UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ എടുത്ത നടപടികള്‍ അസംബന്ധമാണെന്ന് തെളിയിക്കാന്‍ ആ എട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ മതി

ടീം അഴിമുഖം 

ഈ കാഴ്ച രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തും കാണാന്‍ കഴിഞ്ഞേക്കും. തെക്കന്‍ ഡല്‍ഹിയിലെ ഒരു കോളനിയില്‍ വലിയ ഒരമ്പലമുണ്ട്. എതിരായി ഒരു സ്വകാര്യ ബാങ്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കിന് മുന്നില്‍ വലിയ ക്യൂ ആയിരുന്നു. എതിര്‍വശത്തുള്ള അമ്പലത്തില്‍ കുറെ പ്രാവുകളും ഹതാശയനായ ഒരു പൂജാരിയും മാത്രം. തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളൊക്കെ സര്‍ക്കാര്‍, റോഡിന്റെ മറുവശത്ത് ഉപേക്ഷിച്ചതുകൊണ്ടാണോ ബാങ്കിലെ ക്യൂവിന്റെ നീളം അനിയന്ത്രിതമായി കൂടുന്നതെന്ന് ഒരാള്‍ അത്ഭുതപ്പെട്ടാല്‍ തെറ്റുപറയാന്‍ സാധിക്കില്ല.

നിങ്ങളുടെ രോഷം ഒന്നടക്കി വെയ്ക്കൂ. നോട്ടുകള്‍ അസാധുവാക്കിയ നടപടി ശരിയാണോ തെറ്റാണോ എന്നല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കള്ളപ്പണത്തിനെതിരായ ഏതൊരു നടപടിയും സ്വാഗതാര്‍ഹമാണ്. കള്ളനോട്ടിനെതിരായ നടപടി എന്ന ഒരു അധികവിശേഷണവും ഇപ്പോഴത്തെ തീരുമാനത്തിന് ചാര്‍ത്തി നല്‍കാം. കള്ളനോട്ടിനെതിരായ പോരാട്ടം തോല്‍ക്കാന്‍ പോകുന്ന ഒന്നാണെന്ന് പോലീസിലുള്‍പ്പെടയുള്ളവര്‍ സമ്മതിക്കുമ്പോള്‍ പോലും ഇതിനെ വലിയ തീരമാനമായി കൊട്ടിഘോഷിക്കാം. പിന്നെ, ഒരു ദേശീയ ദിനപത്രം വാദിക്കുന്നത് പോലെ, ദേശത്തിന്റെ നന്മയ്ക്കായി ചില്ലറ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ഏതൊരു പൗരനും തയ്യാറാവും, ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ഹൃസ്വകാല കഷ്ടപ്പാട് മാത്രമാണിത്. കടുത്ത ഔഷധപ്രയോഗം എന്ന ആപ്തവാക്യമാണ് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത്.

 

ദേശവാസികളേ, വരൂ, ഇത് ആഘോഷിക്കാനുള്ള സമയമാണ്

 

പക്ഷെ മരുന്ന് ഇത്രയും കൈയ്പ്പുള്ളതാവേണ്ടിയിരുന്നില്ല. മരുന്നിന്റെ കൈപ്പിന്റെ വ്യാപ്തി അറിയാന്‍ നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അടിക്കടി തരുന്ന ഉപദേശത്തിന്റെ തീവ്രത മാത്രം പരിശോധിച്ചാല്‍ മതിയാകും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരും കഴിഞ്ഞ ദിവസങ്ങളില്‍ എട്ട് ഔദ്യോഗിക വിശദീകരണങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അനൗദ്യോഗിക വിശദീകരണങ്ങളുടെ കണക്ക് വേറെ. നിങ്ങളുടെ സന്ദേശം അസംബന്ധമാണ് എന്ന് വ്യക്തമാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇത്രയും വിശദീകരണങ്ങള്‍ ആവശ്യമായി വരുന്നത്.

നിങ്ങളുടെ ഏതുതരം സന്ദേശവും അസംബന്ധമാണെന്ന് മനസിലാക്കാന്‍ എടിഎമ്മുകളിലേയും ബാങ്കുകളിലേയും തിരക്ക് മാത്രം പരിശോധിച്ചാല്‍ മതി. ആശയവിനിമയ ശൃംഖലകള്‍ തകര്‍ച്ചയിലാണെന്ന ന്യായമൊന്നും നിങ്ങളെ ഇവിടെ സഹായിക്കില്ല. എന്നാണ് സാധാരണ ഗതിയിലേക്ക് കാര്യങ്ങള്‍ എത്തുകയെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. രണ്ട് മുതല്‍ മൂന്ന് ആഴ്ചകള്‍ കൊണ്ടു മാത്രമേ എടിഎമ്മുകള്‍ സാധാരണനില കൈവരിക്കൂ എന്ന വിശദീകരണം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. പക്ഷെ അതും അത്ര ഉറപ്പുള്ള കാര്യമല്ല. ഒരുപക്ഷെ ആ ഉറപ്പില്ലായ്മ കൊണ്ടാവാം, അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്ന തീയതി വീണ്ടും നീട്ടാനും അത് സ്വീകരിക്കുന്ന സ്ഥലങ്ങളുടെ എണ്ണം വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവുന്നത്.

എടിഎമ്മുകള്‍ നേരത്തെ പുനര്‍ക്രമീകരിക്കാമായിരുന്നു, ബാങ്കുകളെ നേരത്തെ തയ്യാറെടുപ്പിക്കാമായിരുന്നു. ഒരുപക്ഷെ ഏതെങ്കിലും ഒരു നോട്ടുമാത്രം, അതായത് 500 ന്റെയോ അല്ലെങ്കില്‍ 1000 ത്തിന്റെയോ നോട്ട് മാത്രം, നിരോധിക്കാമായിരുന്നു. കാരണം, കാഷ് ഇകോണമി നിലനില്‍ക്കുന്ന ഇന്ത്യയിലെ തൊഴില്‍ ലഭ്യതയുടെ ഏറിയ പങ്കും നമ്മള്‍ അസംഘടിത മേഖല എന്നു പറയുന്ന ‘informal sector’-ലാണ്. അവിടെയാണ് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 86 ശതമാനം രണ്ടോ മൂന്നോ മണിക്കൂറുകളുടെ നോട്ടീസ് നല്‍കി പിന്‍വലിച്ചത് എന്നോര്‍ക്കണം. അത് ആ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കാര്യമാണ് എന്നതാണ് വാസ്തവം. 

 

സമ്പന്നരുടെ ക്ഷാമം തീര്‍ക്കാന്‍ ദരിദ്രര്‍ക്ക് റേഷന്‍

 

എന്നാല്‍ ഇതൊരു അപ്രതീക്ഷിത നീക്കമാണെന്നും അതിനാല്‍ രഹസ്യാത്മകത പ്രധാനമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ച് ഇപ്പോഴത്തെ നടപടി ഒരു ‘ടെസ്റ്റ് ഡോസ്’ മാത്രമാണെന്നാണ് സൂചന. അതായത് ഈ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളോട് ജനം എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ഒരു വഴി. കാരണം അടുത്ത നടപടി വരുന്നത് ഭൂമി ഇടപാടുകള്‍, മറ്റ് വസ്തു വകകള്‍, സ്വര്‍ണ നിക്ഷേപം എന്നിവയുടെ മേലായിരിക്കും എന്നാണ് അറിയുന്നത്. മോദി തന്നെ തന്റെ ഗോവ പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. 

 

രാജ്യത്തെ കള്ളപ്പണത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് പണമായി സൂക്ഷിക്കപ്പെടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. കാശിനപ്പുറം സാധനങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്കെതിരായ മുന്നറിയിപ്പുകള്‍ ധാരാളമായി വരുന്നുമുണ്ട്. ബിനാമി ഇടപാടുകള്‍ എന്ന് വിളിക്കപ്പെടുന്ന – യഥാര്‍ത്ഥ ഉടമ ഒരാളാവുകയും ഉടമസ്ഥതാവകാശം മറ്റൊരാള്‍ക്കായിരിക്കുകയും ചെയ്യുന്ന അവസ്ഥ – ഇടപാടുകള്‍ കണ്ടെത്താനുള്ള വഴികളായിരിക്കും ഡിസംബര്‍ 30-നു ശേഷം ഉണ്ടാവുക. കാര്‍ഷിക ഭൂമി, മറ്റ് സ്വത്ത് വകകള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുകയും ഇവയെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ ലക്ഷ്യം. അന്നുണ്ടാകാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളുടെ അളവെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ, ഇത് കുറച്ച് കടന്ന കൈയ്യായി പോയി എന്നു പറയാതെ നിര്‍വാഹമില്ല. ജോലി ചെയ്ത് അധ്വാനിച്ചുണ്ടാക്കിയ പണം കയ്യില്‍ കിട്ടാന്‍ വീണ്ടും അതിലേറെ കഷ്ടപ്പാട് സഹിക്കേണ്ടി വരുന്ന സാധാരണക്കാരെ സംബന്ധിച്ചെങ്കിലും. കള്ളപ്പണം സ്വരുക്കൂട്ടി വച്ചിട്ടുള്ളതോ വന്‍തോതില്‍ സ്വര്‍ണനിക്ഷേപം ഉള്ളതോ ബിനാമി പ്രോപ്പര്‍ട്ടികള്‍ ഉള്ളതോ അല്ലാത്ത സാധാരണജനം; അങ്ങനെയും കുറെ കോടിക്കണക്കിനു മനുഷ്യര്‍ കൂടി ഇവിടെ ജീവിക്കുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇതൊക്കെ അവരെ എങ്ങനെ ബാധിക്കും എന്നു കൂടി ഓര്‍ക്കാമായിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍