UPDATES

ട്രെന്‍ഡിങ്ങ്

നോട്ട് നിരോധനം; ദരിദ്രര്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് രാഷ്ട്രപതി

കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രപതി നല്‍കിയ മുന്നറിയിപ്പ് ഗൗരതരമായി കണക്കിലെടുക്കേണ്ടി വരും

നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തിയത് ശ്രദ്ധേയമായി. ഹൃസ്വകാല സാമ്പത്തിക മാന്ദ്യത്തിന് നോട്ട് നിരോധനം കാരണമാകുമെന്നും ഇത് അതിജീവിക്കാന്‍ ദരിദ്രര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. പ്രാന്തവല്‍കൃത സമൂഹങ്ങളുടെ ദുരിതം അകറ്റുന്നതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ ദീര്‍ഘകാലത്തില്‍ മാത്രമേ ലഭ്യമാവുകയുള്ളുവെന്നും അത്രയും കാലം കാത്തിരിക്കാന്‍ ദരിദ്രര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതി ഭവനില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ പുതുവത്സര സന്ദേശത്തിലാണ് രാഷ്ട്രപതി തന്റെ ആശങ്കകള്‍ പങ്കുവച്ചത്. ‘കള്ളപ്പണം തടയാനും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗവുമായി കൊണ്ടുവന്ന നോട്ട് നിരോധനം സാമ്പത്തികരംഗത്തെ താല്‍കാലികമായി തളര്‍ത്തും. ദീര്‍ഘകാലത്ത് ലഭിക്കാവുന്ന നേട്ടങ്ങള്‍ക്കായി കാത്തിരിക്കാന്‍ സാധിക്കാത്ത ദരിദ്രരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് നമ്മള്‍ അധിക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,’ എന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

ദീര്‍ഘകാലം കാത്തിരിക്കാന്‍ ദരിദ്രര്‍ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. പ്രധാനമന്ത്രി ഒടുവില്‍ പ്രഖ്യാപിച്ച നടപടികള്‍ കുറച്ച് ആശ്വാസം നല്‍കുമെന്നും രാഷ്ട്രപതി അറിയിച്ചു. നോട്ടു നിരോധന തീരുമാനത്തെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയത് രാഷ്ട്രപതിയായിരുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വ്ന്നതിന് പിന്നാലെ രാഷ്ട്രതി ഭവനില്‍ നിന്നുള്ള പ്രസ്താവനയില്‍ സര്‍ക്കാരിന്റെ ധീരമായ നടപടിയെ രാഷ്ട്രപതി പിന്തുണയ്ക്കുന്നതായി പറഞ്ഞിരുന്നു. കണക്കില്‍ പെടാത്ത പണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന് നടപടി ഗുണം ചെയ്യുമെന്നും ആ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ നോട്ട് നിരോധനം മൂലം പാവപ്പെട്ടവര്‍ ദുരിതം അനുഭവിക്കുകയാണെന്ന് കാണിച്ച് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളന കാലത്ത് പ്രതിപക്ഷം ഒന്നിലേറെ തവണ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് അനുമാനം. നോട്ട് നിരോധനത്തെ വിഭാഗീയവല്‍ക്കരിക്കാന്‍ ഭരണകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് രാഷ്ട്രപതിയുടെ മുന്നറിയിപ്പെന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. തീരുമാനത്തെ എതിര്‍ക്കുന്നവരെല്ലാം കള്ളപ്പണത്തെ പിന്തുണയ്ക്കുകയാണെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പണം ഉപയോഗിക്കുന്നത് തന്നെ അഴിമതിയാണെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചുവരുന്നത്. നോട്ട് നിരോധനത്തിന പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ അളക്കാന്‍ പ്രതിപക്ഷത്തിനും സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ സമൂഹത്തിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഉടനടി സഹായം ആവശ്യമാണെന്ന രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. പ്രത്യേകിച്ചും കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രപതി നല്‍കിയ മുന്നറിയിപ്പ് ഗൗരതരമായി കണക്കിലെടുക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍