UPDATES

നോട്ട് നിരോധനം നട്ടെല്ലൊടിക്കുന്ന കേരളത്തിലെ ഹോട്ടല്‍ വ്യവസായം

സംസ്ഥാനത്തെ ഇടത്തരം ഹോട്ടലുകളുടെ കച്ചവടം അന്‍പത് ശതമാനമായി കുറഞ്ഞെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. അന്‍പത് ശതമാനത്തിലേറെ കച്ചവടം കുറഞ്ഞ ഹോട്ടലുകള്‍ അടച്ചു പൂട്ടി.

Avatar

സമീര്‍

ഹോട്ടലുകളെ മറന്നൊരു ജീവിതം കേരളീയര്‍ക്കില്ല. ആഹാരപ്രിയര്‍ക്ക് സ്വന്തം വീട് പോലെതന്നെയാണ് ഹോട്ടലുകളും. ഒരു നേരമെങ്കിലും ഹോട്ടല്‍ ഭക്ഷണം കഴിക്കാത്തവര്‍ വിരളം. വൈകുന്നേരങ്ങളില്‍ കുടുംബവുമൊത്തുള്ള ചുറ്റയടിക്കലിന്റെ അവസാനം ഏതെങ്കിലും ഹോട്ടലായിരിക്കും. വിഭവസമൃദ്ധമായ ഭക്ഷണം ആഴ്ചയിലൊരിക്കലെങ്കിലും പുറത്തു പോയി കഴിക്കുന്നത് മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു. വടക്കന്‍ ജില്ലകളില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളിലെ ഹോട്ടല്‍ ഭക്ഷണം സ്ഥിരം കാഴ്ചയാണ്.
കേരളീയരുടെ ഭക്ഷണ താല്‍പര്യം മനസിലാക്കിയാണു ഹോട്ടല്‍ രംഗത്തെ വമ്പന്മാര്‍ കൊച്ചുകേരളത്തില്‍ ബിസിനസുകള്‍ ആരംഭിച്ചത്. ഒട്ടുമിക്ക സിനിമതാരങ്ങളും വന്‍കിട ഹോട്ടല്‍ /റെസ്റ്റോറന്‍റുകളുടെ ഉടമകള്‍ കൂടിയാണ്. രസകരമായ പേരുകള്‍ നല്‍കിയും വിഭവങ്ങള്‍ ഒരുക്കിയും എന്നും ജനങ്ങളെ ഇവര്‍ ആകര്‍ഷിച്ചിരുന്നു. മുക്കിന് മുക്കിനാണ് നാട്ടില്‍ ഹോട്ടലുകള്‍ മുളച്ചുപൊങ്ങിയിരുന്നത്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചു നിന്നിരുന്നത് ഹോട്ടല്‍ വ്യവസായം മാത്രമായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ മാറുന്ന കാഴ്ചയാണ് ഒരു മാസമായി കണ്ടുകൊണ്ടിരിക്കുന്നത്.

നവംബര്‍ എട്ടിന് 500-1000 നോട്ടുകള്‍ നിരോധിക്കുമ്പോള്‍ അതു ഹോട്ടല്‍ വ്യവസായത്തിന്റെ നടുവൊടിക്കുമെന്ന് ഈ രംഗത്തുള്ള ആരും കരുതിയിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ ഇടത്തരം ഹോട്ടലുകളുടെ കച്ചവടം 50 ശതമാനമായി കുറഞ്ഞെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. അന്‍പത് ശതമാനത്തിലേറെ കച്ചവടം കുറഞ്ഞ ഹോട്ടലുകള്‍ അടച്ചു പൂട്ടി. കാര്‍ഡ് ഉപയോഗിക്കാവുന്ന വന്‍കിടഹോട്ടലുകള്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നോക്കുന്നത്. പലരും സ്ഥിരം തൊഴിലാളികളല്ലാത്തവരെ പിരിച്ചുവിടുന്നു. അതിനാല്‍ തന്നെ ഹോട്ടലുകളിലെ പ്രധാന ജീവനക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നാടുവിട്ടു കഴിഞ്ഞു. നാട്ടിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും ജോലി.

ഹോട്ടലുകള്‍ നടത്തിയിട്ടു കാര്യവുമില്ല, എന്നാല്‍ അടച്ചുപൂട്ടാനും വയ്യ എന്ന അവസ്ഥയിലാണ് പലരും. കുറച്ചു നാള്‍ കൂടി പിടിച്ചു നിന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം മാറുമെന്നും അപ്പോള്‍ തങ്ങള്‍ക്കു കച്ചവടം തിരിച്ചുകിട്ടുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഹോട്ടലുകള്‍ അടച്ചിടുന്നത് ബുദ്ധിയല്ലെന്നവര്‍ കരുതുന്നു. ഒരിക്കല്‍ അടച്ചാല്‍ പിന്നെ കസ്റ്റേഴ്‌സ് വിട്ടുപോകും. അതുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നു എന്നപേരില്‍ കച്ചവടം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന തരത്തില്‍ കസ്റ്റമേഴ്‌സിനോടു പറയും. പല ഹോട്ടലുകള്‍ക്കു മുന്നിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതായുള്ള ബോര്‍ഡുകള്‍ തൂങ്ങി കഴിഞ്ഞു.

302828_550160651666911_189667017_n

പൊതുവേ ഹോട്ടല്‍ ഭക്ഷണത്തോട് സ്‌നേഹം കാട്ടിയിരുന്ന പലരും ഇപ്പോള്‍ വീടുകളില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയാണ്. ജോലിക്ക് പോകുന്നവര്‍ പൊതി ഭക്ഷണം എടുക്കാനും ഇപ്പോള്‍ മറക്കുന്നില്ല. വളരെ കണക്കൂകുട്ടിയാണ് കൈയിലുള്ള കാശ് ജനങ്ങള്‍ ചെലവഴിക്കുന്നത്. പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നതുപോലും ആര്‍ഭാടമാണെന്നു മലയാളി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഹോട്ടലുകളില്‍ കയറി ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുകയും ആവശ്യമില്ലാതെ വാങ്ങിക്കൂട്ടി വേസ്റ്റാക്കി കളയുകയും ചെയ്തിരുന്ന കസ്റ്റമേഴ്‌സിനെ ഇപ്പോള്‍ കാണാറില്ലെന്നു ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. മിതമായ രീതിയില്‍ ആവശ്യത്തിന് മാത്രമാണ് ഇപ്പോള്‍ ഭക്ഷണം ആവശ്യപ്പെടുന്നത്. ക്രിസ്മസ് -ന്യൂ ഇയര്‍ സീസണ്‍ കൂടിയായതിനാന്‍ നല്ലകച്ചവടം നടക്കേണ്ട കാലം കൂടിയാണിത്.

വിനോദസഞ്ചാരമേഖലയിലുണ്ടായ മാന്ദ്യവും ഹോട്ടല്‍ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടുള്ളവരുടെ വരവ് കുറഞ്ഞതും ഹോട്ടല്‍ കച്ചവടത്തെ കാര്യമായി ബാധിച്ചു. ഒട്ടേറെ ഹോട്ടലുകള്‍ പൂട്ടിയെന്നു മാത്രമല്ല നടത്തിപ്പുകാരില്‍ പലരും സാമ്പത്തിക പരാധീനതകളില്‍ പെടുകയും ചെയ്തു. ഒരു നിശ്ചിത കണക്കിലേ ഇപ്പോള്‍ ഹോട്ടലുകാരും ഭക്ഷണം ഉണ്ടാക്കുന്നുള്ളു. കച്ചവടം ലഭിച്ചില്ലെങ്കില്‍ സാധനങ്ങളെല്ലാം വേസ്റ്റായിപോകും. ഹോട്ടലില്‍ സൂക്ഷിക്കാമെന്ന് വിചാരിച്ചാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പഴകിയ ഭക്ഷണം വില്‍പനക്ക് വച്ചെന്നു പറഞ്ഞ് പിഴയീടാക്കും. അതിനാല്‍ വളരെ സൂക്ഷിച്ച് അളന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്- കൊച്ചിയിലെ ഒരു ഹോട്ടല്‍ ഉടമ പറയുന്നു.

ഒരുലക്ഷത്തിലധികം ഹോട്ടലുകളാണ് രജിസ്‌ററര്‍ ചെയ്ത് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിനേക്കാളെല്ലാം ഇരട്ടിവരും അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ തിരിച്ചടി നേരിടുകയാണെന്നു അസോസിയേഷന്‍ പറയുന്നു. ഹോട്ടലുകളോടൊപ്പം തന്നെ തട്ടുകടകളിലെ കച്ചവടവും കുറഞ്ഞിട്ടുണ്ട്.

shanawas

ചില്ലറക്ഷാമവും ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ തകിടം മറിച്ചു. പലരും ഒരു ചായ കുടിക്കാന്‍ മാത്രമായി വരുന്നത് രണ്ടായത്തിന്റെ നോട്ടുമായാണ്. ചെയ്ഞ്ച് വാങ്ങിക്കാനുള്ള ഒരു സൂത്രം കൂടിയാണ് മലയാളിക്കിപ്പോള്‍ ഹോട്ടലും ചായക്കടകളും. “ഭക്ഷണം കഴിച്ചതിന്റെ ബില്ലു കൊടുക്കുമ്പോള്‍ നീട്ടുന്നത് രണ്ടായിരം രൂപയായിരിക്കും. ബില്‍ തുക ചിലപ്പോള്‍ ഒരു ചായയുടേതാകാം അതല്ലെങ്കില്‍ നൂറില്‍ താഴെ വരുന്ന ഏതെങ്കിലും തുകയായിരിക്കാം. ബാക്കി കൊടുക്കാതിരിക്കാന്‍ പറ്റുമോ? കസ്റ്റേേമഴ്‌സിനോട് ചെയ്ഞ്ച് തരാന്‍ പറഞ്ഞാല്‍ അവരുടെ മുഖം മാറും. എടിഎമ്മില്‍ നിന്നും ബാങ്കില്‍ നിന്നുമെല്ലാം രണ്ടായിരമാണ് കിട്ടുന്നതെന്നു പറയും. അങ്ങനെ പറയുന്നവരോട് തിരിച്ചെന്തു മിണ്ടാനാണ്. ഒന്നോ രണ്ടോ പേര്‍ക്ക് ചെയ്ഞ്ച് കൊടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ വരുന്നവരില്‍ ഭൂരിഭാഗത്തിന്റെയും കൈയില്‍ രണ്ടായിരത്തിന്റെയേും അഞ്ഞൂറിന്റെയുമാണെങ്കില്‍ സാധാര ഹോട്ടലുകാര്‍ എന്തു ചെയ്യം? ചില്ലറ മാറി നല്‍കാന്‍ സാധിക്കാത്തതിനാല്‍ കടം നല്‍കാന്‍ നിര്‍ബന്ധിതരാവുന്നു;” ആലപ്പുഴയില്‍ ഹോട്ടല്‍ നടത്തുന്ന മുരളീധരന്‍ പറയുന്നു. സ്ഥിരം വരുന്നവര്‍ക്ക് കടമാണ് ഇപ്പോള്‍ നല്‍കിപ്പോരുന്നത്. ആവശ്യത്തിന് ചില്ലറ നോട്ടുകള്‍ ഇല്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ കൂടി പൂട്ടേണ്ടി വരുമെന്ന അവസ്ഥയിലാണ് ഈ മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് താഴുവീണശേഷം മിക്ക ബാറുടമകളും ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍ അവര്‍ക്ക് വീണ്ടും ഇരുട്ടടിയായിരിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി. ജീവിക്കാനുള്ള വഴികളെല്ലാം അടയ്ക്കുകയാണോ എന്നാണ് അവരുടെ പരിഭവം.

ചില്ലറ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്നവര്‍ അത് പുറത്തിറക്കാതെ സുക്ഷിക്കുകയാണെന്നാണ് ഹോട്ടല്‍ രംഗത്തെ കച്ചവടക്കാര്‍ പരാതി പറയുന്നത്. നോട്ടുകളുടെ ക്രിയവിക്രയം നടന്നാല്‍ മാത്രമേ ഇപ്പോഴുള്ള ചില്ലറക്ഷാമത്തിന് അയവ് വരുകയുള്ളെന്നും കച്ചവടക്കാര്‍ പറയുന്നു.
വരും ദിവസങ്ങളിലും സാമ്പത്തികാവസ്ഥയക്ക് മാറ്റം വന്നില്ലെങ്കില്‍ അടച്ചു പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം കൂടും. ജീവിക്കാന്‍ പിന്നെ എന്തു വഴി എന്നാണ് ഇവര്‍ ചോദിക്കുന്നത്.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍ )

ഫോട്ടോ കടപ്പാട്: Shanavas Photography

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍