UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനത്തിന് മേല്‍ സര്‍ക്കാരിന്റെ മഷിപ്രയോഗം അഥവാ ജനാധിപത്യത്തിന്റെ ചാപ്പ കുത്തല്‍

ഇന്ദു

ഇന്ത്യയില്‍ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വ്യാപക കള്ളവോട്ട് നടന്നെന്നു പറയപ്പെടുന്നു. ആരൊക്കെ ഒന്നിലധികം വോട്ട് ചെയ്‌തെന്നു കണ്ടുപിടിക്കാന്‍ വഴിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട വലിയ പ്രതിസന്ധി. അതെങ്ങനെ മറികടക്കാമെന്ന ചിന്ത അവരെ കൊണ്ടു ചെന്നെത്തിച്ചത് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലാണ്. ഡോ. എം എല്‍ ഗോയലിന്റെ നേതൃത്വത്തില്‍ ഒരു മഷി വികസിപ്പിച്ചെടുത്തു. വോട്ട് ചെയ്യാനെത്തുന്നവന്റെ വിരലില്‍ അവന്‍ കുത്തുന്നതിനു മുമ്പ് (ഇപ്പോള്‍ ഞെക്കുന്നതിനു മുമ്പ്) ഈ മഷിയൊന്നു തൊട്ടുനീട്ടിയാല്‍ മായണമെങ്കില്‍ ദിവസം കുറച്ചെടുക്കും. 1962 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ട് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡില്‍ ഉണ്ടാക്കുന്ന വോട്ടിംഗ് മഷി അഥവ Inelible Ink പ്രയോഗത്തില്‍ വരികയും കള്ള വോട്ടുകാര്‍ക്ക് മുട്ടന്‍ പണി കിട്ടുകയും ചെയ്തു.

ഈ ചരിത്രത്തിന്റെ കൂട്ടുപിടിച്ചാണോ എന്നറിയില്ല, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതേ മഷിപ്രയോഗത്തിന്റെ മറ്റൊരു തന്ത്രം പ്രയോഗിക്കുകയാണ്. അതുവഴി പൊതുജനത്തിന്റെ വിരലില്‍ ഒരിക്കല്‍ കൂടി മഷി പുരളാന്‍ പോവുന്നൂ. ഇത്തവണയത് വോട്ടിനുവേണ്ടിയല്ല, നോട്ടിനുവേണ്ടിയാണ് എന്നു മാത്രം. അസാധുവായ നോട്ടുകള്‍ 4,500 രൂപയില്‍ കൂടുതല്‍ ഒരു ദിവസം മാറ്റിയെടുക്കുന്നതും ഒരു ദിവസം തന്നെ ഒന്നിലേറെ ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറ്റിയെടുക്കുന്നതും തടയാനാണ് പുതിയ മഷി പ്രയോഗം.

അന്നത്തിനും മരുന്നിനുമൊക്കെയായി രാവിലെ വെറുംവയറ്റില്‍ രാജ്യസ്‌നേഹാദിഗുളം സേവിച്ചു എടിഎമ്മുകളുടെയും ബാങ്കുകളുടെയും മുന്നില്‍ ക്യൂനിന്നു ശീലിച്ചു തുടങ്ങിയ മഹാരാജ്യത്തെ അയ്യോ പാവങ്ങളുടെ പറ്റില്‍ കള്ളപ്പണക്കാര്‍ വെളുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന വിവരം അങ്ങ് ജപ്പാനില്‍ വരെ ഫിഡല്‍ ധ്വനികളായി അലയടിച്ചതോടെയാണു രാജ്യപുരോഗതിയുടെ ക്വട്ടേഷന്‍ എറ്റെടുത്തിരിക്കുന്നവര്‍ മറുമരുന്നാലോചിക്കാന്‍ തുടങ്ങിയത്. എന്തു ചെയ്യണമെന്നു മഷിവച്ചു നോക്കിയപ്പോഴോ മറ്റോ ആയിരിക്കണം ഈ മഷി പ്രയോഗം ബുദ്ധിയില്‍ തെളിഞ്ഞത്. ആനയുടെ കാലില്‍ തോട്ടിവയ്ക്കുന്നതും ജനത്തിന്റെ ഇടത്തേ ചൂണ്ടുവിരലില്‍ മഷി തൂക്കുന്നതും ഒരുപോലെയാണെന്നു രാഷ്ട്രീയക്കാര്‍ക്കും ഭരണക്കാര്‍ക്കും നന്നേ അറിയാം.

വിധിക്കപ്പെട്ടവന്റെ തലേവരയാണ് ഓരോ ശരാശരി ഇന്ത്യക്കാരനും. അതുകൊണ്ട് നോട്ട് നിരോധിക്കുമ്പോള്‍, അതവന്‍ തലകുലുക്കി അംഗീകരിക്കും. ബാങ്കിന്റെ മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതും സഹിക്കും, ഇനിയിപ്പോള്‍ വിരലിലല്ല, തലവഴി മഷി കോരിയൊഴിച്ചാലും എല്ലാം രാജ്യത്തിനുവേണ്ടിയാണല്ലോ എന്നു കരുതി സഹിക്കും. ഇതെല്ലാം സഹിച്ചാലും ഇനിയടുത്ത മഷിതേയ്ക്കല്‍ കാലമാകുമ്പോള്‍ വരിയിട്ട് നില്‍ക്കാനും തയ്യാര്‍…അതാണ് പൗരധര്‍മം.

എന്നാല്‍ വരിയുടയ്ക്കപ്പെട്ടവന്റെ പൗരധര്‍മം നുകംവച്ച കാളയുടെ വിധേയത്വംപോലെയാണല്ലോ. അതു തിരിച്ചറിയുമ്പോഴാണ് ഈ മഷിതേക്കലും അടിമകളുടെ പുറത്തു ചാപ്പ കുത്തുന്നതും ഒന്നല്ലേയെന്നു തോന്നിപ്പോകുന്നത്. സര്‍ക്കാര്‍ ഒരുപക്ഷേ ചരിത്രത്തിന്റെ കൂട്ടുപിടിക്കുയാകും. കള്ളവോട്ടുകാരെ തടയാന്‍ കേവലം മഷികൊണ്ട് സാധിക്കുമെങ്കില്‍ കള്ളനോട്ടുകാരെ പിടികൂടാനും അതേ മഷി പ്രയോഗം മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തെ ജനാധിപത്യ മര്യാദകളോടെ ആദരിക്കുകയല്ലേ വേണ്ടതെന്നാണു ഭക്തര്‍ ചോദിക്കുന്നത്. വോട്ട് മഷിപോലെയാണോ നോട്ട് മഷി? അല്ലെങ്കില്‍ ഈ സംശയങ്ങള്‍ക്കു മറുപടി വേണം- ചൂണ്ടു വിരലിലാണോ അതോ നടുവിരലിലാണോ മഷി തേയക്കുന്നത്? ഒരു ദിവസം തേച്ച മഷി പിറ്റേദിവസം മായുമോ? മഷി മാഞ്ഞാലോ പിന്നെ ബാങ്കിന്റെ പരിസരത്തേക്ക് വരാന്‍ സാധിക്കുകയുള്ളോ? ഓരോ ദിവസവും ഓരോ വിരലിലായി മഷി തേയ്ക്കുമോ? ഫോസ്‌ഫെറിക് മഷി (വോട്ടിംഗ് മഷി) മിനിട്ടു കൊണ്ട് മായ്ച്ചു കളയുന്ന വിരുതന്മാരുള്ള നാട്ടില്‍ നോട്ട് മഷി അപ്രത്യക്ഷമാക്കാന്‍ കഴിയില്ലേ? അങ്ങനെയുള്ളവരെ കണ്ടുപിടിക്കാന്‍ വഴിയുണ്ടോ?

വോട്ട് അഞ്ചുകൊല്ലത്തില്‍ ഒരിക്കല്‍ ചെയ്യുന്നതാണ്. മാത്രമല്ല, വരുന്നവനെല്ലാം കള്ളവോട്ട് ചെയ്യാന്‍ വരുന്നതുമല്ല. അതുകൊണ്ട് മഷി പുരട്ടല്‍ അത്രകണ്ട് ബേജാറാക്കില്ല. എന്നാല്‍ നോട്ടിന്റെ കാര്യം അങ്ങനാണോ? ജനത്തിന്റെ ജീവിതം ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. വീടു പണിയുന്നവര്‍, ആശുപത്രികളില്‍ ബില്ല് അടയ്‌ക്കേണ്ടവര്‍, തൊഴിലാളികള്‍ക്ക് കൂലി കൊടുക്കേണ്ടവര്‍; അങ്ങനെ നിരവധി പ്രശ്‌നങ്ങളാണ്. ഇവര്‍ക്കെല്ലാം ഒരു ദിവസം 4,500 രൂപയേ കൊടുക്കൂ എന്നു പറഞ്ഞു മഷി തേച്ചുവിട്ടാല്‍ എങ്ങനെ ശരിയാകാനാണ്? ഇക്കണ്ട ബാങ്കുകളുടെ മുന്നില്‍ ക്യൂനില്‍ക്കുന്നവനെല്ലാം കള്ളപ്പണക്കാരോ അല്ലെങ്കില്‍ കള്ളപ്പണക്കാരുടെ ഡമ്മികളായോ ആണെന്നു പറയുമ്പോള്‍, വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവനെല്ലാം കള്ളവോട്ട് ചെയ്യാന്‍ നില്‍ക്കുകയാണെന്നു പറയേണ്ടി വരില്ലേ മഷിയുടെ ലോജിക്കില്‍ കാര്യങ്ങള്‍ നോക്കിയാല്‍.

ഇന്നിപ്പോള്‍ ഒരു പ്രൈവറ്റ് ആശുപത്രിയില്‍ സിസേറിയന്‍ നടത്തണമെങ്കില്‍ കുറഞ്ഞത് 45,000 രൂപ വേണം. രാജശേഖരന്‍ (യഥാര്‍ത്ഥ പേരല്ല) എന്നയാളുടെ മകളെ പ്രസവത്തിനു കൊണ്ടുപോയിരിക്കുന്നത് ഒരു പ്രൈവറ്റ് ആശുപത്രിയിലാണ്. ലേബര്‍ റൂമില്‍ കേറ്റണതിനു മുമ്പ് കാശ് അടയ്ക്കണം. രാജശേഖരന്റെ കൈയില്‍ പണമുണ്ട്. പക്ഷേ ആയിരവും അഞ്ഞൂറുമായിട്ടാണ്. എന്തു ചെയ്യും. ആശുപത്രിക്കാര്‍ എടുക്കില്ല. ബാങ്കില്‍ മറാന്‍ ചെന്നാല്‍ ഒരു ദിവസം കിട്ടുന്നത് 4,500. മകളുടെ പ്രസവവേദന ബാങ്കുകാര്‍ക്ക് അറിയണോ? കൈയിലുള്ള അമ്പതിനായിരം രൂപ രാജേേശഖരന്‍ എത്രദിവസം കൊണ്ട് മാറിയെടുക്കും? കാശ് മാറികിട്ടുന്നതുവരെ മകളേ നീ പെറ്റേക്കല്ലേ എന്നു പറയാന്‍ പറ്റുമോ? ഇതുപോലെ പല രാജശേഖരന്‍മാരും സുരേന്ദ്രന്മാരും മുരളീധരന്മാരുമൊക്കെ മകളുടെ പ്രസവവും വീടുപണിയും മകന്റെ കോളേജ് ഫീസുമൊക്കെയായി കഷ്ടപ്പെടുന്നുണ്ട്. രാജ്യത്തിനുവേണ്ടി ത്യാഗം സഹിക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല ഇവരാരും. പക്ഷെ അവനനവന്റെ ജീവനും ജീവിതവും ഇല്ലാതായി പോകുന്ന പ്രതിസന്ധിക്കു മുന്നില്‍ എന്തു ചെയ്യണമെന്ന് ഇവര്‍ക്കറിയില്ല. എല്ലാം രാജ്യത്തിനുവേണ്ടിയാണെന്നു പറയുന്നവര്‍ മേല്‍പ്പറഞ്ഞതുപോലുള്ള പ്രശ്‌നങ്ങള്‍ പൊതുജനത്തിന് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുപിടിക്കാതെ പോയതെന്താണെന്നാണു ചോദ്യം.

അവനവന്‍ അദ്ധ്വാനിച്ച് സമ്പാദിച്ച പണത്തില്‍ പോലും ഭരണകൂടം അവകാശം പറയുകയാണ്. ഒരുവന് എത്ര പണം കൊടുക്കണമെന്നു ഭരണകൂടം തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അവിടെന്ത് ജനാധിപത്യം? അതുംപോരാതെ, തങ്ങളെ ആരും ധിക്കരിക്കരുതെന്ന വാശിയാല്‍ അടയാളം പൂശിവിടുകയും ചെയ്യുന്നു…ഇതൊക്കെയൊരു മര്യാദയാണോ?

എന്തായാലും മഷി തേച്ചു പിടിക്കപ്പെടുന്ന ഒരു കള്ളപ്പണക്കാരനെങ്കിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍