UPDATES

നോട്ട് നിരോധനം കാണാത്ത ‘നിഗൂഢ’ കണക്കുകള്‍

നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.1% ആകുമെന്നും നോട്ട് നിരോധനം വളര്‍ച്ചയെ ബാധിച്ചില്ലെന്നുമുള്ള കേന്ദ്രത്തിന്റെ കണക്കില്‍ സംശയം പ്രകടിപ്പിച്ചു സാമ്പത്തിക വിദഗ്ധര്‍

നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച 7.1% ആകുമെന്നും നോട്ട് നിരോധനം വളര്‍ച്ചയെ ബാധിച്ചില്ലെന്നുമുള്ള കണക്കുമായി കേന്ദ്രം വന്നിരിക്കുന്നു. പക്ഷേ നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു വന്നതായി ജയന്ത റോയ് ചൌധുരി, ആര്‍. സൂര്യമൂര്‍ത്തി എന്നിവര്‍ ദി ടെലിഗ്രാഫ് ഇന്‍ഡ്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

Central Statistics Office (CSO) കണക്ക് പ്രകാരം 2016-17 മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7% ആണ്-രണ്ടാം പാദത്തിലെ 7.4%-ത്തേക്കാള്‍ അല്പം കുറവ്, പക്ഷേ 2015-16-ലെ മൂന്നാം പാദത്തിലെ 6.9%-ത്തേക്കാള്‍ കൂടുതല്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം ഒക്ടോബര്‍- ഡിസംബര്‍ ആണ്; നവംബര്‍ 8-ലെ അപ്രതീക്ഷിതമായ നോട്ട് നിരോധനത്തിന് ശേഷം മിക്ക വ്യവസായ മേഖലയിലും ഉപഭോഗം താഴോട്ടുപോന്ന കാലം.

സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നത് 6.7% എന്ന വളര്‍ച്ച നിരക്കുള്ള ചൈനയേക്കാള്‍ മുന്നിലായി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും എന്നാണ്.

“കണക്കുകള്‍ നോട്ട് നിരോധനത്തിന് ശേഷം ചിലര്‍ പ്രവചിച്ച നിരാശാജനകമായ സാധ്യതകളെ നിഷേധിക്കുന്നു,” സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഈ കണക്കുകള്‍ പുറത്തുവന്നു മിനിറ്റുകള്‍ക്കുളില്‍ പറഞ്ഞു.

CSO മേധാവി ടിസിഎ ആനന്ദ് കണക്കുകളെ ന്യായീകരിച്ചു എങ്കിലും നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനം സംബന്ധിച്ച വിധി ഇപ്പൊഴും തുലാസിലാണെന്ന് പറഞ്ഞു. “വലിയ തോതില്‍ കണക്കുകള്‍ ലഭിച്ചാലല്ലാതെ നോട്ട് നിരോധനം പോലൊരു നയത്തിന്റെ ആഘാതം വിലയിരുത്താന്‍ കഴിയില്ല,”ആനന്ദ് പറഞ്ഞു.

എന്നാല്‍  ‘നിഗൂഢവും’ ‘ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ളതുമാണ്’ ഈ കണക്കുകള്‍ എന്നാണ് പല സാമ്പത്തിക വിദഗ്ധരും പറയുന്നത്.

“കണക്കുകളില്‍ ഗണ്യമായ നിഗൂഢതയുണ്ട്. നോട്ട് നിരോധനത്തിന്റെ സ്വാധീനം കണക്കിലെടുക്കാതെ തന്നെ എല്ലാ മേഖലകളും മന്ദഗതിയിലായിരുന്നു…പക്ഷേ ഈ കണക്കുകള്‍ അത് മെച്ചപ്പെട്ടു എന്നാണ് കാണിക്കുന്നത്! ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്.”

മൊത്ത മൂല്യം കൂട്ടിച്ചേര്‍ത്തത് (GVA)-സമ്പദ് രംഗത്ത് ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ കണക്ക്- ഒട്ടും വ്യക്തത തരുന്നില്ല. കണക്ക് കാണിക്കുന്നത് 2016-17-ലെ GVA വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.8%-ത്തേക്കാള്‍ 6.&% ആയി കുറയും എന്നാണ്. RBI-യുടെ ഫെബ്രുവരി 8-ലെ പ്രവചനത്തിലും GVA 6.9%-ത്തിലും താഴെയായിരുന്നു.

ജിഡിപിയിലും ജിവിഎയിലും വളര്‍ച്ചനിരക്കില്‍ വന്ന ചെറിയ വ്യത്യാസം ഉത്പന്ന നികുതി വരുമാനം മൂന്നാം പാദത്തില്‍ കൂടിയതുകൊണ്ടാകാം. കാരണം കമ്പനികളും സ്ഥാപനങ്ങളും പഴയ നോട്ട് ഉപയോഗിച്ച് മുന്‍കൂര്‍ നികുതി അടക്കാന്‍ തിരക്കുകൂട്ടിയത് ഇതിനൊരു കാരണമാണ്.

ജിഡിപി എന്നാല്‍ ജിവിഎയും ഉത്പന്ന നികുതിയും കൂട്ടിയതില്‍ നിന്നും സബ്സിഡികള്‍ കുറച്ചതാണ്. പരോക്ഷ നികുതി വരുമാനം കൂടുകയും സബ്സിഡികള്‍ കുറയ്ക്കുകയും ചെയ്തതോടെ ജിഡിപി ഉയര്‍ന്നു. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത് മൊത്തം പരോക്ഷനികുതി വരുമാനം (കേന്ദ്ര എക്സൈസ്, സേവന നികുതി, കസ്റ്റംസ്) ജനുവരി 2017 വരെ 7.03 ലക്ഷം കോടിയായി ഉയര്‍ന്നു എന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ സമാനകലയളവിനെക്കാള്‍ 23.9% വര്‍ധനവാണ്-ഇത് GAV വളര്‍ച്ചയിലെ ഇടിവിന് പകരം നിന്നിരിക്കും.

പക്ഷേ GAV വേര്‍തിരിച്ചു പരിശോധിച്ചാല്‍ മൂന്നാം പാദത്തില്‍ സാമ്പത്തിക രംഗത്തെ വന്‍കിട മേഖലകള്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നു എന്നു കാണാം. കാര്‍ഷിക മേഖല 6%, ഖനനം 7.5%, നിര്‍മ്മാണം 8.3%.

വാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ സേവന മേഖലയിലെ വലിയ വിഭാഗവും 7.2% വളര്‍ച്ച കാണിച്ചു. സര്‍ക്കാര്‍ മേഖല 11.9% എന്ന നിലയിലാണ് വളര്‍ന്നത്.
പുറകോട്ടു പോയ രണ്ടു മേഖലകളെ ഉള്ളൂ; സാമ്പത്തിക സേവനങ്ങളും, ഭൂമി കച്ചവടവും 3.1% മാത്രം വളര്‍ച്ച നേടിയപ്പോള്‍ കെട്ടിട നിര്‍മ്മാണം വെറും 2.7%-മാണ് വളര്‍ന്നത്.

“സ്വകാര്യ അന്തിമ ഉപഭോഗം മൂന്നാം പാദത്തില്‍ 5% വളര്‍ന്നു. ഇത് ആളുകളുടെ കയ്യില്‍ കാശില്ലാതെ വരികയും സ്ഥാപനങ്ങള്‍ വില്‍പ്പന നഷ്ടം പറയുകയും ചെയ്ത കാലമായിരുന്നു. അതുകൊണ്ടു ഇത് ദഹിക്കാന്‍ അല്പം പാടാണ്,” ജെ എന്‍ യുവിലെ ബിശ്വജിത്ത് ധര്‍ പറഞ്ഞു.

“അത്ഭുതമുണ്ടാക്കുന്ന കാര്യം മൊത്ത മൂലധന സമാഹരണം അല്ലെങ്കില്‍ നിക്ഷേപം 2014-15-ല്‍ 30% ആയിരുന്നിടത്തുനിന്നും 2015-16ല്‍ 29.2%-വും ഈ വര്‍ഷം 26.9%-വുമായി കുറഞ്ഞു എന്നു സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സമ്മതിക്കുമ്പോഴാണ് ഇത് എന്നാണ്,” ധര്‍ പറയുന്നു. “നിക്ഷേപം കുറയുകയാണെങ്കില്‍ എവിടെനിന്നാണ് വളര്‍ച്ചക്കുള്ള ഉത്തേജകം വരുന്നത്?’

സ്ഥിതിവിവരക്കണക്ക് കാര്യാലയം പക്ഷേ അതിനെ ജനുവരി 7-ലെ കണക്കുകൂട്ടലായ, സമ്പദ് രംഗം മാര്‍ച്ച് മാസം വരെ 7.1% വളര്‍ച്ച നേടും എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 7.9%ത്തേക്കാള്‍ കുറവ്. 2015-16-ല്‍ വളര്‍ച്ച പ്രവചനം ആദ്യത്തെ കണക്കുകള്‍ വന്നതോടെ 7.6%-ത്തില്‍ നിന്നും 7.9% ആയി കൂട്ടിയിരുന്നു.

വളര്‍ച്ചയുടെ ഭൂരിഭാഗവും വരുമെന്നു കരുതുന്നത് 2016-17-ല്‍ 4.4% വളര്‍ച്ചയുണ്ടാകുമെന്ന് കരുതുന്ന കാര്‍ഷികമേഖലയില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം ഇത് വെറും 0.8% ആയിരുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള ചെലവുകളും ഇതില്‍ 6.9%-ത്തില്‍ നിന്നും 11.2%-മായി ഉയര്‍ന്നു.
വൈദ്യുതി, നിര്‍മ്മാണം എന്നിവ ഈ സാമ്പത്തിക വര്‍ഷം 6.6%, 3.1% എന്ന നിരക്കില്‍ യഥാക്രമം വളരും. കഴിഞ്ഞ വര്‍ഷം ഇത്, 11.2%, 2.8% എന്നിങ്ങനെയായിരുന്നു.

സാമ്പത്തിക വിദഗ്ധന്‍ ശൈലെന്‍ ഷാ പറയുന്നു, “വാഹന നിര്‍മ്മാണവും തീവണ്ടി യാത്രക്കാരുടെ കണക്കുമടക്കമുള്ള നിരവധി പ്രതിമാസ കണക്കുകള്‍ സൂചിപ്പിക്കുന്നത്, കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സര്‍ക്കാരിന്റെ നോട്ട് നിരോധന നീക്കത്തിന്റെ ഫലമായി സാമ്പത്തിക ഇടപാടുകള്‍ കുത്തനെ കുറഞ്ഞു എന്നാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍