UPDATES

വായ്പയായി നല്‍കിയ 3.36 കോടി കള്ളപ്പണമെന്ന് ആരോപണം; വെട്ടിലായി കര്‍ണ്ണാടകയിലെ സ്ത്രീകള്‍

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ തീരുമാനം പുറത്തുവന്നതോടെ കേരളത്തിലെ പോലെ ശക്തമായ ശൃംഖലയുള്ള കര്‍ണാടകയിലെ സഹകരണമേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ മാസം എട്ടിന് തീരുമാനം പുറത്തുവന്നതിന് പിറകെ കര്‍ണാടകയിലെ കോളാര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നോട്ടുകെട്ടുകള്‍ നിരത്തിവച്ച മേശയുടെ പിറകില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നില്‍ക്കുന്നതായിരുന്നു പ്രസ്തുത ചിത്രം. അഴിമതി വിരുദ്ധ വിഭാഗത്തിന്റെയും വരുമാന നികുതി വകുപ്പിന്റെയും പോലീസിന്റെയും ശ്രദ്ധ ആകര്‍ഷിച്ച നേരാലെ കേര ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത തങ്ങളുടെ നേതാക്കളോട് ബിജെപിയും കോണ്‍ഗ്രസും വിശദീകരണം തേടുകയും ചെയ്തിരുന്നു.

എന്നാല്‍ നിയമവിധേയമായാണ് ചടങ്ങ് നടന്നത്. ഈ മാസം ഏഴിന് നടന്ന വായ്പ മേളയില്‍ കോളാര്‍, ചിക്കബല്ലൂര്‍ ജില്ല സഹകരണബാങ്ക് തങ്ങളുടെ അംഗങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ പിറ്റെ ദിവസം പ്രധാനമന്ത്രിയുടെ തീരുമാനം പുറത്തുവന്നതോടെ വായ്പയായി ലഭിച്ച തുക മാറാന്‍ ധൈര്യമില്ലാതിരിക്കുകയാണ് ഉപഭോക്താക്കള്‍.

14 പ്രാദേശിക ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 69 സ്വയം സഹായസംഘങ്ങളിലെ സ്ത്രീകള്‍ക്കായി സഹകരണബാങ്ക് വിതരണം ചെയ്ത 3.36 കോടി രൂപയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് വലിയ താല്‍പര്യമുള്ള ചടങ്ങായതിനാല്‍ നേരത്തെ വിതരണം ചെയ്യ്ത ചെക്കുകള്‍ക്ക് പകരം ചടങ്ങില്‍ അധികൃതര്‍ സംഘം അധ്യക്ഷമാര്‍ക്ക് പണം വിതരണം ചെയ്യുകയായിരുന്നു. 650 സ്ത്രീകളാണ് വായ്പയ്ക്ക് അര്‍ഹരായി തിരഞ്ഞെടുക്കപ്പെട്ടത്. ചെറുകിട സംരംഭങ്ങള്‍ നടത്തുന്നവരാണ് ഇവരെല്ലാം.

കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് 18 മാസം മാത്രം ശേഷിക്കെ ഇത്തരം വായ്പ മേളകള്‍ കോലാര്‍ മേഖലയിലെങ്ങും സജീവമായിരുന്നു. എന്നാല്‍ ബാങ്കുകള്‍ നടത്തുന്ന ഇത്തരം മേളകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനമായി ചിത്രീകരിക്കാന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും പൊങ്ങിവന്നിട്ടുണ്ട്. എന്നാല്‍ ആരോപണം തെറ്റാണെന്നും ബാങ്കിനെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ബയ്‌ലഹള്ളി ഗോവിന്ദ് ഗൗഡ പറയുന്നു.

വായ്പയ്ക്ക് അര്‍ഹരായ പലരും അത് ഏറ്റുവാങ്ങാന്‍ തയ്യാറാവുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം. നവംബര്‍ ഏഴിന് 4.75 ലക്ഷം രൂപ ഏറ്റുവാങ്ങിയ താന്‍ തന്റെ ഗ്രൂപ്പിലെ ഒമ്പത് പേര്‍ക്ക് 43,000 രൂപ വീതം വിതരണം ചെയ്തതായി ഒരു സ്വയംസഹായസംഘം നേതാവ് ജി പാര്‍വതമ്മ പറയുന്നു. എന്നാല്‍ സംഘത്തിലുള്ള മൂന്നുപേര്‍ ഇത് ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല.

നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടിരുന്നു. സഹകരണമേഖലയ്ക്കുള്ള ധനവിതരണം തടസപ്പെട്ടാല്‍ ഏറെയും കര്‍ഷകര്‍ വരുന്ന അതിന്റെ ഏഴ് ലക്ഷം ഉപഭോക്താക്കളെ അത് പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത ബിജെപിയുടെ ജില്ല പഞ്ചായത്ത് അംഗം ബി വി മഹേഷിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അത് ബാങ്കിന്റെ ഔദ്ധ്യോഗിക ചടങ്ങായിരുന്നുവെന്നും അല്ലാതെ സ്വകാര്യ ചടങ്ങല്ലായിരുന്നു എന്നും വ്യക്തമാക്കുന്ന പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള മറുപടി അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് നല്‍കി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍