UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. മോദി, നിങ്ങള്‍ ലോകം ചുറ്റുന്നത് നിര്‍ത്തി ഉടന്‍ തിരിച്ചുവരിക

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അരാജകത്വം അതിഭീകരമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; 

ഞാന്‍ പോലും ഇതിത്ര ഭീകരം ആവുമെന്ന് കരുതിയില്ല. നാട്ടിലാകെ അരാജകത്വം ആയി. കൂലി കൊടുക്കാന്‍ കാശില്ലാത്തത് കൊണ്ട് പണികള്‍ എല്ലാം നിന്നു. പണിയും കൂലിയും ഇല്ലാത്തതുകൊണ്ട് അവരുടെ വീടുകള്‍ പട്ടിണിയായി. ആളുകളുടെ മുഖ്യ തൊഴില്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കല്‍ ആണ് , ഏറിയാല്‍ നാലായിരം രൂപ പിന്‍വലിക്കാം. ഇന്ന് കാപ്പി കുടിക്കാന്‍ പല പതിവ് ഹോട്ടലുകളിലും ഞാന്‍ ചെല്ലുമ്പോള്‍ പൂട്ടിയിരിക്കുന്നു. കടകള്‍ തുറന്നിട്ട്‌ എന്തിനെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത് അതുകൊണ്ട് ചൊവ്വാഴ്ച മുതല്‍ അവര്‍ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു. ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബി ജെ പിക്കാര്‍ ഇറങ്ങിയിരിക്കുന്നത്. സഹകരണ ബാങ്കില്‍ കള്ളപ്പണം ആരെങ്കിലും ഡിപ്പോസിറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെ തന്നെ കാണുമല്ലോ. ഇപ്പോള്‍ താന്നെ അത് പൂട്ടിക്കണോ. ഏതായാലും സംഘികള്‍ എല്ലാം മാളത്തില്‍ ഒളിച്ചു. എന്റെ പോസ്റ്റിനു കീഴില്‍ വന്നു പൊങ്കാല ഇട്ട ആയിരങ്ങളുടെ പൊടി പോലും ഇപ്പോള്‍ കാണാന്‍ ഇല്ല. ഇനിയിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് അടിയന്തിരമായി ചെയ്യേണ്ടത്?

1. പ്രധാനമന്ത്രി നാട് ചുറ്റല്‍ അവസാനിപ്പിച്ചു ഡല്‍ഹിയില്‍ തിരിച്ചെത്തണം . ജയ്റ്റ്ലി പറയുന്നത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഇങ്ങനെ തന്നെ ആയിരിക്കും കാര്യങ്ങള്‍ എന്നാണ്. എങ്കില്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്, അതുകൊണ്ടാണ് മോദി തിരിച്ചു വരണം എന്ന് പറയുന്നത്.

2. മുപ്പതാം തീയതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ കടക്കാര്‍ക്കും മറ്റും സ്വീകരിക്കാം എന്നും കൂലി ആയും മറ്റും കൊടുക്കാമെന്നും പ്രഖ്യാപിക്കുക. മുപ്പതാം തീയതി ആവുമ്പോഴേക്കും പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണ സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ എത്തിക്കാം , അതോടെ പഴയ നോട്ടുകള്‍ പൂര്‍ണമായി റദ്ദാക്കാം.

3. സ്വര്‍ണ്ണക്കടക്കാരും ആഡംബര വസ്തുക്കളുടെ വില്‍പ്പനക്കാരും ഒരു ലക്ഷത്തിന് മേല്‍ ഇടപാട് നടത്തുന്ന എല്ലാവരുടെയും കെ വൈ സി വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ഉത്തരവ് ഇറക്കുക. ആരെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ പോയാല്‍ അവരെ പിന്നീട് പിടിക്കാന്‍ പ്രയാസം ഉണ്ടാവില്ല. ഇതനുവദിച്ചാല്‍ കള്ളപ്പണക്കാര്‍ ചെറുതുകകള്‍ ആയി സാധനങ്ങള്‍ വാങ്ങിച്ചു കള്ളപ്പണം വെളുപ്പിക്കും എന്നാണ് പലരുടെയും പേടി. അതിപ്പോഴും തടസ്സമില്ലാതെ നടക്കുന്നുണ്ട് . കള്ളപ്പണം ഒരു ലക്ഷം രൂപ വെച്ച് ബാങ്ക് അക്കൌണ്ടില്‍ അടച്ച് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വെളുപ്പിച്ചു തരാന്‍ ഒത്തിരി പേരുണ്ടാവും, ഇതല്ലേ ഇപ്പോഴും നടക്കുന്നത്.

4. സംസ്ഥാന ട്രെഷറി , സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ പബ്ലിക്ക് യൂട്ടിലിറ്റികള്‍ ഇവയെ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക . ഇവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുക. 

ജയ്റ്റ്‌ലി പറയുന്നത് പോലെ ഒരു മാസം പോയിട്ട് ഒരാഴ്ച പോലും ജനങ്ങള്‍ ഇത് സഹിക്കില്ല. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍