നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടായതായി റിപ്പോര്‍ട്ട്
പുതുവര്‍ഷമായിട്ടും നോട്ട് നിരോധനം മൂലമുള്ള അനിശ്ചിതത്വവും ആശയക്കുഴപ്പവും നീങ്ങുന്നില്ല. വിവിധ മേഖലകളെ വിവിധ രീതിയിലാണ് തീരുമാനം പിന്നോട്ടടിച്ചിരിക്കുന്നത്. പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ കാഴ്ച ശക്തി കുറവുള്ളവര്‍ക്ക് സാധിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. പുതിയ നോട്ടുകളുടെ വലിപ്പമാണ് ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉദാഹരണത്തിന് പുതിയ അഞ്ചൂറ് രൂപ നോട്ടുകള്‍ക്ക് പഴയ 20 രൂപ നോട്ടിന്റെ വലിപ്പമേയുള്ളു. അതിനാല്‍ തന്നെ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് ഇത്തരക്കാര്‍ നോട്ടുകള്‍ തിരിച്ചറിയാനുള്ള ശേഷി നേടുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടായ തീരുമാനം ഇവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. നിരോധിച്ച നോട്ടുകള്‍ നല്‍കി ഇത്തരക്കാരെ പറ്റിക്കുന്നതും വ്യാപകമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നു.
സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മൂലം ഏറെക്കാലമായി പത്തിമടക്കിയിരുന്ന മഹാരാഷ്ട്രയിലെ സ്വകാര്യ പലിശക്കാര്‍ നോട്ടു നിരോധനത്തെ തുടര്‍ന്ന് സജീവമായതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നോട്ടു ക്ഷാമം മൂലം റാബി വിളവിറക്കുന്നതിന് വെറും 18 ശതമാനം പണം മാത്രമേ ജില്ല സഹകരണസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചുള്ളു. ഇവിടെയാണ് സ്വകാര്യ പണമിടപാടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഉല്‍പാദനക്ഷമത വര്‍ദ്ധിച്ചതിനാല്‍ ഈ കൊല്ലം കൂടുതല്‍ പ്രദേശങ്ങളില്‍ വിളവിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംസ്ഥാനത്തെ കര്‍ഷകര്‍. എന്നാല്‍ നോട്ട് ക്ഷാമം ഇതിന് തിരിച്ചടിയായിരിക്കുകയാണ്. സമാന്തര സമ്പദ്വ്യവസ്ഥയായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാടുകാര്‍ 120 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട് എന്നാണ് വിവരം.
നോട്ട് നിരോധനം സാരമായി ബാധിച്ച മറ്റൊരു വിഭാഗം ടിബറ്റില്‍ നിന്നുള്ള കമ്പിളി വസ്ത്ര വ്യാപാരികളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടിബറ്റ് അഭയാര്‍ത്ഥി താവളമായ കര്‍ണാടകയിലെ മുണ്ടഗോഡില്‍ നിന്നാണ് എല്ലാ വര്‍ഷവും ഇവര്‍ മുംബെ തെരുവുകളില്‍ കമ്പിളി വസ്ത്രങ്ങളുമായി എത്തുന്നത്. എന്നാല്‍ ഇക്കൊല്ലം മൊത്തം കച്ചവടത്തില്‍ 50 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചതായി മുംബെ ടിബറ്റന്‍ സ്വറ്റര്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ അംഗം അന്നു കാമാര്‍ പറയുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉല്‍പാദന മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടായതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തീരുമാനം വിഘാതമായിട്ടുണ്ട്.