UPDATES

ചെറുകിട വ്യവസായങ്ങള്‍ സ്തംഭിക്കുന്നു; തൊഴിലാളികള്‍ വീട്ടിലേക്ക്

കാശ് പ്രതിസന്ധി 50 ദിവസം പിന്നിടുമ്പോള്‍

രമ ലക്ഷ്മി

കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂ ഡല്‍ഹിയുടെ ഈ പ്രാന്തപ്രദേശം ചെറുകിട സെല്‍ഫോണ്‍ നിര്‍മ്മാതാക്കളുടെ കേന്ദ്രമായി വളരുകയാണ്. ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവിടേക്കെത്തുന്നു. നോയ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘Make in India’ പദ്ധതിയുടെ ഒരു മാതൃകയായാണ് അവതരിപ്പിക്കപ്പെട്ടത്.

അപ്പോഴാണ് വ്യവസായ മേഖലയെ പിടിച്ചുകുലുക്കിയ നവംബര്‍ 8-ലെ മോദിയുടെ പ്രഖ്യാപനം വരുന്നത്. കള്ളപ്പണം ഇല്ലാതാക്കാനും ഭീകരവാദത്തിനുള്ള പണമൊഴുക്ക് തടയാനുമെന്ന പേരില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പക്ഷേ തുടര്‍ന്നുണ്ടായ പണഞെരുക്കം നിയമപരമായ ചെറുകിട സംരഭങ്ങളെയും ബാധിച്ചു. നോയ്ഡയിലെ നിരവധി നിര്‍മ്മാണ ശാലകള്‍ ഉത്പാദനം പകുതിയായി കുറച്ചു, നാലിലൊന്ന് തൊഴിലാളികള്‍ തിരിച്ചു ഗ്രാമങ്ങളിലേക്ക് പോയി.

“നവംബര്‍ 8-നു മുമ്പ് വളര്‍ച്ചയുടെ നാളുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല,” നോയ്ഡ സംരഭക സംഘടനയുടെ അദ്ധ്യക്ഷന്‍ വിപിന്‍ മല്‍ഹാന്‍ പറഞ്ഞു. അയാള്‍ക്കും ഇവിടെ മൊബൈല്‍ ഫോണ്‍ അനുബന്ധ സാമഗ്രികള്‍ ഉണ്ടാക്കുന്ന സ്ഥാപനമുണ്ട്. “ദിവസം മൂന്ന് വട്ടം പ്രവര്‍ത്തിച്ചിരുന്ന പല ചെറുകിട നിര്‍മ്മാണശാലകളും മറ്റും ഇപ്പോള്‍ ഒറ്റ നേരത്തേക്ക് പ്രവര്‍ത്തനം ചുരുക്കി. ഞങ്ങളെല്ലാം ഞെട്ടലിലാണ്. കച്ചവടത്തിന് ഏറ്റവും പേടിയുള്ള വാക്ക് ‘അനിശ്ചിതത്വമാണ്’. സര്‍ക്കാര്‍ ഞങ്ങളെ അതിലേക്കാണ് വലിച്ചെറിഞ്ഞത്.”

വ്യാപാരം ഉത്തേജിപ്പിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്താണ് മോദി 2014-ല്‍ അധികാരത്തിലെത്തിയത്. ഭരണം പകുതിക്കാലമായപ്പോള്‍ ഈ ഒരൊറ്റ വിവാദ തീരുമാനം നോയ്ഡ പോലെ രാജ്യമൊട്ടാകെയുള്ള കേന്ദ്രങ്ങളില്‍ വ്യാപാരത്തെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.

ഇന്ത്യയിലെമ്പാടുമായി 80 ദശലക്ഷത്തിലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറുതും ഇടത്തരവുമായ വ്യവസായ മേഖലയാകെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം വില്‍പ്പന മാന്ദ്യവും, ഉത്പാദനത്തില്‍ ഇടിവും പിരിച്ചുവിടലും നേരിടുകയാണ്. നെയ്ത്ത്, താഴ് നിര്‍മ്മാണം, തുണിവ്യവസായം, സൈക്കിള്‍ നിര്‍മ്മാണം, കരകൌശല വസ്തുക്കളുടെ നിര്‍മ്മാണമേഖല എന്നിവയെല്ലാം വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങളുടെ പ്രശ്നം നേരിടുന്നു.

ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റാന്‍ 50 ദിവസത്തെ സമയമാണ് നല്കിയത്, എന്നാല്‍ ആ സമയപരിധി കഴിയാറായിട്ടും ഈ പ്രക്രിയ ബാങ്കുകളില്‍ ഇഴഞ്ഞുനീങ്ങുകയാണ്.

വലിയ കാര്‍ നിര്‍മ്മാതാക്കള്‍ വരെ ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതില്‍ വലിയ ഇടിവ് വന്നതോടെ അവരുടെ ചില നിര്‍മ്മാണ ശാലകള്‍ ദിവസങ്ങളോളം അടച്ചിട്ടു. അനിശിതത്വത്തിന്റെ ഒരു പൊതു അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ സ്വാഭാവികമായും പണം പിശുക്കി ചെലവിടാന്‍ തുടങ്ങി. ഇതോടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ തങ്ങളുടെ മൊത്തം ഇടപാടുകളില്‍ കുറവ് വന്നതായി കാണിക്കുന്നു. കാശിന്റെ ക്ഷാമം ആളുകളെ കാര്‍ഡുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടും ഇതാണവസ്ഥ.

ഈ മാസം, Goldman Sachs ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് രംഗത്തിന്റെ വളര്‍ച്ച അടുത്ത വര്‍ഷത്തേക്ക് 6.3% ആയാണ് കണക്കാക്കിയത്.

“വിപണിയില്‍ നിന്നും പുതിയ ആവശ്യങ്ങളൊന്നും ഇല്ല എന്ന മുറുമുറുപ്പാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ ഞങ്ങള്‍ക്ക് പണം നല്കാന്‍ കഴിയാത്തതുമൂലം കെട്ടിക്കിടക്കുകയാണ്. ചരക്ക് കുന്നുകൂടുന്നു,” നോയ്ഡയിലെ സെല്‍ഫോണ്‍ കൂട്ടിച്ചേര്‍ക്കല്‍ സ്ഥാപനത്തിലുള്ള ജോലി നഷ്ടപ്പെട്ട് വടക്കേ ഇന്ത്യയിലെ തന്റെ താറാവ് ഗ്രാമത്തില്‍ തിരികെയെത്തിയ സുധീര്‍ രാംഫൂല്‍ സിങ്,33, പറഞ്ഞു. ഏഴു പേരുള്ള കുടുംബത്തിന്റെ ഏക അത്താണി അയാളാണ്. “ഉത്പാദനം മന്ദഗതിയിലായി. സ്ഥാപനം 10 ദിവസം അടച്ചിട്ടു. വീണ്ടും തുറന്നപ്പോള്‍ ഞങ്ങള്‍ പലരോടും വിട്ടുപോകാന്‍ ആവശ്യപ്പെട്ടു.”

മോദിയാണ് കഴിഞ്ഞ വര്‍ഷം നോയ്ഡയില്‍ സെല്‍ഫോണ്‍ വ്യാപാരം ഉയരാന്‍ ഇടയാക്കിയത് എന്നാണ് വൈരുദ്ധ്യം.

“നേരത്തെ ഇന്ത്യയിലെ നിയമങ്ങള്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും പൂര്‍ണമായി നിര്‍മ്മിച്ച മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അനുകൂലമായിരുന്നു,” നികുതി ഉപദേശകന്‍ സൌരഭ് മാത്തൂര്‍ പറഞ്ഞു. പക്ഷേ മോദി “അത് ചെറുകിട സംരംഭകര്‍ക്ക് പ്രധാന ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തു ഇവിടെ കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലാക്കി. അതേതാണ്ട് 1,00,000 തൊഴിലുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിച്ചു.”

നോയ്ഡയിലെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ ലാവ ഇന്റര്‍നാഷണല്‍ തങ്ങളുടെ ഉത്പാദനം 10 ദിവസത്തേക്കു നിര്‍ത്തിവച്ചു, തൊഴിലാളികളെ അവധിയില്‍ അയച്ചു.

“സാഹചര്യം മെച്ചപ്പെടുന്നുണ്ടോ മോശമാകുന്നുണ്ടോ എന്നു ഞങ്ങള്‍ കാത്തിരുന്ന് കാണുകയാണ്. അതിനനുസരിച്ചായിരിക്കും അടുത്ത നടപടി,” കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ വ്യാപാര മാന്ദ്യവും ബാങ്കുകളിലെ വരിയും പ്രചാരണ വിഷയങ്ങളാകുന്നുണ്ട്.

“തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വിട്ടേക്കൂ, മോദിയുടെ നയങ്ങള്‍ ആളുകളുടെ ഉള്ള ജോലിപോലും ഇല്ലാതാക്കുകയാണ്,” കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു പൊതുയോഗത്തില്‍ പറഞ്ഞു.

രണ്ടു പതിറ്റാണ്ടു കാലത്തെ മോശമല്ലാത്ത സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. ഓരോ മാസവും ഏതാണ്ട് ഒരു ദശലക്ഷം പേരാണ് തൊഴില്‍ സേനയിലേക്ക് കടന്നുവരുന്നത്. എന്നിട്ടും 2015-ല്‍ വെറും 1,35,000 പുതിയ തൊഴിലവസരങ്ങള്‍ മാത്രമാണു ഉണ്ടായത്. 2009-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

“എവിടെ വിളിച്ചാലും ഒരേ മറുപടിയാണ്, ‘കച്ചവടം മോശമാണ്, ഇപ്പോള്‍ പണിയില്ല,” തന്റെ നിര്‍മ്മാണശാലയിലെ ജോലി തിരിച്ചുകിട്ടാന്‍ തിരക്കുകൂട്ടുന്ന സിങ് പറയുന്നു.

അഴിമതി തുടച്ചുനീക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം നേടാന്‍ അല്പം ബുദ്ധിമുട്ട് സഹിക്കാനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനും മോദി ജനങ്ങളോട് ആവശ്യപ്പെടുന്നു.

“ചെറുകിട, ഇടത്തരം വ്യവസായങ്ങളിലെ നഷ്ടങ്ങള്‍ നാമമാത്രവും താത്ക്കാലികവുമാണ്,” ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള മന്ത്രി കല്‍രാജ് മിശ്ര പറഞ്ഞു. “പണമൊഴുക്ക് പുനസ്ഥാപിക്കപ്പെടുന്നതോടെ വ്യവസായ വളര്‍ച്ച തിരികെ വരും.”

മിശ്രയുടെ മന്ത്രാലയം എല്ലാ ദിവസവും വ്യവസായ മേഖലകളില്‍ ഡിജിറ്റല്‍ പണമിടപാടിനുള്ള പരിശീലനം നല്കുന്നു. പക്ഷേ ഇതത്ര എളുപ്പമല്ലെന്നും ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ മിക്കവരും ചെക്കുകള്‍ സ്വീകരിക്കില്ലെന്നും അവരുടെ കയ്യില്‍ സ്മാര്‍ട് ഫോണും ഇന്‍റര്‍നെറ്റും ഇല്ലെന്നും തൊഴിലുടമകളില്‍ പലരും പറയുന്നു.

“കാളവണ്ടിയില്‍ ജെറ്റ് എഞ്ചിന്‍ വെച്ചുകെട്ടിയിട്ട് അത് പറക്കും എന്നു വിചാരിക്കാന്‍ നിങ്ങള്‍ക്കാവില്ല,” ലുധിയാനയിലെ സൈക്കിള്‍ നിര്‍മ്മാതാവ് ബാന്ദിഷ് ജീണ്ടാല്‍ പറഞ്ഞു. “ഇരുട്ടിവെളുക്കും മുമ്പ് എങ്ങനെയാണ് കാശുപയോഗം നിര്‍ത്തുക?”

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ കഴിഞ്ഞയാഴ്ച്ച ലുധിയാനയിലെ 200 വ്യാപരികള്‍ ധര്‍ണ നടത്തി. “കണക്കുപുസ്തകം പിടിച്ചെടുക്കാനും ബുദ്ധിമുട്ടിക്കാനും വരുന്ന” നികുതി ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ അവര്‍ ഒരു ‘കുറുവടി സേനയും’ ഉണ്ടാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ തുണിവ്യവസായ നഗരമായ ഭീവണ്ടിയില്‍ 2 ദശലക്ഷത്തിലേറെ യന്ത്രത്തറികളാണ് ദിവസം മുഴുവന്‍ നിര്‍ത്താതെ പണിയെടുത്തുകൊണ്ടിരുന്നത്. അനേകം യന്ത്രങ്ങള്‍ ഇപ്പോള്‍ നിശബ്ദമാണ്.

“ആഗോള മത്സരം മൂലം കഷ്ടപ്പെട്ടിരുന്ന വ്യവസായത്തിന് നോട്ട് നിരോധനം ഇരുട്ടടിയായി. 50 മുതല്‍ 60% വരെ യന്ത്രത്തറികള്‍ പ്രവര്‍ത്തനം നിര്‍ത്തി. 1,50,000-ത്തിലേറെ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയി,” 400 യന്ത്രത്തറികളുള്ള താഹിര്‍ മൊമിന്‍ പറഞ്ഞു.

മൊമീന്റെ തൊഴിലായിയായ മസാര്‍ സൈനുദ്ദീന്‍ പ്രതിമാസം 13000 രൂപയോളം ഉണ്ടാക്കിയിരുന്നു. എന്നാലിപ്പോള്‍ അയാള്‍ ദൂരെയുള്ള തന്റെ ഗ്രാമമായ ബര്‍ബാട്ടയ്ക്കടുത്ത് ഇതിന്റെ പകുതി കൂലിക്ക് കെട്ടിടം പണിക്ക് പോവുകയാണ്.

“ഞാനെന്റെ ഗ്രാമം വിട്ടത് 15 വര്‍ഷം മുമ്പാണ്,” ബര്‍ബാട്ടയില്‍ നിന്നും ഫോണില്‍ സംസാരിക്കവേ സൈനുദ്ദീന്‍ പറഞ്ഞു. “ഞാനിപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നു; തുടങ്ങിയേടത്തുതന്നെ.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍