UPDATES

നോട്ട് അസാധുവാക്കല്‍ സംഘടിത കവര്‍ച്ച: മന്‍മോഹന്‍ സിംഗ്

അഴിമുഖം പ്രതിനിധി

മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടി ചരിത്രപരമായ പിഴവാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കാര്യങ്ങള്‍ സാധാരണ നിലയിലെത്തിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന 50 ദിവസത്തെ സമയം സാധാരണക്കാര്‍ക്ക് വലിയ ദുരിതമുണ്ടാക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യസഭയിലെ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാര്‍ഷികവളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കും. പണം ഇത്തരത്തില്‍ പിന്‍വലിക്കാനാവാത്ത അവസ്ഥ രാജ്യത്ത് മുന്‍പുണ്ടായിട്ടില്ല. വിദേശബാങ്കുകളിലെ കള്ളപ്പണം സുരക്ഷിതമായിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. നോട്ടുകള്‍ അസാധുവാക്കിയ നടപടി ‘സംഘടിതമായ കവര്‍ച്ചയും’, നിയമത്തിന്റെ സഹായത്തോടെയുള്ള ‘പിടിച്ചുപറിയുമാണെന്നും’ മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്കിനും വീഴ്ച പറ്റിയെന്നും പ്രധാനമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും പിടിപ്പുകേടാണ് ഇതിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകരുതെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു.

നോട്ടുകള്‍ അസാധുവാക്കിയ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങള്‍ കണക്കിലെടുത്തേ തീരൂവെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. എല്ലാം ശരിയാക്കാന്‍ 50 ദിവസത്തെ സമയം തരൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ചെറിയൊരു കാലയളവായി തോന്നാമെങ്കിലും രാജ്യത്തെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രായോഗികമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ നടപടി രാജ്യത്തിന് വരുത്തിവയ്ക്കുന്ന വലിയ നഷ്ടങ്ങളുണ്ട്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ രണ്ട് ശതമാനം കുറവുണ്ടാക്കും. ഇവിടുത്തെ കാര്‍ഷിക മേഖലയേയും ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലും കറന്‍സിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമാക്കാന്‍ ഈ തീരുമാനം ഇടയാക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടി നല്ലതാണെന്ന് പറഞ്ഞ് അതിനെ പിന്തുണയ്ക്കുന്നവര്‍, ‘In the long run we are all dead’ എന്ന വാചകം ഓര്‍മിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ യഥാര്‍ഥ പരിണിത ഫലങ്ങള്‍ എന്തെന്ന് ആര്‍ക്കും വലിയ തിട്ടമില്ല. ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും അതിനെക്കുറിച്ച് വലിയ ധാരണയില്ല. വിദേശത്തുള്ള കള്ളപ്പണം തിരികെയെത്തിക്കാന്‍ കൂടുതല്‍ പ്രായോഗികവും കരുത്തുറ്റതുമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഈ നടപടി നിമിത്തം രാജ്യത്തെ സഹകരണ മേഖല എതാണ്ട് പൂര്‍ണമായിത്തന്നെ തകര്‍ന്നു. രാജ്യത്തെ ചെറുകിട വ്യവസായ മേഖലയും ഈ തീരുമാനത്തിലൂടെ വന്‍ തിരിച്ചടിയാണ് നേരിടുന്നതെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് നോട്ടുകള്‍ അസാധുവാക്കാന്‍ പരിപാടി ഉണ്ടായിരുന്നെങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്ന് പറഞ്ഞു അന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. നീക്കത്തില്‍ നിന്ന് യുപിഎ സര്‍ക്കാര്‍ പിന്തിരിയുകയാണ് ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍