UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതിയുടേത് ജനാധിപത്യ കശാപ്പ്

Avatar

പ്രമോദ് പുഴങ്കര

ഇന്ത്യയുടെ ജനാധിപത്യ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ ഏറ്റവും പ്രതിലോമകരമായ ഒരു വിധിയാണ് ഇക്കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഞെട്ടിപ്പിക്കുന്ന മൗനത്തിലൂടെ മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ ആ വിധിയെ സ്വാഗതവും ചെയ്തിരിക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനറല്‍ സീറ്റുകളില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി പത്താം തരം ജയിച്ചിരിക്കണമെന്നതടക്കം ഹരിയാന നിയമസഭ അംഗീകരിച്ച (Haryana Panchayati Raj(Amendment) Act, 2015 (Act 8 of 2015))പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ യോഗ്യത മാനദണ്ഡങ്ങളാണ് Rajbala & Others Versus State of Haryana & Others എന്ന കേസിലെ വിധിയിലൂടെ ജസ്റ്റിസുമാരായ ചെലമേശ്വറും അഭയ് മനോഹര്‍ സപ്രെയും അടങ്ങുന്ന സുപ്രീംകോടതി സാധുവായി പ്രഖ്യാപിച്ചത്. 

നിയമമനുസരിച്ച് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്ന സ്ത്രീകള്‍, എസ് സി/എസ് എസ്ടി വിഭാഗങ്ങളിലുള്ളവര്‍ എട്ടാം തരം ജയിച്ചിരിക്കണം. സംവരണ സീറ്റുകളിലെ വനിതകള്‍ക്ക് പഞ്ചായത്തംഗമാകാന്‍ അഞ്ചാംതരം ജയിച്ചാല്‍ മതി. 

നിയമമനുസരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കു ലഭിക്കുന്ന നിലവിലുള്ള അയോഗ്യതകള്‍ക്ക് പുറമെ അഞ്ചു പുതിയ വിഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. അവ: 1) പ്രാഥമിക, ജില്ലാ കാര്‍ഷിക, ഗ്രാമീണ വികസന സഹകരണ സംഘങ്ങള്‍ക്കും/(ഇതേ തലത്തിലുള്ള) ബാങ്കുകള്‍ക്കും വായ്പാ കുടിശികയുള്ളവര്‍ 2) വൈദ്യുത ബില്‍ കുടിശികയുള്ളവര്‍ 3) ഈ നിയമപ്രകാരമുള്ള വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവര്‍ 4) വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ കക്കൂസ് ഇല്ലാത്തവര്‍, എന്നിവയാണ്. 

ഈ നിയമത്തെയാണ് പരമോന്നത കോടതി സാധുവാക്കിയിരിക്കുന്നത്. അതിവിചിത്രവും ജനാധിപത്യവിരുദ്ധവുമായ നിരീക്ഷണങ്ങളുടെ അകമ്പടിയോടെയാണ് ന്യായാധിപന്മാര്‍ ഈ ജനാധിപത്യക്കശാപ്പ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജാതി, വര്‍ഗ സ്വഭാവത്തെ കോടതിവിധി നമുക്ക് മുന്നില്‍ സംശയാലുവിന് സാക്ഷ്യം പോലെ വെളിപ്പെടുത്തുന്നു. 

ഹരിയാന നിയമത്തിന്റെ ഭരണഘടന സാധുത പരിശോധിക്കുന്നതിനായി കോടതി പല വശങ്ങളും പരിശോധിക്കുകയും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതില്‍ പലതും നിയമത്തിന്റെ സാങ്കേതിക ചട്ടക്കൂടില്‍ നിന്നുള്ളവയാണ്. ആ നിഗമനങ്ങളില്‍ മിക്കവയും ഹരിയാന നിയമത്തിന്റെ ജനാധിപത്യ വിരുദ്ധതയ്ക്ക് സാധുത നല്‍കിയ ഉത്തരവിലെ രാഷ്ട്രീയത്തെ ബാധിക്കുന്നില്ല. നിയമനിര്‍മാണ സഭ അംഗീകരിച്ച ഒരു നിയമം Arbtirary ആണ് എന്ന കാരണത്താല്‍ കോടതിക്ക് അതിനെ അസാധുവാക്കാമോ എന്നതാണു കോടതി പരിശോധിച്ച ചോദ്യങ്ങളില്‍ ഈ ഗണത്തില്‍പ്പെടുത്താവുന്ന ഒന്ന്. ആ ഒരൊറ്റകാരണം കൊണ്ട് കോടതിക്ക് നിയമങ്ങളെ അസാധുവാക്കാന്‍ പറ്റില്ലെന്ന് മുന്‍ വിധികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ആവര്‍ത്തിക്കുന്നുണ്ട്. വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശം മൗലികാവകാശമാണോ/ഭരണഘടനാപരമായ അവകാശമാണോ/ അതോ നിയമം മൂലം അനുവദിച്ച അവകാശമാണോ എന്ന ഈ കേസിലും പ്രസക്തമായ ചോദ്യത്തിനും മുന്‍ വിധികള്‍ ആധാരമാക്കി കോടതി ഉത്തരം ആവര്‍ത്തിക്കുന്നു. ഈ രണ്ടു അവകാശങ്ങളും പരിപൂര്‍ണ അവകാശങ്ങളുടെ പട്ടികയിലല്ല പെടുത്തേണ്ടത്. അവ യോഗ്യതകളും അയോഗ്യതകളും കല്‍പ്പിക്കാവുന്ന, നിയമപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്ന അവകാശങ്ങളാണ് എന്നാണ് കോടതി പറയുന്നത്. തീര്‍ച്ചയായും ഈ നിഗമനത്തെ സാധൂകരിക്കുന്ന മുന്‍വിധികളുണ്ട്. മാത്രവുമല്ല സാങ്കേതികമായി നിയമത്തിന്റെ കണ്ണില്‍ക്കൂടി നോക്കിയാല്‍ ഇത് ശരിയുമാണ്. 

എന്നാല്‍ ഈ കേസില്‍ കോടതി നല്‍കിയ വിധിയിലെയും ഹരിയാന നിയമത്തിലെയും ജനാധിപത്യ വിരുദ്ധത കിടക്കുന്നത് അത് പൗരന്മാരെ അവരുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, അവസ്ഥകള്‍ക്കും ജനാധിപത്യത്തിന്റെ മര്‍മപ്രധാനമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നതാണ്. 

വിദ്യാഭ്യാസ യോഗ്യത ഒരു അവശ്യ യോഗ്യതയായി അംഗീകരിക്കുന്നതിലൂടെ കോടതി ജനാധിപത്യപ്രക്രിയയില്‍ നിന്നും പുറത്താക്കുന്നത് നിരക്ഷരരും വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത നേടിയിട്ടിലാത്തവരുമായ ലക്ഷക്കണക്കിനു സാധാരണക്കാരെയാണ്. വിധിയില്‍ സുപ്രീംകോടതി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട് (ഖണ്ഡികകള്‍ 7384). എന്നാല്‍ വിദ്യാഭ്യാസം പഞ്ചായത്തിന്റെ പരമമായ ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും വോട്ട് ചെയ്യാന്‍ അധികാരമുള്ളവര്‍ക്കെല്ലാം മത്സരിക്കാന്‍ അവകാശമുണ്ടായിരിക്കണമെന്നില്ലെന്നുമുള്ള ന്യായങ്ങള്‍ അസ്ഥാനത്ത് തിരുകി കോടതി ഈ പ്രതിബന്ധത്തെ മറികടക്കുന്നു. ഹരിയാനയിലെ കണക്കുകള്‍ മാത്രമെടുത്താലും സ്ത്രീകളില്‍ ഏതാണ്ട് 50%വും പട്ടികജാതി സ്ത്രീകളില്‍ 68%വും പട്ടികജാതി പുരുഷന്മാരില്‍ 41%വും മത്സരിക്കാന്‍ അയോഗ്യരാകുന്ന ഒരു നിയമനിര്‍മ്മാണത്തെയാണ് കോടതി നീതിയുടെ മുദ്രാചാര്‍ത്തി സാധൂകരിച്ചു വിട്ടിരിക്കുന്നത്. 

രാജ്യത്തെ മൊത്തം അവസ്ഥയെടുത്താലും ഒട്ടും മെച്ചമല്ല കാര്യങ്ങള്‍. പട്ടികജാതി/പട്ടികവര്‍ഗക്കാരുടെ വിദ്യാഭ്യാസ നില 2011ല്‍ നോക്കൂ, യഥാക്രമം 66.1%, 59%. ഇതില്‍ത്തന്നെ പട്ടികജാതി സ്ത്രീകള്‍ 56.5%, പട്ടികവര്‍ഗ സ്ത്രീകള്‍ 49.4%. അപ്പോള്‍ അവിടെയൊക്കെ ഈ നിയമത്തിന്റെ യുക്തിവെച്ചുനോക്കിയാല്‍ ബാക്കിയുള്ളവരെല്ലാം ഈ മത്സരത്തിന് പുറത്താണ്. എന്തുകൊണ്ടാണ് ദളിതരുടെ, ആദിവാസികളുടെ വിദ്യാഭ്യാസ നിലവാരം ഉയരാത്തത്? അതിനു സഹായകമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണോ ഇവിടെ നിലനില്‍ക്കുന്നത്? നിലനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിച്ചു മുന്നേറാന്‍ ആവശ്യമായ സാമ്പത്തിക/സാമൂഹ്യ മൂലധനം പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കുണ്ടോ? അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഭരണകൂടം ഇത്രയും നാളായും ഒരുക്കാത്തതിന് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളാണോ പിഴയായി ഒടുക്കേണ്ടത്? ഇത്തരത്തിലുള്ള ഒരാകുലതയും സുപ്രീംകോടതിക്കില്ല. 

കോടതിയുടെ വിധിയനുസരിച്ച് വേണ്ടത്ര അക്ഷരാഭ്യാസമില്ലാത്തവരെ ഭരിക്കാന്‍ ‘വിവരമുള്ള’ ആളുകള്‍ വേണം. ഇതേ യുക്തി മുകളിലോട്ടു പ്രയോഗിച്ചുപോയാല്‍ ഇനി കേന്ദ്രമന്ത്രിയാകാന്‍ ചുരുങ്ങിയത് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലൊഷിപ്പ് എങ്കിലും വേണ്ടിവരും. ഇതേ ഭരണയുക്തിയാണ് മെക്കാളെയുടെ വിദ്യാഭ്യാസ നയത്തിലും ഉണ്ടായിരുന്നത്. 

വിദ്യാഭ്യാസം എന്നതുതന്നെ എല്ലായ്‌പ്പോഴും പത്താംതരം ജയിക്കലല്ല എന്നു മനസിലാക്കാനുള്ള ശേഷി കോടതിക്കില്ലാതെ പോയി. നിലവിലുള്ള ചട്ടക്കൂടിലെ വിദ്യാഭ്യാസത്തെ തള്ളിപ്പറയുന്ന ഒരാള്‍ക്കും ജീവിക്കാനും ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകാനുമുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പൗരന്മാരെ സവിശേഷാവകാശങ്ങളുള്ളവരും ഇല്ലാത്തവരുമായ പല വിഭാഗങ്ങളാക്കി തിരിക്കുന്ന രീതിക്ക് ഒരുളുപ്പുമില്ലാതെ, മനുഷ്യര്‍ക്ക് ബോധ്യമാകുന്ന ഒരു ന്യായവും പറയാനില്ലാതെ വിചിത്രമായ കാരണങ്ങളാല്‍ അംഗീകരിച്ച് വിടുകയാണ് സുപ്രീംകോടതി. 

കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലാണ് ഹരിയാനയിലെ ബി ജെ പി സര്‍ക്കാരിന് വേണ്ടി ഈ നിയമത്തെ ഘോരഘോരം വാദിച്ചു ജയിപ്പിക്കുന്നതെന്നും കാണേണ്ടതുണ്ട്. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹിന്ദു ഉണരുമ്പോള്‍ ആരെയൊക്കെ ഈ ജനാധിപത്യ അവകാശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് സനാതന ഹിന്ദുക്കള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കുമായിരിക്കും. 

സഹകരണ ബാങ്കുകളിലും മറ്റും വായ്പാ കുടിശിക ഉള്ളവരെയും വൈദ്യുതി ബില്‍ കുടിശിക ഉള്ളവരെയും മത്സരിക്കുന്നതില്‍ നിന്നും നിയമം വിലക്കുന്നു. വിളകള്‍ക്ക് വേണ്ട വില കിട്ടാത്തതുകൊണ്ട്, പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശം വന്നതുകൊണ്ട്, സര്‍ക്കാരിന്റെ കുത്തക പ്രീണന നയത്തിന്റെ ഭാഗമായി കൃഷിനഷ്ടം വന്നതുകൊണ്ട്; അങ്ങനെ നിരവധി കാരണങ്ങളാല്‍ കാര്‍ഷിക വായ്പ തിരിച്ചടക്കാന്‍ വൈകുന്ന കര്‍ഷകനും വൈദ്യുതി ബില്‍ അടക്കാന്‍ വൈകിയ കര്‍ഷകനും, രാജ്യത്തിന്റെ ആത്മാവും പരമാത്മാവും എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഗ്രാമങ്ങളിലെ ഭരണത്തില്‍ക്കയറി എന്തെങ്കിലും പറയാമെന്ന് മോഹിക്കുന്നുണ്ടെങ്കില്‍, അത് മറന്നേക്കൂ എന്നാണ് നഗ്‌നമായ ഉപരിവര്‍ഗ അഹങ്കാരത്തോടെ സുപ്രീംകോടതി മൊഴിയുന്നത്. രാജ്യത്ത് കര്‍ഷകര്‍ കടത്തിലാണോ എന്നതൊന്നും നമ്മെ ബാധിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞുകൊണ്ടു കോടതി പ്രായോഗിക തത്ത്വചിന്തയുടെ പുതിയ തലങ്ങളിലേക്കെത്തുന്നുണ്ട് വിധിന്യായത്തില്‍. ‘ഇത്രയും കടത്തില്‍ മുങ്ങിയ ആളുകള്‍ വാസ്തവത്തില്‍ പഞ്ചായത്തിലോ മറ്റേതെങ്കിലും തലത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുമോ എന്നതില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം, ഈ രാജ്യത്ത് മാത്രമല്ല, മറ്റേത് രാജ്യത്തും തെരഞ്ഞെടുപ്പ് ചെലവേറിയ പ്രക്രിയയാണ്. അത്തരമൊരവസ്ഥയില്‍ കടത്തില്‍ മുങ്ങിയ ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത്, അതയാളുടെ സാമ്പത്തിക ശേഷിക്ക് അപ്പുറമായതിനാല്‍ അപൂര്‍വമായിരിക്കും’ (ഖണ്ഡിക 92). ധനികരുടെ കളിയാണ്, ദരിദ്രന്റെ ചാവുപാട്ടല്ല രാജ്യത്തെ ജനാധിപത്യമെന്ന് ഇതിലും ഭംഗിയായി എങ്ങനെ പറയും! 

ഏത് ലോകത്താണ് ഈ ന്യായാധിപന്‍മാരൊക്കെ ജീവിക്കുന്നത് എന്നു ചോദിച്ചാല്‍ കോടതിയലക്ഷ്യമാകുമോ? സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ 2014ല്‍ മാത്രം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 12360 ആണ്. ഇതില്‍ ഏതാണ്ട് 22.50% പേരും നേരിട്ടുള്ള വായ്പാ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരാണ്. മറ്റുള്ളവരുടെ ആത്മഹത്യയുടെ കാരണവും എറിയ കൂറും സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടത് തന്നെ. നാടിന്റെ ഭരണചക്രം തിരിക്കാന്‍ ഇവര്‍ അയോഗ്യരാണെന്ന് കോടതി നിശ്ചയിച്ചുകളഞ്ഞു. കാശില്ലെങ്കില്‍ പോയി തൂങ്ങിച്ചാവാനാണ് കര്‍ഷകരുടെ വിധിയെന്ന് ചുരുക്കം. ഇത്രയും നഗ്‌നമായി ജനാധിപത്യത്തെ വെറും സാമ്പത്തിക വ്യവഹാരമാക്കി മാറ്റുന്ന കോടതി ഉത്തരവ് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന് മാത്രമല്ല ജനാധിപത്യം, നീതി, ന്യായം എന്നീ സങ്കല്‍പ്പങ്ങള്‍ക്കുപോലും നാണക്കേടാണ്. കാരണം ആ വലിയ വാക്കുകളുടെ പുറത്താണല്ലോ ഇത്തരം നാടുവാഴി ജന്മിമാരെ പോലെ ഉത്തരവ് പുറപ്പെടുവിക്കുന്ന ന്യായാധിപന്മാര്‍ വാണരുളുന്നത്. 

ഹരിയാന നിയമത്തിലെ ‘നാറുന്ന’ അയോഗ്യതയായ, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ കക്കൂസില്ലെങ്കില്‍ പഞ്ചായത്തില്‍ മത്സരിക്കാനാവില്ല എന്ന ഭാഗത്തെ ന്യായീകരിച്ച് വാചാലരാകുമ്പോള്‍ സുപ്രീംകോടതി മാത്രമല്ല, ഇയാള്‍ക്കൊക്കെ ശമ്പളം കൊടുക്കുന്നത് എന്റെകൂടി നികുതിപ്പണത്തില്‍ നിന്നാണല്ലോ എന്നാലോചിച്ച് അല്പമെങ്കിലും ജനാധിപത്യബോധമുള്ള പൗരന്മാരും നാറിപ്പോകും. 

കക്കൂസ് കെട്ടാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അതുകൊണ്ട് വീട്ടില്‍ കക്കൂസില്ലാത്തതിന് ന്യായമില്ലെന്നും പറയുന്ന ഹരിയാന സര്‍ക്കാരിനെ ഉദ്ധരിച്ച് സുപ്രീം കോടതി സ്വന്തം ന്യായങ്ങളും നിരത്തുന്നു(ഖണ്ഡിക 95). പൊതുസ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കുന്ന അനാരോഗ്യകരമായ ശീലം ഇന്ത്യക്കാര്‍ക്ക് ഏറെക്കാലമായി ഉണ്ടെന്നത് ഒരു കുപ്രസിദ്ധമായ വസ്തുതയാണെന്ന് ജഡ്ജിയങ്ങുന്നു മൂക്കുപൊത്തി വെളിപ്പെടുന്നു. വീടും കുടിയുമില്ലാത്ത കോടിക്കണക്കിനു മനുഷ്യര്‍ പിന്നെ എന്തും ചെയ്യും യുവറോണര്‍? നാടു തടുത്താലും മൂട് തടുക്കാന്‍ പറ്റുമോ? പക്ഷേ കോടതി വിടുന്നില്ല. ദാരിദ്ര്യം ഒരു കാരണമായിരിക്കാം, പക്ഷേ അതൊന്നും ഒരു ന്യായമല്ല എന്നാണ് നിരീക്ഷണം. ‘ഇപ്പൊഴും ആളുകള്‍ക്ക് കക്കൂസില്ല എന്നതിന്റെ അര്‍ത്ഥം ദാരിദ്ര്യമല്ല മറിച്ച് അവര്‍ക്കതിനുള്ള ആഗ്രഹമില്ല എന്നതാണ്.’ ആലസ്യം കൊണ്ടും ആഗ്രഹമില്ലായ്മകൊണ്ടും ദരിദ്രരും കക്കൂസില്ലാത്തവരുമായ ഒരു ജനതയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന യുക്തിയെ ഇങ്ങനെയാണ് കോടതി പിന്താങ്ങുന്നത്. 

ആധുനിക ഇന്ത്യയുടെ നീതിന്യായചരിത്രത്തില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന നാമമാത്ര തെരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴൊക്കെ സുപ്രീംകോടതിയിലെ ഒരുവിഭാഗം അതിനു കുട പിടിക്കുകയും ചൂട്ടുകാണിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അന്യായതടങ്കലിനെ ചോദ്യം ചെയ്യാന്‍ മാത്രമല്ല, ജീവിക്കാനുള്ള മൗലികാവകാശം വരെ ഇല്ലായെന്ന് വ്യാഖ്യാനിച്ച ന്യായാധിപ സിങ്കങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ട്. ആഗോളീകരണത്തിന് അനുകൂലമായ രീതിയില്‍ നിയമവ്യാഖ്യാനങ്ങള്‍ നടത്തുന്നതും ഇതേ കോടതികളാണ്. അതേ സമയം ജനാധിപത്യബോധത്തിന്റെയും നീതിയുടെയും തെളിച്ചമുള്ള വിധികളും അവിടിവിടെയായി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകാറുണ്ടെന്നതും കാണാതിരിക്കുന്നില്ല. 

ഈ കേസിലെ സുപ്രീംകോടതി വിധി ഏത് ഗണത്തില്‍പ്പെട്ടതാണെന്നതില്‍ സംശയമില്ല. നാളിതുവരെയുള്ള ജനാധിപത്യവിരുദ്ധ വിധികളുടെ കൂട്ടത്തില്‍ അതിന്റെ പ്രതിലോമ സ്വഭാവം കൊണ്ടുമാത്രമല്ല, അസംബന്ധം എന്നുവിളിക്കാവുന്ന യുക്തിരാഹിത്യം കൊണ്ടും ഒരു പാഠപുസ്തകമാണീ വിധിന്യായം. ദാരിദ്ര്യത്തെ ഒരു കുറ്റമായും കഴിവില്ലായ്മയുടെയും അലസതയുടെയും പ്രകടനമായും കാണുന്ന ഒരു ചിന്തയുടെ ഉത്പന്നമാണിത്. കരമടക്കുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യാന്‍ അവകാശം ഉണ്ടായിരുന്ന നാളുകളിലേക്കുള്ള മടങ്ങിപ്പോക്കിന്റെ സൂചനയാണിത്. ദളിതനും ആദിവാസിയും ദരിദ്ര കര്‍ഷകനുമെല്ലാം പടിപ്പുരയ്ക്ക് പുറത്തുനില്‍ക്കുന്ന ഒരു വരേണ്യ,ധനിക രാഷ്ട്രീയ വ്യവസ്ഥയുടെ ആക്രോശമാണിത്. 

ദരിദ്രരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷത്തെ നിയമനിര്‍മ്മാണ സഭകളില്‍ പ്രതിനിധീകരിക്കുന്നവരില്‍ ഭൂരിപക്ഷവും കോടീശ്വരന്മാരാകുന്നതിലെ യുക്തിരാഹിത്യമാണ് കോടതി ആലോചിക്കേണ്ടിയിരുന്നത്. അല്ലാതെ കക്കൂസില്ലാത്തവന്‍ എങ്ങനെ പഞ്ചായത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കും എന്നല്ല. സ്വന്തമായി കക്കൂസും വീടും കൃഷിയിടവും ഒന്നുമില്ലാത്ത മനുഷ്യര്‍ കൂട്ടം കൂട്ടമായി പഞ്ചായത്തുകളില്‍ അധികാരത്തിലേറുന്ന സുന്ദര സുരഭില ഭൂമിയായിരുന്നു ഇതിന്നലെവരെ എന്നൊന്നുമല്ല വാദം. പക്ഷേ അത്തരം മനുഷ്യരുടെ പ്രാതിനിധ്യത്തിനുള്ള മനുഷ്യാവകാശത്തെയാണ് സുപ്രീംകോടതി ഈ വിധിയിലൂടെ ഇല്ലാതാക്കുന്നത് എന്നാണ്. 

ഇത്തരം നിയമം കൊണ്ടുവന്ന രണ്ടു സംസ്ഥാനങ്ങള്‍ ഹരിയാനയും രാജസ്ഥാനും ബി ജെ പി സര്‍ക്കാരുകളാണ് ഭരിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ദളിതരേയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും ദരിദ്രരെയും അധികാരത്തിന് പുറത്തുനിര്‍ത്തുന്ന ഹിന്ദുത്വ വര്‍ഗീയതയുടെ പ്രത്യയശാസ്ത്ര മൂശയിലാണ് ഇത്തരം നിയമങ്ങളും ഉരുത്തിരിയുന്നത്. ഇതേ യുക്തിയാണ് ജാതിസംവരണത്തിനെതിരായും ഉന്നയിക്കുന്നത്. മികവിന്റെ വഴി/meritocracy എന്ന വേഷത്തില്‍ വരുന്ന ഹിന്ദുസവര്‍ണ മേല്‍ക്കോയ്മയുടെ മറ്റൊരു രൂപമാണിത്. രാഷ്ട്രീയം സാധാരണ ജനങ്ങളല്ല മറിച്ച് വിദഗ്ദ്ധന്മാരാണ് ചര്‍ച്ച ചെയ്യേണ്ടതെന്നുള്ള ഒരു രാഷ്ട്രീയബോധത്തിന്റെ വരവാണിത്. ഇതേ രാഷ്ട്രീയയുക്തിയാണ് അബ്ദുല്‍കലാമിനെ കൊണ്ടാടുന്നതും കണിശതയാര്‍ന്ന ഭരണത്തെക്കുറിച്ച് സംസാരിക്കുന്നതും. 

ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ വിപരീതം മാത്രമല്ല ന്യൂനപക്ഷം എന്നും അത് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ഉറങ്ങാത്ത കാവല്‍ക്കാരാണെന്നും ചരിത്രം തെളിയിക്കുന്നുണ്ട്. അതിനെയാണ് വെറും ശതമാനക്കണക്കും ഒരു പത്താംതരം ജയിച്ച സാക്ഷ്യപത്രവും വെച്ചളക്കുന്ന വങ്കത്തത്തിന് സുപ്രീംകോടതി മുതിര്‍ന്നത്. ഒന്നുകില്‍ എന്താണ് ജനാധിപത്യത്തിന്റെ സത്ത എന്നു ഹരിയാന നിയമം ഭരണഘടന വിരുദ്ധമല്ല എന്നു വിധിച്ച ജസ്റ്റിസുമാര്‍ക്ക് മനസിലായിട്ടില്ല; അല്ലെങ്കില്‍ അവര്‍ക്കത് മനസിലാവുകയും അങ്ങനെയൊരു ജനാധിപത്യം വേണ്ട എന്നവര്‍ കണക്കുകൂട്ടുകയും ചെയ്തിരിക്കുന്നു. 

ഇതുയര്‍ത്തുന്ന ഭീഷണി നിസാരമല്ല. ഫാസിസ്റ്റ് പ്രവണതകള്‍ ആവോളം കാണിക്കുന്ന ഇന്ത്യന്‍ ഭരണകൂടം നാമമാത്രമായ ജനാധിപത്യാവകാശങ്ങളെ തട്ടിയെടുക്കാനും കശാപ്പു ചെയ്യാനും ഇത്തരം കുറുക്കുവഴികള്‍ നാളെ ധാരാളമായി ഉപയോഗിക്കും. അതിനെല്ലാം ഈ വിധി ഒരു അടിത്തറയായി മാറുകയും ചെയ്യും. സാധാരണ ജനങ്ങളുടെ രാഷ്ട്രീയ പ്രതിരോധം ഇതിനെ എങ്ങനെ നേരിടും എന്നത് നിര്‍ണായകമായ ഒരു വെല്ലുവിളിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍