UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദായനികുതി ഭേദഗതി: ഇത് കള്ളപ്പണ വേട്ടയ്ക്കോ അതോ വെളുപ്പിക്കലിനോ?

ടീം അഴിമുഖം

‘ഭേദഗതികള്‍ അംഗീകരിക്കാന്‍ ഞാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നു.’ ചൊവ്വാഴ്ച പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ ആ ചെറുവാചകത്തിലൂടെ നോട്ടുനിരോധനത്തെ ന്യായീകരിക്കുന്ന ഒരു നിര്‍ണായക സാധൂകരണത്തെ സര്‍ക്കാര്‍ ഫലപ്രദമായി നശിപ്പിച്ചുകളഞ്ഞു.

ഒരു ചര്‍ച്ചയും കൂടാതെയാണ് ലോക്‌സഭയില്‍ ആദായനികുതി (രണ്ടാം ഭേദഗതി) ബില്ല്, 2016 പാസാക്കിയത്.

തങ്ങളുടെ കള്ളപ്പണം വെളിപ്പെടുത്താനും കനത്ത പിഴ നികുതിയായി നല്‍കിക്കൊണ്ട് കുറ്റവിമുക്തരാവാനും ജനങ്ങള്‍ക്ക് അവസരം നല്‍കാനുള്ള സര്‍ക്കാര്‍ താല്‍പര്യത്തിന്റെ ഭാഗമായി കൊണ്ടുവന്ന ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’യ്ക്ക് വേണ്ടിയുള്ള നികുതി, നിക്ഷേപ വ്യവസ്ഥകള്‍, (PMGKY) 2016’ ലാണ് ഭേദഗതികള്‍ വരുത്തിയത്. പകരം, പദ്ധതിയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം ദരിദ്രരുടെ ഉന്നമനത്തിനായി ചിലവിടാനായിരുന്നു പദ്ധതി.

പണമായും ബാങ്ക് നിക്ഷേപങ്ങളായുമുള്ള വെളിപ്പെടുത്താത്ത വരുമാനങ്ങള്‍ക്ക് രണ്ട് ഘട്ടങ്ങളായി നികുതി, അധികനികുതി, പിഴ എന്നിവ ഈടാക്കാന്‍ ചട്ടങ്ങളുള്ളതാണ് പിഎംജികെവൈ.

പാര്‍ട്ട് എ
*വെളിപ്പെടുത്തുന്ന വരുമാനത്തിന് 30 ശതമാനം നികുതി
*നികുതിയുടെ 33 ശതമാനം അധികനികുതി
*വെളിപ്പെടുത്തിയ വരുമാനത്തിന്റെ പത്തു ശതമാനം പിഴ
*വരുമാനത്തിന്റെ ഏകദേശം 50 ശതമാനം

പാര്‍ട്ട് ബി
നിക്ഷേപം: വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് പലിശരഹിത നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുക.

ഒരു വ്യക്തി ഒരു കോടിയുടെ വെളിപ്പെടുത്താത്ത വരുമാനം പ്രഖ്യാപിക്കുകയാണെങ്കില്‍ അതില്‍ 49.9 ശതമാനം നികുതി, സര്‍ചാര്‍ജ്ജ്, പിഴ ഇനങ്ങളില്‍ കിഴിക്കും. ബാക്കിയുള്ള 50 ലക്ഷത്തില്‍, വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനമായ 25 ലക്ഷം രൂപ നാലു വര്‍ഷത്തേക്ക് പിഎംജികെവൈയില്‍ നിക്ഷേപിക്കേണ്ടി വരും. ഇതിന്റെ ഫലമായി വ്യക്തിക്ക് ലഭിക്കുന്നത് 25 ശതമാനം (25 ലക്ഷം) പണമാണ്.

ഇനി, പാര്‍ലമെന്റിന് പുറത്ത് വെളിപ്പെടുത്തപ്പെട്ട മുഴുവന്‍ പദ്ധതിയുടെ നിര്‍ണായക ഭാഗം ഇതാണ്: ‘പിഎംജികെവൈ പദ്ധതി പ്രകാരം വെളിപ്പെടുത്തുന്ന പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് ഒരു ചോദ്യവും ഉണ്ടാവില്ല. ഇതിന് സ്വത്ത് നികുതി, പൗരനിയമങ്ങള്‍, മറ്റ് നികുതികള്‍ എന്നിവയില്‍ നിന്നും സംരക്ഷണമുണ്ടാവും. എന്നാല്‍ ഫെമ, പിഎംഎല്‍എ, മയക്കുമരുന്ന്, കള്ളപ്പണ ചട്ടങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷണം ലഭിക്കുന്നില്ല,’ എന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വിശദീകരിച്ചിരുന്നു.

അതായത് നിങ്ങള്‍ വലിയ തോതില്‍ കള്ളപ്പണം സൂക്ഷിക്കുന്നുവെങ്കില്‍ നേരെ ബാങ്കിന്റെ ബ്രാഞ്ചിലേക്ക് പോവുകയും പിഎംജികെവൈ പ്രകാരം തുക വെളിപ്പെടുത്തുകയും 50 ശതമാനം നികുതി അടയ്ക്കുകയും സന്തോഷത്തോടെ വീട്ടില്‍ പോവുകയും ചെയ്യുക.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍, കടുത്ത നടപടിക്കുള്ള അടിസ്ഥാനകാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത് കള്ളപ്പണമായിരുന്നു. കട്ടിലിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിനെകുറിച്ച് വാചാലനായ അദ്ദേഹം, തന്റെ സര്‍ക്കാര്‍ എത്ര കര്‍ക്കശമായാണ് കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ നീങ്ങുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. അത്തരം ആളുകളുടെ എല്ലാ പ്രശ്‌നങ്ങളും ഈ പുതിയ പദ്ധതിയിലൂടെ അദ്ദേഹം പരിഹരിച്ചുകൊടുത്തു.

ഇനി ഈ പറയുന്ന കാര്യങ്ങള്‍ കൂടി പരിശോധിക്കൂ: ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍, മറ്റ് സായുധ സംഘങ്ങള്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്കും ബാങ്കകളിലെത്തി പുതിയ പദ്ധതിയില്‍ തങ്ങളുടെ പണം നിക്ഷേപിക്കാം. അപ്പോള്‍ പ്രധാനമന്ത്രിയുടെ പുതിയ യുദ്ധത്തിന്റെ അടിസ്ഥാനം എന്താവും? കള്ളനോട്ട് മാത്രമാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്ത ഏക സാധനം.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍