UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് അസാധുവാക്കല്‍: ശുപാര്‍ശ മുന്നോട്ട് വച്ചത് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുമ്പെന്ന് ആര്‍ബിഐ

വളരെ കുറച്ച് സമയം മാത്രമാണ് റിസര്‍വ് ബാങ്കിന്‌റെ ശുപാര്‍ശയ്ക്കും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനും ഇടയിലുണ്ടായിരുന്നത്.

നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ മുന്നോട്ട് വച്ചതെന്ന് റിസര്‍വ് ബാങ്ക്. അതേസമയം രാജ്യത്തെ 86 ശതമാനം കറന്‍സി നോട്ടുകളും പിന്‍വലിക്കുന്നതിന് മുന്നോടിയായി ദീര്‍ഘമായ ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും നടത്തിയിരുന്നു. 1934ലെ റിസര്‍വ് ബാങ്ക് ഇന്ത്യ ആക്ട് പ്രകാരം ഏത് കറന്‍സി നോട്ടും പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ ഗവണ്‍മെന്‌റിന് ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോഡിന്‌റെ അംഗീകാരം വേണം.

നവംബര്‍ എട്ടിനാണ് ആര്‍ബിഐ സെന്‍ട്രല്‍ ബോഡ് നോട്ട് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള ശുപാര്‍ശ മുന്നോട്ട് വച്ചതെന്ന് വിവരാവകാശപ്രകാരം ലഭിച്ച വിവരത്തിന്‌റെ അടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ യോഗത്തില്‍ 10 അംഗങ്ങളുള്ള സെന്‍ട്രല്‍ ബോഡിലെ എട്ട് പേരാണ് പങ്കെടുത്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍ ഗാന്ധി, എസ് എസ് മുന്ദ്ര, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‌റെ ഇന്ത്യന്‍ ഡയറക്ടര്‍ നചികേത് എം മോര്‍, മഹീന്ദ്ര ആന്‍്ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ ഭരത് നരോത്തമം ദോഷി, ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറി സുധീര്‍ മങ്കാദ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി അഞ്ജുലി ചിബ് ദുഗ്ഗല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തത്. 14 സ്വതന്ത്ര അംഗങ്ങളടക്കം 21 അംഗങ്ങള്‍ എന്നാണ് റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോഡ് സംബന്ധിച്ച നിയമം. എന്നാല്‍ നിലവില്‍ നാല് സ്വതന്ത്ര അംഗങ്ങളടക്കം 10 അംഗങ്ങള്‍ മാത്രമാണുള്ളത്.

വളരെ കുറച്ച് സമയം മാത്രമാണ് റിസര്‍വ് ബാങ്കിന്‌റെ ശുപാര്‍ശയ്ക്കും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനും ഇടയിലുണ്ടായിരുന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കാബിനറ്റ് യോഗം കൂടുകയും ഇതിന് ശേഷം പ്രഖ്യാപനം നടത്തുകയുമായിരുന്നു. മന്ത്രിമാരെല്ലാം ഫോണ്‍ പുറത്തുവച്ചിരിക്കുകയായിരുന്നു. തന്‌റെ പ്രഖ്യാപനം കഴിയും വരെ ഒരു വിവരവും പുറത്തറിയരുതെന്ന് മോദി കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 4.94 ലക്ഷം കോടി രൂപ വരുന്ന 2000ന്‌റെ കറന്‍സി നോട്ടുകള്‍ നവംബര്‍ എട്ടിന് മുമ്പ് തന്നെ അച്ചടിച്ചിരുന്നു. അതേസമയം യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് കേന്ദ്രസര്‍ക്കാരോ ആര്‍ബിഐയോ പരിഗണിച്ചില്ലെന്നും ഒരു മുന്‍ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍