UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ടക്കുഴപ്പം, അനിശ്ചിതത്വം; പ്രതിസന്ധിയിലായ ബാങ്കിംഗ് മേഖല

അഴിമുഖം പ്രതിനിധി

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അരാജകത്വം ആറാം ദിവസവും തുടരുമ്പോള്‍ സംസ്ഥാനത്തെ ബാങ്കുകള്‍ നേരിടുന്നത് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കാര്യങ്ങള്‍. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല എന്നുമാത്രമല്ല അതോടൊപ്പം എടിഎം കൌണ്ടറുകളില്‍ വേണ്ടത്ര പണം എത്തിക്കാന്‍ സാധിക്കാത്തതുകൊണ്ട് നിത്യ ചെലവിന് ബാങ്കില്‍ നേരിട്ട് വന്ന് പണം പിന്‍വലിക്കുന്നവരുടെ തിരക്കും കൂടിയിട്ടുണ്ട്. 100, 50 നോട്ടുകള്‍ ചില്ലറയായി കൊടുക്കാനും ബാങ്കുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തെ പിന്‍വലിച്ച 2005-നു മുന്‍പുള്ള നോട്ടുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ നോട്ടുകളൊന്നും എടിഎമ്മില്‍ ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. 

 

ഒരിക്കല്‍ പിന്‍വലിച്ച നോട്ടുകള്‍ വീണ്ടും ഉപയോഗിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. 2005-നുശേഷം അച്ചടിക്കുന്ന നോട്ടുകളില്‍ വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയ വര്‍ഷം ഇല്ലാത്ത നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇന്നലെ കേരളത്തിലെ ചില ബാങ്കുകളില്‍ വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകളാണ് എത്തിയത്. ഇക്കാര്യത്തില്‍ ഒരു പ്രമുഖ ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ വിശദീകരണം ചോദിച്ചപ്പോള്‍ മറുപടി എഴുതി നല്‍കാന്‍ റിസര്‍വ് ബാങ്ക് തയാറായില്ല. വേണമെങ്കില്‍ ഉപയോഗിക്കാം എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കേന്ദ്ര ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തി. 

 

ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന പണം തിരിച്ചു ബാങ്കില്‍ വന്നു ചേരുന്നില്ല എന്നതാണ് ബാങ്ക് നേരിടുന്ന മറ്റൊരു പ്രശ്നം. വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ ദിവസ വരുമാനം ബാങ്കില്‍ അടയ്ക്കുന്നില്ല. ബിസിനസ് നടക്കുന്നില്ല എന്നത് മാത്രമല്ല ഇതിന് കാരണം. കയ്യിലെത്തുന്ന 100, 50 രൂപ നോട്ടുകള്‍ ഇടപാട് നടത്തേണ്ട ആവശ്യത്തിലേക്ക് പുറത്തു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൂടാതെ കമ്മീഷന്‍ പറ്റി ചില്ലറ നോട്ടുകള്‍ കൈമാറുന്ന സംഭവവും നടക്കുന്നുതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തിരുവനന്തപുരത്തെ ഇലക്ട്രിക് ഗുഡ്സ് ഹോള്‍സെയില്‍ കച്ചവടക്കാരനായ റോബിന്‍ പറയുന്നത് ചില്ലറ ക്ഷാമം കാരണം ബിസിനസ് പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്നു എന്നാണ്. 2000 രൂപ നോട്ടുമായി വന്നു 550 രൂപയുടെ സാധനം വാങ്ങിക്കുന്നവര്‍ക്ക് ചില്ലറ കൊടുക്കാന്‍ കഷ്ടപ്പെടുകയാണ്. രണ്ടോ മൂന്നോ കച്ചവടം നടക്കുമ്പോള്‍ തന്നെ കയ്യിലുള്ള ചില്ലറ തീരും. അതോടെ അടുത്ത് വരുന്ന കസ്റ്റമര്‍ സാധനം ഉപേക്ഷിച്ചു പോവുകയോ പിണങ്ങിപ്പോവുകയോ ചെയ്യും. കട അടച്ചിടുകയല്ലാതെ മറ്റ് നിര്‍വാഹമില്ല. ചെറുകിട കച്ചവടക്കാരുടെ അവസ്ഥയും സമാനമാണ്.

ഇന്നലെ വരെ പെട്രോള്‍ പമ്പുകളിലും ഇതേ അവസ്ഥയുണ്ടായിരുന്നു. സ്ഥിരം പെട്രോള്‍ അടിക്കുന്നവരാണ്, അതുകൊണ്ട് ചില്ലറ ഇല്ലെങ്കിലും അടിച്ചു തന്നെ മതിയാകൂ എന്നാണ് ഉപ്ഭോക്താക്കളുടെ ആവശ്യം. പലപ്പോഴും ഇത് വാക്കേറ്റത്തിലാണ് കലാശിക്കുന്നത്. എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ വീണ്ടും പഴയ 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

മറ്റൊരു കൌതുകകരമായ കാര്യം കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ബിസിനസുകാര്‍- സീമന്‍റ് ഡീലര്‍മാര്‍, കമ്പി, ഹാര്‍ഡ്വെയര്‍, ഇലക്ട്രിക്കല്‍ കച്ചവടക്കാര്‍- കൂടുതലായി കാശ് ബാങ്കില്‍ അടയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ്. കുറേക്കാലമായി ബില്‍ഡര്‍മാരില്‍ നിന്നു കിട്ടാതിരുന്ന പല കടങ്ങളും കിട്ടി തുടങ്ങിയിട്ടുണ്ട് എന്നാണവര്‍ സാക്ഷ്യപ്പെടുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള വേറൊരു വഴിയാണോ എന്നു മാത്രമേ നോക്കേണ്ടതുള്ളൂ.

മാസങ്ങളായി അടയ്ക്കാതെ കിടക്കുന്ന ലോണുകള്‍ അടഞ്ഞു തുടങ്ങി എന്നുള്ളതാണ് മറ്റൊന്ന്. എന്തായാലും പല കടക്കാരും ഈ പ്രതിസന്ധി കഴിയുന്നതോടെ മറ്റ് ചിലര്‍ക്ക് കടക്കാരാകുമോ എന്നാണ് അറിയേണ്ടത്.

വസ്തുകച്ചവടത്തിലൂടെയും മറ്റും കയ്യില്‍ വന്ന വന്‍തുക വാക്കാലുള്ള കരാറില്‍ പല അക്കൌണ്ടുകളിലായി നിക്ഷേപിക്കുന്ന പരിപാടിയും നടക്കുന്നുണ്ട്. ഐസിഐസി, എച് ഡി എഫ് സി തുടങ്ങിയ ന്യൂജെനെറേഷന്‍ ബാങ്കുകള്‍ക്ക് വന്‍തോക്കുകളുടെ നിക്ഷേപ ചാകരയാണ് എന്നും വിവരങ്ങളുണ്ട്.

 

 

കള്ളപ്പണം തങ്ങളുടെ അക്കൌണ്ടിലൂടെ മാറ്റിക്കൊടുക്കുന്ന വളഞ്ഞ വഴികളും ചിലര്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് ചിലയിടങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ബാങ്ക് അക്കൌണ്ടും ആധാറും റേഷന്‍ കാര്‍ഡുമെല്ലാം ബന്ധിക്കപ്പെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ഇങ്ങനെ താല്‍ക്കാലിക ലാഭത്തിന് വേണ്ടി പണം വെളുപ്പിച്ചു കൊടുക്കുന്ന സാധാരണക്കാര്‍ പിന്നീട് ബിപിഎല്‍ ലിസ്റ്റില്‍ നിന്നു എപിഎല്ലിലേക്ക് മാറ്റപ്പെടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂട. സാധാരണക്കാരുടെ അജ്ഞത മുതലെടുത്താണ് പലരും ഇത്തരത്തില്‍ ഓപ്പറേഷന്‍ സാധ്യമാക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ സാമ്പത്തിക അരാജകത്വം എന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകളില്‍ ബോധപൂര്‍വ്വം കുഴപ്പം ഉണ്ടാക്കാന്‍ വരുന്നവരും ജനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് രാഷ്ട്രീയമല്ലെന്നും മറിച്ച് കള്ളപ്പണ ലോബിയുടെ ആള്‍ക്കാര്‍ ആകാമെന്നും അവര്‍ സൂചിപ്പിക്കുന്നു. പൊതുജനത്തിന്റെ അരക്ഷിതാവസ്ഥ കൂട്ടി ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ടാകാം.

ഇതിനിടയില്‍ മാധ്യമങ്ങളെ വിമര്‍ശിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ എടുക്കുന്ന അധ്വാനത്തെ ശ്ലാഘിച്ചുകൊണ്ടുമുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങളും വാട്സപ്പ് മെസേജുകളും പ്രചരിക്കുന്നുണ്ട്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു എന്ന പ്രഖ്യാപനം വന്ന ഉടനെ രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന്‍ പ്രസ്തുത നോട്ടുകള്‍ മാറ്റുക എന്ന ജോലി ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു. അതിനു ശേഷം എടിഎമ്മുകള്‍ കോണ്‍ഫിഗറേഷന്‍ മാറ്റി കൂടുതല്‍ 50, 100, 2000 നോട്ടുകള്‍ ലോഡ് ചെയ്യുക എന്ന പണിയാണ് ചെയ്യാനുണ്ടായിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥന്‍മാര്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനെ കുഴപ്പങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിംഗ് ബാധിക്കുന്നുണ്ട് എന്നാണ് അവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

 

ഒരു കഥ പറഞ്ഞവസാനിപ്പിക്കാം: ഒരിക്കല്‍ ജ്യോത്സ്യന്റെ സമീപം എത്തിയ ആളോട് പ്രശ്‌നം വച്ച് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു – ’45 വയസ് വരെ തെണ്ടേണ്ടി വരും’. ആശങ്കയും ഉത്കണ്ഠയും മുട്ടി അതുകഴിഞ്ഞാലോ എന്നു ചോദിച്ചു. ‘ഓ അത് കാര്യമാക്കേണ്ട, പിന്നീട് അതൊരു ശീലമാകും’ എന്നായിരുന്നു ജ്യോത്സ്യന്റെ മറുപടി. നോട്ട് പ്രശ്‌നത്തില്‍ മൂന്നാഴ്ച കൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയും 50 ദിവസം തരൂ എന്നു നരേന്ദ്ര മോദിയും പറയുന്നതിന്റെ യുക്തി ഇതാണെന്നു തോന്നുന്നു. തുടര്‍ച്ചയായി ക്യൂ നില്‍ക്കുകയും ചില കാര്യങ്ങള്‍ വെട്ടിച്ചുരുക്കുകയും നിയന്ത്രിക്കുകയും ചെയ്ത് ഈ ബുദ്ധിമുട്ടൊക്കെ ജനം ജീവിതത്തിന്റെ ഭാഗമാക്കും.അതോടെ പ്രശ്‌നപരിഹാരമാവുകയും ചെയ്യും. സംഗതി സിമ്പിള്‍!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍