UPDATES

വിദേശം

നാം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോ?

Avatar

ടീം അഴിമുഖം

ഒരു ഭരണസംവിധാനമെന്ന നിലയില്‍ ജനാധിപത്യമാണ് ഏറ്റവും മികച്ചതെന്ന് മിക്കവര്‍ക്കും അറിയാം. പക്ഷേ നമ്മില്‍ ഭൂരിപക്ഷം പേരും അതില്‍ വിശ്വസിക്കുന്നുണ്ടോ?

ഏതാണ്ട് 7500 കിലോമീറ്ററുകള്‍ക്കകലെ കിടക്കുന്ന രണ്ടു നഗരങ്ങളില്‍ ഞായറാഴ്ച്ച നടന്ന രണ്ടു വലിയ പരിപാടികള്‍ സമഗ്രാധിപത്യം എന്നത് ഭൂരിപക്ഷം തള്ളിക്കളയുന്ന ഒന്നല്ല എന്നു തെളിയിക്കുന്നു. വാസ്തവത്തില്‍, ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചിരുന്ന ആളുകള്‍ പോലും പല സന്ദര്‍ഭങ്ങളിലും ചില സ്വാതന്ത്ര്യങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറുമാണ്.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ മെച്ചപ്പെട്ട ഒരു ഭരണസംവിധാനം ഉണ്ടോ എന്നത് അവസാനിക്കാത്ത ചര്‍ച്ചയാണ്. പക്ഷേ നമുക്ക് ചുറ്റും സംഭവിക്കുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള നിര്‍ണായകമായ സൂചനകളാണ് നല്‍കുന്നത്.

ജൂലായിലെ പരാജയപ്പെട്ട സൈനിക അട്ടിമറി ശ്രമം, ശക്തമായ തുര്‍ക്കി കെട്ടിപ്പടുക്കാനുള്ള സുവര്‍ണാവസരമാണെന്ന് ഞായറാഴ്ച്ച നടന്ന ഒരു ദശലക്ഷത്തോളം പേരുടെ ജാഥയെ അഭിസംബോധന ചെയ്തുകൊണ്ട് തുര്‍ക്കി പ്രസിഡണ്ട് റിസെപ് തയ്യിപ് ഏര്‍ദോഗാന്‍ പറഞ്ഞു. വന്‍തോതിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പടിഞ്ഞാറന്‍ വിമര്‍ശനത്തെ തള്ളിക്കളഞ്ഞുകൊണ്ട് അട്ടിമറിക്ക് പിന്നിലുള്ള സകലരെയും നശിപ്പിക്കുമെന്ന് അയാള്‍ പ്രഖ്യാപിച്ചു.

ഇസ്താംബുളിന്റെ തെക്കന്‍ അറ്റത്ത് കടലിലേക്ക് തള്ളിനില്‍ക്കുന്ന യെനികാപി പരേഡ് മൈതാനത്ത് നടന്ന ‘ജനാധിപത്യത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും’  മഹാസമ്മേളനം ഏര്‍ദോഗാന്റെ ശക്തിപ്രകടനം കൂടിയായിരുന്നു. അട്ടിമറിയുടെ പേരില്‍ അയാള്‍ നടത്തുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള യൂറോപ്യന്‍ വിമര്‍ശനവും അട്ടിമറിയുടെ സൂത്രധാരന്‍ എന്ന് ആരോപിക്കപ്പെടുന്ന ആളെ വിട്ടുനല്‍കാനുള്ള യു എസിന്റെ വിമുഖതയും ഏര്‍ദോഗാനെ രോഷം കൊള്ളിക്കുന്നുണ്ട്.

ചുവന്ന തുര്‍ക്കി പതാകകള്‍ക്കിടയ്ക്കുള്ള ബാനറുകളില്‍ ‘നിങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്, ഏര്‍ദോഗാന്‍’ എന്നും ‘ഞങ്ങളോടു മരിക്കാന്‍ ഉത്തരവിടൂ, ഞങ്ങളതു ചെയ്യും,’ എന്നൊക്കെയാണ് എഴുതിയിരുന്നത്. പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് പ്രതിപക്ഷ നേതാക്കള്‍ ഒരു സര്‍ക്കാര്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുക്കുന്നത്. മതേതരവാദികളുടെ ചെറിയ സംഘം, ദേശീയവാദികള്‍, പിന്നെ അയാളുടെ കടുത്ത ഇസ്ളാമിക അനുയായികളും.

“അന്ന് രാത്രി, തുര്‍ക്കിയുടെ വീഴ്ച്ചക്കായി ആകാംക്ഷയോടെ കാത്തിരുന്ന നമ്മുടെ ശത്രുക്കള്‍, കാര്യങ്ങള്‍ ഇനി കൂടുതല്‍ ബുദ്ധിമുട്ടാകും എന്ന ദുഃഖത്തിലേക്കാണ് ഉണര്‍ന്നത്,” ജൂലായ് 15-ലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തെ തുര്‍ക്കിയുടെ വിദേശാധിനിവേശ ഭൂതകാലവുമായി ബന്ധിപ്പിച്ചുകൊണ്ട് ഏര്‍ദോഗാന്‍ പറഞ്ഞു.

“ഇനിമുതല്‍ നമുക്ക് കീഴില്‍ ആരാണുള്ളതെന്ന് നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കും. സൈന്യത്തില്‍, നീതിന്യായ സംവിധാനത്തില്‍, ആരാണ് നമുക്കുള്ളതെന്ന് നമ്മള്‍ നോക്കും, ബാക്കിയുള്ളവരെ വാതിലിലൂടെ പുറത്തേക്കെറിയും.” ഒരു ദശലക്ഷത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന പരേഡ് മൈതാനം നിറഞ്ഞു കവിഞ്ഞ് ജനം അടുത്തുള്ള തെരുവുകളില്‍ തിങ്ങിക്കൂടി. ഒരു പ്രസിഡണ്ട് വക്താവ് പറഞ്ഞത് 5 ദശലക്ഷം പേര്‍ ഉണ്ടായിരുന്നു എന്നാണ്. തുര്‍ക്കിയിലെ 81 പ്രവിശ്യകളിലും ചെറിയ ജാഥകളില്‍ പൊതുസ്ഥലത്ത് സ്ക്രീനില്‍ ഈ പ്രസംഗവും ജാഥയും തത്സമയം കാണിച്ചു.

അട്ടിമറിശ്രമത്തിന് ശേഷം തുര്‍ക്കി അധികാരികള്‍, പതിനായിരക്കണക്കിന്, സൈനികരെ, പൊലീസുകാരെ, ന്യായാധിപന്‍മാരെ, മാധ്യമപ്രവര്‍ത്തകരെ, ആരോഗ്യ പ്രവര്‍ത്തകരെ, മറ്റ് സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ഭരണത്തില്‍ പിടിമുറുക്കാനായി ഏര്‍ദോഗാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിമര്‍ശിക്കുന്നു.

ഇല്ല, സൈനിക അട്ടിമറികളെ നാം അംഗീകരിക്കുന്നില്ല. പക്ഷേ അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ജനാധിപത്യത്തെ അയാള്‍ ദുരുപയോഗം ചെയ്യുന്നത് നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. ഏര്‍ദോഗാന്റെ തുര്‍ക്കിയും ഇന്ത്യയിലെ നമ്മുടെ ജനാധിപത്യാനുഭവങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?

ഇസ്താംബുളില്‍ നിന്നും 7500 കിലോമീറ്ററുകള്‍ അകലെ തായിലണ്ട് തലസ്ഥാനമായ ബാങ്കോക്കില്‍ പുതിയ സൈനിക ജൂണ്ട തയ്യാറാക്കിയ ഭരണഘടനയെ വോട്ടര്‍മാര്‍ മഹാഭൂരിപക്ഷത്തോടെ അംഗീകരിച്ചെന്നു സൈന്യം പ്രഖ്യാപനം നടത്തി. സൈന്യവും, സൈന്യം നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരിനാണ് ഈ ഭരണഘടന അടിത്തറയിടുന്നത്.

സൈനിക സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയില്‍ 68% പേര്‍ പുതിയ ഭരണഘടനയെ അനുകൂലിച്ചു. 38% പേര്‍ എതിര്‍ത്തു. 91% വോട്ടുകളും എണ്ണിക്കഴിഞ്ഞതോടെ ഇനി ഫലത്തില്‍ വലിയ മാറ്റമുണ്ടാകില്ല.

2014-ലെ ഒരു സൈനിക അട്ടിമറിയിലൂടെ അധികാരത്തില്‍ വരികയും വിമത ശബ്ദങ്ങളെ കര്‍ക്കശമായി അടിച്ചമര്‍ത്തുകയും ചെയ്ത മുന്‍ സൈനിക ജനറലായ പ്രധാനമന്ത്രി പ്രയൂത് ചാന്‍-ഒചയുടെ സൈനിക സര്‍ക്കാരിന്റെ ജനപ്രീതി കൂടി അളക്കുന്നതായിരുന്നു ഈ ഹിതപരിശോധന. പക്ഷേ അയാളുടെ ഭരണത്തിനു കീഴില്‍ രാജ്യത്തു അല്പം സ്ഥിരത കൈവന്നു. വര്‍ഷങ്ങളായ് തായിലണ്ടിന്റെ സാമൂഹ്യ ഘടനയെ മുറിവേല്‍പ്പിച്ചിരുന്ന വിഭാഗീയ രാഷ്ട്രീയത്തിനും തെരുവ് സംഘട്ടനങ്ങള്‍ക്കും ശമനവും വന്നു.

സ്ഥിരതയുടെ ഈ മേലാടയിലാണ് ഹിതപരിശോധനയിലെ അനുകൂല വോട്ടുകള്‍ പിറന്നത് എന്നുകാണാം.

“സാധാരണക്കാരായ തായ് ജനതയ്ക്കുള്ള ഒരുപാട് ആശങ്കകളും ആകുലതകളും ഈ ചാര്‍ട്ടര്‍ പറയുന്നു,” തായിലണ്ടിലെ മഹിഡോള്‍ സര്‍വകലാശാലയിലെ ഗോഥോം അറീയ പറഞ്ഞു. “അഴിമതി അവസാനിക്കാനും സമാധാനവും വികസനവും തിരിച്ചുകിട്ടാനും മിക്ക തായിലണ്ടുകാരും ആഗ്രഹിക്കുന്നു. എന്നെപ്പോലുള്ള വിദഗ്ദര്‍ വിമര്‍ശിക്കുമെങ്കിലും ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്കെത്തുന്നില്ല.”

ഭരണഘടനയുടെ ഹിതപരിശോധനയ്ക്ക് പുറമെ നിയമിക്കപ്പെട്ട സെനറ്റ് ഒരു പ്രധാനമന്ത്രിയെ നിയമിക്കണോ എന്നും വോട്ടര്‍മാരോടു ചോദിച്ചിരുന്നു. അതിനു അത്ര ആവേശപൂര്‍വം ‘വേണം’ എന്ന മറുപടി കിട്ടിയില്ല- 58% വേണം എന്ന് പറഞ്ഞപ്പോള്‍ 42% വേണ്ട എന്ന് പറഞ്ഞു.

രജിസ്റ്റര്‍ ചെയ്ത 50 ദശലക്ഷം വോട്ടര്‍മാരില്‍ 55% വോട്ടുചെയ്തു. തിരിമറികളൊന്നും നടന്നതായി വാര്‍ത്തകളില്ലെങ്കിലും എതിര്‍ക്കുന്നവര്‍ക്ക് പ്രചാരണത്തിന് അവസരം നല്‍കാതെയാണ് ഹിതപരിശോധന സര്‍ക്കാര്‍ നടത്തിയതെന്ന് ആരോപണമുണ്ട്.

ഹിതപരിശോധനയ്ക്ക് മുമ്പായി സൈനിക ഭരണകൂടം രാഷ്ട്രീയ പ്രകടനങ്ങള്‍, സ്വതന്ത്ര പ്രചാരണങ്ങള്‍, ഭരണഘടന കരടിനെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ എന്നിവയെല്ലാം നിരോധിച്ചു. ഭരണഘടന കരടിനെ വിമര്‍ശിക്കുന്നവര്‍ക്ക് 10 വര്‍ഷം ശിക്ഷ ലഭിക്കും. ഭരണഘടനയിലെ ചതിക്കുഴികള്‍ തിരിച്ചറിയാത്ത ഭൂരിഭാഗം ജനങ്ങളും ഇതൊന്നു തീര്‍ന്നുകിട്ടിയാല്‍ മതി എന്ന അവസ്ഥയിലായെന്ന് വിമര്‍ശകര്‍ പറയുന്നു. ഹിതപരിശോധനയില്‍ ഭരണഘടന അംഗീകരിക്കപ്പെട്ടാല്‍ 2017-ല്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രയൂത്തിന്റെ വാഗ്ദാനവും നിലവിലുണ്ടായിരുന്നു. പരാജയപ്പെട്ടാലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് അയാള്‍ പറഞ്ഞിരുന്നു.

ഈ ആഗോള അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കേണ്ടതും അവയെ മുന്നറിയിപ്പുകളായി കണക്കാക്കേണ്ടതും ഇന്ത്യന്‍ വോട്ടറെ സംബന്ധിച്ച് പ്രധാനമാണ്. അല്ലെങ്കില്‍ ജനാധിപത്യത്തെ കാത്തുസൂക്ഷിക്കാനെന്ന ഭാവത്തില്‍ നാം ജാഥയായി മഹാസമ്മേളനങ്ങളിലേക്ക് അണിചേരുന്നത് അതിന്റെ അടിത്തറ തകര്‍ക്കാനായിരിക്കും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍