UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യണമെങ്കിലും ഇനി പെയ്ടിഎം നിര്‍ബന്ധം; തുടക്കം 10 സ്റ്റേഷനില്‍

നോട്ട് നിരോധന പരിപാടിയുടെ മറവില്‍ ഡല്‍ഹി മെട്രോയിലെ യാത്രയും സ്വകാര്യ ഇ-വാലറ്റായ പെയ്ടിഎമ്മിന് തീറെഴുതുന്നു. ഡല്‍ഹി മെട്രോയിലെ 10 സ്‌റ്റേഷനുകള്‍ ജനുവരി ഒന്നു മുതല്‍ പൂര്‍ണമായും കാഷ്‌ലെസ് ആക്കാന്‍ തീരുമാനിച്ചതോടെയാണിത്. യാത്രക്കാര്‍ക്കുള്ള പുതുവത്സര സമ്മാനനമെന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. തുടക്കത്തില്‍ 10 സ്‌റ്റേഷനുകളും പിന്നാലെ മറ്റു സ്‌റ്റേഷനുകളും കൂടി കാഷ്‌ലെസ് ആക്കാനും ആലോചനയുണ്ടെന്ന് അറിയുന്നു.

അതായത്, ഇനി ഈ സ്‌റ്റേഷനുകളില്‍ നിന്ന് യാത്ര തുടങ്ങുകയാണെങ്കില്‍ ഇവിടെ നിന്ന് യാത്രയ്ക്കുള്ള ടോക്കണ്‍ എടുക്കണമെങ്കിലോ യാത്രാ കാര്‍ഡ് റീ ചാര്‍ജ് ചെയ്യണമെങ്കിലോ പെയ്ടിഎം വഴി പണമടയ്ക്കണം. ഇപ്രകാരം പണമടച്ചു കഴിയുമ്പോള്‍ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ തരികയോ അല്ലെങ്കില്‍ കാര്‍ഡ് റീചാര്‍ജ് ചെയ്തു തരികയോ ചെയ്യും. 70 ശതമാനത്തോളം കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍, മെബൈല്‍ കണക്ടിവിറ്റി കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവയാണ് 10 സ്‌റ്റേഷനുകള്‍ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം.

ഡല്‍ഹി മെട്രോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമേലഖാ സ്ഥാപനമായ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ കീഴിലാണ്. ഇവിടെയാണ് യാത്രക്കാര്‍ക്കുള്ള ടിക്കറ്റിന് പണം ഈടാക്കാന്‍ സ്വകാര്യ കമ്പനിയെ ആശ്രയിച്ചിരിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മൂഖേനെ ടോക്കണ്‍ എടുക്കുന്നത് പിന്നാലെ നടപ്പാക്കുമെന്നാണ് ഡി.എം.ആര്‍.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഡല്‍ഹി മെട്രോയുടെ വിവിധ റൂട്ടുകള്‍ നിറങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഇതില്‍ റെഡ് ലൈനിലുള്ള രോഹിണി ഈസ്റ്റ്, രോഹിണി വെസ്റ്റ്, യെല്ലോ ലൈനിലുള്ള എം.ജി റോഡ് സ്‌റ്റേഷന്‍, ബ്ലൂ ലൈനിലുള്ള മയുര്‍ വിഹാര്‍ ഫേസ്-1, നിര്‍മാണ്‍ വിഹാര്‍, തിലക് നഗര്‍, ജനക്പുരി വെസ്റ്റ്, നോയിഡ സെക്ടര്‍-15, വയലറ്റ് ലൈനിലുള്ള കൈലാഷ് കോളനി തുടങ്ങിയ സ്‌റ്റേഷനുകളിലാണ് തുടക്കത്തില്‍ പെയ്ടിഎം സര്‍വീസ് ഏര്‍പ്പെടുത്തുന്നത്.

നോട്ട് നിരോധനം പരാജയപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ കാഷ്‌ലെസ് ആക്കുമെന്ന പ്രഖ്യാപനവുമായി പെയ്ടിഎം അടക്കമുള്ള കമ്പനികള്‍ക്ക് സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്തുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ ഒരു കൌണ്ടര്‍ പെയ്ടിഎം ഇല്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടായിരിക്കുമെന്ന് ഡിഎംആര്‍സി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍