UPDATES

നോട്ട് പിന്‍വലിക്കലിന് സ്റ്റേ ഇല്ല; സര്‍ജിക്കല്‍ സ്ട്രൈക്ക് ജനത്തിന് നേരെ വേണ്ടെന്ന് സുപ്രീം കോടതി

 

അഴിമുഖം പ്രതിനിധി

500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നോ കാര്‍പെറ്റ് ബോംബിങ് എന്നോ, എന്ത് വേണമെങ്കിലും നിങ്ങള്‍ ഇതിനെ വിളിച്ചോളൂ, എന്നാല്‍ അത് ജനങ്ങള്‍ക്ക് നേരെ ആവരുത്. ഇക്കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കണം. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നതു പൊതുവായ ആശങ്കയാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ പറഞ്ഞു.

 

500ന്റെയും 1000ന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട നാല് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തീരുമാനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഹര്‍ജിയില്‍ ഈ മാസം 25ന് വീണ്ടും വാദം കേള്‍ക്കും.

 

അതേസമയം, കള്ളപ്പണം രാജ്യത്തേയും സമ്പദ്വ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ നിര്‍ദേശം വന്നതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി മൂന്നു ലക്ഷം കോടി രൂപ നിക്ഷേപിക്കപ്പെട്ടു. ഡിസംബര്‍ അവസാനത്തോടെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തുമെന്നാണ് കരുതുന്നതെന്നും എജി സുപ്രീം കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍