UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്‍സി നിരോധനം; മി. മോദി, നിങ്ങള്‍ ലംഘിച്ചത് ഭരണഘടനയെ തന്നെയാണ്

നിഖില്‍ ബോസ്

ഇന്ത്യ കണ്ട ഏറ്റവും ദേശസ്നേഹമുള്ള പ്രധാനമന്ത്രി കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും കുടുക്കാൻ   മിന്നലാക്രമണം നടത്തിയിട്ട് ഇന്നേക്ക് 16 ദിവസം. മിന്നലാക്രമണത്തിന്റെ ചൂടിൽ പിടിച്ചുനിൽക്കാൻ ശേഷിയില്ലാതെ മാളത്തിൽ നിന്നും പുറത്തു ചാടുന്ന ‘കള്ള’കൂട്ടങ്ങളെ രാജ്യം കയ്യോടെ പിടികൂടുന്നതും വിചാരണ നടത്തി ശിക്ഷിക്കുന്നതും സ്വപ്നം കണ്ട ജനങ്ങൾക്ക് പക്ഷേ ഒരു ദിവസം പോലും മുടങ്ങാതെ കാണാൻ കഴിഞ്ഞത് മൃതദേഹങ്ങളാണ്, കള്ളപ്പണക്കാരുടെയും കള്ളനോട്ടടിക്കാരുടെയുമല്ല, സാധാരണക്കാരുടെ ജഡങ്ങൾ.   

അനൗദ്യോഗിക കണക്കുകൾ പ്രകാരം 60 ന് മുകളിലാണ് മരണം (ഔദ്യോഗിക കണക്കുകൾ സത്യം പറയില്ല എന്ന് ഉറപ്പുള്ളതുകൊണ്ട്‌ അനൗദ്യോഗിക കണക്കുകളെത്തന്നെയാണ് ആശ്രയിക്കേണ്ടത്). 60 എന്ന എണ്ണം പെരുപ്പിച്ച്കാണിക്കലാണെന്ന് വാദിച്ചാലും ഒന്ന് പറയട്ടെ, ഈ തീരുമാനം മൂലം ഒരു മരണം നടന്നാൽ പോലും നഷ്ടപ്പെട്ട ആ ജീവന് ഉത്തരവാദി ഈ രാജ്യം ഭരിക്കുന്ന സർക്കാരാണ്; കാരണം, ഒരു  ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പിലൂടെ  അധികാരമേൽക്കുന്ന ഗവൺമെന്റിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ആ രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും  സംരക്ഷണം നൽകുക എന്നതാണ്. അതിനു ശേഷം മാത്രമേ മറ്റെന്തും പ്രസക്തമാവുന്നുള്ളൂ, അതുകൊണ്ടാണ് അത് ‘ജനാധിപത്യം’ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമായ ഇന്ത്യൻ ഭരണഘടനയും ഈ ഉറപ്പ് ഒരു ഇന്ത്യൻ പൗരന് നൽകുന്നുണ്ട്. മേൽപ്പറഞ്ഞ ഉറപ്പ് നൽകുന്ന ഭരണഘടനയെ അടിസ്ഥാനമാക്കിവേണം ഇന്ത്യയിൽ ജനാധിപത്യപരമായി അധികാരമേൽക്കുന്ന ഓരോ സർക്കാരുകളും ഭരണം നടത്താൻ. അതായത് ഇന്ത്യാ മഹാരാജ്യത്തിലെ നിയമ സംവിധാനത്തിന് വിധേയനായി ജീവിക്കുന്ന  ഒരുപൗരന്റെ ജീവനിൽ ഈ രാജ്യത്തിന്  അഥവാ ഭരണം നടത്തുന്ന സർക്കാരിന് ഉത്തരവാദിത്വം ഉണ്ട്.

ആയതിനാൽ  ‘കള്ളൻ’മാരെ കുടുക്കാൻ എടുത്ത ഈ നടപടിയുടെ അനന്തരഫലമായി മരിച്ച ഓരോരുത്തരുടെയും ജീവന് ഉത്തരവാദി നടപടി പ്രഖ്യാപിച്ച സർക്കാരു തന്നെയാണ്. കാരണം വരിനിന്ന് മരിച്ചതും ആത്മഹത്യ ചെയ്തതും ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞതും ഒന്നും സർക്കാർ നടപടിയെ കബളിപ്പിച്ച് രക്ഷപെടാൻ നോക്കിയവരല്ല മറിച്ച് അതിന്റെ ഭാഗഭാക്കായവരാണ്, അതിനെ അനുസരിച്ചവരാണ് (നമ്മുടെ രാജ്യത്തെ നിയമം അനുസരിച്ചു അങ്ങനെ കബളിപ്പിച്ചു രക്ഷപെടാൻ ശ്രമിക്കുന്നവർക്കുപോലും ‘മരണം’ ഒരു ശിക്ഷയല്ലതാനും).

“നിങ്ങളുടെ കയ്യിലിരിക്കുന്ന 500 ന്റെയും 1000 ന്റെയും നോട്ടുകൾക്ക് നാളെ മുതൽ ‘തുണ്ട് കടലാസിന്റെ’ വിലപോലുമില്ല ” എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി സിനിമാ സ്റ്റൈലിൽ പ്രസംഗിച്ചത് കേട്ടിട്ടാണ് കുഴഞ്ഞുവീണ ആ മനുഷ്യരൊക്കെ അധ്വാനിച്ചു മിച്ചം പിടിച്ച കാശുമായി അവിടെ വരിനിൽക്കാൻ വന്നത് അല്ലാതെ പ്രധാനമന്ത്രിയുടെ ധീരോദാത്ത നടപടി കണ്ട് രാജ്യസ്നേഹം മുറ്റിയതുകൊണ്ടല്ല. അവിടെ രൂപപ്പെട്ട വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ അമ്മക്ക് സാധിച്ചത് പോലെ അത്ര സുഗമമായിരുന്നിരിക്കില്ല മറ്റു വയോജനങ്ങൾക്ക് ആ ‘തുണ്ട് കടലാസ്’ മാറ്റിപുതിയ ‘വർണക്കടലാസ്’ വാങ്ങുന്ന ചടങ്ങ്.

പണം മാറാനും ചെലവിനുള്ള പണം സംഘടിപ്പിക്കാനും ജനങ്ങൾ തിക്കും തിരക്കും കൂട്ടുമെന്നും അതിനിടയിൽ ആളുകൾ മരിച്ചുവീഴാൻ സാധ്യതയുണ്ട് എന്നും അനുമാനിക്കാനിക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിന് ഈ മരണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല.

വിനിമയത്തിലിരിക്കുന്ന 85 % കറൻസിയും രാത്രിക്ക് രാത്രി പിൻവലിക്കുമ്പോൾ ‘ദൈവം’ ഭാരതത്തിനു വരദാനമായി നൽകിയ  പ്രധാനമന്ത്രി ആലോചിക്കേണ്ടിയിരുന്നത് അടുത്ത നിമിഷം മുതൽ 124 കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഉടലെടുക്കാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ചായിരുന്നു, ആ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ എടുക്കാനാവുന്ന പരമാവധി തയ്യാറെടുപ്പുകളെ കുറിച്ചായിരുന്നു. കാരണം പണം ആളുകളുടെ കയ്യിൽ സുലഭമായിരുന്ന കാലത്തുപോലും സ്വന്തം ഭാര്യയുടെ മൃതദേഹവുമായി പത്തു കിലോമീറ്ററോളം നടക്കാൻ വിധിക്കപ്പെട്ട ‘ദാന മാഞ്ചി’ യുടെ രാജ്യം കൂടിയാണ് ഇന്ത്യ. ഇതെല്ലാം മനസിലാക്കാൻ 56 ഇഞ്ച് നെഞ്ചളവൊന്നും വേണ്ട, സാധാരണക്കാരന്റെ യുക്തി മതി.

ഇടിത്തീ പോലെ വന്നു വീണ ഈ പരിഷ്‌ക്കാരം ഒരുപാട് കുടുംബങ്ങളുടെ താളമാണ് തെറ്റിച്ചു കളഞ്ഞത്. അതിന്റെ തെളിവാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങാതെ കേട്ടുകൊണ്ടിരിക്കുന്ന ആത്മഹത്യ വാർത്തകൾ. രാജ്യത്തിനുവേണ്ടി കുടുംബം ത്യജിച്ച ‘കഥ’ പറയുമ്പോൾ തൊണ്ടയിടറുകയും കരച്ചിൽ വരുകയുമൊക്കെ ചെയ്യുന്ന ഇന്ത്യ കണ്ട ‘ധീരനായ’ പ്രധാനമന്ത്രിക്ക്  തന്റെ ഈ തീരുമാനം കൊണ്ട് തകിടം മറിയാൻ പോകുന്ന കുടുംബങ്ങളെ കുറിച്ച്  ചിന്തിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നത് അത്ഭുതത്തെക്കാൾ സംശയം ഉണ്ടാക്കുന്നതാണ്, പ്രധാനമന്ത്രിയുടെ  കരച്ചിലിലെ ആത്മാർഥതയിലുള്ള സംശയം.

50 ദിവസങ്ങൾക്ക് ശേഷം ഉദയം കൊള്ളാനിരിക്കുന്ന  സ്വർണത്തിളക്കമുള്ള ഇന്ത്യയിൽ ഈ മരണപ്പെട്ടവരുടെയും നരകിച്ചവരുടെയും നേരെ പിച്ചക്കാശ് എറിഞ്ഞു കൊടുത്ത്‌  പ്രായശ്ചിത്തം ചെയ്യുന്നു എന്നു വരുത്തിത്തീർക്കാനുള്ള കുടിലബുദ്ധിയും ചിലപ്പോൾ ഈ രാജ്യസ്നേഹിക്കൂട്ടം കാണിക്കും എന്നൂഹിച്ചുകൊണ്ടു തന്നെ പറയട്ടെ  ഈ കുടുംബങ്ങളും അവരുടെ നഷ്ടവും  ആ തിളക്കത്തിനും മീതെ കറുത്ത പൊട്ടുകളായി അവശേഷിക്കും; എത്ര മിനുക്കിയാലും തിളങ്ങാത്ത  പൊട്ടുകൾ, അത് മതിയാകും ആ പത്തരമാറ്റ് തിളക്കത്തിന്റെ പ്രഭ കെടുത്താൻ. 

വാല്‍ക്കഷ്ണം
: ആത്മഹത്യയും, കുഴഞ്ഞുവീണുള്ള മരണവും, ചികിത്സ നിഷേധിക്കപ്പെടുന്നതുമെല്ലാം കള്ളപ്പണ വേട്ടയോട് ചേർത്ത് കാണാൻ കഴിയാത്തവരോടും, എല്ലാ വരിനിൽക്കലും ഒന്നാണെന്ന് ധരിച്ചു വച്ചിരിക്കുന്ന മഹാന്മാരോടും ഒന്നേ പറയാനുള്ളു, അടുത്തത് ചിലപ്പോൾ നിങ്ങളുടെ അവസരമാകാം. അന്നും ഈ അഭിപ്രായം മാറ്റരുത്.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച നിഖില്‍ ബോസിന്റെ ലേഖനം; കുറച്ച് ‘അഴിഞ്ഞാട്ടക്കാരികള്‍’ ഉണ്ടായതുകൊണ്ടാണ് ഇപ്പോള്‍ മാറ് മറച്ചു നടക്കുന്നതെന്ന്‍ മറക്കരുത്

(നിയമ ബിരുദധാരിയായ നിഖില്‍ ബോസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍