UPDATES

നോട്ട് നിരോധനം: ഉണര്‍ന്നെണീറ്റ് കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം; മോദി നടത്തിയ അഴിമതി വെളിപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

തുടക്കത്തില്‍ നോട്ട് നിരോധനത്തോട് ജനങ്ങള്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചിരുന്നതാണ് എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആശങ്കയിലായിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ജനവികാരം സര്‍ക്കാരിന് എതിരാകുന്നു എന്ന മനസിലായതോടെയാണ് കോണ്‍ഗ്രസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിത്തുടങ്ങിയത്.

നോട്ട് നിരോധന വിഷയത്തില്‍ തുടക്കം മുതല്‍ പിന്‍വലിഞ്ഞു നിന്നിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ ആക്രമണവുമായി രംഗത്ത്. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം അണിനിരത്തിക്കൊണ്ട് പാര്‍ട്ടി ഉപാധ്യന്‍ രാഹുല്‍ ഗാന്ധിയാണ് ഇത്തവണ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാനും രാഹുല്‍ അല്‍പ്പം മുമ്പ് തയാറായി. മോദി നടത്തിയ വ്യക്തിപരമായ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും അത് താന്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ, ഇന്നും സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു. അതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“താന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ പുറത്തു വരാതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം നടത്തിയ വ്യക്തിപരമായ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ പക്കലുണ്ട്. അത് ലോക്‌സഭയില്‍ വെളിപ്പെടുത്തും. എന്നാല്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന”തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അരുണാചല്‍ പ്രദേശിലെ അണക്കെട്ട് നിര്‍മാണവുമായി അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജി വയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു.

നവംബര്‍ എട്ടിന് നോട്ട് നിരോധനം നടപ്പില്‍ വന്ന ശേഷം ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തു വന്നപ്പോഴും കോണ്‍ഗ്രസിന്റെ ഇടപെടല്‍ കാര്യമായിണ്ടായില്ല. എന്നാല്‍ രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തോടെയാണ് കോണ്‍ഗ്രസും വിഷയത്തില്‍ കാര്യമായി ഇടപെടുന്നത്. ഇന്നലെ മൂന്‍ ധനമന്ത്രി പി. ചിദംബരം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം രാജ്യം കണ്ട വലിയ അഴിമതിയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നോട്ട് നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ചിദംബരം സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി മാനിക്കുന്നുവെന്നും എന്നാല്‍ മുന്നൊരുക്കങ്ങളില്ലാതെയാണ് ഇത് നടപ്പാക്കിയത് എന്നുമായിരുന്നു അഭിപ്രായപ്പെട്ടത്. എന്നാല്‍ വന്‍കുംഭകോണം തന്നെയാണ് നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്ന ഗുരുതരമായ ആരോപണമാണ് ചിദംബരം ഇന്നലെ ഉന്നയിച്ചത്. മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിയും സര്‍ക്കാരിന്‍നെതിരെ രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ മൊത്തം സമ്പദ് മേഖലയേയും തകര്‍ത്ത തീരുമാനമാണ് മോദിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

pramod-5

ഇന്നലെ യു.പിയില്‍ ദാദ്രിയില്‍ സംസാരിച്ചപ്പോഴും രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ വമ്പന്‍ പണക്കാര്‍ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള എട്ടു ലക്ഷം കോടി രൂപ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ട് നിരോധനം നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ ദിവസവും വേറെ വേറെ ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ക്യാഷ്‌ലെസ് എക്കോണമി എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമായി വരികയാണ്. കാരണം ആരുടെ പക്കലും പണമില്ല. ജനം നിത്യവൃത്തിക്കുള്ള പണത്തിനു വേണ്ടി ബാങ്കുകളിലും എടിഎമ്മുകള്‍ക്കു മുന്നിലും ക്യൂവിലാണ്. ഇവിടെയൊന്നും ഒരു ധനികരേയും കാണാറില്ല. മറിച്ച് പിന്‍വാതിലിലൂടെ ബാങ്കുകള്‍ തന്നെ ഇവര്‍ക്ക്  കോടികള്‍ മാറ്റിക്കൊടുക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ, കാര്യമായ കാര്യപരിപാടികളൊന്നും ഇതുവരെ നടന്നിട്ടില്ല. നോട്ട് നിരോധന വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള ആക്രമണം ശക്തമാക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തീരുമാനം. തുടക്കത്തില്‍ നോട്ട് നിരോധനത്തോട് ജനങ്ങള്‍ അനുകൂല മനോഭാവം പ്രകടിപ്പിച്ചിരുന്നതാണ് എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആശങ്കയിലായിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും ജനവികാരം സര്‍ക്കാരിന് എതിരാകുന്നു എന്ന മനസിലായതോടെയാണ് കോണ്‍ഗ്രസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിത്തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍