UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂലി അക്കൗണ്ട്‌ വഴി: സര്‍ക്കാരിന്റെ തിടുക്കത്തില്‍ സംശയമെന്ന്‍ തൊഴിലാളി സംഘടനകള്‍

അഴിമുഖം പ്രതിനിധി

എല്ലാ തൊഴിലാളികളെയും കൊണ്ടു ബാങ്ക് അക്കൌണ്ട് തുറപ്പിക്കാനും തൊഴില്‍വേതനം പണമായി നല്‍കാതെ അക്കൌണ്ടിലേക്കു നേരിട്ടു കൈമാറുന്ന തരത്തില്‍ നടത്താനും സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ നിര്‍ബന്ധം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളുടെ ഒറ്റമൂലി എന്ന നിലയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. 

ഇതിലെ വൈരുധ്യം എന്താണെന്നുവെച്ചാല്‍, തൊഴിലാളി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്ന കാര്യമാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിടുക്കപ്പെട്ടു നടത്തുന്നത് എന്നതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നടപടി സംശയങ്ങള്‍ ഉയര്‍ത്തുകയും നോട്ട് പിന്‍വലിക്കല്‍ പോലെ നടത്തിപ്പില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

കരാര്‍ തൊഴിലാളികള്‍, കാഷ്വല്‍ ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് കൂലി ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കണമെന്നത് തൊഴിലാളി സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണെന്ന് സിഐടിയു ഉപാധ്യക്ഷന്‍ എ.കെ പദ്മനാഭന്‍ പറഞ്ഞു.

പക്ഷേ, സര്‍ക്കാരിന്റെ ഇപ്പോഴത്തെ തിടുക്കം- ഡിസംബര്‍ രണ്ടിന്റെ ആദ്യം നല്‍കിയ 7 ദിവസത്തെ സമയപരിധി വീണ്ടും നീട്ടി- കൂലി നല്‍കല്‍ വീണ്ടും വൈകിപ്പിക്കും എന്നു അദ്ദേഹം പറയുന്നു.

നോട്ട് പിന്‍വലിക്കല്‍ പ്രശ്നങ്ങളില്‍ കുടുങ്ങിയ ബാങ്കുകളും അക്കൌണ്ട് തുറക്കാന്‍ ആവശ്യമായ രേഖകളില്ലാത്ത തൊഴിലാളികളുടെ അവസ്ഥയും ശമ്പളം പിടിച്ചുവെച്ചു തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ തൊഴിലുടമകളെ സഹായിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

“നിരവധി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖയോ ആധാര്‍ കാര്‍ഡോ ഇല്ല. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ അവര്‍ക്ക് എങ്ങനെയാണ് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാനാവുക?”

“ഇത് ചെയ്യണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. പക്ഷേ തൊഴിലുടമകള്‍ക്ക് ആളുകള്‍ കഷ്ടപ്പെട്ട അധ്വാനത്തിന്റെ കൂലി പിടിച്ചുവെക്കാന്‍ അവസരമുണ്ടാക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്,” പദ്മനാഭന്‍ പറഞ്ഞു.

എന്നാല്‍ ഈ ആശങ്കകകളെ തള്ളിക്കളഞ്ഞ തൊഴില്‍ മന്ത്രാലയം തങ്ങള്‍ ഒരു നിര്‍ദേശം (advisory) വെക്കുക മാത്രമാണു ചെയ്തതെന്ന് പറയുന്നു. ഇത്തരമൊരു കാര്യം നിര്‍ദേശ രൂപത്തില്‍ വച്ചിരിക്കുന്നത് 1936-ലെ പെയ്മെന്റ് ഓഫ് വേജസ് ആക്റ്റ് ലംഘനം ഉണ്ടാകാതിരിക്കാനാണ് എന്നും സംശയമുണ്ട്. 

നിയമത്തില്‍ പറയുന്നത്, “എല്ലാ വേതനവും നിലവിലെ നോട്ടിലോ നാണയത്തിലോ രണ്ടിലും കൂടിയോ നല്‍കണം (തൊഴിലുടമയ്ക്ക് ജീവനക്കാരനില്‍ നിന്നും ആവശ്യമായ അനുമതി എഴുതിക്കിട്ടിയാല്‍ അയാള്‍ക്ക് ശമ്പളം ചെക്ക് മുഖേനയോ അല്ലെങ്കില്‍ ബാങ്ക് അക്കൌണ്ടിലോ നല്‍കാം.)”

ഇപ്പോള്‍ നല്കിയിരിക്കുന്ന നിര്‍ദേശം നിലവിലെ നിയമത്തിന് എതിരല്ലെന്നും എന്നാല്‍ ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നെന്നും തൊഴില്‍ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

“ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നതില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നില്ല എന്നതിനര്‍ത്ഥം ബാങ്ക് അക്കൌണ്ടുകള്‍ വഴി വേതനം നല്‍കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല എന്നതാണ്,” അദ്ദേഹം പറഞ്ഞു.

“ഒരു ജീവനക്കാരന്‍ തൊഴിലുടമയ്ക്ക് ബാങ്ക് അക്കൌണ്ട് നമ്പര്‍ നല്‍കുമ്പോള്‍ അതിനര്‍ത്ഥം വേതനം ആ അക്കൌണ്ട് വഴിയാകാം എന്നാണ്.”

എത്ര തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൌണ്ടില്ല, നവംബര്‍ 25 മുതല്‍ എത്ര പേര്‍ തുറന്നിട്ടുണ്ട് എന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഈ ശ്രമത്തിന്റെ ആദ്യത്തെ നാല് ദിവസത്തില്‍ 3,87,037 അകൗണ്ടുകള്‍ തുറന്നതായി തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷങ്ങളിലെ 25.68 കോടി ജന്‍ ധന്‍ അക്കൌണ്ടുകള്‍ക്ക് പുറമേയാണ്.

വടക്കന്‍ ബംഗാളിലെ തേയിലത്തോട്ടങ്ങളില്‍ ചായ ദിനമായ ഡിസംബര്‍ 15-ന് ഇതുമായി ബന്ധപ്പെട്ട് ഒരു കാമ്പ് സംഘടിപ്പിക്കുമെന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിന്‍റെ അദ്ധ്യക്ഷന്‍ ബാജി നാഥ് റായ് സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. കുറഞ്ഞ കൂലി കൊടുക്കാതെ തൊഴിലുടമകള്‍ പറ്റിക്കുന്ന ഏര്‍പ്പാട് ഇതുവഴി നില്‍ക്കുമെന്നാണ്  അദ്ദേഹം പറയുന്നത്.

നവംബര്‍ 25-നാണ് സംസ്ഥാനങ്ങള്‍ക്ക് തിടുക്കത്തില്‍ കത്തുകളെഴുതുകയും തൊഴിലിടങ്ങളിലേക്ക് പോയി ബാങ്ക് അക്കൌണ്ടുകള്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥരെ വിടുകയും ചെയ്തുകൊണ്ട് സര്‍ക്കാര്‍ തിരക്കുപിടിച്ച് ഈ പണി തുടങ്ങിയത്.

ഇത്തരത്തില്‍ 6200 കാമ്പുകള്‍ ബംഗാളില്‍ നടത്തിയതായി മുഖ്യ ലേബര്‍ കമ്മീഷണര്‍ എ.കെ. നായക് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഡിസംബര്‍ 2 വരെ 1,32,639 അക്കൌണ്ടുകള്‍ തുറന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ തുറക്കാന്‍ പ്രധാന തൊഴിലുടമകളോട് ആവശ്യപ്പെടാന്‍ നായക് നവംബര്‍ 25-നു ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക് കത്തയച്ചിരുന്നു.

“കൂടാതെ, എല്ലാ പ്രധാന തൊഴിലുടമകളോടും കരാറുകാരോടും കരാര്‍ തൊഴിലാളികളുടേതടക്കമുള്ള വേതനം ബാങ്ക് അക്കൌണ്ടുകളിലൂടെ മാത്രം നല്‍കുന്നു എന്നുറപ്പാക്കുക,” കത്തില്‍ പറയുന്നു.

സമാനമായ കത്തുകള്‍ കേന്ദ്ര തൊഴില്‍ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്. EPFO, ESI കോര്‍പ്പറേഷന്‍, അവയ്ക്കു കീഴിലുള്ള കാര്യാലയങ്ങള്‍ എന്നിവിടങ്ങളിലേക്കും കത്തയച്ചു.

“തൊഴിലാളികളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുന്നത്. ഒരിക്കല്‍ ബാങ്ക് അക്കൌണ്ട് തുറന്നാല്‍ പിന്നെ തൊഴിലുടമയ്ക്ക് വേതനം നിഷേധിക്കാനാവില്ല,” ഡല്‍ഹി മേഖല ലേബര്‍ കമ്മീഷണര്‍ ഓംകാര്‍ ശര്‍മ പറഞ്ഞു.

“തൊഴിലാളികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും അക്കൌണ്ട് തുറപ്പിക്കാന്‍ അവരുടെ വാതിലിന് മുന്നിലെത്തും.”- അദ്ദേഹം പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍