UPDATES

വിദേശം

കുത്തുവാക്കുകളും ദുസ്സൂചനകളും; പോരടിച്ച് ഹിലരി ക്ലിന്റനും ബെര്‍നി സാന്‍ഡേഴ്‌സും

Avatar

ആനി ഗീയറന്‍, കാരെന്‍ ടമള്‍ടി
(വാഷിങ്ടണ്‍ പോസ്റ്റ്‌)


ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിക്കു മുന്‍പുള്ള അവസാന സംവാദത്തിനെത്തിയ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥികളായ ഹിലരി ക്ലിന്റനും ബെര്‍നി സാന്‍ഡേഴ്‌സും പരസ്പരം മൂര്‍ച്ചയേറിയ വാക്കുകള്‍ പ്രയോഗിച്ചു. പാര്‍ട്ടി സ്വതന്ത്രചിന്തകള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരണോ നടപ്പാക്കാനാകുന്ന ആശയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണോ എന്നതിലായിരുന്നു തര്‍ക്കം.

മുന്‍പു നടന്നവയെക്കാളൊക്കെ രൂക്ഷമായിരുന്നു ഇരുവരും തമ്മിലുള്ള വാക്പയറ്റ്. കൂടുതല്‍ വ്യക്തിപരമായ ആക്രമണങ്ങളും സംവാദത്തിലുണ്ടായി. തിങ്കളാഴ്ച അയോവയില്‍ നടന്ന കോക്കസില്‍ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തിയതാണ് സ്ഥാനാര്‍ത്ഥികളുടെ ആക്രമണോത്സുകത കൂട്ടിയത്. എംഎസ്എന്‍ബിസിയും ന്യൂഹാംപ്‌ഷെയര്‍ യൂണിയന്‍ ലീഡര്‍ ദിനപത്രവും ചേര്‍ന്നു സംഘടിപ്പിച്ചതാണ് സംവാദം.

ഹിലരിയുടെ തുടക്കം തന്നെ വെര്‍മോണ്ട് സെനറ്ററായ സാന്‍ഡേഴ്‌സിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു. താന്‍ ഡമോക്രാറ്റിക് സോഷ്യലിസ്റ്റാണെന്നാണ് സാന്‍ഡേഴ്‌സ് പറയുന്നത്. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ, കോളജ് വിദ്യാഭ്യാസം സൗജന്യമാക്കല്‍ തുടങ്ങി സാന്‍ഡേഴ്‌സ് മുന്നോട്ടു വയ്ക്കുന്ന പദ്ധതികളെ ‘അയഥാര്‍ത്ഥമാം വിധം സ്വതന്ത്രം’ എന്നു വിശേഷിപ്പിച്ച ഹിലരി ഇങ്ങനെ പറഞ്ഞു: ‘ ഈ മാറ്റങ്ങള്‍ക്കുവേണ്ടി കാത്തിരിക്കാന്‍ സമയമില്ലാത്തവര്‍ക്കായാണ് എന്റെ മത്സരം. നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കുന്നില്ല.’

നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ‘സിംഗിള്‍ പേയര്‍’ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞുവെന്ന് സാന്‍ഡേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയ്ക്ക് ഇതു ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.’

തലേന്ന് ടൗണ്‍ ഹാളില്‍ നടന്ന സംവാദത്തില്‍ ‘പുരോഗമനവാദി’ എന്നതിന്റെ നിര്‍വചനം സംബന്ധിച്ചും ഇരു സ്ഥാനാര്‍ത്ഥികളും കടുത്ത വാഗ്വാദം നടത്തി. ‘ പുരോഗതി ഉണ്ടാക്കുന്നയാളാണ് പുരോഗമനവാദി’ എന്നായിരുന്നു ഹിലരിയുടെ വാദം.

പാര്‍ട്ടിയിലെ സ്വതന്ത്രവിഭാഗത്തിന്റെ പിന്തുണയുള്ള സാന്‍ഡേഴ്‌സ് ഹിലരി പ്രചാരണത്തിന് സംഭാവന നല്‍കുന്നവരുടെയും അവരെ വ്യക്തിപരമായി ധനികയാക്കിയവരുടെയും ആശ്രിതയാണെന്ന ആരോപണം തുടര്‍ന്നു. പ്രസംഗിക്കുക മാത്രമല്ല അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണു താനെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. ‘ ഞാന്‍ മാത്രമാണ് ഒരു സൂപ്പര്‍ രാഷ്ട്രീയ പ്രവര്‍ത്തനസമിതി (പിഎസി) ഇല്ലാത്ത ഏക സ്ഥാനാര്‍ത്ഥി എന്നതില്‍ അഭിമാനിക്കുന്നു’വെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു.

തന്റെ സല്‍പ്പേര് ഇല്ലാതാക്കാനുള്ള ശ്രമമാണ് സാന്‍ഡേഴ്‌സ് നടത്തുന്നതെന്നാണ് ഹിലരിയുടെ വാദം. പ്രത്യേക താല്‍പര്യമുള്ളവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് ഒരു കാര്യത്തിലും തന്റെ നിലപാടിനു മാറ്റം വരുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

‘ സെനറ്റര്‍ സാന്‍ഡേഴ്‌സ് പറയുന്നത് അദ്ദേഹം പോസിറ്റീവായ പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നു എന്നാണ്. വിവിധ വിഷയങ്ങളില്‍ എന്റെ ഭിന്നാഭിപ്രായങ്ങള്‍ നിലനിര്‍ത്താനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ കുത്തുവാക്കുകളിലൂടെയും ദുസൂചനകളിലൂടെയുമുള്ള ആക്രമണമാണ് അദ്ദേഹം തുടരുന്നത്’.

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വിട്ടശേഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതുവരെയുള്ള ഇടവേളയില്‍ പണം വാങ്ങി നടത്തിയ പ്രഭാഷണങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ‘ഞാന്‍ ചെയ്തതിനെപ്പറ്റി നന്നായി വിശദീകരിക്കാന്‍ എനിക്കായില്ല’ എന്നായിരുന്നു ഹിലരിയുടെ പ്രതികരണം.

‘ലോകത്തെപ്പറ്റിയും ഭീഷണികളെയും വെല്ലുവിളികളെയും എങ്ങനെ കാണുന്നു എന്നതിനെപ്പറ്റിയും പ്രഭാഷണങ്ങള്‍ നടത്താനായി പല ഗ്രൂപ്പുകളും രണ്ടുലക്ഷമോ അതിലധികമോ ഡോളര്‍ നല്‍കി,’ ഹിലരി പറഞ്ഞു.

ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന, പണം വാങ്ങി നടത്തിയ പ്രസംഗങ്ങളുടെ രേഖകള്‍ പ്രസിദ്ധപ്പെടുത്തുമോ എന്നതിന് ‘ആലോചിച്ചുവരികയാണ്’ എന്നായിരുന്നു മറുപടി.

ആരുടെ ആശയങ്ങളും പദ്ധതികളുമാകും വാള്‍ സ്ട്രീറ്റിനെയും ധനവ്യവസ്ഥയെ പൊതുവിലും സംരക്ഷിക്കുക എന്നതിനെപ്പറ്റി രണ്ടു സ്ഥാനാര്‍ത്ഥികളും ഉച്ചത്തില്‍ തര്‍ക്കിച്ചു.

രാജ്യത്തെ വമ്പന്‍ ബാങ്കുകളെ ‘ ചെറുതായി മുറിക്കുക’ എന്നതാണ് സാന്‍ഡേഴ്‌സിന്റെ നിര്‍ദേശം. തന്റെ നിയന്ത്രണ നിര്‍ദേശങ്ങളാണ് കൂടുതല്‍ മെച്ചമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ഹിലരിയുടെ വാദം.

എന്നാല്‍ വാള്‍ സ്ട്രീറ്റുമായുള്ള ഹിലരിയുടെ ബന്ധങ്ങളാണ് സാന്‍ഡേഴ്‌സിന്റെ കൂര്‍മുന. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരിയുടെ പ്രചാരണഫണ്ടായ 157മില്യണ്‍ ഡോളറില്‍ പത്തുശതമാനത്തിലേറെ – 21.4 മില്യണ്‍ – നല്‍കിയത് സാമ്പത്തിക വ്യവസായ സമൂഹമാണെന്ന് ഫെഡറല്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ രേഖകള്‍ കാണിക്കുന്നു.

വധശിക്ഷയുടെ കാര്യത്തിലും സ്ഥാനാര്‍ത്ഥികള്‍ എതിരഭിപ്രായക്കാരാണ്. ചില കേസുകളില്‍ വധശിക്ഷയാകാമെന്ന് ഹിലരി പറയുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കൊലപാതകങ്ങളെ എതിര്‍ക്കുമെന്നാണ് സാന്‍ഡേഴ്‌സിന്റെ നിലപാട്.

സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക കാര്യങ്ങള്‍ക്ക് വ്യക്തിഗത ഇമെയില്‍ ഉപയോഗിച്ചത് പ്രചാരണത്തെ തകര്‍ക്കുമോ എന്ന ചോദ്യത്തിന് എഫ്ബിഐ സെക്യൂരിറ്റി റിവ്യൂ തന്നെ 100 ശതമാനം കുറ്റവിമുക്തയാക്കുമെന്നും അതിനെപ്പറ്റി ആശങ്കയൊന്നുമില്ലെന്നുമായിരുന്നു ഹിലരിയുടെ മറുപടി.

2008ല്‍ അയോവയില്‍ മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നശേഷം ഹിലരിയുടെ പ്രചാരണത്തിന് ഉയിര്‍ത്തെഴുന്നേല്‍പുണ്ടായത് ന്യൂഹാംപ്‌ഷെയറിലാണ്. എന്നാല്‍ ഇത്തവണ ഫലം അനുകൂലമാകില്ലെന്നാണു സൂചനകള്‍. അയോവ കോക്കസുകളില്‍ വളരെക്കുറഞ്ഞ മുന്‍തൂക്കമേ ഹിലരിക്കു നേടാനായുള്ളൂ.

വ്യാഴാഴ്ച പുറത്തുവന്ന രണ്ടു പുതിയ സര്‍വേകളുടെയും ഫലം നല്‍കുന്ന സൂചന വിജയിക്കണമെങ്കില്‍ ഹിലരിക്ക് കൂടുതല്‍ അദ്ധ്വാനിക്കേണ്ടിവരുമെന്നാണ്. എന്‍ബിസി കോളജ് – വാള്‍ സ്ട്രീറ്റ് ജേണല്‍ – മാരിസ്റ്റ് കോളജ് സര്‍വേയില്‍ ന്യൂഹാംപ്‌ഷെയറില്‍ ഹിലരി സാന്‍ഡേഴ്‌സിന് 20 പോയിന്റ് പിന്നിലായിരുന്നു. 58% – 38%. സിഎന്‍എന്‍ – ഡബ്ലിയുഎംയുആര്‍ സര്‍വേയില്‍ വ്യത്യാസം വീണ്ടും കൂടി. സാന്‍ഡേഴ്‌സിന് 61%, ഹിലരിക്ക് 30%.

അതുകൊണ്ടുതന്നെ ഹിലരിയുടെ പ്രചാരണത്തില്‍ അമിതപ്രതീക്ഷകള്‍ക്കു സ്ഥാനമുണ്ടായിരുന്നില്ല. ബ്ലൂംബര്‍ഗ് പൊളിറ്റിക്‌സ് സ്‌പോണ്‍സര്‍ ചെയ്ത ബുധനാഴ്ച ബ്രേക്ക്ഫാസ്റ്റില്‍ ഹിലരിയുടെ പ്രചാരണ മാനേജര്‍ റോബി മൂക്ക് ഇങ്ങനെ പറഞ്ഞു: ‘ ന്യൂ ഹാംപ്‌ഷെയറില്‍ കാര്യമായ മത്സരമാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. വേനല്‍ക്കാലം മുതല്‍ സെനറ്റര്‍ സാന്‍ഡേഴ്‌സാണ് ഇവിടെ മുന്നില്‍. അയല്‍സംസ്ഥാനമെന്ന ആനുകൂല്യം ഇവിടെ കാണാതിരിക്കാനാവില്ല.’

ന്യൂഹാംപ്‌ഷെയറില്‍ ഫലം എങ്ങനെയായാലും മറ്റു സംസ്ഥാനങ്ങളിലേക്കു നീങ്ങുമ്പോള്‍ സ്ഥിതി ഹിലരിക്ക് അനുകൂലമാകുമെന്ന് പ്രചാരണസംഘം കരുതുന്നു. എന്നാല്‍ സൗത്ത് കരോളിന, നെവാദ തുടങ്ങി മറ്റിടങ്ങളിലും സംഘടിതപ്രവര്‍ത്തനം ശക്തമാണെന്നാണ് സാന്‍ഡേഴ്‌സിന്റെ ടീമിന്റെ വാദം.

പണസംഭരണത്തിലും സാന്‍ഡേഴ്‌സ് വന്‍ വിജയമാണ്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് സാധാരണക്കാരില്‍നിന്ന് ശേഖരിച്ച പണം ഇപ്പോള്‍ കോടിക്കണക്കിനു ഡോളറാണ്. നീണ്ട കാലയളവില്‍ പ്രചാരണം തുടരാന്‍ അദ്ദേഹത്തിനു കഴിയുമെന്നര്‍ത്ഥം.

നവംബറില്‍ തിരഞ്ഞെടുക്കപ്പെടാനുള്ള തന്റെ ഏറ്റവും വലിയ യോഗ്യത’എന്നെപ്പറ്റി നിങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമില്ല’ എന്നതാണെന്ന് ഹിലരി വ്യാഴാഴ്ച പറഞ്ഞു. ‘ പൊതുജന പരിശോധനയ്ക്കു വിധേയമായി അംഗീകരിക്കപ്പെട്ടതാണ് എന്റെ ജീവിതം’.

തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയെപ്പറ്റിയുള്ള ചോദ്യത്തിന് സാന്‍ഡേഴ്‌സ് ഉത്തരം നല്‍കിയില്ല. പല സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ തോല്‍പിക്കാന്‍ കഴിയുക തനിക്കായിരിക്കുമെന്ന സര്‍വേകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള ആവേശവും സാന്‍ഡേഴ്‌സ് ഉയര്‍ത്തിക്കാട്ടുന്നു.’ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യാനെത്തുമ്പോഴാണ് ഡമോക്രാറ്റുകള്‍ വിജയിക്കുന്നത്. ജനങ്ങള്‍ ആവേശത്തിലാകുമ്പോള്‍, ജോലിക്കാരായ ആളുകള്‍, മധ്യവര്‍ഗക്കാര്‍, ചെറുപ്പക്കാര്‍ എല്ലാവരും രാഷ്ട്രീയ പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോഴാണ് വിജയം കൈവരിക.’

എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ ഏറ്റവും ശക്ത താനാണെന്ന് ഹിലരി പറയുന്നു. സംവാദത്തില്‍ തീ പാറിയെങ്കിലും സൗഹൃദത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ പിരിഞ്ഞത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ അഭിപ്രായം തേടുന്ന ആദ്യവ്യക്തി സാന്‍ഡേഴ്‌സായിരിക്കുമെന്ന് ഹിലരി പറഞ്ഞു. ഞങ്ങള്‍ എത്ര മോശമായാലും ഏതു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെക്കാളും 100 മടങ്ങ് യോഗ്യരാണെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

സംവാദത്തിനു തൊട്ടുമുന്‍പ് ജനുവരിയില്‍ ലഭിച്ച സംഭാവനയുടെ അനൗദ്യോഗിക കണക്ക് ഹിലരി പുറത്തുവിട്ടു. 15 മില്യണ്‍ ഡോളറാണ് ഇക്കാലത്ത് ലഭിച്ചത്. ഇതേ കാലയളവില്‍ സാന്‍ഡേഴ്‌സിനു ലഭിച്ചതിനെക്കാള്‍ 5 മില്യണ്‍ കുറവാണിത്. സാന്‍ഡേഴ്‌സിന് കൂടുതല്‍ സംഭാവനകള്‍ ലഭിക്കാനുള്ള സാധ്യതയെപ്പറ്റി ഹിലരിയുടെ പ്രചാരണടീം മുന്നറിയിപ്പു നല്‍കിയിരുന്നു. ആദ്യം വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ടിവി പരസ്യങ്ങളില്‍ സാന്‍ഡേഴ്‌സാണ് മുന്നില്‍.

ന്യൂഹാംപ്‌ഷെയറിലെ പ്രചാരണത്തില്‍നിന്ന് വിട്ടുമാറി ഹിലരി ഞായറാഴ്ച മിഷിഗണിലെ ഫ്ലിന്റ് സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവിടെ പണച്ചെലവു കുറയ്ക്കാനെടുത്ത നടപടി മൂലം നഗരത്തിലെ വെള്ളത്തില്‍ ഈയത്തിന്റെ അംശം ക്രമാതീതമായി ഉയര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും ആഫ്രിക്കന്‍ അമേരിക്കന്‍ ജനത കൂടുതലുള്ളതുമായ ഇവിടത്തെ പ്രതിസന്ധി ലിബറലുകള്‍ പ്രധാന പ്രശ്‌നമാക്കി എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ ഭരണത്തിന്റെ പരാജയമാണിതെന്നു കാണിച്ച് ഭരണകൂടത്തെ വിമര്‍ശിക്കുന്നതില്‍ ഹിലരി മുന്നിലാണ്. സംസ്ഥാനത്തിനു ഫെഡറല്‍ സഹായം ലഭിച്ചത് താന്‍ കൂടി ശ്രമിച്ചതിനാലാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഫ്ലിന്റിലെ സംഭവം സാന്‍ഡേഴ്‌സിനെതിരായി പ്രയോഗിക്കുകയാണ് ഹിലരിയുടെ പ്രവര്‍ത്തകര്‍. ഗവര്‍ണര്‍ രാജിവയ്ക്കണമെന്ന സാന്‍ഡേഴ്‌സിന്റെ ആവശ്യം കൊണ്ട് ജനങ്ങള്‍ക്കു പ്രയോജനമൊന്നുമില്ലെന്ന് അവര്‍ വാദിക്കുന്നു.

ഫ്ലിന്റിലേക്കുള്ള ഹിലരിയുടെ മിന്നല്‍ സന്ദര്‍ശനം ന്യൂഹാംപ്‌ഷെയറില്‍ തന്റെ നില പരുങ്ങലിലാകുന്നതില്‍നിന്നു ശ്രദ്ധ തിരിക്കാനാണെന്നു കരുതുന്നവരുമുണ്ട്. ഇവിടെ ഭാഗികമായി പ്രചാരണം നടത്തുമെങ്കിലും ഇടയ്ക്കുവച്ചുള്ള മടങ്ങല്‍ ഇതേ വ്യാഖ്യാനത്തിനാണ് വഴിവയ്ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍