UPDATES

ഇന്ത്യ

നോട്ട് നിക്ഷേപം: പരസ്പര വിരുദ്ധ നിലപാടുകളുമായി റിസര്‍വ് ബാങ്കും ജയ്റ്റ്ലിയും

റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇനി പഴയ 5,000 രൂപയില്‍ കൂടുതല്‍ നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരിക്കണം.

നോട്ട് നിരോധനം സംബന്ധിച്ച് പരസ്പര വിരുദ്ധമായ നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തി. റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഇനി പഴയ 5,000 രൂപയില്‍ കൂടുതല്‍ നോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ഇനി രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരിക്കണം.

നേരത്തെ നോട്ട് നിരോധന പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞത് ഡിസംബര്‍ 30 വരെ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് യാതൊരു പരിധിയും ഉണ്ടാവില്ലെന്നാണ്. എന്നാല്‍ പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2,50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവര്‍ പണത്തിന്റെ സ്രോതസ് കാണിക്കണമെന്ന് വ്യക്തമാക്കി. ഇപ്പോള്‍ ഇതാണ് വീണ്ടും വെട്ടിക്കുറച്ച് 5,000 ആക്കി നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കുലറിന് എതിരായ പരാമര്‍ശമാണ് പിന്നീട് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയതും. ഒരു തവണയിടുന്ന നിക്ഷേപങ്ങള്‍ക്ക് അന്വേഷണം ഉണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഒരേയാളുകള്‍ തന്നെ ആവര്‍ത്തിച്ച് നിക്ഷേപിക്കുമ്പോള്‍ മാത്രമേ കാരണം കാണിക്കേണ്ടതുളളുവെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം. ഇത് റിസര്‍വ് ബാങ്ക് സര്‍ക്കുലറിന് നേരെ കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം പുറത്തിറങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊക്കെ കടകവിരുദ്ധമാണെന്ന് സ്‌ക്രോള്‍.ഇന്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തന്നെ വിശ്വാസ്യത നഷ്ടമായ സര്‍ക്കാരിന്റെ റിസര്‍വ് ബാങ്കിന്റെയും വിശ്വാസ്യത കൂടുതല്‍ ഇടിക്കുന്നതാണ് ഇന്നലത്തെ പ്രഖ്യാപനങ്ങള്‍. സാമ്പത്തികരംഗത്തെ മുന്നോട്ട് നയിക്കാന്‍ ബാധ്യതപ്പെട്ട റിസര്‍വ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും സത്യസന്ധരായ പൗരന്മാര്‍ക്കായി പ്രവചനീയവും സ്ഥിരതയുള്ളതുമായ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍