UPDATES

നോട്ട് പിന്‍വലിക്കല്‍; ചരിത്രത്തിലെ ഏറ്റവും മഹത്തായ ശുദ്ധീകരണ ദൌത്യമെന്ന് നരേന്ദ്ര മോദി

കള്ളപ്പണത്തിനെതിരെ ജനം മുന്നോട്ട് വന്നു; അഴിമതിയില്‍ നിന്നു രാജ്യത്തെ മുക്തമാക്കാന്‍ ജനം ആഗ്രഹിക്കുന്നു; പ്രസംഗത്തില്‍ നിരവധി പദ്ധതികളും ഇളവുകളും

നോട്ട് പിന്‍വലിക്കലിലൂടെ നടന്നത് ചരിത്രത്തിലെ മഹത്തായ ശുദ്ധീകരണ ദൌത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനത്തിന് അഴിമതിയില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. അഴിമതിയില്‍ നിന്നു രാജ്യത്തെ മുക്തമാക്കാന്‍ ജനം ആഗ്രഹിക്കുന്നു. കള്ളപ്പണത്തിനെതിരെ ജനം മുന്നോട്ട് വന്ന കാഴ്ചയാണ് കഴിഞ്ഞ 50 ദിവസങ്ങളില്‍ കണ്ടത്. മതിപ്പുളവാക്കുന്ന പ്രതികരണമായിരുന്നു ജനത്തിന്‍റേത്. രാജ്യം പുതിയ ദിശയിലേക്ക് പോകുന്നതിന്റെ സൂചനയാണിത്. കോടിക്കണക്കിനു ജനങ്ങള്‍ രാജ്യനന്മയ്ക്ക് വേണ്ടി ത്യാഗത്തിന് തയ്യാറായി. അതാണ് സര്‍ക്കാരിന്റെ കരുത്ത്.  തന്റെ പുതുവത്സര സന്ദേശത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.ബാങ്കിംഗ് എത്രയും വേഗത്തില്‍ സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ ബാങ്കുകള്‍ പിന്നോക്ക-മധ്യവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. പരമ്പരാഗതരീതിയി നിന്നു പിന്‍മാറാന്‍ തയ്യാറാകണംഎന്നും നരേന്ദ്ര മോദി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍
*നഗരങ്ങളില്‍ ഭവനനിര്‍മ്മാണത്തിന് പദ്ധതി. ഇടത്തരക്കാര്‍ക്ക് 9 ലക്ഷത്തിന് 4 ശതമാനം പലിശയിളവ്. 12 ലക്ഷത്തിന്  മൂന്നു ശതമാനം ഇളവ് നല്കും.
*കര്‍ഷകര്‍ക്ക് പ്രത്യേക വായ്പാ പദ്ധതി. കാര്‍ഷിക വായ്പകള്‍ക്ക് 60 ദിവസത്തേക്ക് പലിശയില്ല.
*3 ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റും.
*ചെറുകിട സംരംഭങ്ങളുടെ വായ്പകള്‍ക്ക് 2 കോടിയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി. *ഗര്‍ഭിണികള്‍ക്ക് ആശുപത്രി പരിചരണത്തിന് 6000 രൂപ.
*ചെറുകിട കച്ചവടക്കാര്‍ക്ക് നികുതി ഇളവ്.
*മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ക്ഷേമ പദ്ധതികള്‍.
*ഏഴര ലക്ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് എട്ട് ശതമാനം പലിശ.

എന്നാല്‍ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.  ബജറ്റിന് സമാനമായ ചില ക്ഷേമ പദ്ധതികളുടെയും ഇളവുകളുടെയും പ്രഖ്യാപനം മാത്രമാണ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതേ സമയം അസാധുവാക്കിയ എത്ര നോട്ട് തിരിച്ചു വന്നു, എത്ര കള്ളപ്പണം പിടിച്ചു എന്നീ കണക്കുകളൊന്നും പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍