UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമര്‍ശിക്കുന്നവരെ ശത്രുക്കളെന്ന് വിളിക്കുന്നതല്ല ജനാധിപത്യം

Avatar

ടീം അഴിമുഖം

രാജ്യത്ത് നിരവധി പേരുടെ മനസില്‍ ആഴത്തില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രമാണത്. മെയ് 2014-ന് ആദ്യമായി പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘ജനാധിപത്യത്തിന്‍റെ ക്ഷേത്രം’ എന്നു വിശേഷിപ്പിക്കുന്ന ആ സ്ഥലത്തിന്റെ ചവിട്ടുപടികളില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നെറ്റിമുട്ടിച്ചു നമസ്കരിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം കള്ളപ്പണത്തിനെതിരായ ഒരു വലിയ നീക്കമെന്ന് വിശേഷിപ്പിച്ച, ഒരുപക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു നടപടിയില്‍, സമ്പദ് രംഗമാകെ പ്രശ്നബാധിതമായപ്പോള്‍, പാര്‍ലമെന്റിലെ മോദിയുടെ നിശബ്ദത വലിയൊരു പ്രശ്നമായിരിക്കുന്നു.

കാശ് പിന്‍വലിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ പരസ്യമായി സംസാരിച്ചിട്ടില്ല എന്നല്ല. നിരവധി പരിപാടികളില്‍ – തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ നടത്തിയ ഒരു യോഗത്തില്‍, പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ – അവിടെയും തെരഞ്ഞെടുപ്പ് വരുന്നു, ഗോവയിലെ മോപയില്‍ വിമാനത്താവളത്തിന് തറക്കല്ലിടവേ, ഭരണഘടന ദിനത്തില്‍ ബിജെപി നേതാവായിരുന്ന കേദാര്‍നാഥ് സാഹ്നിയുടെ ഓര്‍മ്മക്കായി ഇറക്കിയ പുസ്തകത്തിന്‍റെ പ്രകാശന വേളയില്‍ വച്ച് ഡല്‍ഹിയില്‍ എല്ലാം ഇതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പക്ഷേ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം വന്ന നവംബര്‍ 8-ന് അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ഈ വിഷയത്തില്‍ സഭയില്‍ ഇതുവരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഇത് 2014-ലെ ആ നമസ്കാരചിത്രവുമായി യോജിക്കുന്നില്ല. മാത്രവുമല്ല, സംവാദങ്ങളോട് സര്‍ക്കാറിന് എത്രമാത്രം തുറന്ന സമീപനമുണ്ടെന്നതിനെക്കുറിച്ചുള്ള സംശയവും ഉയര്‍ത്തുന്നുണ്ട്.

കാശ് നിരോധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എതിര്‍പ്പിനെക്കാള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് അമ്പരപ്പാണുള്ളതെന്നാണ് വൈരുദ്ധ്യം. നയത്തെയല്ല, നടപ്പാക്കലിനെയാണ് അവര്‍ പ്രധാനമായും എതിര്‍ക്കുന്നത്. പ്രതിഷേധത്തിന്റെ രൂപത്തെക്കുറിച്ച് അവര്‍ക്കിടയിലും ഭിന്നതകളുണ്ട്. ജനപ്രതിനിധികളുമായി സഭയില്‍ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായാല്‍ അദ്ദേഹം വിചാരിക്കുന്നതിനെക്കാള്‍ എളുപ്പമാകും കാര്യങ്ങള്‍. അങ്ങനെ ചെയ്യാതിതിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഘടനയുടെ ഭാഗമായി വേണം കാണാന്‍; ഇക്കഴിഞ്ഞ രണ്ടര വര്‍ഷമായി ആവര്‍ത്തിക്കുന്ന ഒരു സംഗതി, സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ കേള്‍ക്കാന്‍ വിസമ്മതിക്കുന്നു എന്നതാണ്. മിക്ക സന്ദര്‍ഭങ്ങളിലും വിമര്‍ശകര്‍ക്ക് ദുരുദ്ദേശം ഉണ്ടെന്നാരോപിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്.

ഇത്തവണയും തങ്ങളുമായി വിയോജിച്ച എല്ലാവരെയും രാജ്യസ്നേഹമില്ലാത്തവരെന്നും അഴിമതിക്കാരെന്നും മുദ്രകുത്താനാണ് സര്‍ക്കാരിന് തിടുക്കം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ ഇതിനെ ‘കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകം’ എന്നു വിശേഷിപ്പിച്ചപ്പോള്‍ – അദ്ദേഹവും ഇതിന്റെ ലക്ഷ്യങ്ങളുമായി വിയോജിക്കുന്നു എന്നു പറഞ്ഞില്ല – 2ജി അടക്കമുള്ള, അദ്ദേഹത്തിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് സര്‍ക്കാര്‍ ഉടനടി പ്രതികരിച്ചത്. തങ്ങളുമായി വിയോജിപ്പും എതിര്‍പ്പുമുള്ള ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറല്ല എന്നാണ് അടിസ്ഥാനപരമായി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കാശ് പിന്‍വലിക്കലിന്റെ ജയപരാജയങ്ങള്‍ക്കപ്പുറം ജനാധിപത്യവ്യവസ്ഥയില്‍ ഒരു സര്‍ക്കാര്‍ നല്‍കേണ്ട സൂചനയല്ല ഇത്. നവംബര്‍ 8-ന് വൈകിട്ട് കേട്ട ശക്തമായ സന്ദേശത്തെയും കൂടിയാണ് ഇത് ദുര്‍ബ്ബലമാക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍