UPDATES

ഞാന്‍ ലജ്ജിക്കുന്നു; സുസ്മേഷ് ചന്ത്രോത്ത് എഴുതുന്നു

സുസ്മേഷ് ചന്ത്രോത്ത് 

ജനാധിപത്യവ്യവസ്ഥയില്‍ നയിക്കപ്പെടുന്നതും നിയന്ത്രണവിധേയമായ സാഹചര്യങ്ങള്‍ പുലരുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. സര്‍ക്കാരിന് ജനങ്ങളുടെമേല്‍ വ്യക്തമായ ആധിപത്യമുള്ള രാജ്യം. തിരിച്ച് സര്‍ക്കാരിനുമേല്‍ ജനതയ്ക്ക് ആധിപത്യമുള്ള രാജ്യം. എന്നിട്ടും കള്ളപ്പണം, ഹവാല, നികുതിവെട്ടിപ്പ്, തീവ്രവാദം എന്നിവ ചെറുക്കുന്നതിനായി ഇന്ത്യയ്ക്ക് അതിന്റെ ജനതയ്ക്കായി നല്‍കിയിരിക്കുന്ന കറന്‍സികള്‍ പെട്ടെന്നൊരു ദിവസം മുന്നറിയിപ്പില്ലാതെ പിന്‍വലിക്കേണ്ടതായി വന്നിരിക്കുന്നു.

എന്തുകൊണ്ടാണിത്? അഥവാ എന്തിനാണിത്? ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ നടപ്പിലാക്കുന്നതിനുള്ള ഇത്രയേറെ രൂക്ഷമായ എന്ത് രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്?

ആറുമാസത്തെ തയ്യാറെടുപ്പുകള്‍ കേന്ദ്രം നടത്തിയിരുന്നെന്നും ഇന്ത്യയിലെ കോടാനുകോടി ജനങ്ങളോട് ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി നുഴഞ്ഞുകയറ്റത്തിന്റേയും അതിര്‍ത്തിരക്ഷയുടേയും ഭീകരവാദത്തിന്റെയും പാഠങ്ങള്‍ ജനങ്ങളെ മനസ്സിലാക്കിക്കാന്‍ സോദാഹരണം ശ്രമിച്ചിരുന്നെന്നും സര്‍ക്കാരനുകൂലികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സേനാത്തലവന്മാരെ വിളിച്ചുവരുത്തി കണ്ടതും ഇതിന്റെ ഭാഗമാകാം. അല്ലായിരിക്കാം.

ഇതെല്ലാം എന്തിനു വേണ്ടിയാണെന്ന് കറന്‍സി നിരോധനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ജനത്തിന് മനസ്സിലാകുന്നില്ല. 

പുതിയ നോട്ടിന്റെ വ്യാജന്‍ പുറത്തുവരാനും പ്രചരിക്കാനും താമസമുണ്ടാകുമോ?

ഹവാലയും നികുതിവെട്ടിപ്പും തടയാന്‍ രാജ്യത്തിനകത്തുള്ള ഉദ്യോഗസ്ഥ – ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകയല്ലേ വേണ്ടത്?

താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ വ്യാപിച്ചിരിക്കുന്ന അഴിമതി തടയാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കില്ലേ?

കള്ളനോട്ട് ഇന്ത്യയിലെത്തുന്നത് ഇന്ത്യയിലെതന്നെ വിവിധ വഴികളിലെ വഴിവിട്ട സഹായങ്ങളിലൂടെയാണെന്നത് വ്യക്തമല്ലേ.? എന്തുകൊണ്ട് അത് തടയാണോ ഇല്ലാതാക്കാനോ രാജ്യത്തിന് സാധിക്കുന്നില്ല?

അതുകണ്ടുപിടിക്കാനും തടയാനും ഇന്ത്യാ ഗവണ്‍മെന്റിന് പെട്ടെന്നൊരു ദിനം കറന്‍സി നിരോധിക്കുന്നതല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ലേ?

എന്തുകൊണ്ടാണ് നാടകീയമായ ഒരു പ്രഖ്യാപനം ഒഴിവാക്കി ഇതിലൂടെ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാതിരുന്നത്? ജനാധിപത്യബോധമുള്ള ഒരു സര്‍ക്കാര്‍ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കുകയല്ലേ ചെയ്യേണ്ടത്?

അതിനര്‍ത്ഥം ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന മൂല്യവും ആദരവും അത്രമാത്രം തുച്ഛമാണെന്നല്ലേ?

ഇതിന്റെയെല്ലാം ന്യായീകരണത്തിനായി തീവ്രവാദത്തെയും രാജ്യസുരക്ഷയെയും കൂട്ടുപിടിക്കുന്നത് ഒരുതരം മറ പിടിക്കലാണ്.

നിലവില്‍ ജനം പെരുവഴിയിലായിരിക്കുകയാണ്.

ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന് അവന്റെ ദൈനം ദിന ജീവിതം തടസ്സപ്പെടാത്ത വിധത്തിലാവാമായിരുന്നു ഈ പറഞ്ഞ നേട്ടങ്ങളെല്ലാം നേടാനുള്ള ശ്രമം.

ഇനി രണ്ടായിരത്തിന്റെ നോട്ട് മാത്രം കൈയില്‍ പിടിച്ച് ഇളിഭ്യരായി നില്‍ക്കുന്ന ഇന്ത്യയിലെ ദരിദ്രകോടികളെ സങ്കല്‍പ്പിച്ചുനോക്കൂ.

കൈയില്‍ ചില്ലറ പണമില്ലാത്തതിന്റെ കാരണത്താല്‍ ഭക്ഷണം കഴിക്കാനും മരുന്ന് മേടിക്കാനും സാധിക്കാതെ മരണപ്പെടുന്നവരുടെ സംഖ്യ ചെറുതായിരിക്കട്ടെ എന്ന് നമുക്കാശിക്കാം.

ഇത് ഒരു ഷോ മാത്രമാണ്.

വ്യക്തികേന്ദ്രീകൃത പ്രതിച്ഛായ നിര്‍മ്മാണത്തിനുള്ള പ്രധാനമന്ത്രിയുടെ കണ്‍കെട്ടുവിദ്യ.

രാജ്യം പുരോഗതി നേടുന്നത് ഇങ്ങനെയൊക്കെയാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ആചാരവെടി : ചൊവ്വാഴ്ച മുതല്‍ വ്യാപാരിവ്യവസായികള്‍ അനിശ്ചിതകാലത്തേക്ക് കടയടച്ച് സമരം ചെയ്യുമെന്ന് കേള്‍ക്കുന്നു.

എല്ലാം സാധാരണക്കാരന്റെ മുതുകത്തേക്കാണല്ലോ. സന്തോഷമുണ്ട്.

(സുസ്മേഷ് ചന്ത്രോത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍