UPDATES

എഡിറ്റര്‍

നോട്ട് നിരോധനകാലത്തെ ഗ്രാമീണ ഇന്ത്യ

Avatar

അഴിമുഖം പ്രതിനിധി

വരാനിരിക്കുന്ന ദിവസങ്ങളില്‍ ഗ്രാമീണ ഇന്ത്യ വലിയ തോതിലുള്ള ചൂടറിഞ്ഞേക്കും: നോട്ട് നിരോധനം, തെക്കേ ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷത്തിന്റെ കുറവ്, ഗോതമ്പിന്റെയും കടുകിന്റെയും വിളയെ പ്രതികൂലമായി ബാധിക്കുന്നതരത്തില്‍ ശക്തി കുറഞ്ഞ ശീതകാലം എന്നിവയാണവ. 2015 ല്‍ ഇതേസമയത്ത് 31.3 മില്യണ്‍ ഹെക്ടറിലായിരുന്നു റാബി കൃഷിയിറക്കിയതെങ്കില്‍ ഈ വര്‍ഷം അത് 32.7 മില്യണ്‍ ഹെക്ടറായി വര്‍ദ്ധിച്ചത് ശുഭസൂചകമാണ്. ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു എന്നിവയില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, സാധാരണ ലഭിക്കുന്നതിനോട് അടുത്തവരുന്ന തരത്തില്‍ ലഭ്യമായതും പരക്കെ വിതരണം ചെയ്യപ്പെട്ടതുമായ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം വഴിയുണ്ടായ പ്രത്യാശനിര്‍ഭരമായ അവസ്ഥയെ ഇല്ലാതാക്കാന്‍ നോട്ട് നിരോധന നടപടിയുടെ ദൂഷ്യവശങ്ങളെ അനുവദിക്കാന്‍ കഴിയില്ല.

ഈ ധനവര്‍ഷത്തിലെ കാര്‍ഷിക വളര്‍ച്ച നിരക്കായി കണക്കാക്കിയിരിക്കുന്ന നാല് ശതമാനത്തില്‍ എത്തുന്നതിന് നിരവധി നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. റാബി കാര്‍ഷീക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുതിന് പണലഭ്യത ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടിയിരിക്കുന്നു. വൈകാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അനിശ്ചിതത്വം ഒഴിവാക്കുന്നതിനുമായി തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ടതുപോലെ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പന്നങ്ങള്‍ സംഭരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. കലാവസ്ഥയില്‍ ഉണ്ടാകാവുന്ന വ്യതിയാനങ്ങള്‍ കണക്കിലെടുത്ത് സംരക്ഷണം നല്‍കുന്നതിന് 80% പ്രീമിയം സബ്‌സിഡിയുള്ള പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഗോതമ്പിനും കടുകിനും കൂടി വ്യാപിപ്പിക്കണം. ചെറുകിട വ്യവസായ, സേവന മേഖലകളില്‍ ഉണ്ടാകുന്ന വികസനമുരടിപ്പിനെതിരെയും ഗ്രാമീണ ഇന്ത്യയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്.

അതേസമയം, തെക്കേ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയില്‍ നിന്നും ആശ്വാസം നല്‍കുന്നതിനായി ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധയെക്കാളും അധികം നയസമീപനങ്ങള്‍ ആവശ്യമാണ്. കേരളത്തിലും കര്‍ണാടകത്തിലും തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷവും വടക്ക്-കിഴക്കന്‍ കാലവര്‍ഷവും ഒരുപോലെ പരാജയപ്പെട്ടു. ഇതിന്റെ ഫലമായി കര്‍ണാടകത്തിലെ 110 താലൂക്കുകളെ വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടി വന്നു. കര്‍ണാടകത്തിന്റെ വടക്കും തെക്കുമുള്ള ഉള്‍പ്രദേശങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സാധാരണ ലഭിക്കുന്ന മഴയുടെ യഥാക്രമം 76 ഉം 83ഉം ശതമാനം മഴക്കുറവാണ് ഇത്തവണ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം കേരളത്തിലെയും കര്‍ണാടകയുടെ തീരപ്രദേശങ്ങളിലെയും മഴക്കുറവ് ഈ രണ്ട് മാസത്തില്‍ സാധാരണ ലഭിക്കുന്നതിന്റെ 60 ശതമാനത്തില്‍ ഏറെയാണ്. ഈ കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലും 69 ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും കര്‍ണാടകയില്‍ ഖരീഫ്, റാബി വിളകള്‍ നശിച്ചിരുന്നു. കന്നുകാലികളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം, കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. പ്രതിസന്ധിയുടെ പേരില്‍ രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതിന് പകരം, പുതിയ വിള ഇന്‍ഷ്വറന്‍സ് നയങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.

ദീര്‍ഘകാലത്തുണ്ടാവുന്ന വരള്‍ച്ച നദീജല തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കും. മുന്‍കാലങ്ങളിലുള്ള അനുഭവങ്ങളില്‍ നിന്നും വളരെ കുറച്ച് പാഠങ്ങള്‍ മാത്രമേ സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ പഠിച്ചിട്ടുള്ളു എന്ന് വേണം അനുമാനിക്കാന്‍. പൊതുജന വികാരങ്ങള്‍ ചൂഷണം ചെയ്യാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയില്‍, നഗരപ്രദേശങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക, ജലപ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള യുകതമായ നയപ്രതികരണങ്ങളൊന്നും ദൃശ്യമല്ല, ഈ വര്‍ഷം ആദ്യം കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും ഉണ്ടായ കടുത്ത ജലക്ഷാമത്തെ കുറിച്ച് എല്ലാവരും മറന്നുകഴിഞ്ഞു. കാവേരി തടത്തിലാകെയുള്ള കൃഷി രീതികളും ജലഉപയോഗവും ദീര്‍ഘകാലടിസ്ഥാനത്തില്‍ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗ്രാമീണ മേഖലയിലെ പണമിടപാട് സാധാരണ നിലയിലാക്കുന്നതിന് അപ്പുറം, കാര്‍ഷിക രംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു.

(ദ ഹിന്ദു ബിസിനസ് ലൈന്‍ മുഖപ്രസംഗം)

കൂടുതല്‍ വായനയ്ക്ക്: https://goo.gl/lMuTgx

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍