UPDATES

ട്രെന്‍ഡിങ്ങ്

നോട്ടുനിരോധനം പൂര്‍ണപരാജയമെന്നതു വസ്തുതയാണ്; എന്നിട്ടും മോദി ന്യായീകരിച്ചുകൊണ്ടേയിരിക്കുന്നു

നിരോധിക്കപ്പെട്ട 15.50 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 14.50 ലക്ഷം കോടിയും ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞെന്നാണ് വിവരം

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതില്‍ നോട്ടുനിരോധനം ഏകദേശം പൂര്‍ണ പരാജയമാണെന്ന് വ്യക്തമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും പഴയമന്ത്രം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഇന്നലെ ബംഗളൂരുവില്‍ 14ആം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ കള്ളപ്പണത്തെ ആരാധിക്കുന്നവരാണ് നോട്ട് നിരോധന തീരുമാനത്തെ എതിര്‍ക്കുന്നത് എന്ന തന്റെ പതിവ് മന്ത്രം ആവര്‍ത്തിച്ചു. കള്ളപ്പണത്തെ അനുകൂലിക്കുന്നവര്‍ അഴിമതിക്കെതിരായ പോരാട്ടത്തെ എതിര്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് പ്രധാനമന്ത്രി പറയുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം എന്നതിന് ആദ്യം ഇന്ത്യയുടെ വികസനം എന്നുകൂടി അര്‍ത്ഥമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറത്തുവന്ന കണക്കുകളെല്ലാം നോട്ട് നിരോധനം ഉദ്ദേശിച്ച ഫലമുണ്ടാക്കിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൂന്ന് ലക്ഷം കോടിയുടെ നിരോധിത നോട്ടുകളെങ്കിലും ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു. ഇത് മുഴുവന്‍ കള്ളപ്പണമായിരിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചു.

എന്നാല്‍ നിരോധിക്കപ്പെട്ട 15.50 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 14.50 ലക്ഷം കോടി അഥവാ 93.5 ശതമാനവും ഇതിനകം ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞെന്നാണ് ബാങ്കിംഗ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വെളിപ്പെടുത്തന്നത്. ഏകദേശം 75,000 കോടി രൂപ മാത്രമാണ് ബാങ്കുകളില്‍ തിരികെ എത്താനുള്ളത്. വിദേശ ഇന്ത്യക്കാരുടെ കൈവശമുള്ള പഴയ നോട്ടുകള്‍ തിരിച്ച് ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് വരെ നീട്ടി നല്‍കിയിരിക്കുന്നതിനാല്‍ വലിയൊരു ശതമാനം നിരോധിത നോട്ടുകള്‍ ഇനിയും തിരികെ എത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്നലെ വരെ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളിലൂടെ വെറും നാലായിരം കോടി രൂപയ്ക്ക് താഴെയുള്ള കള്ളപ്പണം മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. ഇതില്‍ തന്നെ 150 കോടിയോളം രൂപ പുതിയ നോട്ടുകളിലുള്ളതാണെന്നതും തീരുമാനത്തിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്ന വസ്തുതകള്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി തന്റെ ന്യായീകരണങ്ങള്‍ ആവര്‍ത്തിക്കുന്നത്. കണക്കുകള്‍ പുറത്തുവിടുന്നതില്‍ റിസര്‍വ് ബാങ്ക് പുലര്‍ത്തുന്ന മൗനവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഹൃസ്വകാലത്തേക്കെങ്കിലും സാമ്പത്തികരംഗത്ത് ആഘാതമേല്‍പ്പിക്കുകയും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്ത തീരുമാനം ഉദ്ദേശിച്ച യാതൊരു ഫലവും നല്‍കിയില്ല എന്നത് തന്നെ പ്രധാനമന്ത്രിയുടെ ന്യായീകരണത്തിന്റെ മൂര്‍ച്ഛ കുറച്ചുകൊണ്ടേയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍