UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോളിന് 350 രൂപ, ഗ്യാസ് സിലണ്ടറിന് 3000, പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു; മണിപ്പൂരില്‍ നരകജീവിതം

അഴിമുഖം പ്രതിസന്ധി

സംസ്ഥാനത്ത് 17 ദിവസമായി നിലനില്‍ക്കുന്ന സാമ്പത്തിക ഉപരോധത്തിനു പുറമെ നോട്ടസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ചേര്‍ന്നതോടെ മണിപ്പൂരിലെ ജനജീവിതം നരകതുല്യമായി. ഒരു ലിറ്റര്‍ പെട്രോളിന് 350 രൂപ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. എല്‍പിജി ഗ്യാസ് സിലണ്ടറുകള്‍ 3000 രൂപയ്ക്ക് കരിച്ചന്തകളില്‍ നിന്നും വാങ്ങാനും ജനം നിര്‍ബന്ധിതരായിരിക്കുന്നുവെന്ന്‍ thecitizen.in റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ പത്രങ്ങളുടെ അച്ചടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം എടുക്കേണ്ടി വന്നിരിക്കുകയാണെന്ന് ആള്‍ മുന്‍സിപ്പല്‍ ന്യൂസ്‌പേപ്പര്‍ പബ്ലിഷേഴ്‌സ് അസോസിയേഷന്‍(എഎംഎന്‍പിഎ), ആള്‍ മണിപ്പൂര്‍ ന്യൂസ്‌പേപ്പര്‍ സെയ്ല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍(എഎംഎന്‍എസ്ഡിഎ) എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

പെട്രോള്‍ ബങ്കില്‍ നിന്നം തന്റ വാഹനത്തിലേക്കുള്ള രണ്ടു ലിറ്റര്‍ പെട്രോള്‍ 700 രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന റയീസ് അഹമ്മദ് എന്ന ഇംഫാല്‍ സ്വദേശിയുടെ വാക്കുകള്‍ സംസ്ഥാനത്തെ ജനങ്ങളുടെ മുഴുവന്‍ നിരാശയും രോഷവുമുണ്ട്; അതേ ഞങ്ങള്‍ ഇങ്ങനെ മരിക്കാന്‍ പോവുകയാണ്. പ്രശ്‌നങ്ങളുടെ പാരമ്യതയിലാണ് ഞങ്ങളിപ്പോള്‍. കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്താണ് ഭയം. മണിപ്പൂര്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ പിന്നെ ഞങ്ങളെന്താണ് ചെയ്യേണ്ടത്? 

സദര്‍ ഹില്‍സ്, ജിരിബാം പ്രദേശങ്ങളെ പ്രത്യേക ജില്ലകളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍്ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്ന യുണൈറ്റഡ് നാഗ കൗണ്‍സില്‍(യുഎന്‍സി) ആണ് മണിപ്പൂരിലെ രണ്ടു ദേശീയപാതകളിലും സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. നാഗന്മാരുടെ പാരമ്പര്യഭൂമിയെ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കമായാണ് ജില്ലാരൂപീകരണത്തെ യുഎന്‍സി എതിര്‍ക്കുന്നത്. ഈ മാസം 15 ന് ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് യുഎന്‍സിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും സമവായനീക്കങ്ങളൊന്നും നടക്കാതിരിക്കുകയും യുഎന്‍സി തങ്ങളുടെ പ്രതിഷേധത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് ജനം ദുരിതത്തിലായത്. ഇന്ധനക്ഷാമം രൂക്ഷമായി വാഹനങ്ങള്‍ ഓടാതായതോടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.

ഈ മാസം പരീക്ഷയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. സാമ്പത്തിക ഉപരോധം ഞങ്ങളുടെ ജീവിതം ദുരിതത്തിലാക്കി, ഇപ്പോള്‍ നോട്ടു പിന്‍വലിക്കലിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധി ഞങ്ങള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്യം തീര്‍ത്തും ഇല്ലാതാക്കിയിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തിന് ആര് പരിഹാരം ചെയ്യും? സംസ്ഥാനത്തോ കേന്ദ്രത്തിലോ ഉള്ള ഭരണകൂടങ്ങള്‍ ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ ഉത്കണ്ഠപ്പെടുന്നില്ല. ഈ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെ ജനങ്ങള്‍ ഞങ്ങളെ പോലെ അനുഭവിക്കുന്നുണ്ടാകില്ല, ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന കാര്യങ്ങളാണോ ഇത്? നാണ്ടോ സിംഗ് എന്ന പ്രദേശവാസിയുടെ രോഷവും ദുഃഖവും കലര്‍ന്ന ചോദ്യങ്ങളാണ്.

അതേസമയം യുഎന്‍സി സാമ്പത്തിക ഉപരോധം പിന്‍വലിച്ച് മനുഷ്യത്വപരമായി കാര്യങ്ങളെ കാണമമെന്നാവശ്യപ്പെട്ട് ഇറോ ശര്‍മിള നേതൃത്വം നല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ People’s Resurgence and Judicial Assurance (PRJA) അടക്കം വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.

പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ ഏതാനും ട്രക്കുകള്‍ ഇംഫാലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കനത്തസുരക്ഷയുടെ കീഴിലണ് ട്രക്കുകള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇവ മതിയായ രീതിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തികയില്ലെന്ന പരാതിയും ഉണ്ട്.

പ്രതിസന്ധി സാമ്പത്തിക-സാമൂഹിക രംഗങ്ങളെയെല്ലാം സാരമായി ബാധിച്ചിരിക്കുകയാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളാണ് സംസ്ഥാനത്തെ ന്യൂസ് പേപ്പര്‍ പ്രസിദ്ധീകരണവും വിതരണവും നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത് എഎംഎന്‍പിഎ യും എഎംഎന്‍എസ്ഡിഎ യും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. പണത്തിന്റെ ലഭ്യതയില്ലായ്മ തന്നെയാണ് ഈ മേഖലയേയും തിരിച്ചടിച്ചത്. ഇംഗ്ലീഷ്- പ്രാദേശിക ഭാഷ പത്രങ്ങളായി 20 വര്‍ത്തമാന പത്രങ്ങള്‍ ഇംഫാലില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.

ആവശ്യത്തിന് പണം ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം മുതലെടുത്ത് പത്തുശതമാനം കമ്മിഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റം നടത്തിക്കൊടുക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് വ്യാപകമാവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍