UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവരുടെ വില്ലന്‍ ഭരണഘടനയാണ്; ജനാധിപത്യം അട്ടിമറിക്കാന്‍ ഫാസിസം കോപ്പ് കൂട്ടുമ്പോള്‍

Avatar

ദീപക് ശങ്കരനാരായണന്‍

 

കാര്യം ഫാസിസ്റ്റ് സ്റ്റേറ്റിന്റെ എല്ലാ ലക്ഷണങ്ങളും പല പോക്കറ്റുകളിലായി കാണിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ ഒരു ഫാസിസ്റ്റ് സ്റ്റേറ്റായിട്ടില്ല. ആയിട്ടില്ല എന്ന് മാത്രമല്ല, അത് ഭാവിയില്‍പ്പോലും സ്ട്രക്ചറലി മിക്കവാറും അസാധ്യവുമാണ് ഇപ്പോഴത്തെ നിലയ്ക്ക്. സാംസ്‌കാരികവും സാമൂഹികവുമായ പല കാരണങ്ങളുമുണ്ട് അത്തരമൊരു പരിവര്‍ത്തനത്തെ പല തലങ്ങളില്‍ കൂച്ചുവിലങ്ങിടുന്നതായി. എന്നിരുന്നാലും സാമൂഹിക, സാംസ്‌കാരിക ഘടകങ്ങളെ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് വലിയ ഒരു പരിധിവരെ സ്വാധീനിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമാണ്. വൈവിധ്യത്തെ ആന്തരികമായി തകര്‍ത്ത് ഏകശിലാരൂപങ്ങളുടെ ബുള്‍ഡോസര്‍ കയറ്റി നിരത്തിയെടുക്കുക എന്ന ഫാസിസ്റ്റ് മുന്‍ ഉപാധി (prerequisite)യിലേക്ക് പോളിറ്റിയെ എത്തിക്കാനാണ് താരതമ്യേന പ്രാദേശികമായ, അതുകൊണ്ടുതന്നെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന, എന്തിനേയും ചരിത്രത്തില്‍നിന്നോ ഐതിഹ്യങ്ങളില്‍ നിന്നോ അനുപാതരഹിതമായി നിര്‍മ്മിച്ചെടുക്കുന്ന കടുംനിറങ്ങളിലുള്ള പാന്‍ ഇന്ത്യന്‍ കല്പിതയാഥാര്‍ത്ഥ്യങ്ങളെവച്ച് മാറ്റി പ്രതിഷ്ഠിക്കുന്നത്. വൈവിധ്യം ഒരു കുറ്റമാകുന്നത്, പ്രാദേശികചര്‍ച്ചകളില്‍ പോലും വൈവിധ്യങ്ങള്‍ പേറുന്നവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകാനുള്ള തീട്ടൂരങ്ങള്‍ കിട്ടുന്നത്.

പക്ഷേ, എത്രതന്നെ സാംസ്‌കാരികമായി തകര്‍ത്താലും തകര്‍ക്കാന്‍ അസാധ്യമായ ഒരു സംഗതി ഇന്ത്യയിലുണ്ട്; ഭരണഘടന. സാംസ്‌കാരികമായി എന്തുതന്നെ ചെയ്താലും ഭരണഘടന ഭേദഗതി ചെയ്യാതെ ഇന്ത്യ കൈപ്പിടിയില്‍ നില്‍ക്കില്ല. ഇനി ഘടനാപരമായി സംഘിത്തം പേറുന്നതുകൂടാതെ അനുദിനം സംഘിവല്‍ക്കരിക്കപ്പെടുകകൂടി ചെയ്യുന്ന പട്ടാളത്തെ വച്ചോ പ്രത്യക്ഷത്തിലുള്ള ഒരു മതവിപ്ലവം വഴിയോ ഭരണസംവിധാനം തകര്‍ത്ത് ഫാസിസം നടപ്പിലാക്കാമെന്നുവച്ചാല്‍ ക്യാപ്പിറ്റല്‍ സമ്മതിക്കാന്‍ പോകുന്നില്ല.

ജനാധിപത്യം ക്യാപിറ്റലിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ്. അതിന്റെ ആന്തരികമൂല്യങ്ങളെ നാമമാത്രമാക്കി നിലനിര്‍ത്തി അത് നല്‍കുന്ന സ്വാതന്ത്ര്യങ്ങളെ ഉപയോഗിക്കാവുന്ന തരത്തിലേക്ക് ആവശ്യത്തിനനുസരിച്ച് മെരുക്കിയെടുക്കലാണ് ക്യാപിറ്റലിസത്തിന് ലാഭം. രാഷ്ട്രീയമായ അസ്ഥിരത ക്രയശേഷിയെ തകര്‍ക്കുന്ന അവസ്ഥ ക്യാപിറ്റലിസത്തിന് ഒട്ടും അഭികാമ്യമല്ല. മനുഷ്യരെ തങ്ങളുടെ നിക്ഷേപം മൂല്യവര്‍ദ്ധന നടത്തി തിരിച്ചെടുക്കാനുള്ള വര്‍ക്ക്ഫോഴ്‌സായും വിപണിയായും ഒരേ സമയം നിലനിര്‍ത്തുകയും രാജ്യത്തിന്റെ പൊതു വിഭവങ്ങളെ കൈവശം വെക്കാനും ഉപയോഗിക്കാനുമുള്ള അവകാശം നേടിയെടുക്കുകയുമാണ് അതിന്റെ രീതി. അതിനാവശ്യമായ നയപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കലാണ് ക്യാപിറ്റലിസത്തെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റുകളുടെ ദൗത്യം.
ക്യാപിറ്റലിസം ലോകത്തെവിടെയും ജനാധിപത്യത്തിനുവേണ്ടി മുറവിളികൂട്ടുന്നത് അതിന്റെ ഇന്‍വെസ്റ്റ്‌മെന്റിന് ഭരണമാറ്റങ്ങളാല്‍ സ്വാധീനിക്കപ്പെടാതെ സംരക്ഷണം നല്‍കുന്ന ഒരേയൊരു ഭരണസംവിധാനം ജനാധിപത്യമാണെന്നതുകൊണ്ടാണ്. നിരന്തരചൂഷണമാണ് ലക്ഷ്യം, അല്ലാതെ കൊന്ന് വയറ്റിലെ ബാക്കി മുട്ടയെടുക്കലല്ല.

പിന്നെ ബാക്കിയുള്ള മാര്‍ഗ്ഗം ഭരണഘടനാപരമായ രാഷ്ട്രീയസ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്ന, അതേസമയം ജനങ്ങളുടെ ക്രയശേഷിയെ തൊടാതെ ക്യാപ്പിറ്റലിന്റെ താല്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള, ഒരു ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മ്മിതിയാണ്. അതിന് ഭരണഘടനയാണ് പ്രധാന തടസ്സം. ഭരണഘടനാ ഘടകങ്ങളെ (Constitutional elements) സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും അതേസമയം പരിധിവിട്ടാല്‍ പരസ്പരം കൂച്ചുവിലങ്ങിട്ട് നിര്‍ത്തുകയും (Checks and Balances) ചെയ്യുന്ന തരത്തിലാണ് ഭരണഘടനയുടെ ഘടന. അതിനകത്ത് ആളുകളിക്കുന്നതിന് ഒരു പരിധിയുണ്ട്, അതുകഴിഞ്ഞാല്‍ സിസ്റ്റം സ്വയം എടുത്ത് വലിച്ച് പുറത്തിടും.

 

 

ഇരട്ടസഭയുള്ള പാര്‍ലമെന്റ് (bicameral legislature) ഈ കൂച്ചുവിലങ്ങ് സംവിധാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ബ്രിട്ടീഷ് സംവിധാനത്തിലാണ് തുടക്കമെങ്കിലും അമേരിക്കന്‍ ഭരണഘടനയില്‍ നിന്നാണ് മുഖ്യമായും ഇന്ത്യയുടെ ഇരട്ടസഭാ സംവിധാനം കൈക്കൊണ്ടിട്ടുള്ളത്. ലോക്സഭയില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണുള്ളത് (House of People). ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള ഇന്ത്യന്‍ പൗരന് 543 മണ്ഡലങ്ങളില്‍ സംവരണസംവിധാനത്തിനകത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. ആ മണ്ഡലത്തിലെ മാത്രം ജനങ്ങള്‍ തീരുമാനിക്കുന്നപക്ഷം അയാള്‍ ലോക്സഭയിലെത്തും.

രാജ്യസഭയിലാകട്ടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണുള്ളത്. സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് (House of State). ലോക്സഭ കാലാവധി കഴിയുമ്പോള്‍ സ്വയം പിരിയുമ്പോള്‍ രാജ്യസഭ ഒരിക്കലും സ്വയം പിരിയുന്നില്ല. ആറ് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ഓരോ രണ്ട് വര്‍ഷത്തിലും മൂന്നിലൊന്ന് അംഗങ്ങളുടെ കാലാവധി കഴിഞ്ഞ് പിരിയുകയും പകരം അപ്പോള്‍ നിലവിലുള്ള സ്റ്റേറ്റ് ജനപ്രതിനിധികള്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യും. സാധാരണക്കാരായ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടതായതുകൊണ്ട് ലോക്സഭ അധോസഭ (Lower House) ഉം തെരഞ്ഞെടുക്കപ്പെട്ടവരാല്‍ തെരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ട് രാജ്യസഭ ഉപരിസഭയുമാണ് (Upper House).

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഉണ്ടാക്കുകയോ ഉണ്ടാവുകയോ ചെയ്യുന്ന ഏതെങ്കിലുമൊരു തരംഗത്തില്‍ ലോക്സഭയില്‍ ഭൂരിപക്ഷം നേടിയെടുത്താലും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാജ്യസഭ, ഗവണ്‍മെന്റുകള്‍ക്ക് വന്‍ കടമ്പയാണ്. ലോക്സഭയിലേതിന് വിരുദ്ധമായി രാജ്യസഭയിലെ അംഗങ്ങളുടെ അനുപാതങ്ങള്‍ വോട്ടര്‍മാരുടെ നിലവിലെ തീരുമാനത്തെ മാത്രം പ്രതിഫലിപ്പിക്കുന്നതല്ല. ഫലത്തില്‍ രാജ്യസഭ ജനങ്ങളുടെ മുന്‍തീരുമാനങ്ങളുടെ, പാര്‍ലെമെന്റിലേക്കല്ലാതെ തങ്ങളുടെ സംസ്ഥാനത്തെ ഭരണത്തിന് മുന്‍കാലങ്ങളില്‍ കൊടുത്ത സമ്മതിയെ, പ്രതിനിധീകരിക്കുന്നു. നിലവിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളെ പ്രതിനിധീകരിക്കുന്നു. അതോടൊപ്പം തന്നെ ലോക്സഭയുടെ കാലാവധിക്കകത്ത് സ്റ്റേറ്റുകളില്‍ ഭാവിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജനവിധിയെ തൊട്ടടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. രാജ്യസഭയിലെ അംഗാനുപാതം ഒരു തുടര്‍പ്രക്രിയയുടെ ഫലമാണെങ്കില്‍ ലോക്സഭയിലേത് ഒറ്റത്തവണത്തെ സമ്മതിയെ പ്രതിഫലിപ്പിക്കുന്നു. രാജ്യസഭയിലും ലോക്സഭയിലും ഭൂരിപക്ഷമുണ്ടാവുമ്പോഴേ ഒരു കേന്ദ്രമന്ത്രിസഭ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അര്‍ഹത നേടുന്നുള്ളൂ, നിയമപരമായും ധാര്‍മ്മികമായും.

പുതിയ നിയമങ്ങള്‍ പാസാവണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം വേണം. ഭരണഘടന ഭേദഗതി ചെയ്യണമെങ്കിലാകട്ടെ അതും കടന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ലോക്സഭയില്‍ ഇപ്പോള്‍ എന്‍ഡിഎ അതിനോടടുത്താണ് (337/545). പക്ഷേ രാജ്യസഭയില്‍ മൊത്തം 250 അംഗങ്ങളില്‍ എന്‍ഡിഎക്ക് ആകപ്പാടെയുള്ളത് 73 അംഗങ്ങളാണ്. പ്രതിപക്ഷത്തിന് 172-ഉം. കയ്യിലുള്ള ഭരണം വച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓപ്പറേഷണല്‍ തലത്തില്‍ എന്തും ചെയ്യാമെങ്കിലും എന്‍ഡിഎയ്ക്ക് ഇന്നത്തെ നിലക്ക് ഭരണഘടന ഭേദഗതി ചെയ്യല്‍ പോയിട്ട് പാര്‍ലമെന്റ് പാസാക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പോലും ഒറ്റക്കെടുക്കാന്‍ കഴിയില്ല. അതിനി അടുത്ത കാലത്തൊന്നും ആവാനും പോകുന്നില്ല.

 

 

ഇനിയാണ് ഈ നിര്‍ദ്ദോഷകരമായ വാര്‍ത്തയിലെ കളി. നൈമിഷികമായ, വര്‍ഗ്ഗീയവും യുദ്ധവെറിയും ജാതീയതയും വംശവവെറിയും വഴി ഒരു വശത്തുകുടെയും വികസന റെട്ടറിക് വഴി മറുവശത്തുകൂടെയും ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കാമെന്നും അതുവഴി ഒരു രാജ്യത്തെ ജനതയെക്കൊണ്ട് അതിഭീമമായ ഭൂരിപക്ഷത്തില്‍ തങ്ങളുടെ തന്നെ കുഴി തോണ്ടാനുള്ള രാഷ്ട്രീയശക്തിയെ തെരഞ്ഞെടുപ്പിക്കാമെന്നും ആര്‍എസ്എസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെളിയിച്ചു. മൂന്നില്‍ രണ്ട് വിഭാഗം ജനങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്താല്‍ പോലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തുന്ന വൈരുദ്ധ്യം സാദ്ധ്യമാണെന്നും.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൂടെ ഒറ്റയടിക്ക് നടത്തുന്ന പക്ഷം ഇതേ ഗിമ്മിക്കില്‍ മിക്കവാറും എല്ലാ സ്റ്റേറ്റിലും ജയിക്കാം. സംസ്ഥാനങ്ങളിലെ വിജയം അധികം താമസിയാതെ രാജ്യസഭയില്‍ പ്രതിഫലിക്കും. ഒരു ഹിന്ദുത്വരാഷ്ട്രത്തിന്റെ ഭരണഘടനാപരമായ സാധ്യതക്ക് വിലങ്ങുനില്‍ക്കുന്ന രാജ്യസഭ എന്ന സംവിധാനത്തെ മൊത്തം നോക്കുകുത്തിയാക്കാം. ഇന്ത്യന്‍ ജനാധിപത്യത്തെ, ഏത് ഫാസിസ്റ്റ് സംവിധാനവും ആഗ്രഹിക്കുന്നതുപോലെ, നൈമിഷികതയുടെയും ആള്‍ക്കൂട്ടത്തിന്റെയും ഭ്രാന്തുകളുടെ മാത്രം പ്രതിഫലനമാക്കാം. അടുത്ത അഞ്ചുകൊല്ലത്തിനുള്ളില്‍ ജനാധിപത്യത്തെ നട്ടെല്ലൊടിച്ചെടുക്കാം. ഇടയില്‍ ഒരു തെരഞ്ഞെടുപ്പുപോലുമുണ്ടാകില്ല പേരിനെങ്കിലും ഒരു നല്ലമുഖം സൂക്ഷിക്കാന്‍.

പാര്‍ലമെന്റിലെ ഒരു സഭയെ തുടര്‍ ജനാധിപത്യപ്രക്രിയയുടെ പ്രതിഫലനമായും മറ്റേ സഭയെ സ്ഥിരതയുടെ പ്രതിഫലനമായും സങ്കല്പിച്ച ഉന്നതമായ ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുക എന്നതാണ് ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കാനുള്ള നീക്കത്തിന് പിന്നില്‍.
നിവൃത്തിയുണ്ടെങ്കില്‍ രണ്ട് തലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തരുത്. സാധ്യമാവുന്നിടത്തോളം തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ കാലാവധിക്കകത്ത് ചിതറിക്കിടക്കുന്നതാണ് ജനാധിപത്യത്തിന് ഗുണകരമാവുക. ചെലവിനെക്കുറിച്ചുള്ള ആധി തട്ടിപ്പാണ്. ഇനി അല്ലെങ്കില്‍ത്തന്നെ ജനാധിപത്യം സാമാന്യം ചെലവേറിയ ഏര്‍പ്പാടുമാണ്.

 

ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയത്: (https://www.facebook.com/dsankaranarayanan?fref=ts)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍