UPDATES

ഇന്ന് മുതല്‍ പുതിയ 500 രൂപ നോട്ട് എത്തും; പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 24,000 രൂപയായി ഉയര്‍ത്തി

അഴിമുഖം പ്രതിനിധി

ഇന്ന് മുതല്‍ ബാങ്കുകളില്‍ പുതിയ 500 രൂപയുടെ നോട്ടുകള്‍ എത്തും. നഗരങ്ങളിലായിരിക്കും ആദ്യം 500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തുക. അതേസമയം ധനമന്ത്രാലയം പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 24,000 രൂപയായി ഉയര്‍ത്തുകയും എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിന്‍വലിക്കുകയും ചെയ്യാം. ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 10,000 രൂപ എന്ന നിബന്ധനയും മാറ്റി.

നേരത്തെ ഒരാഴ്ച പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 20,000 ആയിരുന്നു. ഒരാള്‍ക്ക് 4,500 രൂപ വരെ ബാങ്കുകള്‍ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. നേരത്തെ ഇത് 4,000 രൂപയായിരുന്നു. ചെക്കുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

നോട്ട് പിന്‍വലിച്ചതിനു ശേഷം ആദ്യ നാലു ദിവസത്തിനുള്ളില്‍, 500, 1000 രൂപ നോട്ടുകള്‍ മാത്രം തന്നെ മൂന്നു ലക്ഷം കോടി രൂപയാണ് ബാങ്കുകളിലെത്തിയത്. ബാങ്കുകള്‍, എടിഎമ്മുകള്‍ എന്നിവ മുഖേന 50,000 കോടി രൂപ ആളുകള്‍ക്ക് വിതരണം ചെയ്തുവെന്നും ധനമന്ത്രാലയം അറിയിച്ചു.

ധനമന്ത്രാലയം ഉന്നതതല അവലോകന യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍