വി ഡി സതീശൻ എം എൽ എ
പണ്ട് ഫ്രാന്‍സിലെ കര്‍ഷകര്‍ റൊട്ടിക്ക് വേണ്ടി ബഹളം വച്ചപ്പോള്‍ അവര്‍ക്ക് എന്തുകൊണ്ട് കേക്ക് കഴിച്ചുകൂടാ എന്ന് ചോദിച്ച ഫ്രഞ്ച് രാജ്ഞി മേരി ആന്റോണിറ്റയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. ഇന്ന് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് ആ കഥയാണ്. രാജ്യത്ത് പാവപ്പെട്ട ജനങ്ങള്‍ നിത്യചിലവുകള്‍ക്ക് ആവശ്യമായ കറന്‍സി ഇല്ലാതെ വലയുമ്പോള്‍ അഭിനവ ഫ്രഞ്ച് രാജ്ഞിയായ ധനമന്ത്രി ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും, ഓണ്‍ലൈന്‍ ആപ്പും ഉപയോഗിച്ച് ജീവിച്ചു കൂടെ എന്ന് ചോദിക്കുന്നത് സാധാരണ ജനങ്ങളോട് പല്ലിളിച്ചു കാണിക്കുന്നതിന് തുല്യമാണ്. രാജ്യത്തു എത്ര പേര്‍ക്ക്, എത്ര ചെറുകിട സ്ഥാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയും എന്ന് പോലും ധാരണയില്ലാത്ത ഒരു ധനമന്ത്രിയുള്ള നാട്ടില്‍ ഇത്തരത്തില്‍ ഉള്ള തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പാക്കിയതില്‍ അത്ഭുതമില്ല. ചുരുങ്ങിയ പക്ഷം കഴിഞ്ഞ മാസം രാജ്യത്ത് ഉണ്ടായ ഡെബിറ്റ് കാര്‍ഡ് തട്ടിപ്പില്‍ മുപ്പത്തി രണ്ടു ലക്ഷം കാര്‍ഡുകളെങ്കിലും തട്ടിപ്പിന് ഇരയായി എന്നത് പോലും ഈ ധനമന്ത്രി അറിഞ്ഞിരുന്നോ എന്ന് സംശയമാണ്.
നൂറു രൂപയുടെയും അഞ്ഞൂറ് രൂപയുടെയും കറന്‍സി ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ നിത്യചിലവുകള്‍ക്ക് പോലും വഴിയില്ലാതെ നെട്ടോട്ടമോടുകയാണ്. ചിലവിന്‍റെ നാല്‍പ്പതു ശതമാനത്തോളം കൂലിയായി നല്‍കേണ്ട നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ ശാരീരിക വൈകല്യമുള്ളവര്‍ തൊഴില്‍ തേടുന്ന ലോട്ടറി മേഖലയില്‍ അനിശ്ചിതത്വം, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങി പെരിഷബിള്‍ മാര്‍ക്കറ്റ് പൂര്‍ണ്ണമായി തകര്‍ന്നു. ഈ മേഖലയിലെ സാധാരണക്കാരായ തൊഴിലാളികളും കര്‍ഷകരും ചെറുകിട വ്യാപാരികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. കോട്ടിട്ട കള്ളപ്പണക്കാര്‍ എല്ലാം പഴുതുകളിലൂടെ അവരുടെ പണം വെളുപ്പിച്ചെടുക്കുമ്പോള്‍, രാജ്യത്തെ സാധാരണ ജനം അവരുടെ ദിവസ വേതനം പോലും കളഞ്ഞു ബാങ്കിന് മുന്നില്‍ കാത്തുനില്‍ക്കുകയാണ്. അതിനൊടുവില്‍ കിട്ടുന്നതോ രണ്ടായിരം രൂപയുടെ നോട്ടുകള്‍. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് പോലും അവര്‍ക്ക് അറിയില്ല. ഇത്രയും ദിവസം നല്‍കിയ രണ്ടായിരം നോട്ടുകള്‍ക്ക് പകരം അഞ്ഞൂറ് രൂപ നോട്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരമായിരുന്നു. റിസര്‍വ് ബാങ്ക് അത്രമാത്രം ബുദ്ധിശൂന്യരല്ല, അപ്പോള്‍ ഇതിനു പുറകില്‍ ഒരു ഗൂഢലക്‌ഷ്യം ഉണ്ടെന്നു വ്യക്തം.
ഒരു രാജ്യം മുഴുവന്‍ പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ കേക്ക് തിന്നാന്‍ ഉപദേശിക്കുന്ന മന്ത്രിയെയും വീഴ്ചകള്‍ മറയ്ക്കാന്‍ രാജ്യസ്നേഹത്താല്‍ പൊട്ടിക്കരയുന്ന പ്രധാനമന്ത്രിയും അല്ല നാടിനു ആവശ്യം. അഞ്ചു നാള്‍ പിന്നിടുമ്പോള്‍ ജനങ്ങളുടെ ദുരിതത്തിന് എന്ത് നടപടിയെടുത്തു എന്നതാണ് ഇവിടെ പ്രശ്നം. ആവശ്യത്തിനു മുന്‍കരുതല്‍ ഇല്ലാതെ ഒരു രാജ്യത്തിലെ കോടിക്കണക്കിനു ജനങ്ങളെ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ശേഷം തന്റെ ജീവിതം രാജ്യത്തിനായി ത്യജിച്ച കഥ പറയുന്ന പ്രധാനമന്ത്രി, സ്വന്തം ജീവൻ രാജ്യത്തിന് സമർപ്പിച്ച രണ്ടു പ്രധാനമന്ത്രിമാരുടെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് ഓർക്കണം. ഒറ്റ രാത്രി കൊണ്ട് ഒരു മാജിക്ക് പോലെ രാജ്യത്തിലെ മുഴുവന്‍ കറന്‍സിയുടെ എണ്‍പത്തി അഞ്ചു ശതമാനവും അസാധുവാക്കി കള്ളപ്പണം ഇല്ലാതെയാക്കാം എന്ന് മോഹിച്ച പ്രധാനമന്ത്രിക്ക് ഈ രാജ്യത്തിന്‍റെ സങ്കീര്‍ണ്ണതകളെ കുറിച്ച് യാതൊരു ബോധ്യവുമില്ല എന്നതിന്‍റെ തെളിവാണ് കഴിഞ്ഞ അഞ്ചു ദിവസമായി നമ്മള്‍ കാണുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നത് പോലെ ഒരു ധനമന്ത്രിയും.
(വി ഡി സതീശന്‍ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ് )
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)