരബാദിലും തമിഴ്നാട്ടിലുമൊക്കെ പുരുഷന്മാര്‍ കുറച്ചു മാറിനില്ക്കും. പക്ഷേ കേരളത്തില്‍ അങ്ങനെ അല്ല. എണ്ണിയാലൊടുങ്ങാത്ത പലതരം പേരുകളുണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിന്. അതില്‍ ഏതെങ്കിലും ഒന്നു വിളിച്ച് അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഒരു സ്ത്രീയോട് എങ്ങനെ കമന്‍റ് ചെയ്യാം അതിനെക്കാള്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് കമന്‍റ് ചെയ്യുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ഒക്കെ ചെയ്യുന്നത് മലയാളികളാണ്. പലപ്പോഴും പൊതു ഇടങ്ങളില്‍ വെച്ചുപോലും ഇത്തരം ഹരാസ്മെന്റുകള്‍ക്കും ആക്രമണങ്ങള്‍ക്കും സെക്ഷ്വല്‍ അബ്യൂസിനു പോലും ഞങ്ങള്‍ ഇരയാകുന്നുണ്ട്.

കൊച്ചിയില്‍ പോലീസിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ട്രാന്‍സ്സ്ജെന്‍ഡേഴ്സ്

നമ്മുടെ രാജ്യത്തു പലതരത്തിലുള്ള നിയമങ്ങള്‍ ഉണ്ട്. സ്ത്രീകള്‍ക്കാണെങ്കിലും കുട്ടികള്‍ക്കാണെങ്കിലും പുരുഷന്‍മാര്‍ക്കാണെങ്കിലും പലതരം നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഇതുപോലെ ലൈംഗികമായിട്ടോ ശാരീരികമായിട്ടോ മാനസികമായിട്ടോ വെര്‍ബലിയോ ആക്രമിക്കപ്പെട്ടാല്‍ എവിടെ പോയി പരാതിപ്പെടും എന്നാണ് ഞാന്‍ അതിശയിക്കുന്നത്. ഞാന്‍ എന്റെ വീട്ടില്‍ നിന്ന് പുറത്തായ സമയത്ത് പോലീസിനെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ട്രാന്‍സ്ജെന്‍ഡര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ല എന്നാണ്. അങ്ങനെ ഒരു വിഭാഗത്തിന് നിയമം ഉണ്ടോ, പോളിസി പാസായിട്ടുണ്ടോ, ഗവണ്‍മെന്‍റ് ബഡ്ജറ്റില്‍ പൈസ വകയിരുത്തിയിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ല എന്നുള്ളതാണ്. പരാതിപ്പെടാന്‍ ചെന്നാല്‍ അവര്‍ പറയുന്നതു നിങ്ങള്‍ ലൈംഗികതൊഴില്‍ ചെയ്യുന്നതുകൊണ്ടാണ്, ഇതുപോലെ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ്, ആറുമണി കഴിഞ്ഞ് പുറത്തിറങ്ങുന്നത് കൊണ്ടാണ് എന്നൊക്കെയാണ് അവര്‍ കാരണമായി പറയുന്നതു. അപ്പോള്‍ ഇവിടെ പുറത്തിറങ്ങാനുള്ള അവകാശം ആരുടെയൊക്കെയോ ഔദാര്യമാണ്, വസ്ത്രം ധരിക്കാനുള്ള അവകാശം ആരുടെയൊക്കെയോ ഔദാര്യമാണ്, പുറത്തിറങ്ങേണ്ട സമയം ആരുടെയൊക്കെയോ ഔദാര്യമാണ് എന്ന അവസ്ഥയാണ്. നമ്മള്‍ പുറത്തിറങ്ങേണ്ട സമയം ആരാണ് നിശ്ചയിക്കുന്നത്?

കഴിഞ്ഞ ദിവസം പത്തോളം ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് എറണാകുളത്ത് വെച്ചു സിറ്റി പോലീസ് കമ്മീഷണര്‍ അടങ്ങുന്ന ഒരു സംഘം അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അറസ്റ്റ് ചെയ്തു കൊണ്ടുപോയിട്ട് വിട്ടയക്കുകയാണ് പതിവ്. ഇതുപോലെ തന്നെ അവിടത്തെ ഒരു എസ് ഐ പതിനഞ്ചോളം ട്രാന്‍സ്ജെന്‍ഡേഴ്സിനെ രണ്ട് ജീപ്പുകളിലാക്കിയിട്ട് നെടുമ്പാശേരി എയര്‍പോര്‍ട്ടിനടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ഇറക്കിയിട്ട് പറഞ്ഞു രാത്രി സമയത്ത് പുറത്തു കാണാന്‍ പാടില്ല എന്ന്. ഇനി അവിടെ താമസിച്ചോളാന്‍. ഞങ്ങള്‍ എന്താ പൂച്ചക്കുട്ടികള്‍ ആണോ ഇങ്ങനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തള്ളാന്‍? ഇതുപോലെ വിവരമില്ലാത്ത അല്ലെങ്കില്‍ വിവരം ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥര്‍ നിലനില്‍ക്കുന്നിടത്ത് എങ്ങനെയാണ് നമുക്ക് ന്യൂനപക്ഷ ലൈംഗികത പോലുള്ള വിഷയങ്ങള്‍ സംസാരിക്കാന്‍ കഴിയുക.

മറ്റ് സംസ്ഥാനങ്ങളില്‍ ഒരാളും നമ്മുടെ കാര്യങ്ങളില്‍ ഇടപെടാന്‍ വരത്തില്ല. അവര്‍ക്കതിന് സമയമില്ല. കേരളത്തിലാണ് ആണിന്റെയും പെണ്ണിന്റെയും അല്ലെങ്കില്‍ നമ്മള്‍ സ്വതവേ പറയുന്ന ആണും പെണ്ണും കെട്ടവരുടെതായ ആളുകളുടെ കാര്യങ്ങളില്‍ ഇടപെടാനും സംസാരിക്കാനും ആളുകള്‍ക്ക് സമയം ഉള്ളത്. രാഷ്ട്രീയ പ്രമുഖന്‍മാര്‍ പോലും ആണും പെണ്ണും കേട്ടവര്‍ എന്ന് ഉപയോഗിക്കുന്നത് എന്തോ വലിയ അമര്‍ഷത്തോടെയാണ്. നമ്മളെ പോലുള്ളവരെ തരം താഴ്ത്താന്‍ ഉപയോഗിക്കുന്ന വാക്കുകളാണ് ആണും പെണ്ണും കെട്ടത് അല്ലെങ്കില്‍ ശിഖണ്ഡി, നപുംസകം എന്നൊക്കെയുള്ളത്. പ്രത്യേകിച്ചു രാഷ്ട്രീയ പ്രമുഖരായ പുരുഷന്മാര്‍ അറിഞ്ഞോ അറിയാതെയോ അല്ലെങ്കില്‍ മനഃപൂര്‍വ്വമായിട്ട് തന്നെയോ ഈ വാക്ക് ഉപയോഗിക്കുന്നത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും താഴ്ത്തിക്കെട്ടാനാണ്. മലയാളികള്‍ക്കാണ് ട്രെയിനില്‍ മുട്ടി ഉരുമ്മി ഇരുന്നാലും ബസ്സില്‍ ഒന്നിച്ചിരിക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള കപട സദാചാര ബോധം ഉള്ളത്. പുറം നാടുകളില്‍ പോയാല്‍ നമ്മള്‍ ട്രാന്‍സ്ജെന്‍ഡറാണോ, ട്രാന്‍സെക്ഷ്വല്‍ ആണോ, ഗേയാണോ, ആണാണോ, പെണ്ണാണോ, അച്ഛനാണോ, മകളാണോ, കാമുകി കാമുകന്‍മാരാണോ, എങ്ങോട്ട് പോകുന്നു എന്നൊന്നും ആരും അന്വേഷിക്കുകയില്ല. കേരളത്തില്‍ അല്ലാതെ മറ്റെവിടെയും അത് എനിക്കു അനുഭവിക്കേണ്ടി വന്നിട്ടില്ല.

(തയ്യാറാക്കിയത്: സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍