UPDATES

ഇനിയും ഇതുവഴി വരില്ലേ ആനകളേയും തെളിച്ചുകൊണ്ട്? മോദിയോട് ജനങ്ങള്‍ ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

കള്ളപ്പണം തടയാനെന്ന പേരില്‍ 500ന്‌റേയും 1000ന്‌റേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ജനരോഷമിരമ്പുന്നു. എല്ലാ മേഖലകളിലേയും എല്ലാ സാമ്പത്തിക വര്‍ഗങ്ങളിലും പെട്ട ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണ് സര്‍ക്കാരിന്‌റെ തിരക്കിട്ടുള്ള തീരുമാനം. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലും ജനരോഷം ശക്തമായി പ്രതിഫലിക്കുന്നു.

കൊച്ചിയില്‍ ഇന്ത്യന്‍ ടെലഗ്രാം എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന ശ്രീജിത് കുഞ്ഞച്ചന്‍ ഇ്ട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഏറ്റവുമധികം ശ്രദ്ധേയമായത്. അത്യാസന്ന നിലയിലായ അച്ഛന്‌റെ ചികിത്സയുമായി ബന്ധപ്പെട്ട് പണമെടുക്കാന്‍ നോക്കിയപ്പോള്‍ കിട്ടാതിരുന്നതും തന്‌റെ സമയം ഏറെ നഷ്ടപ്പെട്ടതും അച്ഛന്‍ മരിച്ചതും ശ്രീജിത് പങ്കുവയ്ക്കുന്നു. മറ്റ് പലരും തങ്ങളും അവസ്ഥകളും അനുഭവങ്ങളും പങ്കുവച്ച് രംഗത്തെത്തി.

ശ്രീജിത്ത് കുഞ്ഞച്ചന്‍ (എറണാകുളം)

എന്റെ അച്ഛൻ പോയി എന്നെന്നേക്കുമായി. ഹോസ്പിറ്റൽ ബില്ലടച്ച് അച്ഛനെ നല്ലൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നോക്കിയ എനിക്ക് ഈ കോണോത്തിലെ പരിഷ്കാരം മൂലം നഷ്ടമായത് വിലപ്പെട്ട മൂന്ന് മണിക്കൂറുകളാണ്.ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മൂന്ന് മണിക്കൂർ.കള്ളപ്പണം പിടിച്ച വീര കഥയുമായി ഇനി ആരും സൗഹൃദം കൂടാൻ വരണ്ട… അത്തരം സൗഹൃദങ്ങൾ എനിക്കാവശ്യമില്ല…

ഷിജിത് വയനൂര്‍ (കണ്ണൂര്‍)
അരി വാങ്ങാന്‍ പറ്റുന്നില്ല,,,ഇനി കഷ്ടി 3 kg കാണും,,മീന്‍ ദിവസങ്ങളായി കടം,,പാല്‍കാരനോട് വരേണ്ട ന്നു പറഞ്ഞു,,,യാത്രകള്‍ മുടങ്ങി,,,മോള്‍ക്ക് ഒരു ഉടുപ്പ് വാങ്ങാന്‍ പോയപ്പോ അവിടേം കുടുങ്ങി,,,പൊരി വെയിലില്‍ നാട് നീളെ ക്യു കാണുന്നു..,,അങ്ങേര് ജപ്പാനില്‍ പോയി പീപ്പി ഊതുന്നു..! ഉഗ്രനായിട്ടുണ്ട് സര്‍…..ചെലവ് കാശൊക്കെ കരുതിയിരിക്കുമല്ലോ അല്ലെ..!

മുരളി മാര്‍ഗശ്ശേരി, കോളേജ് അദ്ധ്യാപകന്‍, (ബംഗളൂരു)

വൈകുന്നേരം എട്ടര മുതല്‍ പത്ത് വരെ, ഏകദേശം ഒന്നൊന്നര മണിക്കൂര്‍ നഗരത്തില്‍ പലയിടത്തും എ ടി എം കൗണ്ടറുകളന്വേഷിച്ച് തിരിഞ്ഞ് വശം കെട്ട് നടന്നു. പലതും ഇന്ന് തുറന്നിട്ടേയില്ല, ആക്‌സിസ് ബാങ്കിന്റെ എ ടി എമ്മിനുമുന്നില്‍ രാത്രി 9 മണിക്ക് ഒരു മുപ്പതോളം പേര്‍ നിന്നിരുന്ന ക്യൂ 5 മിനിറ്റിനകം കാശില്ലെന്ന് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതോടെ പിറുപിറുത്ത് പിരിഞ്ഞുപോയി. നാളെയും വിശേഷിച്ചൊന്നും സംഭവിക്കാനില്ലെന്ന മുന്‍കരുതല്‍ തരാന്‍ മനസ്സുകാട്ടിയ സെക്യൂരിറ്റിച്ചേട്ടന് നന്ദി.

രണ്ട് നേരം ഭക്ഷണം കഴിക്കാനായി മെസ്സില്‍ കാശുകൊടുത്തതും വാടക കൊടുത്തതും മറ്റ് ലൊട്ട് ലൊടുക്കുകളെല്ലാം തീര്‍ത്തത് പ്രധാനമന്ത്രി നോട്ടു നിറുത്തലാക്കാന്‍ തീരുമാനിച്ച ദിവസമായ എന്റെ ഭാഗ്യം നോക്കണേ…

നാളെ ഞായറാഴ്ച മെസ്സ് തുറക്കില്ല, കയ്യിലാകെ എടുക്കാനുള്ളത് 37 രൂപയാണ്, 2-3 ദിവസത്തിലൊരിക്കല്‍ മേടിക്കുന്ന കാന്‍ വെള്ളത്തിന് അത്രയുമാണ് കൊടുക്കേണ്ടത്. നിലവിലെ കാന്‍ നാളെ തീര്‍ന്നാല്‍ കുടിവെള്ളവും മുട്ടും. മുടി വെട്ടിക്കാനായിപ്പോയ ബാര്‍ബര്‍ ഷോപ്പില്‍ വാച്ച് ഊരിക്കൊടുക്കാതെ പോരാന്‍ കഴിഞ്ഞതും ആയിരം രൂപ എ ടി എം കാര്‍ഡില്‍ നിന്ന് വലിച്ചു തരാന്‍ അയാള്‍ മുന്നൂറ് രൂപ കമ്മീഷനാവശ്യപ്പെട്ടതും ഒടുവില്‍ അയാളുടെ യന്ത്രം തകരാറിലായതും ഞാന്‍ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കി കടം പറഞ്ഞതും എല്ലാം തികച്ചും യാഥൃശ്ചികമായിരുന്നു. ചെക്ക് ബുക്കും ‘പറി’ യുമൊന്നും കയ്യില്‍ കൊണ്ടു നടക്കുന്ന ശീലം പണ്ടേ ഇല്ലാത്തതാണ്. അല്ല, ഈ അന്യ നാട്ടില്‍ കറങ്ങിത്തിരിയുന്ന കാലത്ത് ഇതിനൊക്കെ എന്ത് പ്രസക്തി.

സ്ഥിരവരുമാനം ഉദ്ദേശിച്ച് ഒരു നഗരത്തിലേക്ക് കുടിയേറി ജോലി ചെയ്യുന്ന എനിക്ക് ഇതൊന്നും അത്രയേറെ വലിയ പ്രശ്‌നമായി കണക്കാക്കാതിരിക്കാം. പക്ഷേ ഈ ബാങ്കും എ ടി എമ്മും നിത്യ ജീവിതത്തില്‍ കടന്നുവരാത്ത കോടിക്കണക്കിനാളുകള്‍ വസിക്കുന്ന ഈ രാജ്യത്ത് യാതൊരു തരത്തിലുള്ള പ്രകടമായ നടപടികളും കൈക്കൊള്ളാതെ ഒരു രാത്രി പുലരും മുമ്പ് സര്‍ക്കുലേറ്റ് ചെയ്ത 86 ശതമാനം നോട്ടുകളും പിന്‍വലിക്കുക എന്ന മണ്ടന്‍ തീരുമാനം കൈക്കൊണ്ട് ജനതയെ വിഡ്ഢിയാക്കുന്ന ഫാസിസ്റ്റ് ഭരണവ്യവസ്ഥയേയും അതിന് ചുക്കാന്‍ പിടിക്കുന്നവരേയും ഏത് വാക്കുകൊണ്ട് അഭിസംബോധന ചെയ്യണം? രാഷ്ട്രത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്ന ഏതാനും പേര്‍ കാട്ടുന്ന കൊള്ളരുതായ്മക്ക് പൊതുജനം അടിമേടിക്കണം എന്ന സിദ്ധാന്തത്തിന് യാതൊരു ജനാധിപത്യ സാധ്യതയുമില്ലെന്ന് ശ്രീമാന്‍ മോഡിക്ക് മനസ്സിലാകില്ല. അല്ല, അത് മനസ്സിലായിരുന്നെങ്കില്‍…

ശ്രീ. നരേന്ദ്രമോഡീ, അങ്ങയോടുള്ള സ്‌നേഹവും ആദരവും കൂടിയിട്ടേ ഉള്ളൂ.
ഒരാഴ്ച കഴിഞ്ഞ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകളുമായി ആനകളേയും തളിച്ചുകൊണ്ട് താങ്കളീ വഴി വരുന്നത് കാണാന്‍ ഞങ്ങളില്‍ കുറേപേരെങ്കിലും കാത്തിരിക്കും.

ആര്‍ ജെ സലിം

https://www.facebook.com/salim.raj.7796/posts/798123373668045

കറൻസി ബാനിന്റെ ആദ്യ ദിവസം വാസ്തവത്തിൽ ഒരു പോസിറ്റീവ് ഫീലിംഗ് ഉണ്ടായിരുന്നു. കാരണം തിയററ്റിക്കലി അത്തരമൊരു മൂവിനു ഫലമുണ്ടാകേണ്ടതാണ് എന്ന ഉറപ്പുണ്ടായിരുന്നു. ജനങ്ങളുടെ ദുരിതവും ഒന്ന് രണ്ടു ദിവസമേ കാണുള്ളൂ എന്നും അതിനുള്ള തയ്യാറെടുപ്പ് കുറഞ്ഞ പക്ഷം റിസേർവ് ബാങ്ക് എങ്കിലും ചെയ്തിട്ടുണ്ടാവുമെന്നും കരുതി. പക്ഷെ കാര്യങ്ങൾ അവിടന്ന് പിന്നെ കടുകിട മെച്ചപ്പെട്ടില്ല എന്ന് മാത്രല്ല, പണ്ടേ പട്ടിണി, കൂടെ വയറിളക്കവും എന്ന പറഞ്ഞ പോലെയായി കാര്യങ്ങൾ.
.
ആദ്യം പറഞ്ഞു കേട്ട ബെനിഫിറ്റുകൾക്ക് അപ്പുറം ഒന്ന് പോലും പിന്നീടുള്ള ദിവസങ്ങളിൽ കേട്ടിട്ടില്ല എന്ന് മാത്രമല്ല, ആദ്യം നിരത്തിയ അവകാശ വാദങ്ങൾ പോലും എത്ര പൊള്ളയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. റിസേർവ് ബാങ്ക് തന്നെ സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത കള്ള നോട്ടുകൾ കോടിക്കണക്കിനു മാർക്കറ്റിൽ ഇറക്കിയതും, പുതിയ നോട്ടിൽ അപ്ഗ്രേഡ് ചെയ്യാത്ത സെക്യൂരിറ്റി ഫീച്ചേഴ്സ് മാത്രമേ ഉള്ളു എന്നുള്ളതും, പുതിയ നോട്ടുകളുടെ അച്ചടി ചിലവും , ബീജെപ്പിക്ക് അധികാരമില്ലാത്ത ബെങ്കാളിൽ പോലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബാനിനു മിനിട്ടുകൾക്ക് മുൻപ് കോടിക്കണക്കിനു രൂപയുടെ ഡെപ്പോസിറ്റ് നടന്നതും (അപ്പൊ അധികാരമുള്ള മറ്റു പതിമൂന്നു സംസ്ഥാനങ്ങളിലെ അവസ്ഥ ആലോചിച്ചു നോക്കാവുന്നതാണ്. കോൺഗ്രസ് 2g scam വഴിയുണ്ടാക്കിയതിന്റെ എത്രയോ ഇരട്ടി ഈ ഒരൊറ്റ പരിഷ്കാരത്തിൽക്കൂടെ ബിജെപി ഉണ്ടാക്കിക്കാണും), ATM ഇൽ പുതിയ നോട്ടുകൾ വർക്ക് ആകാത്തതും, അതുകൊണ്ടു രാജ്യത്തെ ലക്ഷക്കണക്കിന് ATM പരിഷ്കരിക്കാനുള്ള ചിലവും, ഡീ മോണിറ്റൈസ് ചെയ്തിട്ട് അതിലും വലിയ ഡിനോമിനേഷൻ നോട്ടുകൾ ഇറക്കി (അതും അപ്ഗ്രേഡ് ചെയ്യാത്ത സെക്യൂരിറ്റി ഫീച്ചേഴ്സ് മാത്രമുള്ള ) ഡീ മോണിട്ടയ്‌സിങ്ങിനെ വെറും പ്രഹസനമാക്കിയതും, നിശ്ചലമായ സാമ്പത്തിക വ്യവസ്ഥ കാരണം മുടങ്ങിപ്പോയ സാമ്പത്തിക പ്രവർത്തനങ്ങളുടെ നഷ്ടം, നഷ്ടപ്പെട്ടുപോയ പിരിഞ്ഞു കിട്ടേണ്ടിയിരുന്ന നികുതി അങ്ങനെ അബദ്ധങ്ങളും അഴിമതിയുമായി ഓരോ ദിവസവും പുറത്തു വന്ന വാർത്തകളുടെ അടിസ്ഥാനത്തില്‍ ഇതൊരു ചരിത്രപരമായ മണ്ടത്തരം ആണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പുറത്തു വരുന്ന കള്ളപ്പണത്തിന്റെ തോത്, ഒഴിവാക്കപ്പെടുന്ന കള്ള നോട്ടുകളുടെ മൊത്തം വാല്യൂ, എന്നിവയൊക്കെ മുകളില്‍ സൂചിപ്പിച്ച എല്ലാ നഷ്ടങ്ങളുടെയും ആകെതുകയുടെ മുകളില്‍ പോയാല്‍ മാത്രമാണ് ഈ നടപടി ഒരു ലാഭമാണ് എന്ന് പറയാന്‍ സാധിക്കുക. അതിനി ഏതാണ്ട് ഇമ്പോസിബിള്‍ ആണ് താനും.
.
ജനങ്ങളാണ് ശരിക്കും ഇക്കാര്യത്തിലെ കൊളാട്ടരല്‍ ഡാമേയ്ജ്. സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ ജീവിതവും അതിന്റെ കൂടെ നിന്ന് പോയ സ്ഥിതിയിലാണ് ജനങ്ങള്‍. എന്നിട്ടും ഇപ്പോഴും പ്രോപഗണ്ട വിശ്വസിച്ചു നാളെ എന്തോ രാമരാജ്യം വരാൻ പോകുന്നു, അതിനു ഈ ബുദ്ധിമുട്ടൊക്കെ സഹിച്ചു തങ്ങളാൽ കഴിയുന്നത് ചെയ്യണമെന്ന് വിശ്വസിച്ചു ബാങ്കിൽ ക്യൂ നിൽക്കുന്ന സാധാരണക്കാരെയാണ് കേന്ദ്ര സർക്കാർ വഞ്ചിച്ചത്. മലപ്പുറത്തെ മുസ്ലിങ്ങളുടെ കള്ളപ്പണം പുറത്തു വരും, അതുകൊണ്ട് എത്ര ബുധിമുട്ടുണ്ടായാലും സാരമില്ല എന്നൊരു സംഘി വാദവും ഇതിനിടെ കേട്ടിരുന്നു. അതായത് മോന്‍ ചത്താലും വേണ്ടില്ല, മരുമോളുടെ കണ്ണീരു കണ്ട മതിയെന്ന്.

ചിന്ത ടി കെ

https://www.facebook.com/chintha.tk/posts/1270251613032706

അഞ്ചാറ് കള്ളപ്പണക്കാരുടെ കാര്യം കഷ്ടത്തിലാവുമെന്ന് ഓർത്ത് സന്തോഷിക്കുന്ന നിഷ്കളങ്കരായ പാർട്ടിഭേദമില്ലാതെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നവർ ഒന്നോർക്കുന്നത് നല്ലതായിരിക്കും. ഇതുപോലൊരു അർദ്ധരാത്രിയിൽ ഇതിനെക്കാളേറെ പ്രത്യാഘാതമുണ്ടാക്കാൻ തക്ക ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള പിന്തുണയാണ് നിങ്ങൾ നൽകുന്നത്. തയ്യാറായിരുന്നു കൊള്ളുക. നിങ്ങളുടെ കണക്കിൽ പെടുന്ന വെളുത്ത പണത്തിനു പോലും അന്ന് നിങ്ങൾക്കായി ഒന്നും ചെയ്യാനായി എന്നു വരില്ല.

രാകേഷ് കോന്നി

https://www.facebook.com/rakeshkonni/posts/10153849092511470

മൂന്നാഴ്ച എടുക്കും കാര്യങ്ങൾ നേരെയാവാൻ എന്നു പറയുന്നതിന്റെ അർഥം മനസ്സിലായോ! മൂന്നാഴ്ച ആയാലും സംഭവം നേരെയാവില്ല എന്നുതന്നെ. പുത്യ നോട്ടിനായി ATM പരിഷ്കരിക്കണം. അതിനുശേഷം 2000ന്റെ നോട്ട് ലഭ്യമാക്കി തുടങ്ങും. അതോടെ എല്ലാം ശരിയാവുമെന്നാണു പറയുന്നത്. 2000ന്റെ നോട്ട് പൊതിയാത്തേങ്ങയാണെന്ന് ഇപ്പോൾ തന്നെ പലർക്കും ബോധ്യമായി തുടങ്ങി. അപ്പൊ മൊത്തത്തിൽ സ്ഥിതി ആശാവഹമല്ല. കഞ്ഞികുടിച്ചില്ലെങ്കിലും സാരമില്ല കള്ളപ്പണക്കാരനു പണി കിട്ടിയല്ലോ എന്നാശ്വസിക്കാം അല്ലേ!!


കെ ജെ ജേക്കബ്

https://www.facebook.com/kj.jacob.7/posts/10210075490139338

സഹകരിച്ച് വെളുപ്പിക്കുന്നോ?

അതാണ് എനിക്കും ഇപ്പോൾ സംശയം.

ബി ജെ പി നേതാവ് ശ്രീ കെ സുരേന്ദ്രൻ സഹകരണ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറച്ച് ദുരാരോപണങ്ങൾ ഏഷ്യാനെറ്റുമായി സഹകരിച്ച് ഇന്നലെ വെളുപ്പിച്ചെടുത്തോ എന്നാണ് എന്റെ സംശയം.

“ഇന്ന് ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക് കേന്ദ്രത്തിനയച്ച കത്ത് അദ്ദേഹം ( സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ) വായിച്ചു നോക്കണം. സഹകരണ സ്‌ഥാപനങ്ങളെ ആദായ നികുതിവകുപ്പിന്റെ പരിധിയിൽനിന്നൊഴിവാക്കണം എന്നാണ് സ്റ്റെയ്റ്റ് ഗവണ്മെന്റിന്റെ നിലപാട്. ഈ കത്ത് ഇതാദ്യമായിട്ടല്ല അയക്കുന്നത്. കേരളം ഗവ. ഇതൊനൊടകം നിരവധി കത്തുകൾ കേന്ദ്രത്തിനു അയച്ചിട്ടുണ്ട്. ….

“എന്തിനാണ് സാർ ഭയപ്പെടുന്നത്, നിങ്ങളുടെ കൈയിൽ കള്ളപ്പണക്കാർ ഇല്ലെങ്കിൽ അൺ അക്കൗണ്ടഡ് മണി ഇല്ലെങ്കിൽ, ശരിയായ പണമാണ് ഉള്ളതങ്കിൽ, തൊഴിലാളികളുടെയും പെൻഷനർമാരുടെയും പണമാണ് ള്ളതെങ്കിൽ എന്തിനാണ് കേരളം ഗവർമെന്റ് അടിക്കടി കേന്ദ്രത്തിനു കത്തയക്കുന്നത്? എന്തിനാണ് ഒരു സ്‌ഥാപനത്തെ മാത്രം ആദായനികുതിവകുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത്?

ശ്രീ സുരേന്ദ്രന്റെ ചോദ്യങ്ങളാണ്.
എന്താല്ലേ?

കേരളത്തിലെ സഹകരണ സ്‌ഥാപനങ്ങളിൽ പണം നിക്ഷേപിച്ചിരിക്കുന്നത് കള്ളപ്പണക്കാരും മാഫിയകളും ഒക്കെയാണ്. ആകെയുള്ള 60,000 കോടി നിക്ഷേപത്തിന്റെ പകുതി ഇക്കൂട്ടരുടെയാണ് എന്ന ആരോപണം ചർച്ചയുടെ ആദ്യഘട്ടത്തിൽ ഉന്നയിച്ചശേഷമാണ് ശ്രീ സുരേന്ദ്രൻ ഈ ചോദ്യം ചോദിക്കുന്നത്. കേൾക്കുന്ന ആർക്കും തോന്നും ഈ കള്ളപ്പണക്കാരെ എങ്ങിനെയോ രക്ഷപ്പെടുത്താനാണ് ഡോ ഐസക് കത്തയക്കുന്നത് എന്ന്. അതിനുശേഷം നോട്ടു പിന്വലിക്കലിനെ ഡോ ഐസക് എതിർത്തത് കള്ളപ്പണക്കാരെ പിടികൂടപ്പെടും എന്ന തോന്നലുകൊണ്ടാണ് എന്നും സുരേന്ദ്രൻ ഉന്നയിക്കുന്നു.

പക്ഷെ എന്താണ് സത്യം?

സഹകരണ സംഘങ്ങളുടെ ലാഭത്തെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്, അടിക്കടി കത്തയക്കുന്നത്. അല്ലാതെ അവരെ വകുപ്പിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനല്ല. അക്കാര്യം സഹകരണ മന്ത്രി ശ്രീ എ സി മൊയ്തീൻ പറഞ്ഞപ്പോഴാണ് അവതാരകന് പോലും കാര്യം മനസിലായത്. കേട്ടിരുന്ന എത്ര പേർക്ക് അത് കൃത്യമായി മനസിലായി എന്നറിയില്ല. സുരേന്ദ്രന്റെ ഉദ്ദേശം ഫലിച്ചു എന്നുവേണം വിചാരിക്കാൻ.

എങ്കിലും ശ്രദ്ധിക്കൂ കുട്ടീ, ഒന്നുകൂടെ പറയാം.

സഹകരണ ബാങ്കുകളുടെ ലാഭത്തെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കാനാണ്, അല്ലാതെ ബാങ്കുകളെ ആദായനികുതിവകുപ്പിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനല്ല സംസ്‌ഥാന സർക്കാർ ആവശ്യപെപ്പടുന്നത്.

പിന്നെന്തിനാണ് ഈ ദുരാരോപണം ശ്രീ സുരേന്ദ്രൻ ഉന്നയിക്കുന്നത്?

താൻ പറഞ്ഞത് മന്ത്രി അത് തിരുത്തിയപ്പോൾ സുരേന്ദ്രൻ മിണ്ടിയില്ല അതൊന്നും ബാധകമല്ല എന്ന മട്ടിൽ പുള്ളി അടുത്ത ചോദ്യം തൊടുക്കുന്ന തിരക്കിലാണ്.

“എന്റെ ലളിതമായ ചോദ്യം (നിങ്ങളുടെ ബാങ്കിൽ) മൂന്നു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള എത്രപേർ ആദായ നികുതി കൊടുക്കുന്നുണ്ട്?”

സുരേന്ദ്രന്റെ ആ “കുറിക്കുകൊള്ളുന്ന ചോദ്യം കേട്ട് ആരാധകർ കോൾമയിർ കൊള്ളും. പക്ഷെ ബാങ്കിൽ പണം അടയ്ക്കുന്ന ആൾ എന്ത് ചെയ്യുന്നു എന്ന് നോക്കേണ്ട ജോലി ബാങ്കിന്റെയല്ല. അതറിയാവുന്ന ആളുകൾ ചോദ്യം കേട്ട് ചിരിക്കും, അതുകൊണ്ടു ഈ ചോദ്യം വിനു വെളുപ്പിച്ചെടുക്കാൻ നോക്കുന്നു:

“മൂന്നു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ള എത്ര പേരുണ്ട് എന്നാണ് ചോദ്യം”.

പക്ഷെ സുരേന്ദ്രൻ വിടുമോ? പുള്ളി ആവർത്തിക്കുന്നു. കാരണം സഹകരണ ബാങ്കിലെ പണം മുഴുവൻ കണക്കിൽപ്പെടാത്ത പണം സൂക്ഷിക്കുന്നവരുടെയാണെന്ന ആരോപണം പ്രചരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ ലക്‌ഷ്യം.

“എന്റെ ചോദ്യം അതല്ല, മൂന്നു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ള എത്ര ശതമാനം ആളുകൾ നികുതി കൊടുക്കുന്നുണ്ട്?”

സഹകരണ ബാങ്കിന് ഉത്തരമില്ല. കാരണം അത് അവർക്കു അധികാരമോ നിയന്ത്രണമോ ഉള്ള കാര്യമല്ല. സഹകരണ ബാങ്കിന് ഉത്തരം ഇല്ലാത്ത ചോദ്യം ചോദിച്ചു പട്ടിയെ പേപ്പട്ടിയാക്കുകയാണ്.

ഇനി അടുത്തത്: കോഴിക്കോട്ടെ സഹകരണ സഹകരണ ബാങ്കിന്റെ റിയൽ എസ്റ്റെയ്റ്റ് പരിപാടിയെക്കുറിച്ച് ശ്രീ സുരേന്ദ്രന്റെ വിശദീകരണം:

“അതിന്റെ പച്ചമലയാളം റിയൽ എസ്റ്റെയ്റ്റ് കച്ചവടം നടത്തി കോടിക്കണക്കിന് ലാഭമുണ്ടാക്കുന്ന ആളുകൾ പോലും നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ്.”

ഏതിന്റെ പച്ച മലയാളം? സഹകരണ ബാങ്കിന്റെ ആളിന്റെ പ്രതികരണം ഒരുതരം നിസ്സഹായതയാണ്: “ഇതിനൊക്കെ എന്താണ് പറയേണ്ടത്…”

******
ഈ നിസ്സഹായതയിലാണ് സുരേന്ദ്രൻ ഏഷ്യാനെറ്റിന്റെ സഹായത്തോടെ അദ്ദേഹത്തിൻറെ ആരോപണങ്ങൾ വെളുപ്പിച്ചെടുക്കുന്നത്.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കണക്കിൽപ്പെടാത്ത പണം ആളുകൾ നിക്ഷേപിക്കുന്നു എന്നൊരു ആരോപണം ആദായനികുതി വകുപ്പ് കുറച്ചുകാലമായി ഉന്നയിച്ചു വരുന്നുണ്ട്. ഇക്കാര്യം എന്റെ പത്രം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, ഐ ടി ഡിപ്പാർട്ടമെന്റ് അന്വേഷണം നടത്തുന്നതായും ചില നിയമവിരുദ്ധമായ അകൗണ്ടുകൾ കണ്ടത്തിയതായും അതിലെ ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തിയിരുന്ന കാര്യവും ആവശ്യമായ വിവരങ്ങൾ കൊടുക്കുന്നതിൽനിന്നു സഹകരണ സംഘങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നും ഞങ്ങൾ റിപ്പോട് ചെയ്തിരുന്നു.

പ്രാഥമിക സഹകരണ സംഘങ്ങളിൽ പലതും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് പ്രവർത്തിക്കുന്നത് എന്നതും, അവയുടെമേൽ റിസർവ്വ് ബാങ്കിന്റെ മേൽനോട്ടം ഇല്ലെന്നും അവരുടെ രേഖകളിൽ ആദായ നികുതിവകുപ്പ് കാര്യമായി കണ്ണുവയ്ക്കാറില്ലെന്നതും ഒക്കെ ചിലരൊക്കെ സൗകര്യമായി എടുത്തിട്ടുണ്ടാകും. അതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് ആവശ്യവുമാണ്. ഒരു സ്‌ഥാപനത്തെയും കള്ളപ്പണക്കാർക്കുള്ള സൗകര്യ കേന്ദ്രമായി നിലനിർത്തേണ്ട ആവശ്യമില്ല. ഞങ്ങളുടെ റിപ്പോർട്ടുകൾ വന്നത് ആ പശ്ചാത്തലത്തിലാണ്.

എന്നാൽ പരിശോധന നടത്തുന്നതിനോ നാട്ടിലെ നിയമം നടപ്പാകുന്നതിനോ സർക്കാർ തടസ്സം നിൽക്കില്ലെന്നു മന്ത്രി ആവർത്തിച്ചു പറയുന്നുണ്ട്. അപ്പോൾ പിന്നെ എന്തിനാണ് ബി ജെ പി യുടെ ഈ കാടടച്ച് വെടി? ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക. അതിനുള്ള ശ്രമമല്ലേ?

******
ഈ ശ്രമത്തിൽ ഏഷ്യാനെറ്റിന്റെ റോളെന്ത്? ‘സഹകരിച്ച് വെളുപ്പിക്കുന്നോ’ എന്ന ടാഗ് ലൈനുമിട്ടു ചർച്ച സംഘടിപ്പിക്കുമ്പോൾ ബി ജെ പി നേതാവിന്റെ ദുരാരോപണങ്ങളല്ലാതെ ഏതെങ്കിലും ഒരു ഉദാഹരണം അവരുടെ കൈയിൽ ഉണ്ടായിരുന്നോ? ഒരു കേസ്? അനേഷിച്ചു ബുദ്ധിമുട്ടണമെന്നിലായിരുന്നു. ഞങ്ങളുടെ പത്രത്തിൽ വന്ന റിപ്പോർട്ട് ഫേസ് ബുക്കിൽ ഓടിക്കളിക്കുണ്ടായായിരുന്നല്ലോ. ആ കേസുകളിൽ എങ്കിലും ഒരെണ്ണമെടുത്ത് എന്ത് സംഭവിച്ചു എന്നെകിലും അന്വേഷിക്കാനും പ്രേക്ഷകരോട് പറയാനും അങ്ങിനെ ചർച്ചയ്ക്കു ഒരധികാരികത വരുത്താനുമുള്ള ബാധ്യത ഏഷ്യാനെറ്റിന് ഉണ്ടായിരുന്നില്ലേ? ‘വെളുപ്പിക്കുന്നുവോ’ എന്നൊക്കെ ചോദിക്കുമ്പോൾ വെളുപ്പിച്ച ഒരുദാഹരണം എങ്കിലും വേണ്ടേ, അത് മതിയാവുകയില്ല എങ്കിലും? അതിനു പകരം ബാങ്കിന്റെ കെടുകാര്യസ്‌ഥതകൊണ്ട് പണം നഷ്ടപ്പെട്ട ഒരാളെ കൊണ്ടുവന്നു വെച്ചാൽ മതിയോ? അതോ ഈ രംഗം മൊത്തം വഷളാണ് എന്ന് തെളിയിക്കുകയാണോ ഏഷ്യാനെറ്റിന്റേയും ഉദ്ദേശം?

മലപ്പുറം പാകിസ്‌ഥാനാണ്, മലബാർ മൊത്തം മാഫിയയാണ്, സഹകരണ രംഗം മുഴുവൻ കള്ളപ്പണമാണ്.

പൊതുബോധ നിർമിതി ശ്രമങ്ങൾ വളരെ വ്യക്തമാണ്. അന്വേഷണങ്ങളും അതിനുവേണ്ട ശ്രമങ്ങളുമല്ല കാണുന്നത്.

പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്.

രാജേഷ് കെ പരമേശ്വരന്‍

https://www.facebook.com/rajesh.parameswaran.526/posts/1084319871689319

കഴിഞ്ഞ കുറെ ദിവസങ്ങളായി സർജിക്കൽ ബ്ളാക്ക് മണി സ്‌ട്രെക്കിന്റെ അപദാനങ്ങൾ കേട്ടുകൊണ്ടേയിരുന്നു. വ്യാജ വാടക രസീതിൽ എച്ച് ആർ എയും, ഇല്ലാത്ത യാത്രയുടെ എൽ ടി എയും എന്ന് വേണ്ട നികുതിവെട്ടിപ്പിന്റെ എല്ലാ സമവാക്യങ്ങളും സ്വായത്തമാക്കിയ, റിയൽ എസ്‌റ്റേറ്റ്‌ വിലകളും അതിലെ നികുതി ഒഴിവാക്കലും നിത്യാഭ്യാസമാക്കിയ പല സഹപ്രവർത്തകരും രാഷ്ട്ര നിർമാണത്തിൽ, രാഷ്ട്ര സുരക്ഷയിൽ രാഷ്ട്ര പുരോഗതിയിൽ പങ്കാളികളാകുന്നതിന്റെ അഭിമാനം കലർന്ന ആവേശത്തിൽ നിർവൃതിയടയുന്നത് കണ്ട് അമ്പരന്ന് നിൽപ്പായിരുന്നു. എന്നാൽ ബാംഗ്ലൂരിന്റെ ഭാഷയല്ല വൈറ്റ്‌ ഫീൽഡ് സ്റേഷന്റേത്. ബംഗാരപ്പെട്ട് പാസഞ്ചരിൽ പോകുന്ന ആൾക്കൂട്ടത്തിന്റെ സംഭാഷണം നമ്മളെ മറ്റൊരു ലോകത്തെത്തിക്കും. ഫ്രഷ് മെനുവിൽ ക്രെഡിറ്റ് കാർഡിൽ ഭക്ഷണവും ഓല മണിയിൽ യാത്രയുമായി ഒരു ബാംഗ്ലൂർ ജീവിക്കുമ്പോൾ വഴിയിലെ ദോശ ക്യാംമ്പിലും, തട്ടുകടയിലെ സാമ്പാറിൽ കുതിർന്ന ചോറിലും വിശപ്പുമാറ്റി കാശ് എണ്ണി കൊടുക്കുന്ന മറ്റൊരു ബാംഗ്ലൂരുണ്ട്, ഓഫീസിന്റെ പുറകിലെ പുകവലി പാളയങ്ങളിൽ, വലിയ ടെക് പാർക്കുകളുടെ പിന്നാമ്പുറങ്ങളിൽ ഒക്കെ അവരുണ്ട്. ഒരു ദിവസത്തെ കച്ചവടത്തിന്റെ വരുമാനത്തിൽ നിന്ന് ഒരു തുക കൈ വായ്പ തിരിച്ചടക്കാനും ബാക്കി നാളത്തെ കച്ചവട സാമഗ്രികൾ വാങ്ങാനും പിന്നെ കുറച്ച് അന്നത്തെ ചിലവിനും മാറ്റി വെക്കുന്നവർ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടുന്നത് അവരറിയും, അവർക്കത് സ്വാഭാവികതയല്ല. അതുകൊണ്ട് തന്നെ ആവേശവും തുടിതാളവുമൊക്കെ ആ ആൾക്കൂട്ടത്തിന് കുറവായിരുന്നു. ബാങ്കിൽ ക്യൂ നിന്ന് അർധാവധിക്കു ശമ്പളം പോയതും, എന്നിട്ടും കാശ് കിട്ടാത്തതിനാൽ വീണ്ടും വായ്പ അന്വേഷിച്ചതും, വഴിക്കച്ചവടം വെറും 20 ശതമാനമായി കുറഞ്ഞതും ഇത് ഇനി എന്ന് നേരെയാവും എന്ന ആശങ്കയും അവരുടെ വാക്കുകളിൽ നിറഞ്ഞിരുന്നു. ആരും കാഴ്ചയിൽ ദേശ ദ്രോഹികളോ, തീവ്രവാദികളോ ഒന്നും ആയിരുന്നില്ല. അവരല്ലേ എണ്ണത്തിൽ കൂടുതൽ? ബാംഗ്ലൂർ നഗരത്തിൽ നിന്നകന്ന് ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ അതിനേക്കാൾ കടുത്ത ജീവിതസമരങ്ങൾ കാണില്ലേ? ചായ സംഭാഷണങ്ങളിൽ ദേശാഭിമാനം കൊണ്ട് കുളിരു കോരാൻ അവർക്കും അവകാശമില്ലേ? നിത്യവൃത്തിയെ മാറ്റിവെച്ച് ബാങ്കുകളിൽ വരി നിൽക്കാൻ അവരെ നിർബന്ധിച്ചപ്പോൾ, അതിന്റെ അനിവാര്യതയും ആവശ്യകതയും വലിയ നേട്ടത്തിനായുള്ള ചെറിയ മുണ്ടുമുറുക്കലിന്റെ മാഹാത്മ്യവും പ്രകീർത്തിച്ചപ്പോൾ, ആ തീരുമാനത്തിന്റെ ജനാധിപത്യമില്ലായ്മ മാസ്റ്റർ സ്ട്രോക്ക് ആയി പാടിപുകഴ്ത്തിയപ്പോൾ നമ്മൾ സ്വയം ഒരു നിയൊലിബറൽ ഏകാധിപത്യ ഭരണത്തിന് പാകപ്പെട്ടതായി വിളംബരം ചെയ്തു. രാഷ്ട്രീയ അല്പബുദ്ധികളായ സിനിമാക്കാരും, സ്വയം വിദഗ്ധവേഷം കെട്ടിയ സാങ്കേതികപുംഗവന്മാരും വിദൂഷകരായി അരങ്ങ് തകർത്തു. ചിലവ് ചുരുക്കി, ജനങ്ങളോടുള്ള കടമ മറന്ന് സാമ്പത്തിക മൂലധനത്തിന് വിടുപണി ചെയ്ത ജനാധിപത്യ സർക്കാരുകൾ വംശീയ വെറിയുടെ അപ്പോസ്തലന്മാർക്ക് കിരീടവും ചെങ്കോലും കൈമാറുന്ന നാടകം ലോകമെങ്ങും കാണുകയാണ്. പരുവപ്പെട്ട മനസ്സുകളോട് തർക്കിച്ചിട്ട് ഒന്നും നേടാനില്ല. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് പ്രത്യേക സ്ഥലത്ത് എത്തിപ്പെട്ട് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും സ്വന്തമാക്കിയ പ്രിവിലേജ്ഡ് ആയ ഒരു മധ്യവർഗം ദാക്ഷിണ്യ ലേശമെന്യേ സഹജീവികളോട് സഹനത്ത്തിന്റെ പാഠങ്ങൾ കർത്തവ്യമെന്ന രൂപത്തിൽ നിർദ്ദേശിക്കുന്ന കാഴ്ചയിൽ ചെറുതല്ലാത്ത അശ്ലീലമുണ്ട്. എന്തായാലും വരും നാളുകൾ സാമ്പത്തിക മൂലധനത്തിന്റെ അപ്രമാദിത്വത്തിന്റെ നാളുകളാണ്. ക്രോണികൾ അരങ്ങു വാഴുന്ന കാലം. അവശേഷിക്കുന്ന ഐക്യദാർഢ്യവും ആവിയായപോകുന്ന കാലം. പൊതുജനാഭിപ്രായം, കൂടുതൽ കാണപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന ഉപരി മധ്യവർഗം കയ്യടക്കികഴിഞ്ഞു. അതിന്റെ ലിറ്റ്മസ് ടെസ്റ്റാണ് നടന്നത്, സംഭവം വൻ വിജയവും. നിയൊലിബറൽ സർക്കാരുകൾക്ക് അവശ്യം വേണ്ട വിജയങ്ങൾ..

സർജിക്കൽ സ്‌ട്രെക്കിനൊപ്പം അമേരിക്കക്ക് പുതിയ പ്രസിഡന്റും വന്നല്ലോ.അതുകൊണ്ട് ലാംഗസ്റ്റൺ ഹ്യുഗ്സിന്റെ Let America be America again എന്ന കവിതയിൽ നിന്നൊരുഭാഗവും കൂടെ. കെട്ടുകാഴ്ചകൾ തുടരട്ടെ…

I am the farmer, bondsman to the soil.
I am the worker sold to the machine.
I am the Negro, servant to you all.
I am the people, humble, hungry, mean—
Hungry yet today despite the dream.
Beaten yet today—O, Pioneers!
I am the man who never got ahead,
The poorest worker bartered through the years.

Yet I’m the one who dreamt our basic dream…

കാല്‍വിന്‍ എച്ച്:

https://plus.google.com/+CalvinH/posts/BS1L94i6VE5

ആയിരത്തിത്തൊള്ളായിരത്തി എപ്പൊഴോ:

ദിസ് ഈസ് ബിബിസി ആൻഡ് യൂ ആർ ഹിയറിങ് ലൈവ് കമന്ററി ഫ്രം ലോർഡ്സ് വേർ തേഡ് റ്റെസ്റ്റ് മാച്ച് ബിറ്റ്വീൻ ഇംഗ്ലണ്ട് ആന്റ് ആസ്ത്രേലിയ ഈസ് ഇൻ പ്രോഗ്രസ്‌.

വീ ഹാവ് നൗ ഇൻ കമിങ് ന്യൂസ് കമിങ് ഫ്രം കൊച്ചി. സർ ചാത്തു ഈസ് നൗ ഗിവിങ് എ സർപ്രൈസ് അഡ്രസ് റ്റു ദ നാഷൻ. വീ ആർ നൗ റ്റേക്കിങ് യൂ ലൈവ് റ്റു കൊച്ചി…

പ്രിയപ്പെട്ട ജനങ്ങളേ,

തിരുക്കൊച്ചി രാജ്യം മിനിറ്റു വെച്ച് സാമ്പത്തികമായി പുരോഗമിച്ച് കൊണ്ടിരിക്കയാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഈ പ്രസംഗത്തിനായി ഇങ്ങോട്ട് വരുന്ന വഴി കടവന്ത്രയിൽ അഞ്ച് മിനിറ്റ് നേരം റ്റ്രാഫിക് ജാമിൽ കുരുങ്ങിയ നേരത്ത് കാറിൽ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ കൊച്ച് രാജ്യം പുരോഗമിക്കുന്ന കാഴ്ച കണ്ട് നാം അമാന്തിച്ചു പോവുക ഉണ്ടായി.

സോദരരേ, നാളെ മുതൽ കൊച്ചി മഹാ രാജ്യത്ത് ഉറുപ്പിക, ചക്രം മുതലായ വഹകളൊന്നും ഒരു വ്യവഹാരത്തിനും ഇനിമേൽ ഉപയോഗിക്കില്ല എന്ന് അറിയിക്കുന്നു. തുലയട്ടെ ബ്രിട്ടീഷ് ഇന്ത്യൻ ഉറുപ്പികയും പപ്പനാവന്റെ ചക്രവും. ഇന്ന് അർദ്ധരാത്രി മുതൽ കൊച്ചിയിലെ എല്ലാ വ്യവഹാരത്തിനും നെല്ലായിരിക്കും ഉപയോഗിക്കുക.

എന്നാൽ നമ്മുടെ നല്ലവരായ പ്രജകളാരും പേടിക്കേണ്ടതില്ല എന്ന് ശ്രീ പൂയില്യം തിരുനാൾ അറിയിച്ചിട്ടുണ്ട്. നാളെ മുതൽ ചാത്തു റസിഡൻസിൽ നിന്നും ഉറുപ്പിക മാറി നെല്ല് സ്വീകരിക്കാൻ ജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കും. കൂടാതെ ഇനി പറയുന്ന ഇടങ്ങളിൽ തുടർന്നും ഉറുപ്പിക സ്വീകരിക്കുന്നതാണ്.

ചാത്തു ആൻഡ് സൺസ് ഓട് ഫാക്റ്ററി
ചാത്തു റ്റ്രാവൽസ്
ചാത്തു ഗ്രൂപ്പ് ഓഫ് എജുകേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്.

താൽക്കാലികമായ ഈ ബുദ്ധിമുട്ടുകളെ ‌നേരിട്ട് കൊച്ചിരാജ്യത്തെ രക്ഷിക്കാൻ എല്ലാ രാജഭക്തരും തയ്യാറാകും എന്ന് നമുക്ക് ഉറപ്പുണ്ട്…

ദിസ് ഈസ് ബിബിസി കണ്ടിന്യൂയിങ് റ്റ്രാൻസ്മിഷൻ ഫ്രം ലണ്ടൻ. ന്യൂസ് ഈസ് നൗ ബ്രേയ്ക്കിങ്ങ്. ബ്രിട്ടീഷ് ക്വൂൻ ഹാസ് അനൗൺസ്ഡ് ദാറ്റ് ഷീ ഈസ് ഇമ്പ്രസ്ഡ് വിത് സഡൻ പൊളിറ്റിക്കൽ മൂവ്മെന്റ് ഫ്രം കൊച്ചി. ആക്ഷൻ വിൽ ബി റ്റേക്കൻ റ്റു റീപ്ലേസ് ബ്രിട്ടീഷ് പൗണ്ട് വിത്ത് റൈസ് ആൻഡ് പാഡി, ഷോർട്ലി. റിപ്പോർട്സ് സജസ്റ്റ് ദാറ്റ് വാഷിങ്റ്റൻ മേ ഓൾസോ ഫോളോ ദിസ്യൂട്ട്.

വീ ഹാവ് വാരിക്കുന്റ്രൻ വിത് അസ് നൗ ഫോർ ഫർദർ അനാലിസിസ് ഓഫ് ദ് സിറ്റുവേഷൻ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍