UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശില്ല, വിശ്വാസവുമില്ല

കാശില്ലാ സമൂഹത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാധാരണ പൌരന് നേരെയുള്ള ക്രൂരമായ പരിഹാസമാണെന്ന്  മാത്രമല്ല, കാശിന്റെ വിതരണത്തിലെ കുറ്റകരമായ പിടിപ്പുകേടിനെ ന്യായീകരിക്കാനുള്ള ഗതികെട്ട ശ്രമം കൂടിയാണ്. ഇടപാടുകള്‍ക്കുള്ള ഒരു മാധ്യമം എന്ന നിലയിലെ കാശിന്റെ പങ്കിനെ അവഗണിക്കുകയും സമ്പദ് രംഗത്തിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാക്കുകയും ചെയ്തു. ഓരോ ദിവസം പിന്നിടുന്തോറും ഇടപാടുകള്‍ കുറഞ്ഞും, വരുമാനം ഇടിഞ്ഞും മൊത്തം ചോദനം പിറകിലേക്ക് വലിഞ്ഞും സ്ഥിതി കൂടുതല്‍ വഷളായിവരികയാണ്.

നവംബര്‍ 8-മുതല്‍ ഇന്ത്യ കുഴപ്പങ്ങളിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. വിതരണത്തിലുള്ള പണത്തിന്റെ മൂല്യത്തിന്റെ 86% വരുന്ന അത്രയും കാശ് അസാധുവാക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് എന്തുചെയ്യണമെന്ന് ഈ സര്‍ക്കാരിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും ഒരു പിടിയും ഇല്ലായെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരവാദത്തിനുള്ള പണമൊഴുക്ക് തടയാനുമുള്ള നീക്കമായാണ് പറഞ്ഞത് നടപ്പാക്കുന്ന ഒരാളെന്ന പ്രതിച്ഛായ പൊലിപ്പിക്കാനായി മോദി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് വിമുദ്രീകരണത്തിന്റെ (demonetisation) ലക്ഷ്യങ്ങളില്‍ ‘കാശില്ലാ സമൂഹം’ എന്ന തന്റെ പുതിയ അജണ്ട കൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു.  ഉയര്‍ന്ന മൂല്യമുള്ള കാശ് പിന്‍വലിക്കാന്‍ ആര്‍ ബി ഐ-യാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയതെന്ന് പറഞ്ഞു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തീരുമാനത്തിന്റെ ഭാരം കൈമാറാന്‍ ശ്രമിക്കുന്നിടം വരെയെത്തി തീരുമാനത്തെത്തുടര്‍ന്നുള്ള അങ്കലാപ്പും അലങ്കോലപ്പെടലും. രാഷ്ട്രീയ സമ്മര്‍ദത്തില്‍ നിന്നും മുക്തമായി തീരുമാനങ്ങളെടുക്കുമെന്ന് കരുതിപ്പോരുന്ന സ്വയംഭരണ സ്ഥാപനമായ കേന്ദ്രബാങ്കിന്റെ ഗവര്‍ണര്‍ എന്ന തന്റെ പദവിയില്‍ നമുക്ക് വിശ്വാസം തോന്നിപ്പിക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ മോദിയുടെ വേണ്ടപ്പെട്ട ആളായ ഊര്‍ജിത് പട്ടേല്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

എല്ലാ പ്രദേശങ്ങളും എല്ലാ മേഖലയും പ്രതികൂലമായി ബാധിക്കപ്പെട്ടിരിക്കുന്നു എന്നാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വാര്‍ത്തകള്‍ കാണിക്കുന്നത്. സ്വയം തൊഴില്‍ കണ്ടെത്തുന്നവരും ദിവസക്കൂലിക്കാരും മുഖ്യമായുള്ള, കാശിന്റെ നേരിട്ടുള്ള കൈമാറ്റ അടിസ്ഥാനത്തില്‍ മുഖ്യമായും മുന്നോട്ടുപോകുന്ന അസംഘടിത മേഖലയെയാണ് ഇതേറ്റവും പ്രതികൂലമായി കൂടുതല്‍ ബാധിച്ചത്. ഈ മഹാഭൂരിപക്ഷം ഇന്റര്‍നെറ്റ് പ്രാപ്യതയില്‍ നിന്നും മാത്രമല്ല, ബാങ്കിങ് സംവിധാനത്തില്‍ നിന്നും എന്തിന്, കാശുപയോഗിക്കാത്ത ഡിജിറ്റല്‍ ഇടപാടിന് അവശ്യം വേണ്ട വൈദ്യുതി പോലും ഇല്ലാത്തവരാണ്. പരിമിതമായ സ്രോതസുകളുപയോഗിച്ച് ജീവിക്കുന്ന ഇവര്‍ എങ്ങനെ കാശില്ലാ പണമിടപാട് രീതികളിലേക്ക് മാറുമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്?

നവംബര്‍ 10-നും 27-നുമിടയ്ക്കായി അസാധുവാക്കിയ പണത്തിന്റെ പകുതിയോളം എന്നു പറയാവുന്ന 8,44,982 കോടി രൂപയും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇതിന് പുറമെ ആര്‍ ബി ഐ-യുടെയും  ബാങ്കുകളുടെയും കൈവശം നീക്കിയിരുപ്പ് എന്ന നിലയില്‍ ഉയര്‍ന്ന മൂല്യമുള്ള കാശ് ഇരിപ്പുമുണ്ട്. പഴയ കാശിന്റെ നിക്ഷേപ/കൈമാറ്റം ഈ തോതില്‍ തുടരുകയാണെങ്കില്‍ പിന്‍വലിച്ച മിക്കവാറും എല്ലാ കാശും റിസര്‍വ് ബാങ്കിലേക്ക് തന്നെ തിരിച്ചെത്തും. ഇനിയിപ്പോള്‍ അസാധുവാക്കിയ കാശിന്റെ ഒരു ഭാഗം ആര്‍ ബി ഐ-ലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ക്കൂടി, അതെങ്ങിയെയാണ് ബാങ്ക് കണക്കാക്കുന്നത്? ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് ആസ്തിബാധ്യത പട്ടികയിലെ ബാധ്യതയില്‍ കുറവ് വരുന്നതായി കണക്കാക്കാം എന്നു പറയുന്നു. മറ്റ് തരത്തില്‍ പറഞ്ഞാല്‍ ബാധ്യതകള്‍ കുറയുന്നതോടെ, മറ്റ് സാഹചര്യങ്ങളില്‍ മാറ്റമില്ലെങ്കില്‍, അതിന്റെ മൊത്തം മൂല്യം കൂടുകയും കേന്ദ്ര സമിതി,  ഉടമയ്ക്ക്-സര്‍ക്കാരിന്- അധിക ‘ലാഭവിഹിതം’ നല്കാന്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിനത് അതിന്റെ ചെലവുകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം.

എന്നാല്‍ 500, 1000 രൂപ നോട്ടുകളുടെ ‘നിയമപരമായ കൈമാറ്റ സാധുത മാത്രമാണു’ ആര്‍ ബി ഐ പിന്‍വലിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ആരെങ്കിലും ഈ കാശുമായി ആര്‍ ബി ഐയെ സമീപിച്ചാല്‍ അവര്‍ക്ക് ഇതിന്റെ മൂല്യത്തെ മാനിക്കേണ്ടി വരും. കാശ് തിരിച്ചു കൊടുക്കാനും നിക്ഷേപിക്കാനുമുള്ള ഡിസംബര്‍ 30 എന്ന സമയപരിധി ബാങ്കുകള്‍ക്കാന് ബാധകം, ഇതുവരെ ആര്‍ ബി ഐക്ക് അത്തരം സമയപരിധി നിശ്ചയിച്ചിട്ടില്ല. അതായത്, ഇന്നത്തെ നിലവെച്ച്  മടങ്ങിയെത്താത്ത കാശ് ആര്‍ ബി ഐ-യുടെ ആസ്തി ബാധ്യത പട്ടികയില്‍ ബാധ്യതയായി കിടക്കും. ഇതുകൂടാതെ, കേന്ദ്രബാങ്കിന്റെ കണക്കുസൂക്ഷിപ്പിന്റെ രീതികളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ അത് പണത്തിന്റെ അര്‍ത്ഥം, ബാങ്കിന്റെ വിശ്വാസ്യത എന്നിവയിലെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. 

ഉയര്‍ന്ന മൂല്യമുള്ള കാശ് പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിന് ശേഷം തങ്ങളുടെ തന്നെ നടപടിക്രമങ്ങളിലെ പ്രശ്നങ്ങള്‍ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ ബി ഐ 30-ലേറെ വിജ്ഞാപനങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. ഇത് കൂടുതല്‍ കുഴപ്പങ്ങളും ആശയക്കുഴപ്പവും മാത്രമാണ് ഉണ്ടാക്കുന്നത്.  പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കാശിന്റെ ക്ഷാമമില്ലെന്നും ആര്‍ ബി ഐ പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഇതില്‍ നിന്നും ഏറെ അകലെയാണ്. വിമുദ്രീകരണത്തിന് ശേഷമുള്ള രണ്ടാഴ്ച്ചക്കാലം 2,16,617 കോടി രൂപ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചു. സജീവമായ ഒരു സമ്പദ് രംഗത്തെ ചലിപ്പിക്കാന്‍ വേണ്ടതിന്റെ വെറും ചെറിയൊരു ശതമാനം മാത്രമാണിത്. പലയിടത്തും ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാനുള്ള നിശ്ചിത തുക പോലും പിന്‍വലിക്കാന്‍ എക്കൌണ്ട് ഉടമകള്‍ക്കായില്ല. കാരണം ബാങ്കുകളില്‍ വേണ്ടത്ര കാശില്ല. കാശ് കൊടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും 500 രൂപ നോട്ടുകള്‍ വേണ്ടത്ര അടിച്ചിറക്കുന്നതില്‍ സര്‍ക്കാര്‍ കമ്മട്ടങ്ങള്‍ക്ക് കഴിയുന്നുമില്ല. നോട്ടുകളുടെ ഉത്പാദനം ആര്‍ ബി ഐ നിയന്ത്രണത്തിലുള്ള കമ്മട്ടങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. ഇന്ത്യയുടെ കാശ് അച്ചടിക്കാനുള്ള കമ്മട്ടങ്ങളുടെ ശേഷി കണക്കിലെടുത്താല്‍ വിമുദ്രീകരണത്തിന്റെ മുമ്പുള്ള നിലയിലേക്ക്  കാശിന്റെ വിതരണം എത്തിക്കാന്‍ ഒരു കൊല്ലം വരെ എടുത്തേക്കാം.

വിമുദ്രീകരണം കള്ളപ്പണത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാകട്ടെ വളരെക്കുറവും. പകരം നാം കാണുന്നത്, ഭരണകൂടത്തിന്റെ പരിപൂര്‍ണമായ അധികാരവും അതിന്റെ ദുരുപയോഗം സ്വന്തം ജനതയ്ക്ക് മേല്‍ വരുത്തിവെക്കുന്ന ദുരിതവുമാണ്. കാശ് അച്ചടിക്കാനും പിന്‍വലിക്കാനുമുള്ള അധികാരം കയ്യാളുന്ന ഏക അധികാരകേന്ദ്രം എന്ന നിലയില്‍ ഭരണകൂടം സാധാരണക്കാരായ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന നിലയില്‍ അതിന്റെ അധികാരത്തെ ദുരുപയോഗം ചെയ്തിരിക്കുന്നു. ജനങ്ങളുടെ താത്പര്യത്തിന് എന്ന പേരില്‍ നടപ്പാക്കിയ മോദി സര്‍ക്കാരിന്റെ വിമുദ്രീകരണ തീരുമാനം, എങ്ങനെയാണ് രഹസ്യമായും ഭരണകൂടത്തിന്റെ അമിതാധികാരം വഴിയും നടപ്പാക്കിയ ഒരു നയം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍