UPDATES

ഇന്ത്യ

2000ത്തിന്റെ നോട്ടില്‍ പുതിയ സുരക്ഷാ മുന്‍കരുതല്‍ ഇല്ല; അച്ചടിക്കാന്‍ കിട്ടിയതു 6 മാസം മാത്രം

Avatar

അഴിമുഖം പ്രതിനിധി

മജെന്ത നിറത്തിലുള്ള പുതിയ 2000 രൂപ നോട്ടുകള്‍ ഇന്ത്യയില്‍ തന്നെ അച്ചടിച്ചതാണെങ്കിലും പഴയ 500, 1000 രൂപ നോട്ടുകളിലെ സുരക്ഷ മുന്‍കരുതലുകളെ പുതിയ നോട്ടിലുമുള്ളൂ. പുതിയ നോട്ട് അച്ചടിക്കാന്‍ ആറ് മാസം മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ പുതിയ സുരക്ഷ സവിശേഷതകളൊന്നും ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. രൂപകല്‍പനയിലും നിറത്തിലും മാത്രമാണ് വ്യത്യാസമുള്ളത്. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദു ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. 

ജര്‍മ്മനിയിലെ ലൂയിസെന്താള്‍, യുകെയിലെ ഡി ല റൂയി, സ്വീഡനിലെ ക്രെയിന്‍, ഫ്രാന്‍സിലും നെതര്‍ലന്റസിലുമുള്ള അര്‍ജോ വിഗ്ഗിന്‍സ് എന്നീ യൂറോപ്യന്‍ കമ്പനികളില്‍ നിന്നാണ് ഇന്ത്യ നോട്ടടിക്കാനുള്ള കടലാസ് വാങ്ങുന്നത്. ഇപ്പോള്‍ 70 ശതമാനം നോട്ടുകളും ഇന്ത്യയില്‍ തന്നെയാണ് അച്ചടിക്കുന്നതെന്നും ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറു ശതമാനമായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ 2000 രൂപ നോട്ടിനുള്ള കടലാസുകള്‍ നിര്‍മ്മിക്കാനുള്ള ചുമതല മൈസൂരുവിലുള്ള നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് നല്‍കിയിരുന്നത്. പുതിയ 500, 1000 രൂപ നോട്ടുകള്‍ക്ക് വിദേശ പേപ്പറുകളാവും ഉപയോഗിക്കുക.

2000ത്തിന്റെ നോട്ടടിക്കാനുള്ള തീരുമാനം ആറുമാസം മുമ്പ് എടുക്കുകയും അതിന്റെ ഉത്തരവാദിത്വം മൈസൂരുവിലെ സ്ഥാപനത്തിന് നല്‍കുകയുമായിരുന്നു. പ്രതിവര്‍ഷം 12,000 മെട്രിക് ടണ്ണാണ് അവരുടെ ശേഷി. 2000 മൂല്യമുള്ളതുള്‍പ്പെടെ 18 ബില്യണ്‍ നോട്ടുകളാണ് മൊത്തം അച്ചടിക്കേണ്ടിവരികയെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചു. സുരക്ഷ സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ശ്രമങ്ങളാണ് നടന്നിട്ടുള്ളതെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2005ല്‍ എല്ലാ നോട്ടുകളുടെയും സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. വാട്ടര്‍മാര്‍ക്കുകള്‍, സുരക്ഷ നൂലുകള്‍, ഫൈബര്‍, ഒളിപ്പിച്ചുവെക്കുന്ന ചില ബിംബങ്ങള്‍ എന്നിവയാണ് നോട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നമ്മുടെ നോട്ടില്‍ ഉപയോഗിക്കുന്ന സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിക്കൊടുത്തു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2014ല്‍ ഇന്ത്യ രണ്ട് യൂറോപ്യന്‍ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.

എന്നാല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ഈ നിരോധനം നീക്കം ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ നോട്ടടിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ബന്ധമായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുതിയ നോട്ടുകള്‍ ഇറക്കുന്നതിലൂടെ പാകിസ്ഥാന്‍ കള്ളനോട്ടുകള്‍ അടിക്കാനുള്ള സാധ്യത കുറയുമോ എന്ന ചോദ്യത്തിന് നിഷേധാര്‍ത്ഥത്തിലുള്ള മറുപടിയാണ് ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ചത്. നോട്ടിന്റെ രൂപകല്‍പനയില്‍ മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളൂവെന്നും സുരക്ഷ മുന്‍കരുതലുകളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ സര്‍ക്കാര്‍ പ്രസിലാണ് കള്ളനോട്ടുകള്‍ അടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍