UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടുവിചാരമില്ലാത്ത സര്‍ക്കാരും കേന്ദ്രബാങ്കും ചേര്‍ന്ന് ജനാധിപത്യത്തെ അപഹസിക്കുമ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പണമിടപാടുകളുടെ ഏതാണ്ട് 86 ശതമാനം വരുന്ന നോട്ടുകള്‍ വെറും വിലയില്ലാ കടലാസുകളായി പ്രഖ്യാപിച്ചിട്ട് ഏതാണ്ട് രണ്ടാഴ്ച്ചയായിരിക്കുന്നു. ആലോചനാശൂന്യമായ, തയ്യാറെടുപ്പില്ലാത്ത, ‘തലക്കെട്ടില്‍ സ്ഥാനം പിടിക്കാനുള്ള’ ഈ നീക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ സമ്പദ് രംഗവും രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനതയും അനുഭവിക്കുകയാണ്. ഒരു പണ സമ്പദ് വ്യവസ്ഥ എന്നു വിളിക്കാവുന്ന ഇന്ത്യയില്‍ മൊത്ത ആഭ്യന്തര ഉത്പാദനവും പണവും തമ്മിലുള്ള അനുപാതം ഏതാണ്ട് 10 ശതമാനത്തില്‍ ഏറെ വരും. കൂടാതെ ഏറിയ പങ്കും പണം കൈമാറ്റത്തെ ആശ്രയിക്കുന്ന അസംഘടിത മേഖലയും പണം വിതരണത്തിലെ ഈ നിയന്ത്രണം മൂലം സാമ്പത്തിക മരവിപ്പിലാണ്. ഇത് സാമ്പത്തിക ഇടപാടുകളെ കുറയ്ക്കുകയും ഉപഭോഗത്തെ പരിമിതപ്പെടുത്തുകയും ജനങ്ങളുടെ ദുരിതത്തെ കൂട്ടുകയും ചെയ്തു. ഈ നീക്കം ഇന്ത്യയിലെ വിവേചനങ്ങളുടെ ഭീമാകാരരൂപത്തെ ഒന്നുകൂടി വെളിവാക്കുകയും പ്രാപ്യതയിലുള്ള അസമത്വത്തെ എന്നത്തേക്കാളും കൂടുതലായി തീക്ഷ്ണമായി കാണിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം തീര്‍ച്ചയാണ്; പണം പിന്‍വലിക്കല്‍ നീക്കം ഏറ്റവും ദരിദ്രരെയും ഔപചാരിക ബാങ്കിംഗിന്റെയും, ഡിജിറ്റല്‍ സമൂഹത്തിന്റെയും പുറത്തുള്ള ആളുകളെ പരിക്കേല്‍പ്പിച്ചിരിക്കുകയാണ്.

ഇത്തരമൊരു നീക്കത്തിന്റെ യുക്തി അവ്യക്തമാണ്. ദേശീയ അന്വേഷണ ഏജന്‍സിക്ക് വേണ്ടി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2015-ല്‍ നടത്തിയ പഠനത്തില്‍ കണക്കാക്കിയത് 400 കോടി രൂപയുടെ വ്യാജ നോട്ട് – ഇപ്പോള്‍ അസാധുവാക്കിയ 14.73 ലക്ഷം കോടി രൂപയുടെ ഏതാണ്ട് 0.027 ശതമാനം – ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രചരിക്കുന്നുണ്ട് എന്നാണ്. ഈ നീക്കം, മികച്ച രീതിയില്‍പ്പോലും വ്യാജ നോട്ട് തടയാനായി ഒറ്റത്തവണ നടപ്പാക്കാന്‍ മാത്രം കഴിയുന്ന ഒന്നാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ കാണിക്കുന്നത് ഇതേ പ്രശ്നം അടുത്ത ഭാവിയില്‍ ഇനിയും പ്രത്യക്ഷപ്പെടാതിരിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നുമാണ്.

കള്ളപ്പണത്തിന്റെ വെറും 5-6 ശതമാനം മാത്രമാണ് പണത്തിന്റെ രൂപത്തില്‍ സൂക്ഷിക്കപ്പെടുന്നത് എന്ന വസ്തുത തന്നെ തലയിണക്കടിയില്‍ കള്ളപ്പണവും വെച്ചു ഉറക്കം നഷ്ടപ്പെടുന്ന ‘കള്ളപ്പണ’ക്കാര്‍ എന്ന മോദി സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഹിന്ദി ചലചിത്ര സങ്കല്‍പ്പത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു. കള്ളപ്പണത്തിന്റെ ഇത്രയും ചെറിയ ഒരു അളവിനെ പിടിക്കാന്‍ ഇത്രയും  വലിയ ആഘാതങ്ങളുണ്ടാക്കുന്ന ഒരു നയം നടപ്പാക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. പ്രധാനപ്പെട്ട മറ്റൊരു കാര്യം തങ്ങളുടെ കണക്കില്‍പ്പെടാത്ത പണം വെട്ടിക്കാനുള്ള പലതരം വഴികള്‍ ആളുകള്‍ ഇപ്പോഴേ കണ്ടെത്തിക്കഴിഞ്ഞു എന്നതാണ്. ഇനിയിപ്പോള്‍ ഇപ്പറയുന്ന കള്ളപ്പണക്കാര്‍ കുറെ കാശ് അമ്പലത്തിലെ ഭണ്ഡാരങ്ങളില്‍ ഇടാന്‍ നിര്‍ബന്ധിതരായി എന്നുവെച്ചാലും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ ദിവസക്കൂലിക്കാരായ സാധാരണക്കാര്‍ക്ക് മേല്‍ വരുത്തിയ ദുരിതത്തേക്കാള്‍ വലുതല്ല അതൊന്നും. നഗരത്തിലെ ഒരു വിഭാഗം, സംഘടിത വിഭാഗത്തിലും മധ്യവര്‍ഗത്തിലും പെട്ട കുറച്ചുപേര്‍ക്ക് പണരഹിത ഇടപാടുകളിലൂടെ ‘കുറച്ച്’ ആഴ്ച്ചകള്‍ കാത്തിരിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും ദിവസക്കൂലിയെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ കൈവശപ്പണത്തിന്റെ പ്രതിസന്ധി തീരും വരെ എങ്ങനെ പിടിച്ച് നില്‍ക്കാനാകും എന്നതാണു ചോദ്യം. 500 രൂപയുടെ നോട്ടുകള്‍ വ്യാപകമായി ലഭിക്കാത്തിടത്തോളം 2000 രൂപയുടെ നോട്ടുകള്‍ ഇടപാടുകളില്‍ പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ വരുന്നു.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും കാതങ്ങള്‍ അകലെ നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ ഇന്ത്യക്ക് പണരഹിത സമ്പദ് വ്യവസ്ഥയായി പ്രവര്‍ത്തിക്കാനാകുമെന്നും അത്  50 ദിവസത്തെക്കാണെങ്കില്‍പ്പോലും ഒരു ‘ചെറിയ വേദന’ മാത്രമാണെന്നും പറയാനാകൂ. സമ്പദ് രംഗത്തെ തിരിച്ച് പണമൊഴുക്കിലേക്ക് കൊണ്ടുവരാന്‍ കരുതിയതിലും എത്രയോ ഏറെ സമയമെടുക്കും എന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതിനിടയില്‍, മൊത്ത, ചെറുകിട വില്‍പ്പനക്കാര്‍ പണത്തിന്റെ ക്ഷാമം അനുഭവിക്കുന്നതോടെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ ശൃംഖല തടസപ്പെടും, ആളുകളുടെ വാങ്ങല്‍ ശേഷി കുത്തനെ താഴോട്ട് പോകുന്നതോടെ അവശ്യസാധനങ്ങള്‍ക്കുവേണ്ടിയുള്ള കരുതിവെക്കല്‍ കൂടുകയും മറ്റ് വാങ്ങലുകളെ അത് രൂക്ഷമായി ബാധിക്കുകയും ചെയ്യും. കയ്യിലുള്ള പണം കൊണ്ട് കടത്തുകൂലിയും തൊഴിലാളികളുടെ വേതനവും നല്കാന്‍ കഴിയാതെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് നിസാര വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടിവരുന്നത് കാര്‍ഷിക വിപണിയെ ബാധിക്കുകയാണ്. അതുപോലെ റാബി കാലത്ത് കൃഷിയിറക്കാന്‍ വേണ്ട വിത്തുകള്‍ക്കും വളത്തിനും വേണ്ട പണവും കര്‍ഷകരുടെ കയ്യിലില്ല. കര്‍ഷകരുടെ സാമ്പ്രദായിക വായ്പാ മാര്‍ഗങ്ങളും ഒറ്റ രാത്രികൊണ്ടു ഇല്ലാതായി. ബാങ്കിംഗ് മേഖലയെ ആശ്രയിക്കാന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയെയും സജ്ജരാക്കാതെയാണ് ഇത്തരം അനൌദ്യോഗിക വിപണികളെ പ്രവര്‍ത്തനരഹിതമാക്കിയത്. ഈ ചിന്താശൂന്യമായ നടപടിയിലൂടെ നല്ല കാലവര്‍ഷത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന് നഷ്ടമായേക്കും.

ഈ കുഴപ്പങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ ചുമതലപ്പെട്ട കേന്ദ്ര നിരീക്ഷണ സംവിധാനം എന്താണ് ചെയ്യുന്നത്? വേണ്ടത്ര ആലോചനയോ തയ്യാറെടുപ്പോ കൂടാതെ നടത്തിയ ഒരു പ്രഖ്യാപനത്തോടൊപ്പം എങ്ങനെയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നീക്കത്തിനൊപ്പം പോയത്? ഇതുപോലൊരു കടുത്ത നടപടിക്കു മുമ്പേ പലതും ചെയ്യാനുണ്ടായിരുന്നു.  ഉദാഹരണത്തിന്, ബാങ്കുകളില്‍ ചെറിയ നോട്ടുകള്‍ ഉറപ്പാക്കിയാല്‍ മൊത്തം പണത്തിന്റെ വിതരണം ഇത്രയേറെ തടസപ്പെടില്ലായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെയുള്ള ദിവസങ്ങളില്‍ വന്ന എടിഎമ്മില്‍ 2000 രൂപ വെക്കാനുള്ള മാറ്റങ്ങള്‍ വരുത്തുന്നത്, മൊബൈല്‍ എടിഎം തുടങ്ങി ആളുകള്‍ക്ക് ഒരു തവണ മാത്രം പണം കൈമാറാന്‍ അനുവദിക്കുന്നതിന് കൈവിരലില്‍ മഷി പുരട്ടുന്നതുപോലുള്ള അപഹാസ്യമായ നീക്കങ്ങളടക്കം മുട്ടുശാന്തി നടപടികളാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ പോലും കര്‍ഷകര്‍ക്ക്, വീട്ടില്‍ വിവാഹം നടത്താനുള്ളവര്‍ക്ക്, കച്ചവടക്കാര്‍ക്ക് ഒക്കെ വ്യത്യസ്ത പണം പിന്‍വലിക്കല്‍ പരിധികളുമായി പുതിയ മാനദണ്ഡങ്ങള്‍ വരികയാണ്. വീണ്ടുവിചാരമില്ലാത്ത ഒരു സര്‍ക്കാരിന്റെയും വഴങ്ങിക്കൊടുക്കുന്ന ഒരു ധനകാര്യ മേല്‍നോട്ട സ്ഥാപനത്തിന്റെയും വെളിപാടുകള്‍ക്ക് സാധാരണക്കാരുടെ നിത്യജീവിതത്തെ ഇങ്ങനെ പന്താടാന്‍ കഴിയുന്നത് ജനാധിപത്യത്തെ വെറും കോമാളിത്തമാക്കുകയാണ്.

 

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍