UPDATES

എഡിറ്റര്‍

നോട്ട് പിന്‍വലിക്കലും ബാലയ്യയുടെ അന്ത്യ അത്താഴവും

Avatar

അഴിമുഖം പ്രതിനിധി

ഏന്തെങ്കിലും ആഘോഷങ്ങള്‍ക്കോ അല്ലെങ്കില്‍ വിവാഹിതയായ മൂത്ത മകള്‍ ശിരീഷയും കുടുംബവും സന്ദര്‍ശിക്കുമ്പോഴോ മാത്രമേ ബാലയ്യയുടെ വീട്ടില്‍ കോഴിക്കറി വെക്കാറുള്ളു. പക്ഷെ ഇക്കഴിഞ്ഞ നവംബര്‍ 16ന് രാത്രി കോഴിക്കറി വെക്കാന്‍ ബാലയ്യ തീരുമാനിച്ചു. രാവിലെ മുതല്‍ വയലില്‍ കൃഷിചെയ്തിരിക്കുന്ന സോയ പയറിന് കീടനാശിനി അടിക്കുകയായിരുന്നു ബാലയ്യ. ചോളകൃഷി നശിച്ച് വലിയ നഷ്ടം വന്ന വയലില്‍ താല്‍ക്കാലികമായി പയറു വിതച്ചിരിക്കുകയായിരുന്നു.

വൈകിട്ട് മയിസമ്മ ദേവിക്ക് നേര്‍ച്ചയായി ഒരു കോഴിയെ അറുത്ത ബാലയ്യ അതുമായി വീട്ടിലെത്തി. സാധാരണ വീട്ടില്‍ ഇറച്ചി വേവിക്കുന്നത് ബാലയ്യ തന്നെയാണ്. അന്നും പതിവിന് വ്യത്യാസമുണ്ടായില്ല. ബാലയ്യയുടെ ഇളയമകള്‍ അഖിലയും അമ്മയുടെ ഇറച്ചി കഴിക്കില്ല. ബാക്കിയുള്ള ബാലയ്യ വച്ച ഇറച്ചി കഴിച്ചു. 19കാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ പ്രശാന്തിന് കറിയില്‍ എന്തോ അരുചി തോന്നി. വല്ലാത്ത ഒരു മണം കറിയില്‍ നിന്നും വരുന്നതായി അവന്‍ പറഞ്ഞു. ‘രാവിലെ മുതല്‍ ഞാന്‍ വയലില്‍ കീടനാശിനി തളിക്കുകയായിരുന്നല്ലോ. അതാവും വല്ലാത്ത മണം,’ എന്നായിരുന്നു ബാലയ്യയുടെ മറുപടി.

500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള അപ്രതീക്ഷിത തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ എട്ടാം തീയതി അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ്, തെലുങ്കാനയിലെ സിദ്ദിപ്പേട്ട് ജില്ലയിലെ ധാര്‍മ്മരം ഗ്രാമത്തില്‍ നിന്നുള്ള 42 കാരനായ വര്‍ദ്ധ ബാലയ്യ തന്റെ ഒരേക്കര്‍ വരുന്ന കൃഷി സ്ഥലത്തിന്റെ കച്ചവടം ഉറപ്പിച്ചിരുന്നു. സിദ്ദിപ്പേട്ടിനെ രാമായംപേട്ടുമായി ബന്ധിപ്പിക്കുന്ന ഹൈവേയ്ക്ക് സമീപമുള്ള നാലേക്കറില്‍ നിന്നുള്ള ഒരേക്കര്‍ ഭൂമിക്ക് 15 ലക്ഷം രൂപ കിട്ടുമെന്ന് ബാലയ്യ പ്രതീക്ഷിച്ചിരുന്നു. ഒരാള്‍ വാങ്ങാന്‍ തയ്യാറായി മുന്നോട്ടുവരികയും ചെയ്തിരുന്നു.

ഒക്ടോബറില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ ബാലയ്യയുടെ ചോളകൃഷി നശിച്ചുപോയിരുന്നു. കൃഷിക്കുവേണ്ടി പലിശക്കാരില്‍ നിന്നും ആന്ധ്രബാങ്കില്‍ നിന്നുമായി എടുത്ത 8-10 ലക്ഷം രൂപയുടെ പലിശ പെരുകുന്നണ്ടായിരുന്നു. കൂടാതെ 2012ന്റെ മൂത്ത മകള്‍ ശിരീഷയുടെ വിവാഹത്തിനായി വാങ്ങിയ നാല് ലക്ഷം രൂപയുടെ കടവും കുഴല്‍ക്കിണര്‍ കുഴിക്കാനായി എടുത്ത രണ്ട് ലക്ഷം രൂപയുടെ കടവും വേറെയും. 17-കാരിയായ ഇളയമകള്‍ അഖിലയുടെ കല്യാണക്കാര്യവും ബാലയ്യ ചിന്തിച്ചു തുടങ്ങിയിരുന്നു.

വസ്തു വിറ്റ് കടം തീര്‍ക്കാമെന്ന ബാലയ്യയുടെ സ്വപ്‌നം പക്ഷെ നവംബര്‍ എട്ടാം തീയതി കരിഞ്ഞുണങ്ങി. വാങ്ങാമെന്ന് ഏറ്റയാള്‍ പിന്‍വാങ്ങിയപ്പോഴും ബാലയ്യ തളര്‍ന്നിരുന്നില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞതോടെ തന്റെ സ്ഥലം ഉടനെയൊന്നും വിറ്റ് കടം തീര്‍ക്കാനാവില്ലെന്ന് ബാലയ്യയ്ക്ക് ബോധ്യമായി.

അങ്ങനെ 16ന് രാത്രിയിലത്തെ കോഴിക്കറി അന്ത്യഅത്താഴമാക്കി. കറിയില്‍ കീടനാശിനി ചേര്‍ത്തിരുന്നു. ബാലയ്യയും പിതാവ് ഗാലയ്യയും മരിച്ചു. ഭാര്യ ബാലലക്ഷ്മിയും മകന്‍ പ്രശാന്തും സിദ്ദിപ്പേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഐസിയുവിലുള്ള പ്രശാന്തിന് ആരോഗ്യശ്രീ പദ്ധതിയുടെ ഗുണം ലഭിക്കും. ബാലലക്ഷ്മിയുടെ ചികിത്സയ്ക്കുള്ള പണം ഗ്രാമീണര്‍ സംഭാവന ചെയ്തതുമായി ശിരീഷയും ഭര്‍ത്താവ് രമേഷും ആശുപത്രിയില്‍ കാവലിരിക്കുന്നു.
ജില്ലാ അധികൃതര്‍ നല്‍കിയ 15,000 രൂപയും അയല്‍ക്കാരില്‍ നിന്ന് വാങ്ങിയ തുകയും ചേര്‍ത്ത് വച്ച അഖില അച്ഛന്റെയും മുത്തച്ഛന്റെയും ശവസംസ്‌കാരം നടത്തി. ‘എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്. പ്ര്‌ത്യേകിച്ചും കണക്ക്. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയായിരുന്നുഞാന്‍,’ ‘പക്ഷെ ഇനിയെന്താവുമെന്ന് എനിക്കറിയില്ല…’ അഖില നെടുവീര്‍പ്പിടുന്നു.

ഗീബല്‍സ്യന്‍ മൊഴിവഴക്കങ്ങളില്‍ അഭിരമിക്കുന്ന നാഗരിക ഇന്ത്യയിലെ ഒരു വിഭാഗത്തിന് ഇത്തരം സംഭവങ്ങളുടെ പൊരുള്‍ മനസ്സിലാവണമെന്നില്ല. പക്ഷെ 93% പിന്തുണ എന്നൊക്കെ അവകാശപ്പെടുന്നവര്‍ വരാനിരിക്കുന്ന ‘നല്ല നാളുകളുടെ’ സൂചകമായി മാറാവുന്ന ബാലയ്യമാരുടെ കഥകള്‍ ശ്രദ്ധിക്കുമായിരിക്കും എന്ന് ആശിക്കുകയേ നിര്‍വാഹമുള്ളു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/wYBLZi

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍