UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഴുവന്‍ മനുഷ്യരുമുള്‍ക്കൊള്ളുന്ന ഒരു പ്രാദേശിക സമ്പദ് വ്യവസ്ഥയെ കഴുമരത്തിലേക്കാനയിക്കാന്‍ നിര്‍ത്തിയിരിക്കുകയാണ്

എം ബിനോയ് 

സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍, എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയതിന് ലഭിച്ച കപ്പ് നിറം മങ്ങിയിട്ടുണ്ടെങ്കിലും ഇന്നും വീട്ടിലിരിപ്പുണ്ട്. നാട്ടിലെ ഒരേയൊരു പൊതുമേഖലാ ബാങ്ക് ആയിരുന്ന കാനറാ ബാങ്കിലും അച്ഛന് അക്കൗണ്ട് ഉണ്ടായിരുന്നു. പക്ഷേ അവിടെ നിന്ന് അനുമോദനമൊന്നും കിട്ടിയതായി ഓര്‍മ്മയില്ല. ചായ കുടിക്കുന്ന ഗ്ലാസ്സിന് പുറത്ത് നാട്ടിലെ ബാങ്കിന്റെ പേരുണ്ട്. ചുമരില്‍ തൂങ്ങുന്ന കലണ്ടറും സഹകരണ ബാങ്കിന്റേതാണ്. സാധനം വാങ്ങിയിരുന്നത് കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്നാണ്.  ഓര്‍മ്മയുണ്ട്, പണത്തിന് ആവശ്യം വന്നപ്പോഴൊക്കെ അച്ഛന്‍ ഓടിയത് അവിടേക്കായിരുന്നു. ആള്‍ ജാമ്യത്തില്‍ ലോണ്‍ കിട്ടും. ഒരംഗം മറ്റൊരംഗത്തിന് ജാമ്യം നില്‍ക്കുന്നു. അത് ഒരു വിശ്വാസമാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ അധികവും ഗ്രാമങ്ങളിലാണ്. പേരു പോലെ അതില്‍ സഹകരണത്തിന്റെ ഒരു ബന്ധം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പുല്‍ത്തൊട്ടിക്ക് മുമ്പില്‍ കുറുക്കി കെട്ടിയ പശുക്കള്‍ക്ക് ഭക്ഷണം ഒരു കാഴ്ച മാത്രമാണ്. ഓരോ നാവ് നീട്ടലിലും അസ്വസ്ഥമായ കഴുത്ത് വേദനയോടെ അത് വിശപ്പിന് കീഴടങ്ങുന്നു. കഴിഞ്ഞ പത്ത് ദിവസങ്ങളായി നമ്മുടെ സഹകരണ ബാങ്കുകളും അങ്ങനെയാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരും.

നാട്ടിന്‍പുറങ്ങളുടെ റിസര്‍വ്വ് ബാങ്ക് തൊട്ടടുത്ത സഹകരണ ബാങ്കുകളാണ്. ഗ്രാമീണരുടെ സാമ്പത്തികാവശ്യം ഏതോ ഒരു നേതാവ് പറഞ്ഞതുപോലെ് ‘ധാരാളിത്തത്തിന് ഉള്ളതാണ്’ എന്ന് കരുതുക വയ്യ. രണ്ട് ദിവസം മുമ്പ് പണത്തിന് വേണ്ടിയുള്ള ഒരു ബാങ്കിലെ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. തൊട്ട് പിന്നില്‍ നിന്ന സ്ത്രീ പതുക്കെ കരയുന്നു. തിരിഞ്ഞ് നോക്കിയ എന്നോട് ഒരു മുഖവുരയുമില്ലാതെ അവര്‍ പറഞ്ഞ് തുടങ്ങി. ‘പടച്ചോനാണേ, മക്കക്ക് ബിസ്‌ക്കറ്റ് മാത്രം കൊടുത്തിട്ടാ ഞാന്‍ വീട്ടീന്ന് ഇറങ്ങീത്. ഇന്നലെ ടോക്കണ്‍ കിട്ടീല്ല. ഇന്നും കിട്ടീല്ലെങ്കി എന്റെ മക്ക്ക്ക് കൊടുക്കാന്‍ ഇനി ന്നും എന്റടുത്തില്ല. കുടുംബശ്രീന്ന് കാശിന് നോക്കിയപ്പം സഹകരണത്തില് പൈസയില്ലാന്ന്.’ വരി നിന്നവരെല്ലാം ആ വാക്കുകേട്ട് പൊള്ളി. എല്ലാവരും അവര്‍ക്ക് വേണ്ടി വഴിമാറി.

അവരവസാനം പറഞ്ഞ, കുടുംബശ്രീ ഫണ്ടിന് സംഭവിച്ച ദുര്യോഗം നമ്മളെ കൂടുതല്‍ നടുക്കും. കേരളത്തിന്റെ സ്ത്രീ വികസനത്തിലും, പൊതു സാമൂഹ്യ വികാസത്തിലും കുടുംബശ്രീയുടെ പങ്ക് എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രണ്ടേകാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളും 41 ലക്ഷം അംഗങ്ങളുമുള്ള കുടുംബശ്രീയുടെ സാമ്പത്തിക അടിത്തറ കുഞ്ഞ് പൈസ ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ത്രിഫ്റ്റ് ഫണ്ടാണ്. മൂവായിരം കോടിയിലധികം വരുന്ന ഈ നിക്ഷേപങ്ങളത്രയും സഹകരണ ബാങ്കുകളിലാണ്. നാലായിരത്തി എണ്ണൂറ് കോടിയോളം വരുന്ന ബാങ്ക്, ലിങ്കേജ് ലോണുകളും ഉപയോഗപ്പെടുത്തുന്ന ഈ മഹാ പ്രസ്ഥാനവും സഹകരണ മേഖലയോടൊപ്പം കഴിഞ്ഞ 10 ദിവസമായി ചലനമറ്റിരിക്കുന്നു. ആഴ്ചയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ, എടുത്ത് വച്ച ഫണ്ട് അടയ്ക്കാനാവാതെ, അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരു കുഞ്ഞ് ലോണ്‍ പോലും എടുക്കാനാവാതെ വലിയ സങ്കടം പേറുകയാണ് സാധാരണക്കാരായ സ്ത്രീകള്‍.  

കര്‍ഷകരെ സഹായിക്കുന്നതിനും സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുകയാണ് ഉചിതമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആലോചിച്ചത് 1900-നും മുമ്പ്. ഇന്ത്യയ്ക്ക് ചേരുന്ന തരം സഹകരണ സംഘങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള ആലോചനകള്‍ക്കായി 1892-ല്‍ മദ്രാസ്സ് ഗവണ്‍മെന്റ് സര്‍ ഫ്രെഡറിക് നിക്കോള്‍സണെ യൂറോപ്പിലേക്ക് അയച്ചു. 1899-ല്‍ നിക്കോള്‍സണ്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജര്‍മനിയിലെ ഗ്രാമീണ ബാങ്കുകളുടെ മാതൃകയില്‍ ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു. അവിടുന്നിങ്ങോട്ട് ഗ്രാമ സമ്പദ് വ്യവസ്ഥയുമായി ഇണപിരിയാതെ വളര്‍ന്നുവന്നതാണ് നമ്മുടെ സഹകരണ മേഖല. കേരളത്തില്‍ അത് മറ്റ് ധനകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന രീതിയില്‍ പ്രൊഫഷണലിസത്തോടെ മുന്നോട്ട് നീങ്ങി. അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും വിശ്വാസം ആര്‍ജ്ജിക്കുന്നതിന് അതിന് സാധിച്ചു. എപ്പോ പണത്തിന് കൈ നീട്ടിയാലും ലഭിക്കും വിധം നിക്ഷേപത്തെ സൂക്ഷിക്കുന്നതിനുള്ള പക്വത അതിനുണ്ട് എന്ന് നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. നടപടിക്രമങ്ങളിലെ കെട്ടുപാടുകളില്ലായ്മയും ജനാധിപത്യ സ്വഭാവവും അതിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ഒരുലക്ഷത്തി അമ്പതിനായിരം കോടിയില്‍പ്പരം രൂപയുടെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ അത് വളര്‍ന്നതിന് അടിത്തറയായത് ഇതൊക്കെയാണ്.

രാജ്യത്തിന്റെ ബാങ്കുകള്‍ ആര്‍.ബി.ഐയോടും കേന്ദ്ര സര്‍ക്കാരിനോടും വിധേയത്വവും കൂറും പുലര്‍ത്തുന്നു. പക്ഷേ സഹകരണ ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിനോടും പ്രാദേശിക സംവിധാനങ്ങളോടുമാണ് ഒട്ടി നില്‍ക്കുന്നത്. സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞത് അതു കൊണ്ടാണ്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതുണ്ടാക്കുന്ന ഫലങ്ങളെ ശരിക്കും നോക്കിക്കാണണം. നാഷണലൈസ്ഡ് ബാങ്കുകളുടെ നിക്ഷേപം പലമടങ്ങുകളായി ഉയര്‍ന്നിരിക്കുന്നു. എന്നു വച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് കീഴിലേക്ക് രാജ്യത്തെ ബഹുഭൂരിപക്ഷം നിക്ഷേപങ്ങളും കേന്ദ്രീകരിക്കുന്നു. ആദായ നികുതി വകുപ്പ്, പരിധിയില്‍ കൂടുതലുള്ള പണകൈമാറ്റങ്ങളെയും, നിക്ഷേപങ്ങളെയും പിടികൂടി പിഴയീടാക്കുന്നു. ഇതുവഴിയും വലിയ തുക കേന്ദ്ര ഗവവണ്‍മെന്റിലേക്ക് എത്തുമെന്ന് ഉറപ്പ്. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശത്തോടെ അടുത്ത കാലത്ത് വല്ലാതെ വര്‍ദ്ധിച്ചു എന്ന് കണക്കുകള്‍. കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ അങ്ങനെയും വരുമാനം. സത്യത്തില്‍ ഈ പ്രക്രിയയില്‍ പണത്തിന്റെ ഒരു കേന്ദ്രീകരണം ഡല്‍ഹിയിലേക്ക് സംഭവിക്കുന്നുണ്ട്. പണവും അധികാരവും തമ്മിലുള്ള ബന്ധം സുവ്യക്തമാണ്. കേന്ദ്രത്തില്‍ സംഭവിക്കുന്നതിന് നേരെ വിപരീതമാണ് സംസ്ഥാനങ്ങളില്‍. കേരളത്തിന്റെ കാര്യമെടുക്കുക തനത് സ്ഥാപനങ്ങളായ കെ.എസ്.എഫ്.ഇ, സഹകരണ ബാങ്കുകളും സംഘങ്ങളും തുടങ്ങിയവ എല്ലാം നിശ്ചലമായി. വില്‍പ്പന ഇടിഞ്ഞു. സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗങ്ങളായ ലോട്ടറി, രജിസ്‌ട്രേഷന്‍ ഒക്കെ താറുമാറായി. സംസ്ഥാനം സാമ്പത്തിക മാന്ദ്യത്തിലേക്ക് എളുപ്പം കൂപ്പുകുത്തുന്നു. ഫെഡറലിസത്തെ തന്നെ അപകടത്തിലാക്കുന്നു. സഹകരണ സ്ഥാപനങ്ങളെ അനങ്ങാന്‍ വിടാതെയാക്കിയതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥ തന്നെ തകിടം മറിയുകയാണ്.

കേരളത്തിന്റെ ദൈനം ദിന സാമ്പത്തിക ജീവിതത്തില്‍ സഹകരണ മേഖലയുടെ പങ്ക് അത്ര വലുതാണ്. സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളും ചേര്‍ന്ന ശൃംഖല, 1611 പ്രാഥമിക സഹകരണ ബാങ്കുകളും അവയുടെ 2500 വരുന്ന ബ്രഞ്ചുകളും, പതിനായിരത്തിലധികം പ്രാഥമിക സഹകരണ സംഘങ്ങള്‍, അവയില്‍ മത്സ്യ, ക്ഷീര മേഖലകളിലായി ആയിരത്തിനടുത്ത് സംഘങ്ങള്‍, പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള എഴുന്നൂറിലധികം സൊസൈറ്റികള്‍. 1150 വനിതാ സംഘങ്ങള്‍, എന്തിന് ആദിവാസി മേഖലയില്‍ മാത്രമായി നൂറിനടുത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണക്കുകള്‍. ഇതിനൊക്കെ പുറമെ സ്‌കൂള്‍ കോളേജ് സ്റ്റോറുകളും, ഷോപ്പുകളും, തൊട്ട് ആശുപത്രികള്‍ വരെ നീണ്ട് കിടക്കുന്ന അതി ബൃഹത്തായ മേഖലകള്‍.

മറുവാദങ്ങള്‍ എല്ലാം സഹകരണ ബാങ്കുകളിലെ കള്ളപ്പണമെന്ന കാര്യത്തില്‍ തറച്ച് നില്‍ക്കുകയാണ്. ശരി, കുറച്ച് കള്ളപ്പണം അവിടെ ഉണ്ടെന്ന് വയ്ക്കാം. അത് കണ്ടെത്താന്‍ ചെറിയ പരിശോധന മതി. സ്വര്‍ണ്ണക്കടയില്‍ കെ.വൈ.സി വേണം എന്ന് നിഷ്‌കര്‍ഷിച്ചതു പോലെ ഒരു നിര്‍ദ്ദേശത്തിന് കീഴില്‍ ഒരു പ്രതിസന്ധിയും കൂടാതെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് അവസരമൊരുക്കേണ്ടതാണ്. പക്ഷേ അതുണ്ടാവാത്തതിന് രാഷ്ട്രീയ കാരണങ്ങളുണ്ട് എന്ന നിഗമനത്തിലേക്ക് നാം എത്തേണ്ടി വരും. വിപണി പിടിക്കുക എന്ന ന്യൂജെന്‍ ബാങ്ക് താത്പര്യങ്ങളും അതിനോട് ചേര്‍ത്ത് വായിക്കണം. കാരണം 160000 കോടി എന്നത് നിസ്സാര സംഖ്യ അല്ല.

ബാങ്കിങ് വിശ്വാസത്തിന്റെ വിപണിയാണ്. പത്ത് ദിവസമായി ലിക്വിഡിറ്റി (അനായാസം പണമാക്കിമാറ്റാവുന്ന വസ്തുക്കള്‍ കയ്യിലുള്ള അവസ്ഥ, ചെക്ക്, എസ്.ബി അക്കൗണ്ട്,തുടങ്ങിയവ ) സഹകരണ ബാങ്കുകളിലില്ല. മറുവശത്ത് ഗുണഭോക്താക്കള്‍ പണത്തിന് നെട്ടോട്ടമോടുന്നു. ഇത്രയും കാലം സഹകരണ പ്രസ്ഥാനത്തില്‍ നിന്നും ലഭിച്ച എല്ലാ നന്മകളെയും വിസ്മരിക്കാന്‍ മാത്രം വലിയ കഷ്ടപ്പാടുകളിലേക്ക് അതിലെ നിക്ഷേപകരെ നിര്‍ബന്ധപൂര്‍വ്വം ഓടിച്ച് വിട്ടിരിക്കുന്നു. അവിടെ നിന്ന് അവര്‍ കയറിവരിക സഹകരണത്തിന്റെ പടിവാതില്‍ക്കലേക്കായിരിക്കില്ല എന്ന ഒരു വിപണി ശാസ്ത്രത്തിന്റേതാണ് ഈ നിബന്ധനകള്‍. സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് സൂക്ഷിച്ച പല സ്ഥാപനങ്ങളും അക്കൗണ്ട് മാറ്റുന്നതിനേപ്പറ്റി ആലോചന തുടങ്ങിയിരിക്കുന്നു. ആബാലവൃദ്ധം മനുഷ്യരുമുള്‍ച്ചേര്‍ന്ന ഒരു പ്രാദേശിക സമ്പദ് വ്യവസ്ഥയെ, ആടുന്ന കൊലക്കയറിന് മുമ്പില്‍ കൈ പിന്നില്‍ ബന്ധിച്ച് നിര്‍ത്തിയിരിക്കുക തന്നെയാണ് ആ നിബന്ധനകള്‍ എന്ന് പറയാതെ വയ്യ.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍