UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് അസാധുവാക്കലിന് മുമ്പ് ബിജെപി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിഹാറില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ബിജെപി വാങ്ങിക്കൂട്ടിയതായി വിവരം പുറത്തുവന്നു. ക്യാച്ച് ന്യൂസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലാണ് ഇത് പുറത്തുവിട്ടത്. എല്ലാ ഇടപാടുകളും നവംബര്‍ ആദ്യമാണ് നടന്നിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി ബിജെപി നേതാക്കള്‍ നടത്തിയ 10 ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്‌. ഇതില്‍ പലതും ബിജെപി ദേശീയ  അധ്യക്ഷന്‍ അമിത് ഷായുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്.

ദിഗയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജീവ് ചൗരസ്യ ഇത്തരത്തില്‍ ഭൂമി വാങ്ങിയവരില്‍ ഒരാളാണ്. ഇത്തരത്തില്‍ ഭൂമി വാങ്ങിയിട്ടുള്ളത് ബിഹാറില്‍ മാത്രമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നുമാണ് സഞ്ജീവ് ചൗരസ്യ പറയുന്നത്. ഞങ്ങള്‍ വെറുതെ ഒപ്പ് വയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കാശെല്ലാം പാര്‍ട്ടിയാണ് തന്നത്. പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കാനും മറ്റുമാണ് ഭൂമി വാങ്ങിയത്. നവംബര്‍ ആദ്യവാരം വരെ ഭൂമി വാങ്ങിയിട്ടുണ്ട് – സഞ്ജീവ് ചൗരസ്യ പറയുന്നു. കാശ് വച്ചും ചെക്ക് കൊണ്ടുമെല്ലാം ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. വളരെ ആസൂത്രിതമായ ഭൂമി ഇടപാടുകളാണ് നോട്ട് പിന്‍വലിക്കലിന് മുന്നോടിയായി നടന്നിരിക്കുന്നതെന്നാണ് സൂചന.

നവംബര്‍ ആദ്യവാരം ബിഹാറിലെ മധുബനി, കൈതര്‍, മധേപുര, ലഖിസാരായ്, സഹര്‍സ, കിഷന്‍ഗഞ്ച്, അര്‍വാള്‍ എന്നിവിടങ്ങളിലെല്ലാം ബിജെപി ഭൂമി വാങ്ങിയിട്ടുണ്ട്. എട്ട് ലക്ഷം രൂപ മുതല്‍ 1.16 കോടി രൂപ വരെ വില മതിക്കുന്ന ഭൂമികളാണ് വാങ്ങിയിരിക്കുന്നത്.

നാഷണല്‍ പ്രസിഡന്‌റ്, ഭാരതീയ ജനതാ പാര്‍ട്ടി ത്രൂ സഞ്ജീവ് ചൗരസ്യ, ജനറല്‍ സെക്രട്ടറി, ബിഹാര്‍ – ലഖിസാരായിലെ 60.13 ലക്ഷം രൂപയുടെ ഇടപാട് ഇത്തരത്തിലാണ് നടന്നിരിക്കുന്നത്. ചില ഇടപാടുകളില്‍ ന്യൂഡല്‍ഹി 11 അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന്‌റെ വിലാസമാണ് സഞ്ജീവ് ചൗരസ്യ കൊടുത്തിരിക്കുന്നത്. ബിജെപി ബിഹാര്‍ വൈസ് ചെയര്‍മാന്‍ ലാല്‍ ബാബു പ്രസാദിന്‌റെ പശ്ചിമ ചമ്പാരനിലെ വിലാസം ഇടപാടുകളിലുണ്ട്. അതുപോലെ ബിജെപി സംസ്ഥാന ട്രഷറര്‍ ദിലീപ് കുമാര്‍ ജയസ്വാള്‍. നോട്ട് പിന്‍വലിക്കല്‍ മുന്‍കൂട്ടി കണ്ട് ബിജെപി നടത്തിയ ഭൂമി ഇടപാടില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്‌റെ ജനാതദള്‍ യുണൈറ്റഡ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍