UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പിന്‍വലിക്കല്‍ ഇല്ലാതാക്കുന്നത് 4 ലക്ഷം തൊഴിലുകള്‍; കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം 1 ശതമാനം കണ്ടു കുറയ്ക്കുമെന്ന കാര്യം ഉറപ്പായതോടെ തൊഴില്‍ വിപണിയില്‍ നഷ്ടമാകാന്‍ പോകുന്നത് നാല് ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ്.

ഓണ്‍ലൈന്‍ വ്യാപാര മേഖലയിലാണ് നിങ്ങള്‍ ജോലിയെടുക്കുന്നതെങ്കില്‍ പരിഭ്രാന്തിക്ക് കാരണമുണ്ട്. അടുത്ത വര്‍ഷം ഈ സ്ഥാപനങ്ങള്‍ 2 ലക്ഷം പേരെ പിരിച്ചുവിട്ടേക്കാം. “ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരത്തിന്റെ 70 ശതമാനവും സാധനം കൈമാറുമ്പോള്‍ പണം നല്‍കുന്ന രീതിയിലാണ്. ഏറെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഈ മേഖലയില്‍ അടുത്ത കുറച്ചു മാസങ്ങളിലായി ഏതാണ്ട് 20 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും,” Teamlease Services സഹ സ്ഥാപകന്‍ ഋതുപര്‍ണ ചക്രബൊര്‍ത്തി പറഞ്ഞു. ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഏതാണ്ട് 10 ലക്ഷം പേര്‍ക്ക് ഇപ്പോള്‍ തൊഴില്‍ നല്‍കുന്നുണ്ട്.

“ആഡംബരവസ്തുക്കള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികളെയും അടുത്തുതന്നെ ഇത് ബാധിക്കും,” ചക്രബൊര്‍ത്തി പറഞ്ഞു.

കെട്ടിടനിര്‍മ്മാണം, വസ്തുവില്‍പ്പന, അടിസ്ഥാന സൌകര്യ വികസനം എന്നീ മറ്റ് മേഖലകളെയും വിമുദ്രീകരണം (demonetisation) പ്രതികൂലമായി ബാധിക്കും. ഈ മേഖലകളില്‍ അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 1 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്.

“അടുത്ത 6 മുതല്‍ 8 വരെ മാസങ്ങള്‍ക്കുളില്‍ തൊഴിലുകള്‍ നഷ്ടമാകുന്നതും പുതിയ തൊഴില്‍നിയമന മരവിപ്പും ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. മാത്രവുമല്ല വിമുദ്രീകരണം സംബന്ധിച്ച സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ നടന്നില്ലെങ്കില്‍ കൂടുതല്‍ വെല്ലുവിളികളാണ് ഉയരാന്‍ പോകുന്നത്,” യു.എസ് ആസ്ഥാനമായ Aon Hewitt എന്ന മാനവശേഷി ഉപദേശക കമ്പനി ഡയറകടര്‍ ആനന്ദ് രൂപ് ഘോഷ് പറയുന്നു. “ഉപഭോക്താക്കളുടെ വിവേചനമനുസരിച്ചുള്ള ഇടപാടുകള്‍ നടക്കുന്ന എല്ലാ മേഖലകളിലും ഈ നീക്കത്തിന്റെ ആഘാതം അനുഭവപ്പെടും. വസ്തു, വാഹന വില്‍പ്പന മേഖലകളിലടക്കം.”

ഇതുകൂടാതെ ദിവസക്കൂലിക്കാരായ നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുന്ന തുണിവ്യവസായ മേഖലയെയും ഇത് ഏറെ ദോഷകരമായി ബാധിക്കും. ഈ വ്യവസായത്തില്‍ പണിയെടുക്കുന്നവരില്‍ അഞ്ചിലൊന്നും ദിവസക്കൂലിക്കാരാണ്. അവര്‍ക്ക് കൂലി കാശായാണ് നല്‍കുന്നതും. “ഒരു വശത്ത് വില്‍പ്പനയിലുണ്ടാകുന്ന കുറവ് മൂലം ചരക്ക് ഉത്പാദകരുടെ അടുത്തേക്ക് തിരികെയെത്തും, കെട്ടിക്കിടക്കുന്ന ചരക്ക് അടുത്ത വര്‍ഷത്തെ ഉത്പാദനത്തെ കുറയ്ക്കും. മറുവശത്ത് കുറഞ്ഞ വില്‍പ്പനയും കാശ് വേണ്ടത്ര കയ്യില്‍ വരാത്തതും മൂലം ചെറുകിട വില്‍പ്പനക്കാര്‍ ഉത്പാദകര്‍ക്ക് കാശ് നല്‍കുന്നത് വൈകിപ്പിക്കും,” റേറ്റിംഗ് സ്ഥാപനമായ ICRA കണക്കാക്കുന്നു. ഇതേപോലെ തുകല്‍ വ്യവസായത്തിലെ 2,50,000 തൊഴിലാളികളില്‍ 20 ശതമാനത്തെയും ഇത് ബാധിക്കും.

സിസ്റ്റത്തില്‍ കാശിന്റെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാകാന്‍ സമയം വൈകുന്തോറും തൊഴില്‍ വിപണിയിലുള്ള ആഘാതം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. “സമ്പദ് രംഗം പൂര്‍വസ്ഥിതിയിലാകാന്‍ എത്ര സമയമെടുക്കുന്നു, എത്ര പെട്ടെന്ന് കാശിന്റെ ഒഴുക്കുണ്ടാകുന്നു, കാശ് പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എപ്പോള്‍ പിന്‍വലിക്കുന്നു  എന്നതിനെ ആശ്രയിച്ചിരിക്കും തൊഴില്‍ വിപണിക്ക് മേലുള്ള ആഘാതം,” എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൌമ്യ കാന്തി ഘോഷ് പറഞ്ഞു.

ആഗോള സാമ്പത്തിക സ്ഥാപനമായ HSBC പറയുന്നത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹ്രസ്വ കാലത്തേക്ക് സാമ്പത്തിക സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍, ബാങ്കിംഗ് മേഖലകളില്‍ ചില നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാക്കുമെന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍