UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അല്ലെങ്കില്‍ തന്നെ അവര്‍ ദുരിതത്തിലായിരുന്നു; നോട്ട് നിരോധനകാലത്തെ ആദിവാസി ജീവിതം

ജിബിന്‍ വര്‍ഗീസ്

ഏറെ പ്രതീക്ഷകളും അതിലേറെ ആകൂലതകളും നിറഞ്ഞ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 500, 1000 നോട്ടുകളുടെ നിരോധനം രാജ്യത്തെ കള്ളപ്പണവും അഴിമതിയും അവസാനിപ്പിക്കാനുള്ള നടപടിയായി കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും സാധാരണജനങ്ങളുടെ ജീവിതക്രമത്തെ, ഈ നടപടി ഉണ്ടായി രണ്ടാഴ്ച പിന്നിടുമ്പോഴും സാരമായി ബാധിച്ചിരിക്കുകയാണ്.

നോട്ട് പ്രതിസന്ധി ഏററവും അധികം ബാധിച്ചിരിക്കുന്നത് ഗ്രാമങ്ങളിലാണ്. അവിടുത്തെ സാധാരണക്കാരാണ് ഇരകളാക്കപ്പെട്ടിരിക്കുന്നത്. രാജവ്യാപകമായി അടിസ്ഥാനവര്‍ഗം നേരിടുന്ന അതീവഗൗരവമുള്ള ജീവല്‍പ്രശ്‌നമായി തന്നെ ഇതിനെ കാണാം. അത്താഴപട്ടിണിക്കാരന് എന്താണ് സംഭവിക്കുന്നതെന്നതിനെപ്പറ്റി ധാരണ കിട്ടുന്നില്ല എന്നത് സാഹചര്യങ്ങളെ കൂടുതല്‍ പരിഭ്രാന്തിപ്പെടുത്തുന്നു.

കേരളത്തില്‍ തന്നെ ഏറ്റവും അധികം ആദിവാസികള്‍ ഉള്ള വയനാട്ടിലെ ഗോത്രജനതയുടെ ജീവിതവും നോട്ട് നിരോധനകാലത്ത് കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. വനവിഭവ ശേഖരണവും കൂലിപ്പണിയും കാലി വളര്‍ത്തലുമൊക്കെ അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ആദിവാസികള്‍ നോട്ട് പ്രതിസന്ധിയുടെ കാലത്ത് എങ്ങനെ വിഷമിക്കുന്നുവെന്നതിനെപ്പറ്റി ഇതുവരേയും പൊതുസമൂഹം ചര്‍ച്ച ചെയ്തു കണ്ടില്ല.

രാജ്യത്തെ പുതിയ സാമ്പത്തികപരിഷ്‌കാരങ്ങള്‍ ഈ ഗോത്രജനതയെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. വയനാട്ടിലെ പുഴമൂല, കട്ടക്കണ്ടി, യോഗിമൂല, പാലഞ്ചോല, വെള്ളക്കെട്ട് തുടങ്ങിയ നിരവധി ആദിവാസികോളനിയിലെ ജനതക്ക് പുത്തന്‍ സാമ്പത്തികപരിഷ്‌കാരത്തിന്റെ ലക്ഷ്യമോ ഉദ്ദേശമോ ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലെങ്കിലും അതിന്റെ സ്വാധീനം ഈ ജനത്തിനിടയിലും വളരെയധികം ബാധിച്ചു. ചികിത്സാ സഹായം, പെന്‍ഷന്‍, ഗ്യാസ് സബ്‌സിഡി, തൊഴിലുറപ്പ് കൂലി എന്നിവയെല്ലാം ഇവരുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് എത്തുന്നത്. എന്നാല്‍ നോട്ട് നിരോധനം വന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി അഞ്ച് രൂപ പോലും തികച്ച് കൈയ്യില്‍ എടുക്കാന്‍ കഴിയാതെ കോളനികള്‍ക്കുള്ളില്‍ ജീവിക്കുകയാണ് ഇവര്‍. ഊരുവാസികളില്‍ ഭൂരിഭാഗവും കൂലിപ്പണിയെ ആശ്രയിച്ച് കഴിയുന്നവരുമാണ്. തൊഴില്‍ ചൂഷണത്തിന്റെ ഇരകളായി ജീവിക്കേണ്ടി വരുന്നതിനിടയില്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയും ഇവരെ ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യം ചിലര്‍ മുതലെടുക്കാനും തുടങ്ങിയതോടെ ആദിവാസികളുടെ ദുരിതത്തിന് ആക്കം കൂടി. നോട്ടുനിരോധനത്തിനുശഷവും 500, 1000 രൂപ തൊഴിലാളികള്‍ക്കു കൊടുത്ത ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. പൊതുസമൂഹത്തിലുള്ളവര്‍ പോലും ബാങ്കിനും പോസ്റ്റ് ഓഫിസിനും മുന്‍പില്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും പലര്‍ക്കും നോട്ട് മാറാന്‍ കഴിയുന്നില്ല. അപ്പോഴാണ് കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണകളുമില്ലാത്ത പാവം ആദിവാസികള്‍ വട്ടം കറങ്ങുന്നത്. കൂലിപ്പണക്കാരായ ഇവര്‍ക്ക് ഒരു ദിവസത്തെ ജോലി നഷ്ടമായാല്‍ ഫലം പട്ടിണിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ പട്ടിണി സഹിച്ചാണ് കൈയില്‍ കിട്ടിയ പണം മാറാന്‍ ഓരോ ആദിവാസിയും വരിനില്‍ക്കാന്‍ പോകുന്നത്. 

പുല്‍പ്പള്ളിയിലെ പാക്കം പുഴമൂല കോളനിയിലെ ദമ്പതികളായ വെള്ളിക്കും ശാന്തക്കും പുതിയ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയില്ലെങ്കിലും കഴിഞ്ഞ ദിവസം പണിക്കൂലിയായി കിട്ടിയ 500-ന്റെ രണ്ടു നോട്ടുകളുമായി കടയില്‍ പലചരക്ക് മേടിക്കാന്‍ പോയപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം ശരിക്കും മനസിലായത്. 500 രൂപ എടുക്കില്ലെന്നും നോട്ട് മാറി ചില്ലറ തന്നാല്‍ മാത്രമെ സാധനം തരികയുള്ളൂ എന്നും കടക്കാരന്റെ വാക്കുകേട്ട് തിരികെ പോരാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. പാലഞ്ചോല കോളനിയിലെ 13-ാം നമ്പര്‍ വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന എലുക്കന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കാലി വളര്‍ത്തലാണ് എലുക്കന്റെ ഏക വരുമാനമാര്‍ഗം. മൂപ്പന്‍ അല്ലെങ്കിലും കോളനിയിലെ മൂപ്പന്റെ റോള്‍ വഹിക്കുന്ന എലുക്കന്‍ പുതിയ സാമ്പത്തികപരിഷ്‌ക്കാരമൊക്കെ ക്യത്യമായി പറഞ്ഞും കേട്ടുമൊക്കെ അറിഞ്ഞിട്ടുണ്ട്. എലുക്കന്റെ ഭയം തനിക്കിനി പാല്‍വില കൃത്യമായി കിട്ടുമോ എന്നതാണ്. “സൊസൈറ്റിയില്‍ നല്‍കുന്ന പാലിനു 10 ദിവസം കൂടുമ്പോഴാണ് മില്‍മ വില നല്‍കുന്നത്. ജില്ലാ സഹകരണ ബാങ്ക് വഴിയാണ് മില്‍മ പണം നല്‍കി പോന്നിരുന്നത്. എന്നാലിപ്പോള്‍ പറയുന്നത് പണം അകൗണ്ട് വഴിയേ കിട്ടൂ എന്നാണ്. എനിക്കാണെങ്കില്‍ സ്വന്തമായി ബാങ്ക് അകൗണ്ട് ഇല്ല. പാല്‍ വില കൃത്യമായി കിട്ടിയില്ലെങ്കില്‍ പശുക്കള്‍ക്ക് ഞാന്‍ എവിടെപ്പോയി കാലിത്തീറ്റയും പിണ്ണാക്കും വാങ്ങും?”

പുഞ്ചവയല്‍ കോളനിയിലെ വിദ്യാര്‍ത്ഥികളായ നിഷയുടെയും രാജേഷിന്റെയും കുടുംബത്തിലെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല. റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന സൗജന്യ അരി കൊണ്ട് കഴിഞ്ഞ് പോകാമെങ്കിലും അമ്മ നന്ദിനിക്ക് കിട്ടുന്ന വിധവാ പെന്‍ഷന്‍ കൊണ്ടാണ് കുടുംബം മുമ്പോട്ട് പോയിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങളും കുടുംബ ചെലവുകളും നടത്തിപ്പോന്നിരുന്നത് അതുകൊണ്ടാണ്. നോട്ട് പ്രതിസന്ധി വന്നതോടെ ബാങ്കില്‍ നിന്നും പണം കിട്ടാന്‍ ബുദ്ധിമുട്ടായതോടെ നന്ദിനിയുടെ ജീവിതം കഷ്ടത്തിലായി. മക്കളുടെ പഠനത്തിനോ മറ്റെന്തെങ്കിലും അത്യാവശ്യത്തിനോ പണം വേണ്ടി വന്നാല്‍ എന്തു ചെയ്യാണമെന്നറിയാത്തതിന്റെ വേവലാതിയാണ് നന്ദിനിയുടെ മുഖത്ത്. 

കട്ടക്കണ്ടി കോളനിയിലെ ബാലന്റെയും ശാരദയുടെയും ജീവിതവും കണ്ണീരില്‍ കുതിര്‍ന്നതാണ്. അരിവാള്‍ രോഗത്തിന് അടിമകളാണ് മക്കളായ മഞ്ജുവും ബിനുവും അഖിലും. ശാരീരിക അസ്വസ്ഥതകളാല്‍ ബാലനു ജോലി ചെയ്യാന്‍ കഴിയില്ല. രോഗങ്ങളും ദാരിദ്ര്യവും ഒരുപോലെ വേട്ടയാടുന്ന ഈ കുടുംബത്തിനു സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ചെറിയ ചികിത്സാ സഹായവും സുമനസ്സുകളുടെ കാരുണ്യവുമാണ് തുണ. ചികിത്സ സഹായമായി കിട്ടിയ അഞ്ഞൂറു രൂപ ബാലന്റെ കൈയിലുണ്ട്. എന്തു ചെയ്യണമെന്നറിയില്ല ബാലന്. മരുന്നു മേടിക്കാനും വീട്ടുസാമാനങ്ങള്‍ വാങ്ങിക്കാനും കരുതി വച്ചതാണ്. ഇപ്പോള്‍ ആ നോട്ട് കൊണ്ട് ഒന്നിനും ആകില്ലെന്ന് അറിഞ്ഞതോടെ ബാലന്‍ ആകെ തകര്‍ന്നുപോയി.

കരിമം വെള്ളക്കെട്ട് കോളനിയിലെ 70-കാരന്‍ രാഘവനു തന്റെ വാര്‍ദ്ധക്യപെന്‍ഷന്‍ ബാങ്കില്‍ നിന്നും എടുക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തിലാണ്. ‘പയയ പോലെ മയെ കിട്ടിന്തല, കൈയ്യിലി ഒരു പൈശവരെ ഇലടെ ഇന്തലും കാട്ടില കിയങ്കും തോട്ടിലെ മീനും തിഞ്ചു മെല്ലെ പോകാചിന്ത’ (സാധാരണ പോലെ മഴ കിട്ടിയിരുന്നെങ്കില്‍ കൈയ്യില്‍ ഒറ്റ പൈസ ഇല്ലെങ്കിലും കാട്ടില്‍ നിന്ന് കിട്ടുന്ന ചില കിഴങ്ങുകള്‍ കൊണ്ട് തിന്ന് കുടിച്ച് മുന്‍പോട്ട് പോകാമായിരുന്നു. മഴ ലഭിക്കാത്തതിനാല്‍ വേവിച്ച് കഴിക്കാവുന്ന പല വിഭവങ്ങളും കാട്ടില്‍ എവിടെ തിരഞ്ഞാലും കിട്ടാറുമില്ല). പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒന്നും അറിയില്ലെങ്കിലും ബാങ്കില്‍ പണമെടുക്കാന്‍ ചെന്നപ്പോള്‍ ആളുകളുടെ വലിയ നിര കണ്ട് തിരിച്ച് പോരേണ്ടി വന്ന രാഘവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

ഇനിയുമുണ്ട് ചൂണ്ടിക്കാണിക്കാന്‍ നോട്ട് നിരോധനകാലത്ത് വയനാട്ടിലെ ആദിവാസി ജീവിതം എങ്ങനെ തിരിച്ചടികള്‍ നേരിടുന്നുവെന്ന് പറയാന്‍. സമൂഹത്തിലെ താഴെത്തട്ടില്‍ വസിക്കുന്ന ജനവിഭാഗങ്ങളെ പുത്തന്‍ പരിഷ്‌കാരം എത്രമേല്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് വയനാട് ഒരു ഉദാഹരണം മാത്രമാണ്. അല്ലെങ്കില്‍ തന്നെ ഈ പാവങ്ങളുടെ പട്ടിണിയും ദുരിതവുമൊന്നും പുറം ലോകം അറിയാറില്ല. അറിയാന്‍ ശ്രമിക്കാറില്ല. എല്ലാവരും വരിനില്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആദിവാസികള്‍ അതിന്റെ ഏറ്റവും പിന്നിലേക്ക് തള്ളിമാറ്റപ്പെടുകയാണെന്ന് ആരും ശ്രദ്ധിക്കാതെ പോകുന്നതിനും വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ജിബിന്‍ വര്‍ഗീസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍