UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ നാടിന്റെ ജീവനാഡിയാണ് സഹകരണ സ്ഥാപനങ്ങള്‍; അതിനെ കൊല്ലരുത്- എ സമ്പത്ത് എം പി/അഭിമുഖം

എ സമ്പത്ത് എം പി/ഡി ധനസുമോദ് 

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ 12000ത്തോളം വരുന്ന സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആരോപിച്ചാണ് കുരുക്ക് മുറുക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നത്. അതേ സമയം ഗ്രാമീണ മേഖലയുടെ സര്‍വ്വതലത്തിലുള്ള വികസനവുമായി ഈ സഹകരണ സംഘങ്ങള്‍ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നത് അവഗണിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമാണ്. ഈ പശ്ചാത്തലത്തില്‍ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും പുതിയ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢ ലക്ഷ്യത്തെക്കുറിച്ചും എ സമ്പത്ത് എം പിയുമായി ഡി ധനസുമോദ് സംസാരിക്കുന്നു.   

അഴിമുഖം: സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനുള്ള നയങ്ങളെ യുപിഎ കാലത്തു മുതൽ എതിര്‍ക്കുന്ന വ്യക്തിയാണ് താങ്കൾ. എന്തായിരുന്നു കേന്ദ്ര നിർദേശം?

എ സമ്പത്ത്: പണം ഇടപാട് നടത്തുന്നില്ലായെങ്കില്‍, നിങ്ങള്‍ ജില്ലാ സഹകരണ ബാങ്കിലേക്ക് പ്രാഥമിക സഹകരണ ബാങ്കുകൾ  അഫിലിയേറ്റ് ചെയ്യുന്നില്ലെങ്കില്‍ കേന്ദ്ര നിർദേശം അനുസരിച്ചു കുഴപ്പമൊന്നുമില്ല. സ്‌കൂളിലെയൊക്കെ കോപ്പറേറ്റീവ് സൊസൈറ്റി പോലെ വര്‍ക്ക് ചെയ്യാം. പ്രാഥമിക സഹകരണ സംഘങ്ങളായി നമ്മുടെയിവിടെ നൂറുകണക്കിന് സൊസൈറ്റികളുണ്ട്. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റ് പറയുന്നത് ഇത്തരം സൈസേറ്റികള്‍ പണമിടപാട് നടത്താന്‍ പാടില്ല. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളൂ എന്ന്. അതിനെയാണ് എതിര്‍ത്തത്.

: എന്തുകൊണ്ടാണ് സഹകരണ ബാങ്കുകളുടെ കാര്യത്തിൽ  ഇത്ര പിടിവാശി?

: 50 കോടി രൂപയുടെ വര്‍ക്കിംഗ് ക്യാപിറ്റലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുതിയൊരു ബാങ്കായി വരാം. ഇന്ത്യയില്‍ നൂറു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പോലും ബാങ്കുകളില്ലാത്ത ജില്ലകള്‍ നമുക്കുണ്ട്. ലഡാക്കിലും കച്ചിലുമൊക്കെ അങ്ങനെയാണ്. കേരളത്തില്‍ പോലും പലയിടങ്ങളിലും പത്തോ പന്ത്രണ്ടോ കിലോമീറ്റര്‍ യാത്ര ചെയ്താലേ ബാങ്കിലെത്തൂ. എന്റെ മണ്ഡലത്തില്‍ പോലും അത്തരം സ്ഥലമുണ്ട്. ആളുകള്‍ക്ക് പെട്ടെന്ന് എത്താവുന്നത് ഈ പ്രാഥമിക സഹകരണ സംഘങ്ങളാണ്. ഭൂമിയും മറ്റുമാണ് ജാമ്യം വച്ചിരിക്കുന്നതെങ്കില്‍ മറ്റു ബാങ്കുകള്‍ ജപ്തി ചെയ്ത് കൊണ്ടുപോകുന്നതുപോലെ ഇവര്‍ ജപ്തി ചെയ്ത് കൊണ്ടുപോകാറില്ല. മാനുഷിക പരിഗണന കൊടുക്കാറുണ്ട്. അവിടെ തിരഞ്ഞെടുത്ത ഭരണസമിതിയാണ് ഭരണം നടത്തുന്നത്. ഈ ബാങ്കുകള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ പെന്‍ഷനുകള്‍ വീടുകളിലേക്ക് എത്തിക്കാന്‍ സാധിച്ചത്. കോടിക്കണക്കിന് രൂപയുടെ സാമൂഹ്യ പെന്‍ഷന്‍ കൊടുത്തിട്ടും ഒരു ചായ കുടിക്കാനായി പോലും ഒരാള്‍ പണം കൈപ്പറ്റിയതായി പരാതി ഉണ്ടായിട്ടില്ല. സര്‍വ്വീസ് ചാര്‍ജ്ജായോ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജായോ ഒരു രൂപ പോലും ഒരാള്‍ കൈപ്പറ്റിയതായി പരാതിയില്ല. ബോര്‍ഡ് മെമ്പറും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഒരു ബാങ്ക് ജീവനക്കാരനും കൂടി പോയിട്ടാണ് ഈ തുക കൊടുക്കുന്നത്. അതായത് ഈ കാശ് നല്‍കുന്നതിന് സാക്ഷികളുണ്ട്. കേരളത്തിലെ ഗവണ്‍മെന്റ് ഇത് മുഴുവന്‍ കൊടുത്തത് ഈ കോപ്പറേറ്റീവ് സൊസൈറ്റികള്‍ മുഖേനയാണ്. ബാങ്കിലാണെങ്കില്‍ അവിടെ ചെല്ലേണ്ടിവരും. അവിടെ ഫോറം പൂരിപ്പിച്ചുകൊടുക്കണം. ഇവിടെ അതൊന്നും ചെയ്യേണ്ട. എല്ലാം അവര്‍ തന്നെ പൂരിപ്പിക്കുന്നു. എന്തെങ്കിലും രേഖയുടെ കോപ്പി വേണമെങ്കില്‍ അപ്പോള്‍ തന്നെ മൊബൈലില്‍ ഫോട്ടോയെടുക്കുന്നു.

: സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എന്ത് നിർദേശമാണ് കേന്ദ്രസർക്കാരിന് മുന്നിൽ വയ്ക്കാനുള്ളത് ?

: കേരളത്തിലെ കോപ്പറേറ്റീവ് സൊസൈറ്റികള്‍ ഇന്ത്യ മുഴുവന്‍ മാതൃകയാക്കേണ്ടതാണ്. അംഗങ്ങളുടെ വെല്‍ഫെയര്‍ എന്നാണ് കോപ്പറേറ്റീവ് സൊസൈറ്റി കൊണ്ടുദ്ദേശിക്കുന്നതെങ്കിലും സാധാരണക്കാരന്റെ വെല്‍ഫെയര്‍ ആണ് ഇതുകൊണ്ട് സാധ്യമാക്കുന്നത്. വിശേഷാവസരങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് തുണി നല്‍കുന്നുണ്ട്. ഇവര്‍ പറയുന്നത് നിങ്ങള്‍ പണം കൈകാര്യം ചെയ്യുന്നെങ്കില്‍ പണം മാത്രമേ കൈകാര്യം ചെയ്യാവൂ. ഇത്തരം സാമൂഹിക ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കരുത്. ആംബുലന്‍സ് സര്‍വ്വീസ് നടത്തരുത്. നഴ്‌സിംഗ് സ്ഥാപനം നടത്തരുത്. പാലിയേറ്റീവ് കെയര്‍ നടത്തരുത്. ആശുപത്രി നടത്തരുത് എന്നൊക്കെയാണ്. ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആഗ്രഹിക്കുന്നത് വേറെ പകരം സംവിധാനമില്ലാത്തതുകൊണ്ട് ഈ പണം കോര്‍പ്പറേറ്റുകളുടെ ബാങ്കുകളിലേക്കും പുതിയ ബാങ്കുകളിലേക്കും ഇപ്പോഴത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്കും വരും. അതാണവരുടെ ലക്‌ഷ്യം.അതനുവദിക്കാനാവില്ല. 

: കൂലിക്കു ആളെയെടുത്തു ക്യൂ നിർത്തി പണം ധനികർ എടുക്കുന്നതായി ഇതിനകം ആരോപണമുണ്ട്. സഹകരണ സ്ഥാപനങ്ങൾക്കു കൂടി നോട്ട് മാറാൻ അധികാരം നൽകിയാൽ ഇങ്ങനെയുള്ള സംഭവം കൂടുതൽ വഷളാകില്ലേ?

: കൂലിയ്ക്ക് ആളിനെയെടുത്ത് കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് പറയുന്ന പരിപാടിയൊന്നും കേരളത്തില്‍ നടക്കില്ല. ക്യൂവില്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്നയാളിനെ പേരെടുത്ത് പിന്നില്‍ നില്‍ക്കുന്നയാളിന് അറിയാവുന്ന നാടാണ് കേരളം. അവിടെയിതുപോലുള്ള തിരിമറികളൊന്നും നടക്കില്ല.

: ആദായ നികുതിയെ വെട്ടിക്കാനാണ് സഹകരണ  സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നത് എന്നതിനെ കുറിച്ച്…

: കോപ്പറേറ്റീവ് ബാങ്കുകളിലെ നിക്ഷേപത്തിന് നേരത്തെ ആദായനികുതി ഇല്ലായിരുന്നു. അംഗങ്ങളാണ് നിക്ഷേപിക്കുന്നതെന്നതിനാലാണ് ആദായനികുതി ഇല്ലായിരുന്നത്. അംഗങ്ങൾക്ക് കൂടുതല്‍ തുക നാഷണല്‍ ബാങ്കുകളിലും നിക്ഷേപിക്കാമല്ലോ. അത്തരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കാണല്ലോ ഇന്റര്‍നാഷണലായി ഇതിന്റെ ട്രാന്‍സാക്ഷന്‍ നടത്താനാവുക. മറ്റുചില കാര്യങ്ങൾ കൊണ്ടാണ് ആളുകൾ സഹകരണ സ്ഥാപനങ്ങളിൽ പൈസ നിക്ഷേപിക്കുന്നത്. ഒന്നാമത്തെ കാര്യം വീടിനു അടുത്ത് ആണ് എന്ന സൗകര്യം. കൂടാതെ മറ്റുള്ളവര്‍ക്ക് വായ്പയെടുക്കാന്‍ സഹായകമാകും.  ഇപ്പോള്‍ നാഷണലൈസ്ഡ് ബാങ്കില്‍ 50 ലക്ഷം രൂപയിട്ടിട്ട് എന്റെ സുഹൃത്തിനൊരു ലോണ്‍ കൊടുക്കണമെന്ന് പറഞ്ഞാല്‍ കൊടുക്കുമോ. ഇല്ലല്ലോ. പക്ഷെ സഹകരണ സ്ഥാപനങ്ങളിൽ നടക്കും. മെമ്പര്‍മാരും സഹകാരികളുമായി ഒരു ബന്ധമുണ്ട്. വാര്‍ഷിക ജനറല്‍ ബോഡിയിലും അവര്‍ക്ക് പങ്കെടുക്കാം. മറ്റേതു  ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് അക്കൗണ്ടുള്ള അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവുന്നത്. മരണാന്തര ചടങ്ങുകൾ നിർവഹിക്കാൻ പൈസ നൽകുന്ന സഹകരണ സ്ഥാപനങ്ങൾ ഉണ്ട്. ആംബുലൻസ് സർവീസ് നടത്തുന്ന സ്ഥാപനങ്ങൾ ഉണ്ട്. ഈ സ്ഥാപനങ്ങൾ നാടിന്റെ ജീവനാഡിയാണ്. അതുകൊണ്ടു ഇവയൊന്നും തല്ലിക്കെടുത്തരുത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍