UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എ ടി എം പ്രതിസന്ധി; പ്ലാന്‍ ബി ഇല്ല

അഴിമുഖം പ്രതിനിധി 

500, 1000 നോട്ടുകള്‍ പിന്‍വലിച്ചപ്പോഴുണ്ടായ ആഘാതത്തിലാണ് ജനങ്ങള്‍ ഇപ്പോഴും. ദൈനംദിന ആവശ്യങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് മുന്നില്‍ അന്തമില്ലാതെ നീളുന്ന ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ക്ക് അടുത്ത ഷോക്ക് നല്‍കുന്ന വാര്‍ത്തയാണ് ഇന്നത്തെ മിക്ക പത്രങ്ങളിലും. കറന്‍സി പിന്‍വലിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ മാറ്റുവാന്‍ 50 ദിവസം കൂടി കാത്തിരിക്കണം എന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്ന ഒരു വലിയ മാറ്റം കൊണ്ടുവരുമ്പോള്‍, അതുകൊണ്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മറികടക്കാനുള്ള മുന്‍കരുതലുകള്‍ എന്തുകൊണ്ട് ഭരണകൂടത്തിനു സ്വീകരിച്ചില്ല എന്നുള്ള വലിയ ചോദ്യം അപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കുന്നു. 

അതവിടെ നില്‍ക്കട്ടെ. നമ്മുടെ ഇപ്പോഴത്തെ വിഷയം എടിഎമ്മുകളാണ്.

ബാങ്കുകളില്‍ എത്താതെ പണമിടപാടുകള്‍ നടത്താനായി ആശ്രയിച്ചിരുന്ന എടിഎമ്മുകള്‍ പണിമുടക്കിയതാണ് ജനത്തെ കൂടുതല്‍ വലച്ചത്. രാജ്യത്താകെയുള്ള 2,20,000 എടിഎമ്മുകളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇപ്പോഴും ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. പുതിയ നോട്ടുകള്‍ എത്തിത്തുടങ്ങിയപ്പോഴാകട്ടെ അടുത്ത പ്രശ്‌നം തലപൊക്കി. 500- 2000 രൂപയുടെ നോട്ടുകള്‍ എടിഎം മെഷീനുകള്‍ക്ക് പരിചിതമാക്കുന്ന കാലിബ്രേഷന്‍ പ്രൊസസ് നടത്തിയിട്ടില്ലായിരുന്നു. ബാങ്കുകളിലൂടെ പഴയ നോട്ടുകള്‍ മാറ്റുവാന്‍ ആരംഭിച്ചുവെങ്കിലും എടിഎമ്മുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും എന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. അതിനു കാരണം ഈ കാലിബ്രേഷന്‍ എന്ന ‘ചടങ്ങ്’ ആണ്.

എടിഎമ്മുകളുടെ ഉള്ളിലെ നൂലാമാലകള്‍
എടിഎമ്മുകളില്‍ നോട്ടുകള്‍ സൂക്ഷിക്കുന്നത് കാസറ്റുകള്‍ എന്നറിയപ്പെടുന്ന അറകളില്‍ ആണ്. ചില മെഷീനുകളില്‍ മൂന്നും മറ്റു ചിലതില്‍ രണ്ടും കാസറ്റുകളാണ് ഉള്ളത്. 

ഓരോ കാസറ്റുകളും കറന്‍സികളെ കൈകാര്യം ചെയ്യുന്നതിനായി കോണ്‍ഫിഗര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നോട്ടിന്റെ ഡിസൈന്‍, സെക്യൂരിറ്റി, ഭാരം, അളവുകള്‍ എന്നിവ പരിശോധിച്ച ശേഷം  സൂക്ഷിച്ചിരിക്കുന്ന കറന്‍സികള്‍ പ്രത്യേക പോയിന്‍ററുകള്‍ പ്രകാരം സോഫ്റ്റ്‌വെയറുമായി ചേര്‍ന്ന് മെഷീനുകള്‍ തിരിച്ചറിയുകയും നിലവിലുള്ള നോട്ടുകള്‍ ഓരോ കൊമ്പിനേഷനുകളില്‍ പുറത്തേക്ക് വിടുകയും ചെയ്യുന്നു. ഉദാഹരണമായി 2000 രൂപ പിന്‍വലിക്കാനായി എന്റര്‍ ചെയ്യുമ്പോള്‍ 1000+500+100(x5) എന്നീ ഡിനോമിനേഷനുകളില്‍ ഉള്ള നോട്ടുകള്‍ മെഷീന്‍ പുറത്തു വിടുന്നു. ചിലപ്പോള്‍ 1000രൂപയുടെ രണ്ടു നോട്ടുകള്‍ ആയിരിക്കാം ലഭിക്കുക. 

മേല്‍പ്പറഞ്ഞത് പിന്‍വലിക്കലിനു മുന്‍പുള്ള കാര്യം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ ആവശ്യമായ പോയിന്‍ററുകള്‍ ചേര്‍ക്കുന്നത് വരെ മെഷീനോട് 1000 രൂപ ആവശ്യപ്പെട്ടാല്‍ 100ന്റെ 10 നോട്ടുകള്‍ ആവും ലഭിക്കുക, ചിലപ്പോള്‍ 50ന്റെ 20 നോട്ടുകളും. കൂടുതല്‍ തുക ആവശ്യപ്പെട്ടാലുള്ള കഥ പറയേണ്ടതില്ലല്ലോ.

പിന്‍വലിക്കലിന്റെ വിവരങ്ങള്‍ പറഞ്ഞല്ലോ. ഇനി എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനെക്കുറിച്ച്. ഒരു കാസറ്റില്‍ 2500 കറന്‍സികള്‍ നിറയ്ക്കാന്‍ സാധിക്കും. മൂന്നു കാസറ്റുകള്‍ ഉള്ള ഒരു മെഷീനില്‍ ആകെ 7500 നോട്ടുകള്‍. തുല്യമായി വീതിച്ച് 100, 500, 1000 രൂപയുടെ നോട്ടുകള്‍ നിറയ്ക്കുകയാണെങ്കില്‍ ആകെ 40 ലക്ഷം രൂപയുണ്ടാവും. അതേ സമയം 100 രൂപ നോട്ടുകള്‍ ആണെങ്കില്‍ ആകെ 7.5 ലക്ഷം മാത്രമേ സ്റ്റോര്‍ ചെയ്യാനാകൂ. അതിനാല്‍ത്തന്നെ അധികം താമസമില്ലാതെ അവ കാലിയാവുകയും ചെയ്യും. 

മുന്നറിയിപ്പില്ലാതെ ഉണ്ടായ നീക്കമായതിനാല്‍ പല എടിഎമ്മുകളിലും പഴയ നോട്ടുകള്‍ നിറഞ്ഞിരിപ്പുണ്ട്. അത്തരം എടിഎമ്മുകള്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. അവയില്‍ നിന്നും കറന്‍സികള്‍ നീക്കം ചെയ്യുകയാണ് ആദ്യ നടപടി. 

നവംബര്‍ 9നു തന്നെ നോട്ടുകള്‍ മാറ്റുന്ന പ്രക്രിയ ബാങ്കുകള്‍ ആരംഭിച്ചിരുന്നു. ശേഷം നടന്നത് മറ്റു കറന്‍സികള്‍ നിറച്ചിരുന്ന കാസറ്റുകള്‍ നിലവില്‍ ലഭ്യമായ 100രൂപ നോട്ടുകള്‍ക്ക് പറ്റിയ രീതിയില്‍ കാലിബ്രേറ്റ് ചെയ്യുക എന്നതായിരുന്നു. അതും ചെറിയ തോതില്‍ നടന്നു. ഇനിയുള്ളത് എടിഎമ്മുകളിലെ ട്രാന്‍സാക്ഷന്‍ നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ പുനര്‍വിന്യാസം ചെയ്യുക എന്നതാണ്. ആ പ്രക്രിയ നടത്തിയാലേ ഒരു തവണ 2000 രൂപയും പിന്നീട് 4000 ഉം മാത്രം ഉപയോക്താവിന് നല്‍കാന്‍ എടിഎമ്മിനു നിര്‍ദ്ദേശം നല്‍കാന്‍ സാധിക്കൂ. ഇതെല്ലാം കഴിഞ്ഞാല്‍ ഉടന്‍ തന്നെ എല്ലാം ശരിയാവുമെന്നല്ല. മാറ്റിയ കോണ്‍ഫിഗറേഷനില്‍ മെഷീനുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു ടെസ്റ്റ്‌ ചെയ്ത ശേഷമേ ബാക്കി നടപടികള്‍ ഉണ്ടാവൂ. 

ബാങ്കിംഗ്, പേയ്മെന്‍റ്റ്സ് ടെക്നോളജി പ്രൊവൈഡേഴ്സും മറ്റ് അനുബന്ധ ഘടകങ്ങളും അടങ്ങുന്ന ക്യാഷ് ലോജിസ്റ്റിക്സ് മേഖലയാണ് എടിഎം മെഷീന്‍ നവീകരണം, പണം ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. അതിനായി ആകെയുള്ളത് 40000 ജോലിക്കാരും 8800 ക്യാഷ് വാനുകളും ആണ്. മാത്രമല്ല മെഷീനുകള്‍ നവീകരിക്കുന്നതിനായി അതാത് കമ്പനികളുടെ എഞ്ചിനീയര്‍മാര്‍ എത്തേണ്ടതുമുണ്ട്. ഇതെല്ലാം കണക്കുകൂട്ടിയാവാം പ്രധാനമന്ത്രി 50 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടത്. കാത്തിരുന്നു കാണാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍